ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 6, 2016

ഗര്‍ഭോദകശായി വിഷ്ണുവില്‍ നിന്നും ബ്രഹ്മദേവന്റെ ഉല്പ്പത്തി

ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം - അധ്യായം 8

പണ്ഡിതനായ മൈത്രേയമുനി വീണ്ടും വിദുരരോട് ഭഗവാന്റെ അത്ഭുതലീലകളെക്കുറിച്ച് പറഞുതുടങി:

"വിദുരരേ!, പുരുവംശജരായ സകലരാജാക്കന്‍‌മാരും ഭാഗവതോത്തമന്‍‌മാരെ പ്രീതിപ്പെടുത്തുവാന്‍ യോഗ്യരാണ്. കാരണം, അവരെല്ലാം ഭഗവാനില്‍ അടിയുറച്ച ഭക്തിയുള്ളവരാണ്. അങും ആ പരമ്പരയുടെ ഭാഗമാണല്ലോ!. അങയുടെ അഭിരുചിയും ഉദ്യമവും കൊണ്ടുതന്നെ അവന്റെ അദ്ധ്യാത്മലീലകള്‍ നിമിഷം തോറും പുതുമയാര്‍ന്നുവരികയാണ്. അതിനാല്‍ ഇനി ഞാന്‍ പുരാണങളില്‍ അത്യുത്തമമായ ഭാഗവതകഥ പറയുവാന്‍ പോകുകയാണ്. പരമപവിത്രമായ ഈ കഥ ഭഗവാന്‍ സ്വയമേവ പലേ ഋഷികള്‍ക്കും ഉപദേശം ചെയ്തിട്ടുള്ളതാണ്. അല്പ്പസുഖത്തിനുവേണ്ടി ലൗകികവിഷങളിലുപരമിച്ച് തീരാദുഃഖം പേറി സംസാരസാഗരത്തിലലയുന്ന മാനുഷര്‍ക്ക്, തങളുടെ മഹാദുരിതങളില്‍ നിന്നു കരകയറുവാനുള്ള ഒരേയൊരു ഉപാധിയാണ് ഈ ജ്ഞാനം.

പണ്ട്, കുറേ ഋഷികളോടൊപ്പം, യുവാവായ സനത്കുമാരമുനിമുഖ്യന്‍, അങിന്നു എന്നോട് ചോദിക്കുന്നതുപോലെ ഭൂലോകവാസിയായ സങ്കര്‍ഷണമൂത്തിയോട് ആ പരമപുരുഷനെക്കുറിച്ചറിയാന്‍ വെമ്പല്‍കൊണ്ടുചോദിച്ചു. ആ സമയം സങ്കര്‍ഷണന്‍ ഭഗവാന്‍ വാസുദേവനില്‍ ലീനനായി ഇരിക്കുകയായിരുന്നു. പക്ഷേ, ആ ഋഷികളുടെ സര്‍‌വ്വമംഗളം കാംക്ഷിച്ചുകൊണ്ട് ഭഗവാന്‍ സങ്കര്‍ഷണന്‍ പാതിതുറന്ന മിഴികളാല്‍ അവരോട് സംസാരിച്ചുതുടങി. ഈ ഋഷികള്‍ അങ് ഊര്‍ദ്ധലോകത്തില്‍നിന്നുമായിരുന്നു ഇങ് ഭൂമിയിലേക്കിറങിവന്നിരുന്നത്. യാത്ര ഗംഗാനദിയിലൂടെയായിരുന്നതിനാല്‍ അവരുടെ ജഡമുടി നന്നേ നനഞിരുന്നു. അവര്‍ സങ്കര്‍ഷണമൂര്‍ത്തിയുടെ തൃപ്പാദങളില്‍ നമസക്കരിച്ചു. പണ്ട് അഹിരാജനാഗകന്യകമാര്‍ മംഗല്യഭാഗ്യത്തിനായി ഈ താമരപ്പാദങളെയായിരുന്നു കുമ്പിട്ട് പ്രാര്‍ത്ഥിച്ചിരുന്നത്.

