ഹീനാംഗീം വര്‍ജ്ജയേത് കന്യാം കുഷ്ഠായുക്താം വ്രണാങ്കിതാം
ഗന്ധസ്ഫുരിതഹീനാംഗീം വിശാലകുലസംഭവാം
ജാത്യന്ധാം കേകരാം കാണാം കുരൂപാം ബഹുരോമാശാം
സന്ത്യജേദ്രോഹിണീം കന്യാം രക്തപുഷ്പാദിനാങ്കിതാം
കുഷ്ഠം, വ്രണം, അംഗഭംഗം, കുലനാശം, ദുര്‍ഗ്ഗന്ധം, മുതലായ ദുരവസ്ഥകളില്‍ ഉള്ള കുമാരിമാര്‍ ഈ പൂജയ്ക്ക് വര്‍ജ്യമാണ്. മേലാകെ രോമമുള്ളവളും മെലിഞ്ഞവളും, കോങ്കണ്ണിയും ഒറ്റക്കണ്ണുള്ളവളും തീണ്ടാരിയായിരിക്കുന്നവളും പ്രസവിച്ച് അധികം ദിവസമാവാത്തവളും, രോഗിണിയും, വിധവാ പുത്രിയും, കന്യകാപുത്രിയും ഈ പൂജയ്ക്ക് വര്‍ജ്യം. സുഭഗയും അരോഗയും മാതാപിതാക്കള്‍ക്ക് ജനിച്ചവളുമായ കന്യകയെയാണ് പൂജയ്ക്ക് ഇരുത്തേണ്ടത്. സകലവിധ അഭീഷ്ടങ്ങളും നേടാന്‍ ബ്രാഹ്മണ കന്യക, ജയത്തിനു രാജകന്യക, വിത്തലാഭമുണ്ടാവാന്‍ വൈശ്യകന്യകയോ ശൂദ്രകന്യകയോ ആവാം. സ്വവര്‍ണ്ണത്തിലുള്ള കന്യകമാരെ പൂജിക്കുന്നതും ഉത്തമം. ബ്രാഹ്മണന് ബ്രാഹ്മണ കന്യകയെ; ക്ഷത്രിയന് ബ്രാഹ്മണ-ക്ഷത്രിയ കന്യകമാരെ, വൈശ്യന് ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ കന്യകമാരെ, ശൂദ്രന് നാലുവര്‍ണ്ണത്തിലുള്ളവരെയും പൂജിക്കാവുന്നതാണ്. ശില്‍പികള്‍ അവരുടെ വംശത്തിലുള്ള കന്യകമാരെ പൂജിക്കണം. നവരാത്ര വിധിയനുസരിച്ചുള്ള പൂജകള്‍ തന്നെ അവരും ചെയ്യേണ്ടതാണ് . നിത്യപൂജയ്ക്ക് കഴിവുപോലെ എല്ലാവരും പങ്കെടുക്കണം. അഷ്ടമിക്ക് വിശേഷാല്‍ പൂജയും വേണം. പണ്ട് ദക്ഷയാഗം മുടക്കാനായി ദേവി, ഭദ്രകാളിയായി ഒരുകോടി യോഗിനിമാരുമായി പിറന്നുവത്രേ! അതുകൊണ്ട് അഷ്ടമീപൂജ അതിവിശേഷമാണ്.
