അയ്യപ്പസ്വാമിയുടെ ആഗമനത്തിന് മുൻപ് തന്നെ ശബരിമലയടക്കമുള്ള ആ പ്രദേശത്തെ പല മലകളിലും അപൂർവ്വ സിദ്ധികളുള്ള യോഗീശ്വരന്മാർ തപസ്സാചരിച്ചിരുന്നു. മാതംഗമഹർഷിയും ശബരീ മാതാവുമടക്കമുള്ള പല സിദ്ധയോഗികളും ശബരിമലയിൽ വച്ച് തന്നെ സമാധിയടഞ്ഞിട്ടുമുണ്ട് . അതുകൊണ്ടാണ് ശബരിമലയ്ക്ക് ഇത്രയധികം ആത്മീയ പ്രഭാവം ഉണ്ടായത് . ദേവഭൂമിയായ ഹിമാലയത്തിൽ ചെല്ലുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതിയാണ് ശബരിമലയിൽ ചെല്ലുമ്പോഴും അനുഭവപ്പെട്ടിരുന്നത് . സ്വതവേ യോഗാത്മക ഭാവമുള്ളവർക്ക് ഇത്തരം സ്ഥലങ്ങളിലെത്തുമ്പോൾ അവരുടെ പൂർവ്വജന്മ സ്മൃതികൾ ഉണരുകയും ദിവ്യ ദർശനങ്ങൾ ഉണ്ടാവുകയും ചെയ്യും.അവിടെ സമാധിയടഞ്ഞദിവ്യാത്മാക്കാൾ സൂക്ഷ്മഭാവത്തിൽ ഇത്തരമാൾക്കാരോട് സംവദിയ്ക്കുകയും ചെയ്യും . അയ്യപ്പസ്വാമി ശബരിമലയിലെത്തിയശേഷം പന്തളം കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോകാതിരുന്നത് ഇതുകൊണ്ടായിരുന്നു. ഇക്കാരണം കൊണ്ടു തന്നെയാണ് അയ്യപ്പസ്വാമിയുടെ സമാധിയ്ക്ക് ശേഷവും വാവരും മാളികപ്പുറത്തമ്മയുമടക്കമുള്ള ശിഷ്യജനങ്ങൾ ശബരിമലയിൽത്തന്നെ തങ്ങിയത്. അവരുടെയെല്ലാം സമാധിസ്ഥാനവും ശബരിമല തന്നെയാണ് . അങ്ങിനെയാണ് കൊടും കാട്ടിനുള്ളിലുള്ള ശബരിമലയെന്ന ഹിംസ്രമൃഗങ്ങൾ നിറഞ്ഞതും ദുർഗ്ഗമവുമായ സ്ഥലം ഇത്രയധികം ആത്മീയ ശക്തികേന്ദ്രമായി മാറിയതും ഈശ്വരീയസാധകന്മാർക്ക് സാന്നിധ്യമാത്രയിൽ അലൌകീക ശാന്തി പ്രദാനം ചെയ്യുന്ന അദ്ഭുതസ്ഥാനമായി മാറിയതും.കോടാനുകോടി ജനങ്ങൾ എല്ലാവർഷവും വരികയും അവരുടെ എല്ലാ പാപച്ചുമടുകളുമവിടെ ഇറക്കിവയ്ക്കുകയും അവിടമൊരു വലിയ വാണിജ്യകേന്ദ്രമായി മാറുകയുമൊക്കെ ചെയ്തിട്ടും ശബരിമലയിലെ ആത്മീയശക്തി തരംഗങ്ങൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലാ എന്നതുകൊണ്ട് തന്നെ എത്രശക്തമായ ഊർജ്ജമണ്ഡലമാണ് അവിടെനിലകൊള്ളുന്നത് എന്ന് മനസ്സിലാക്കാൻ സാധിയ്ക്കും.