ഭഗവന്‍‌മഹിമകളെ അങേയറ്റം ഹൃദയത്തിലേറ്റിനടക്കുന്നവരായിരുന്നു സനത്കുമാരന്‍‌മാര്‍. അവര്‍ മനോഹരമായ വചനങളാല്‍ ഭഗവാന്റെ ഗുണഗണങളെക്കുറിച്ച് വര്‍‌ണ്ണിച്ചുപാടി. ആ സമയം സങ്കര്‍ഷണമൂര്‍ത്തിയുടെ ഉയര്‍ന്നുവിടര്‍ന്നുനിന്നാടുന്ന സഹസ്രഫണങളില്‍ ചൂടിയിരിന്ന കിരീടമണികള്‍ അത്യുജ്ജ്വലദ്യുതിയിയോടെ മിന്നിത്തിളങി. സര്‍‌വ്വസംഗപരിത്യാഗിയായി സന്ന്യാസജീവിതം നയിച്ചിരുന്ന സനത്കുമാരമുനിക്ക് ഭഗവാന്‍ സങ്കര്‍ഷണന്‍ ശ്രീമദ്ഭാഗവതം ഉപദേശിച്ചുകൊടുത്തു. പിന്നീട് സങ്കര്‍ഷണനില്‍നിന്നും താന്‍ പഠിച്ച ശ്രീമദ്ഭാഗവതപുരാണം സനത്കുമാരന്‍ സാംഖ്യായനമുനിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിനും പറഞുകൊടുത്തു.

വിദുരരേ!, തുടര്‍ന്ന് സന്ന്യാസിമുനിമുഖ്യനായ സാംഖ്യായനന്‍ ഈ അദ്ധ്യാത്മജ്ഞാനത്തിലൂടെ ഭഗവത്മഹിമകള്‍ പാടിക്കൊണ്ടേയിരുന്നു. അങനെ ഒരിക്കല്‍ പൂജനീയനായ എന്റെ ഗുരുനാഥന്‍ പരാശരനും ഗുരു ബൃഹസ്പതിയും ഈ ചരിതം അദ്ദേഹത്തില്‍നിന്നു കേള്‍ക്കാനിടയുണ്ടായി. പരാശരമുനി തന്റെ ഗുരു പുലസ്ത്യനില്‍ നിന്നും കേട്ടുപഠിച്ച ശ്രീമദ് ഭാഗവതമഹാപുരാണം എനിക്കും ഒരുനാള്‍ പറഞുതന്നു. കുഞേ!, നീ എന്റെ ഉത്തമനായ അനുവര്‍ത്തിയായതിനാല്‍ നിനക്കും ഞാനിതാ ആ മഹാപുരാണത്തെ എന്റെ ഗുരുക്കന്‍‌മാരില്‍നിന്നും കേട്ടുപഠിച്ചവണ്ണംതന്നെ ഉപദേശം ചെയ്യാന്‍ പോകുന്നു."