സുഗന്ധദ്രവ്യങ്ങള്‍, മാലകള്‍, കുറിക്കൂട്ട്, ഹോമം, ബ്രാഹ്മണഭോജനം, പഴം, മാംസം, പായസം, തുടങ്ങിയ വസ്തുക്കള്‍ പൂജയ്ക്ക് ഉപയോഗിക്കാം. ഒന്‍പതു ദിവസം ഉപവസിക്കാന്‍ ആവാത്തവര്‍ മൂന്നു നാള്‍ ഉപവസിച്ചാലും മതി. അഷ്ടമി, സപ്തമി, നവമി നാളുകളില്‍ ഭക്തിയോടെ ഭാജിക്കുന്നവര്‍ക്ക് ഉത്തമഫലം നിശ്ചയമാണ്. പൂജ, ഹോമം, ബ്രാഹ്മണഭോജനം, കുമാരീപൂജ എന്നിവയാണ് പ്രധാന കാര്യങ്ങള്‍. നവരാത്രിപൂജയ്ക്ക് സമമായി മറ്റു പൂജകള്‍ ഒന്നുമില്ല. ധനധാന്യ സൌഭാഗ്യ സമ്പത്തുകള്‍, ആയുരാരോഗ്യം, സന്താനവൃദ്ധി എന്നിവയ്ക്ക് നവരാത്രി പൂജ അത്യുത്തമം. വിദ്യാര്‍ത്ഥിക്ക് വിദ്യാവിജയം, രാജ്യഭ്രഷ്ടനു രാജ്യം, എന്നുവേണ്ട അഭീഷടങ്ങളെ സാധിപ്പിക്കാന്‍ ഇതിലും ഉത്തമമായ പൂജകള്‍ വേറെയില്ല.
മുജ്ജന്മങ്ങളില്‍പ്പോലും ഈ വ്രതം നോക്കാത്തവര്‍ക്ക് ആധിയും വ്യാധിയും ഇപ്പോള്‍ ഉണ്ടാവുന്നതില്‍ അത്ഭുതമില്ല. വന്ധ്യത, ദാരിദ്ര്യം, വൈധവ്യം ഇവ സൂചിപ്പിക്കുന്നത് ആ വ്യക്തി ഈ വ്രതം ഒരിക്കലും ചെയ്തിട്ടില്ല എന്നാണ്. ഭൂമിയിലെ ഐശ്വര്യം, മരണാനന്തര സൌഭാഗ്യം ഇവയ്ക്കെല്ലാം നവരാത്രിപൂജ ഉത്തമം. വില്വപത്രത്തില്‍ രക്തചന്ദനം പുരട്ടി ഭവാനിയെ അര്‍ച്ചിച്ചാല്‍ അവനു രാജപദവി ലഭ്യം. നിത്യകല്യാണദായിണിയും മംഗള സ്വരൂപയുമായ അമ്മയെ പൂജിക്കാത്തവര്‍ക്ക് ദുഃഖം സഹജമായും ഉണ്ടാവും. വിഷ്ണു, ശങ്കരന്‍, ബ്രഹ്മാവ്, ഇന്ദ്രന്‍, കുബേരന്‍, വരുണന്‍, ആദിത്യന്‍ തുടങ്ങിയവര്‍ അവരുടെ സര്‍വ്വവിധങ്ങളായ കഴിവുകളും നേടിയത് ഭഗവതിയെ പൂജിച്ചിട്ടാണ്. എന്നിട്ടും മനുഷ്യര്‍ എന്തുകൊണ്ടാണ് ആ ദേവിയെ അവലംബമാക്കാത്തത്? സ്വാഹാ, സ്വധാ എന്നീ രണ്ടു നാമങ്ങള്‍ക്കുള്ള മന്ത്രശക്തി കാരണം വിപ്രന്മാര്‍ മന്ത്രാവസാനം ഈ ശബ്ദങ്ങള്‍ ഉച്ചരിക്കുന്നു. ഇതിനാല്‍ ദേവന്മാരും പിതൃക്കളും സന്തോഷിക്കുന്നു. ആരുടെ കല്‍പനയാലാണോ ബ്രഹ്മാവ് വിശ്വസൃഷ്ടി ചെയ്യുന്നത്, ആരുടെ നിയന്ത്രണത്തിലാണോ വിഷ്ണുഭഗവാന്‍ സ്ഥിതികര്‍മ്മം അനുഷ്ഠിക്കുന്നത്, ആരുടെ കീഴിലാണോ ശങ്കരന്‍ സകലതിനെയും സംഹരിക്കുന്നത്, ആ ദേവിയെ ഭജിക്കാന്‍ മനുഷ്യനെന്താണ് മടി? ദേവാസുരതിര്യക്കുകള്‍ എന്നുവേണ്ട സകല ചരാചരങ്ങള്‍ക്കും ലോകത്തില്‍ എങ്ങും എന്തിനും ഏതിനും ഒരു ചെറു ചലനം നടത്തണമെങ്കിലും ദേവിയുടെ കൃപ കൂടിയെ കഴിയൂ. സര്‍വ്വാര്‍ത്ഥപ്രദായിനിയും, ചണ്ഡികയും, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ പ്രദാനം ചെയ്യുന്നവളുമായ ഭഗവതിയെ ആരാണ് ഭജിക്കാതിരിക്കുക? മഹാപാപിയാണെങ്കിലും അവനുപോലും നവരാത്രി വ്രതം നോല്‍ക്കാം. അവന്റെ പാപത്തിനങ്ങിനെ ശമനമാവുന്നു.