ഭാരതീയമായ അദ്വൈതചിന്താപദ്ധതിയിൽ അധിഷ്ടിതമായ യോഗാത്മകസാധനയുടെ അനുഷ്ടാനകേന്ദ്രമാണ് ശബരിമല. അഹം ബ്രാഹ്മാസ്മി , തത്ത്വമസി. പ്രജ്ഞാനം ബ്രഹ്മ തുടങ്ങിയ വേദാന്തവാക്യങ്ങൾ നിർദ്ദേശിയ്ക്കുന്ന അദ്വൈത സാക്ഷാത്കാര സാധനപദ്ധതിയാണ് ശബരിമലയുടേത് . അതേസമയം അയ്യപ്പസ്വാമിയുടെ സങ്കൽപ്പശക്തിയാൽ ആവിഷ്കരിയ്ക്കപ്പെട്ട ശബരിമലയിലെ ആചാരങ്ങൾക്ക് ഒരാത്മീയവിപ്ലവത്തിന്റെ സ്വഭാവം കൂടിയുണ്ട് . വേദോക്തമായ അദ്വൈത സാക്ഷാത്ക്കാരവും അതിന്റെ പരിശീലനങ്ങളുമൊക്കെ ഒരു കാലത്ത് സമൂഹത്തിലെ വരേണ്യവർഗ്ഗക്കാർക്ക മാത്രമെ സാധ്യമാവുമായിരുന്നുള്ളൂ . വേദം പഠിയ്ക്കുവാനും അദ്വൈത സാധന അനുഷ്ഠിച്ച് മോക്ഷമാർഗ്ഗത്തിൽ മുന്നേറുവാനുമൊക്കെ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ കഴിയുമായിരുന്നുള്ളു. ഉന്നതമായ വേദാന്തചിന്തയുടെ പ്രകാശമണ്ഡലത്തിലേയ്ക്ക് പ്രവേശനം കിട്ടാതെപോയ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാനജനത വിഗ്രഹാരാധനയിലും മാട്ട് , മാരണം, മന്ത്രവാദം തുടങ്ങിയ അധമസാധനകളിലും തളച്ചിടപ്പെട്ടു. ഓരോരുത്തരും അവർക്ക് തോന്നിയവിധത്തിലുള്ള ദൈവങ്ങളെ ആരാധിയ്ക്കുകയും ഓരോ സമ്പ്രാദായങ്ങൾ ആവിഷ്ക്കരിയ്ക്കുകയും ചെയ്തു . ഇതിനെതിരെയുള്ള ഒരു കലാപവും അദ്വൈതചിന്താപദ്ധതിയുടെ ജനകീയവൽക്കരണവുമണ് ശബരിമലയിലെ ഓരോ ആചാരവും എന്ന് ചിന്തിച്ചാൽ മനസ്സിലാവുന്നതാണ് . പൌരോഹിത്യത്തിന്റേയും വർണ്ണവ്യവസ്ഥയുടേയും തടവറയിൽ തളച്ചിടപ്പെട്ട ഭാരതീയമായ അദ്വൈത തത്ത്വചിന്തയെ അടിസ്ഥാനജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന തരത്തിലാണ് ശബരിമലയിലെ ആചാര പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത് .