"മകനേ!, ആ സമയം, മൂലോകങളും മഹാപ്രലയത്തില്‍ മുങിപ്പോയിരുന്നു. പക്ഷേ ഭഗവാന്‍ ഗര്‍ഭോദകശായിവിഷ്ണു മാത്രം അനന്തശയ്യമേല്‍ യോഗനിദ്രകൊള്ളുകയായിരുന്നു. ത്രിഗുണാധീതനായ ഭഗവാന്‍ അപ്പോഴും ഗുണാത്മകനെപ്പോലെ പാതിതുറന്ന മിഴികളാല്‍ ഉറങിക്കിടക്കുന്നവനെപ്പോലെ കാണപ്പെട്ടു. അവന്‍ വിറകിലെ അഗ്നിയെന്നപോലെ സകലചരാചരങളേയും അതാതിന്റെ സൂക്ഷ്മശരീരങളോടൊപ്പംതന്നെ തന്നില്‍ അടക്കിവച്ചുകൊണ്ട് ആ പ്രലയജലധിയില്‍ സ്വയം യോഗനിദ്രയിലാണ്ടു. ആ പരമപുരുഷന്‍ കാലമാകുന്ന തന്റെ യോഗമായയില്‍ നിദ്രാവശനായി. നാലുയുഗസഹസ്രാന്തത്തോളം ഭഗവാന്‍ ജലത്തില്‍ സ്വയമേവ തന്റെ നിദ്രാവസ്ഥതുടര്‍ന്നു. പിന്നീട് കാലശക്തിയാല്‍ ജീവൗഘങള്‍ തങളുടെ സുനിശ്ചിതങളായ കര്‍മ്മാചരണത്തിനായി പുറത്തേക്കുവന്നസമയം, അവന്‍ തന്റെ അദ്ധ്യാത്മികശരീരം നീലനിറത്തില്‍ ദര്‍ശിച്ചറിഞു. തുടര്‍ന്ന് സൃഷ്ടിക്കുവേണ്ടിയുള്ള സൂക്ഷമാര്‍ത്ഥങള്‍ക്കുമേല്‍ ഭഗവാന്റെ ദൃഷ്ടി പരന്നു. പൊടുന്നനെ അവ പ്രകൃതിയുടെ രജോഗുണത്താലിളകിമറിഞ് ഭഗവാന്റെ നാഭീസ്ഥലത്തിലൂടെ ഉതിര്‍ന്നുവന്നു. അങനെ അവന്റെ പൊക്കിള്‍ചുഴിയിലൂടെ ഉയര്‍ന്നുപൊങിയ ഈ കാമ്യകര്‍മ്മസര്‍‌വ്വം ഒരു താമരമൊട്ടുപോലെ കാണപ്പെട്ടു. പിന്നീട് ഭഗവതിച്ഛയാല്‍ സൂര്യാദിസമസ്തചരാചരങളെ ആ സരോജമുകുളം പ്രകാശിപ്പിക്കുകയും, അനന്തരം പ്രളയജലധി വറ്റിവരണ്ടുപോകുകയും ചെയ്തു. ആ പ്രപഞ്ചപങ്കജത്തിലേക്ക് ഭഗവാന്‍ സ്വയം പരമാത്മാവായി പ്രവേശിച്ചു. അതില്‍ സര്‍‌വ്വഗുണാത്മകമായി, വേദരൂപമായി, ഭഗവതംശം, സ്വയംഭൂ എന്ന നാമത്തില്‍ അവതീര്‍ണ്ണനായി. അതത്രേ വിധാതാവായ ബ്രഹ്മദേവന്‍.