പണ്ട് ദാരിദ്രനായൊരു വൈശ്യന്‍ കോസലരാജ്യത്തു ജീവിച്ചിരുന്നു. അവനു പുത്രഭാഗ്യം വേണ്ടുവോളം ഉണ്ടായിരുന്നു, എന്നാല്‍ അഷ്ടിക്ക് വകയില്ല. രാത്രി ഒരുനേരം ഭക്ഷണം. അന്യന്റെ വിടുവേല ചെയ്താണ് അതുപോലും സംഘടിപ്പിക്കുന്നത്. ഈ ദാരിദ്ര്യത്തിലും അദ്ദേഹം സത്യത്തില്‍ അടിയുറച്ചവനും സാത്വികനും ശാന്തനും ധര്മ്മിഷ്ഠനും ആയിരുന്നു. ആരോടും പകയില്ല, ധൂര്‍ത്തില്ല. സമ്പന്നനല്ലെങ്കിലും പിതൃക്കള്‍, ദേവതകള്‍, അതിഥികള്‍, തന്റെ സംരക്ഷണത്തില്‍ ഉള്ളവര്‍ എന്നിവരെ കഴിവനുസരിച്ച് ഊട്ടിയാണ് അദ്ദേഹം കാലം കഴിച്ചത്. സദ്‌വൃത്തനായ അയാള്‍ ഒരു ബ്രാഹ്മണന്റെ അടുക്കല്‍ ചെന്ന് ഉപദേശം ചോദിച്ചു. ‘ഭഗവന്‍, എങ്ങിനെയാണ് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക? എനിക്ക് ധനികനാവാന്‍ ആശയില്ല. കുടുംബം പോറ്റണമെന്നേയുള്ളൂ. വിശന്നു കരയുന്ന എന്റെ പേരക്കുട്ടിക്ക് ഒരുപിടി ചോറ് നല്‍കാന്‍ കഴിയാതെ ഞാനവനെ പറഞ്ഞയച്ചു. അതിനെക്കുറിച്ചോര്‍ത്ത് ഉള്ളു നീറി ഞാനിരിക്കുന്നു. പണമില്ലാതെ എന്തുചെയ്യും? മകള്‍ക്കാണെങ്കില്‍ പത്തു വയസ്സ് കഴിഞ്ഞു. അവളുടെ കല്യാണത്തിനും പണം വേണം. മഹാമതേ, ദയവായി പറയൂ, തപസ്സോ, ദാനമോ, വ്രതമോ ഏതാണ് ദാരിദ്ര്യമോചനത്തിന് ഉത്തമായുള്ളത്? എനിക്ക് ധനമോഹമില്ല. കഴിഞ്ഞു കൂടണം, അത്ര തന്നെ. അങ്ങയുടെ അനുഗ്രത്താല്‍ എന്റെ കുടുംബത്തിനു മംഗളം ഭവിക്കട്ടെ. അങ്ങുതന്നെ ചിന്തിച്ചൊരുപായം പറഞ്ഞു തരണം.