“സർവ്വം ഖല്വിദം ബ്രഹ്മം“ . എല്ലാം ബ്രഹ്മമാണ് എന്ന തത്ത്വം തന്നെയാണ് എല്ലാം അയ്യപ്പനാണ് എന്ന ശബരിമലയിലെ ആത്മീയനിയമത്തിന്റേയും പിന്നിലുള്ളത് .എല്ലാവരും ഒരേ സത്യവസ്തുവിന്റെ ഭിന്നപ്രകാശനങ്ങളാണ് വേദാന്തചിന്തയെ എത്ര ബുദ്ധിപരമായാണ് സാധാരണക്കാരനിലേയ്ക്ക് സന്നിവേശിപ്പിച്ചിരിയ്ക്കുന്നത്എന്നറിയണമെങ്കിൽ നാം ശബരിമലവ്രതാനുഷ്ഠാനങ്ങളുമായി അടുത്തിടപഴകണം. എത്ര ഉയർന്ന പോലീസുദ്യോഗസ്ഥനേയും താഴെയുള്ള ആർക്കും സലൂട്ട് ചെയ്യേണ്ടാത്ത ലോകത്തിലെ ഏക സ്ഥലം ഒരു പക്ഷേ ശബരിമല ആയിരിയ്ക്കും .എത്ര വലിയ ഉദ്യോഗസ്ഥനേയും സാറെ എന്ന് വിളിയ്ക്കാതെ സ്വാമീ എന്ന് വിളിയ്ക്കാൻ സാധിയ്ക്കുന്ന ഏകസ്ഥലവും ശബരിമല തന്നെ. എത്ര താഴെയുള്ള ജീവനക്കാരനും തന്റെ യജമാനനിൽ നിന്ന് യജമാനനേ എന്നർത്ഥമുള്ള സ്വാമീ എന്ന ബഹുമാനപൂർവ്വമായ വിളി കേൾക്കാൻ ഭാഗ്യമുള്ള സ്ഥലവും ഇതുതന്നെ . എല്ലാവരേയും അയ്യപ്പനായിക്കണ്ട് ബഹുമാനിയ്ക്കുമ്പോൾ ഓരോരുത്തരിലുമുള്ള ഈശ്വരീയഭാവമുണരുന്ന ദേവഭൂമിയും ഇതുതന്നെ . ശബരിമലയ്ക്ക് പോകാൻ മാലയിട്ട ഒരാൾക്ക് മനുഷ്യർ മാത്രമല്ല സസ്യലതാദികളും പക്ഷി മൃഗാദികളുമൊക്കെ അയ്യപ്പസ്വാമിയാണ് .മുദ്ര ധരിച്ച് വ്രത്മാരംഭിയ്ക്കുന്നതോടെ തന്നിലുള്ള അയ്യപ്പൻ തന്നെയാണ് എല്ലാറ്റിലുമുള്ളത് എന്ന് ഒരു സ്വാമിഭക്തൻ മനസ്സിലാക്കി അങ്ങിനെ പെരുമാറുന്നു. ഈ ഭാവത്തെ സാക്ഷാത്ക്കരിയ്ക്കുകയാണ് ശബരിമലതീർത്ഥാടനത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്നതുകൊണ്ടാണ് ശബരിമലയിലെ ശ്രീകോവിലിന്റെ മുന്നിൽ ‘തത്ത്വമസി‘ എന്നാലേഖനം ചെയ്തിരിയ്ക്കുന്നത് . ഇത്തരമൊരു സാമൂഹിക സമത്വം കൊണ്ടുവരാൻ വേണ്ടി കോടാനുകോടി മനുഷ്യരെ കൊല്ലാക്കൊല ചെയ്ത കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നടിഞ്ഞ ചരിത്രം നമ്മുടെ കണ്മുന്നിലുള്ളപ്പോഴാണ് ഒരു തുള്ളി ചോര പോലും പൊടിയാതെ ജാതിയ്ക്കും മതത്തിനും സമ്പത്തിനും അധികാരത്തിനും അതീതമായി എല്ലാവരും എല്ലാവരേയും ബഹുമാനിയ്ക്കുന്ന അയ്യപ്പധർമ്മത്തിന്റെ സോഷ്യലിസ്റ്റ് സ്വർഗ്ഗഭൂമിയായി ശബരിമല ഉയർന്നു നിൽക്കുന്നത് . ഈ ഉയരമാണ് യഥാർത്ഥത്തിൽ ഒരു മലയായി ശബരിമലയെ ഉയർത്തി നിർത്തുന്നത് .
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള് അനുഷ്ഠാനങ്ങള് (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Tuesday, December 6, 2016
ശബരിമല സിദ്ധയോഗികളുടെ സമാധി സ്ഥലം
Subscribe to:
Post Comments (Atom)
No comments:
Post a Comment