സാരസസംഭവനായ ബ്രഹ്മാവിന് ആ താമരകര്‍ണ്ണികയിലിരുന്ന് പ്രപഞ്ചത്തെ കാണുവാനോ, അറിയുവാനോ സാധിച്ചില്ല. ആയതിനാല്‍ അദ്ദേഹം ആകാശത്തിന്റെ അനന്തശൂന്യതയില്‍ നാലുദിക്കിലും ചുറ്റിത്തിരിഞു. അതോടെ ബ്രഹ്മാവിന് നാലുശിരസ്സുകള്‍ നാലുദിക്കുകള്‍ക്കുമഭിമുഖമായിയുണ്ടായി. ആ സമയത്ത് ബ്രഹ്മാവിന് തന്നെക്കുറിച്ചോ, താനിരിക്കുന്ന താമരയെക്കുറിച്ചോ, ബൃഹത്തായ ഈ സൃഷ്ടിയെക്കുറിച്ചോ ഒന്നുംതന്നെയറിയുവാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല. പിന്നീട് അന്നൊരിക്കല്‍ യുഗാന്തത്തിലുണ്ടായ പ്രളയത്തിന്റെ കൊടുംകാറ്റില്‍ ബ്രഹ്മാവിരിക്കുന്ന പങ്കജം അതിവേഗം ആടിയുലഞു. തികച്ചും അജ്ഞാനാന്തകാരത്തിലാണ്ടുപോയ വിധാതാവ് പങ്കജസ്ഥിതനായി ചിന്തിച്ചുതുടങി. ആരാണ് ഞാന്‍?... എന്തിനുവേണ്ടിയാണ് ഞാനീ സരസിജാസനത്തിലിരിക്കുന്നത്?... ഈ പുഷ്പം എവിടെനിന്നായിരിക്കണം ഉത്ഭവിച്ചിട്ടുള്ളത്?... ഇവിടെ ഇതിനടിയില്‍ മഹത്തരമായി എന്തോ ഉണ്ടായിരിക്കണം... അതില്‍നിന്നുമായിരിക്കണം ഈ പങ്കജം ഉണ്ടായിവിരിഞതും, ഞാന്‍ ഇത് എന്റെ ഇരിപ്പിടമാക്കിയതും... ഒരുപക്ഷേ അവിടമാകെ ജലമായിരിക്കണം... ഇങനെ മനനം ചെയ്തുകൊണ്ട് ബ്രഹ്മാവ് താനിരിക്കുന്ന താമരയുടെ തണ്ടിലൂടെ താഴെ അത് നിമഗ്നമായിരിക്കുന്ന മഹാജലത്തിലേക്കുതിര്‍ന്നിറങാന്‍ ശ്രമിച്ചു. ഭഗവാന്റെ നാഭീദേശത്തിലേക്ക് എത്രകണ്ടടുത്തിട്ടും വിധാതാവിന് തന്റെ ആസനപത്മത്തിന്റെ ഉത്ഭവസ്ഥാനം കണ്ടുപിടിക്കാന്‍ കഴിഞില്ല.

അല്ലയോ വിദുരരേ!, ഇങനെ ബ്രഹ്മദേവന്‍ തന്റെ അസ്ഥിത്വമന്വേഷിച്ച് ഭഗവത് കാലചക്രമാകുന്ന തന്റെ ആയുസ്സിന്റെ നൂറുവര്‍ഷക്കാലം അലഞുതിരിഞു. ഈ കാലചക്രത്തെയാണ് ജീവികള്‍ മൃത്യുവിനെയെന്നവണ്ണം ഭയക്കുന്നത്. അനന്തരം, അശ്രാന്തപരിശ്രമം ചെയ്തിട്ടും ഉദ്ദിഷ്ടഫലം ലഭ്യമാകാത്തതില്‍ പരിതപ്തമാനസനായി ബ്രഹ്മാവ് തന്റെ സകല സം‌രംഭങളുമുപേക്ഷിച്ച് ഭഗവത്സ്മരണയിലാണ്ടു. അങനെ നൂറ് ബ്രഹ്മവത്സരങള്‍ കടന്നുപോയി. ബ്രഹ്മാവ് തന്റെ തപസ്സ് പൂര്‍ത്തിയാക്കി. തത്ഫലമായി ചതുര്‍മുഖനായ ബ്രഹ്മാവിന്റെ ഹൃദയത്തില്‍ അദ്ധ്യാത്മികബോധമുദിച്ചു. ഈ ബോധത്തെ നേടുവാന്‍ താന്‍ മുന്‍പ് ചെയ്ത സകലപരിശ്രമങളും അപര്യാപ്തമണെന്ന സത്യത്തെയും അദ്ദേഹം മനസ്സിലാക്കി. 

തനിക്കുതാഴെ, അങ് ക്ഷീരസാഗരത്തില്‍ താമരതണ്ടുപോലെ കോമളമായ ശേഷനാഗം ചുരുണ്ടുകൂടിനിര്‍മ്മിച്ചിട്ടുള്ള മഹാതല്പത്തില്‍ ഭഗവാന്‍ ഹരി ഏകനായി ശയിക്കുന്ന കാഴ്ചയെ ബ്രഹ്മദേവന്‍ തനിക്കുലഭിച്ച അദ്ധ്യാത്മികബോധത്താല്‍ കണ്ടറിഞു. ആദിശേഷന്റെ ശിരോമകുടത്തിലെ രത്നനിരകളില്‍നിന്നുമുത്ഭൂതമായി നാലുപാടും പരക്കുന്ന ആ അത്യുജ്ജ്വലപ്രകാശവലയത്താല്‍ തത്സ്ഥാനാന്തകാരം മാറ്റി അവിടമാകെ ആ ഉജ്ജ്വലപ്രഭയില്‍ മിന്നിത്തിളങുന്നത് വിധാതാവ് കണ്ടു.

പവിഴമലകളുടെ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയെ വിഡംബനം ചെയ്തുകൊണ്ട് ഭഗവാന്റെ കളേബരം ഉജ്ജ്വലമായി തിളങി. പവിഴക്കുന്നുകള്‍ സന്ധ്യാകാശം സമ്മാനിച്ച കുങ്കുമപട്ടുടുത്ത് മനോഹരിയായിനിന്നു. പക്ഷേ ഭഗവാന്റെ പീതവസനം ആ കുങ്കുമവസ്ത്രത്തെ പരിഹസിച്ചുകൊണ്ട് കാറ്റില്‍ അലകളുണ്ടാക്കി. അവിടെ ആ പവിഴമലകളില്‍ സ്വര്‍ണ്ണശേഖരങളുണ്ടായിരുന്നു. എന്നാല്‍ അവയൊക്കെ ഭഗവാന്റെ കീരിടത്തില്‍ അണിനിരന്നുശോഭിച്ച രത്നനിരകളുടെ പ്രകാശത്തില്‍ മങിപ്പോയി. ആ മലകളിലെ വെള്ളച്ചാട്ടവും, ഔഷധിചെടികളും, വൃക്ഷങളും, പൂക്കളും, നിരനിരയായിനിന്നുള്ള വിശാലമായ കാഴ്ചകളെല്ലാംകൂടിച്ചേര്‍ന്ന് ഒരു ബൃഹത്തായ പൂമാലപോലെ ശോഭിച്ചു. പക്ഷേ, മുത്തുകളും, രത്നങളും, തുളസിയിലകളും, പൂക്കളും, വനമാലയുമൊക്കെച്ചേര്‍ന്നലങ്കരിക്കപെട്ട അതിബൃഹത്തായ തിരുവുടലും, പാദങളും, ബാഹുക്കളും ഒക്കെച്ചേര്‍ന്ന ഭഗവത്ശരീരം പവിഴമലകളുടെ ആ അത്ഭുതശോഭയേയും ഇല്ലാതെയാക്കി. നീളത്തിലും വീതിയിലും അനന്തമായ ആ പരമ്പുരുഷന്റെ ദിവ്യശരീരം മൂന്നുലോകങളും വ്യാപിച്ചുകിടന്നു. മഞപ്പട്ടും, നാനാ ആഭരണങളുമണിഞ് അത്യന്തം വിചിത്രമായും, അനുപമമായും ആ കളേബരം സ്വയം ഉജ്ജ്വലിച്ചുപരിശോഭിക്കുന്നത് ബ്രഹ്മാവ് കണ്ടു.