വിപ്രന്‍ ഇതിനു മറുപടിയായി പറഞ്ഞു: വൈശ്യരില്‍ ഉത്തമനായ മഹാനുഭാവാ, അങ്ങ് നവരാത്രി വ്രതം നോല്‍ക്കൂ. ദേവീയജ്ഞം, പൂജനം, വിപ്രഭോജനം, വേദപാരായണം, ഹോമം ഇവയെല്ലാം അങ്ങയുടെ കഴിവിനൊത്ത് ചെയ്താലും. മനുഷ്യര്‍ക്ക് ചെയ്യാന്‍ ഇതിലും പവിത്രമായ മറ്റൊന്നില്ല. നിനക്ക് ജ്ഞാനമോക്ഷങ്ങളും ഗൃഹസുഖവും, ശത്രുനാശവും ഉണ്ടാവും സംശയമില്ല. രാജ്യവും പത്നിയും നഷ്ടമായ സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ കിഷ്കിന്ധയില്‍ വെച്ച് ഈ വ്രതം അനുഷ്ടിച്ചിട്ടുണ്ട്. സീതാവിരഹത്തീയിലും അദ്ദേഹം ദേവിയെ പൂജിച്ചു. അങ്ങിനെയാണ് ഒടുവില്‍ സേതുബന്ധിച്ച് ലങ്കയില്‍ചെന്നു രാവണനെ തോല്‍പ്പിച്ച് സീതയെ അദ്ദേഹം വീണ്ടെടുത്തത്. ഇന്ദ്രജിത്തിനെയും കുംഭകര്‍ണ്ണനെയും കൊന്നു വിഭീഷണനെ രാജ്യമേല്‍പ്പിച്ചു തിരിച്ചു വന്ന രാമന്‍ ‘രാമരാജ്യം’ വാണു. നവരാത്രിവ്രതത്തിന്റെ മഹിമയാണ് ഇത് കാണിക്കുന്നത്.’ ഈ വാക്കുകള്‍ കേട്ട് ആ വൈശ്യന്‍ ബ്രാഹ്മണനെ ഗുരുവാക്കി മായാ ബീജമന്ത്രം സ്വീകരിച്ചു. നവരാത്രിയില്‍ ഏറ്റവും ഭക്തിയോടെ അദ്ദേഹം പൂജകള്‍ ചെയ്തു. കഴിവൊത്തവണ്ണം നാനാവിധ വസ്തുക്കള്‍ അര്‍ച്ചിച്ചു ദേവിയെ പ്രീതിപ്പെടുത്തി. അങ്ങിനെ ഒന്‍പതു വര്‍ഷം അദ്ദേഹം നവരാത്രി വ്രതം അനുഷ്ഠിച്ചു. ഒന്‍പതാം വര്‍ഷം നവരാത്രിപൂജയ്ക്കിടയ്ക്കിടയിലെ അഷ്ടമി ദിവസം അര്‍ദ്ധരാത്രി സാക്ഷാല്‍ ജഗദംബിക അദ്ദേഹത്തിനു പ്രത്യക്ഷയായി. ആ മഹേശ്വരി സകലവിധ ഐശ്വര്യങ്ങളും നല്‍കി അദ്ദേഹത്തെ കൃതകൃത്യനാക്കി.
പുനരാഖ്യാനം: ഡോ.
സുകുമാര്‍ കാനഡ. ശ്രീ ടി എസ്. തിരുമുന്‍പിന്റെ ഭാഷാവിവര്‍ത്തനം, ശ്രീ എന്‍ വി. നമ്പ്യാതിരിയുടെ മൂലം വിവര്‍ത്തനം,
എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment