ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, December 18, 2016

വിദ്യാദായകനായ ശാസ്താവ്


സര്‍വ്വധനങ്ങളിലും വെച്ച് ശ്രേഷ്ഠമായ ധനമാണ് വിദ്യ. വിദ്യാ സമ്പാദനത്തിനു പ്രാധാന്യം കൊടുത്ത കേരളത്തില്‍ വിദ്യാദായക ഭാവത്തിലും ധര്‍മ്മശാസ്താവിനെ ആരാധിക്കുന്നു.

തൃശൂര്‍ ജില്ലയിലെ തിരുവുള്ളക്കാവ്, മലപ്പുറം ജില്ലയിലെ തിരുനാവായ ശാസ്താക്ഷേത്രം, കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, പാക്കില്‍ ശാസ്താ ക്ഷേത്രങ്ങള്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിദ്യാദായക ഭാവം കൂടിയുള്ള ശാസ്താ സങ്കല്‍പ്പമാണുള്ളത്.

വീണയും അക്ഷമാലയും പുസ്തകവും വ്യാഖ്യാമുദ്രയും ധരിച്ച ചതുര്‍ബാഹുവായ ധര്‍മ്മശാസ്താവിന്റെ ധ്യാന ശ്ലോകം നോക്കുക


  ശാന്തം ശാരദചന്ദ്രകാന്തധവളം ചന്ദ്രാഭിരാമാനനം 
  ചന്ദ്രാര്‍ക്കോപമകാന്തകുണ്ഡലധരം ചന്ദ്രാവഭാസാംശുകം 
  വീണാം പുസ്തകമക്ഷസൂത്രവലയം വ്യാഖ്യാനമുദ്രാം കരൈര്‍ 
  ബിഭ്രാണം കലയേ സദാ ഹൃദി മഹാശാസ്താരമാദ്യം വിഭും 


വിദ്യാകാരകത്വമുള്ള തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാന മൂര്‍ത്തിയാണ്. വിജയദശമിയില്‍ ആയിരക്കണക്കിന് കുട്ടികള്‍ തിരുവുള്ളക്കാവില്‍ വിദ്യാരംഭം കുറിക്കുന്നു. മഴമംഗലം, ചിറ്റൂര്‍ നമ്പൂതിരിപ്പാടന്മാര്‍ തുടങ്ങിയവരെല്ലാം തിരുവുള്ളക്കാവ് ധര്‍മ്മ ശാസ്താവിനെ ഉപാസിച്ചിരുന്നവരാണ്. ബുധനാഴ്ചയും ശനിയാഴ്ചയും മണ്ഡലകാലവും പ്രധാനമാണെങ്കിലും തിരുവുള്ളക്കാവിലെ പ്രധാന ആഘോഷം നവരാത്രിയാണ്. വിദ്യാരംഭത്തിന് ഇവിടെ പ്രാധാന്യം സിദ്ധിക്കുന്നതിന് കാരണമായ കഥ ഇപ്രകാരമാണ്.