ഭഗവാന്‍ തന്റെ താമരതൃപ്പാദങളുയര്‍ത്തി ബ്രഹ്മദേവന് കാട്ടിക്കൊടുത്തു. അലൗകികമായി കറയറ്റ ഭഗവത്പ്രേമത്തില്‍ അവനെ ആരാധിക്കുന്ന ഭക്ത്ന്മാര്‍ക്ക് സകല അഭീഷ്ടങളും പ്രദാനംചെയ്യുന്നത് പരമമായ ആ താമരപ്പാദമത്രേ!. അവനില്‍ അചഞ്ചലഭക്തിയുള്ളവര്‍ക്കുമാത്രം ലഭ്യമാകുന്ന അസുലഭസമ്പത്താണത്. അവന്റെ കരചരണങളിലെ ചന്ദ്രസമാനമായ തിരുനഖരങളില്‍നിന്നുമുതിര്‍ക്കുന്ന അദ്ധ്യാത്മകിരണങളുടെ ഉജ്ജ്വലപ്രഭ പൂവിതളുകള്‍പോലെ പ്രശോഭിച്ചു. ഭഗവാന്‍ തന്റെ പുഞ്ചിരിമാത്രം കൊണ്ട് ഭക്തന്‍‌മാരുടെ സകലദുഃഖങളും ഹരിച്ചുകൊണ്ട് എന്നെന്നും അവര്‍ക്ക് തുണയായി നില്‍ക്കുന്നു. കനകകുണ്ഡലങള്‍ പരിശോഭിക്കുന്ന അവന്റെ തിരുമുഖകമലപ്രസാദം അത്യന്തം മനോഹരമായിരുന്നു. കാരണം, ആ അധരത്തില്‍നിന്നും ചിന്നിത്തെറിക്കുന്ന മന്ദസ്മിതകിരണങളുടെ പ്രഭയും, നാസാശോഭയും, പുരികകാന്തിയുമെല്ലാം ആ തിരുമുഖത്തിന്റെ അപാരസൗന്ദര്യത്തിന്റെ മാറ്റുകൂട്ടി.

പ്രീയവിദുരരേ!, കദംബപുഷ്പത്തിലെ പൂമ്പൊടിപോലെയ തോന്നിക്കുന്ന മഞപ്പട്ട് ധരിച്ച ഭഗവാന്റെ അരക്കെട്ട് അത്യന്തം അഴകാര്‍ന്നുകണ്ടു. മുത്തുകളും രത്നങളും അഴകില്‍ പതിപ്പിച്ചിട്ടുള്ള പൊന്നരഞാണം ആ പീതവസനത്തിന് അലങ്കാരമായി. അമൂല്യരത്നങള്‍ അഴകില്‍ പതിപ്പിച്ച കഴുത്താരമാലയും ശ്രീവത്സവും ഒത്തുചേര്‍ന്ന് അവന്റെ ഗളത്തില്‍ മിന്നിത്തിളങി. പരിമളം പരത്തുന്ന പുഷ്പങളോടും ചില്ലകളോടും കൂടി ഒരു ചന്ദനമരം എങനെ പ്രശോഭിക്കുമോ, അങനെ ഭഗവത്കളേബരം അമൂല്യമായ മണിമുത്തുരത്നങള്‍ പതിപ്പിച്ച കേയൂരങളാല്‍ അലങ്കരിക്കപെട്ടിരുന്നു. അവന്‍ സ്വയമേവ സകലലോകങളുടേയും നാഥനാണ്. ചന്ദനമരം സര്‍‌പ്പങളാല്‍ ചുറ്റപ്പെട്ട് ശോഭിക്കുന്നതുപോലെ ഭഗവാന്‍ ഹരി അനന്തന്റെ ഫണങളാല്‍ ചുറ്റപെട്ട് മനോഹരമായി കാണപ്പെട്ടു. ഒരു മഹീന്ദ്രനെപ്പോലെ ആ പരമപുരുഷന്‍ സകലചരാചരങള്‍ക്കും വാസസ്ഥാനമായി നിലകൊള്ളുന്നു. അഹീന്ദ്രനായ അനന്തന്‍ തനിക്ക് സുഹൃത്തായതിനാല്‍ ഭഗവാന്‍ സ്വയം സകലനാഗങള്‍ക്കും സദാ ഉറ്റതോഴനായി വര്‍ത്തിക്കുന്നു. കൊടുമുടികള്‍ക്ക് ആയിരക്കണക്കിന് സുവര്‍ണ്ണശൃംഗങളുള്ളതുപോലെ ഭഗവാന്‍ സഹസ്രഫണങളുള്ള അനന്തനോടൊപ്പം അത്യന്തം ശോഭിച്ചുകണ്ടു. പര്‍‌വ്വതങള്‍ രത്നങളാല്‍ അഴകാര്‍ന്നുകണ്ടപ്പോള്‍, ഭഗവാനാകട്ടെ, അമൂല്യമായ അനേകം മണിമുത്തുരത്നങളുടെ മറ്റിയന്നുവിളങി. കൂടാതെ, ഈ അചലങള്‍ ചിലസന്ദര്‍ഭങളില്‍ സമുദ്രത്തില്‍ നിമഗ്നമായിരിക്കുന്നതുപോലെ, ഭഗവാന്റെ അദ്ധ്യാത്മികശരീരം പ്രളയജലധിയില്‍ ചിലനേരം ഉപഗൂഢമായിക്കാണപ്പെട്ടു.

വിദുരരേ!, ഇങനെ അതിമനോഹരമായി, പര്‍‌വ്വതസമാനമായി അനന്തതല്പത്തില്‍ ശയിക്കുന്ന ഭഗവത്‌വിഗ്രഹം കണ്ടതും, അത് ഭഗവാന്‍ ഹരിതന്നെയെന്ന് ബ്രഹ്മദേവന്‍ തന്റെ ഹൃദയത്തിലുറപ്പിച്ചു. ആ കരുണാമയന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടക്കുന്ന വനമാല അത്യപൂര്‍‌വ്വഗാനങളിലൂടെ വേദതത്വങളെ ആലാപനം ചെയ്ത് അവനെ വാഴ്ത്തുന്നത് ബ്രഹ്മാവ് കണ്ടു, അതില്‍ അദ്ദേഹം അനുഭൂതികൊണ്ടു. അവന്റെ വിരല്‍തുമ്പില്‍ പ്രശോഭിക്കുന്ന കാലമാകുന്ന സുദര്‍ശനചക്രം അവന് തുണയായിരിക്കുന്ന സത്യത്തെ വിധാതാവ് കണ്ടറിഞു. എന്തിനുപറയാന്‍, സൂര്യചന്ദ്രാനിലാഗ്നികള്‍പോലും അവനെ ഒന്നുസ്പര്‍ശിക്കാന്‍ വെമ്പല്‍കൊള്ളുന്നത് ബ്രഹ്മാവ് ശ്രദ്ധിച്ചു. സകലസൃഷ്ടിക്കുമേലും ആ ആദിനാരായണന്റെ കടക്കണ്‍നോട്ടം വിധാതാവ് നോക്കികണ്ടു. ഭഗവാന്‍ ഹരിയുടെ നാഭീസ്ഥലത്തിലെ സരസ്സും, അതില്‍നിന്നുയര്‍ന്നുപൊങിയ പങ്കജവും, പ്രളയജലവും, വരളുന്ന വായുവും, ആകാശവും, എല്ലാം ബ്രഹ്മദേവന്‍ വളരെ വ്യക്തമായി കണ്ടറിഞു.

ഇങനെ അദ്ധ്യാത്മികജ്ഞാനത്താല്‍ അനുഗ്രഹീതനായ ബ്രഹ്മാവില്‍ സര്‍‌ഗ്ഗസൃഷ്ടിയുടെ പ്രവണതയുണ്ടായി. തുടര്‍ന്ന് ഭഗവാനാല്‍ വ്യക്തമാക്കപ്പെട്ട പഞ്ചഭൂതാതിസൃഷ്ട്യര്‍ത്ഥങള്‍ കണ്ടതോടെ ഭക്തിപരവശനായി, തന്റെ ജന്‍‌മസാഫല്യവിജയത്തിനായി ബ്രഹ്മദേവന്‍ ആ പരമ്പുരുഷനെ സ്തുതിച്ചുതുടങി.

ഇങനെ ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ദം എട്ടാമധ്യായം സമാപിച്ചു.

                    

No comments:

Post a Comment