വലപുരമെന്നും അറിയപ്പെട്ടിരുന്ന തിരുവുള്ളക്കാവിന് വടക്കായി പട്ടത്ത് എന്ന ഒരില്ലമുണ്ടായിരുന്നു. പട്ടത്ത് വാസുദേവന്‍ ഭട്ടതിരി തിരുവുള്ളക്കാവിലെ മേല്‍ശാന്തിയായിരുന്നു. വേദജ്ഞാനമില്ലാതിരുന്ന അദ്ദേഹത്തെ പെരുവനം ഗ്രാമത്തിലെ മറ്റ് പണ്ഡിതന്മാര്‍ സദാ പരിഹസിച്ച് ‘വാതു വാതു’ (വാസുവിന്റെ മറ്റൊരു രൂപം) എന്ന് വിളിച്ച് വന്നു. ഇതില്‍ വാസുദേവ ഭട്ടതിരി ദുഃഖിതനായിരുന്നു. ഒരിക്കല്‍ അത്താഴപൂജ കഴിഞ്ഞ് നടയടച്ച ശേഷം കനത്ത മഴമൂലം ക്ഷേത്രത്തില്‍ തന്നെ  രാത്രി കഴിച്ചുകൂട്ടാന്‍ നിശ്ചയിച്ച അദ്ദേഹം തന്റെ സങ്കടങ്ങള്‍ ശാസ്താവിനെ പറഞ്ഞു കേള്‍പ്പിച്ചു. ഭക്തന്റെ അവസ്ഥയില്‍ മനമലിഞ്ഞ വേദസ്വരൂപനായ ധര്‍മ്മശാസ്താവ് പ്രത്യക്ഷനായി ഭട്ടതിരിയോട് തിടപ്പള്ളിയിലിരിക്കുന്ന വിറകെടുത്ത് തീ കായുവാനും സമീപത്തിരിക്കുന്ന കദളിപ്പഴക്കുല എടുത്ത് കഴിച്ചുകൊള്ളുവാനും പറഞ്ഞു. ഭട്ടതിരി അപ്രകാരം ചെയ്തു. ശാസ്താവിന്റെ നിര്‍ദ്ദേശാനുസരണം കദളിപ്പഴം കഴിച്ചതോടെ അദ്ദേഹം മഹാ പണ്ഡിതനായിത്തീര്‍ന്നു.


പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ വാര്യസ്യാര്‍ വിറകു കാണാഞ്ഞ് ഭട്ടതിരിയോട് അന്വേഷിച്ചു. അപ്പോള്‍ ഭട്ടതിരി ഇപ്രകാരം പറഞ്ഞു. ‘വിറകെടുപ്പാന്‍ വിറകെടുത്തു വിറകെടുത്തു വിറ കെടുത്തു’ ഈ യമകാലങ്കാര പ്രയോഗം കേട്ട് വാരസ്യാര്‍ അത്ഭുതപ്പെട്ടു. കദളിപ്പഴം തിന്നതാണ് ഭട്ടതി രിയുടെ മാറ്റത്തിന് ഹേതുവെന്ന് മനസ്സിലായ വാരസ്യാര്‍ അവിടെക്കിടന്ന കദളിപ്പഴത്തൊലി എടുത്തു തിന്നുകയും അതോടെ അവരും കവയിത്രിയായി മാറുകയും ചെയ്തു.

അന്ന് ക്ഷേത്രത്തിലെത്തിയ നമ്പൂതിരിമാര്‍ പതിവുപോലെ ഭട്ടതിരിയെ ‘ഇതാ ഇതാ വാതു വരുന്നു’ എന്നു കളിയാക്കി. അപ്പോള്‍ ഭട്ടതിരി “വെറ്റില തിന്നാഞ്ഞെനിക്കു വാ തുവരുന്നു” എന്ന് മറുപടികൊടുത്തു. ശാസ്താവിന്റെ കാരുണ്യത്താല്‍ ഭട്ടതിരി പണ്ഡിതനായി എന്ന് നമ്പൂതിരിമാര്‍ക്കു മനസ്സിലായി. അന്നുമുതലാണ്  തിരുവുള്ളക്കാവ് ശാസ്താവിന് വിദ്യാകാരകത്വമുണ്ടെന്നു പ്രസിദ്ധമായത്. 

വാസുദേവ ഭട്ടതിരി യമക പ്രിയനായ മഹാകവിയായിരുന്നു. അദ്ദേഹത്തിന്റേതായി യുധിഷ്ഠിര വിജയം, ത്രിപുരദഹനം, ശൗരികഥ, വാസുദേവവിജയം, ഗജേന്ദ്ര മോക്ഷം, നളോദയം തുടങ്ങി നിരവധി കാവ്യങ്ങളുണ്ട്. വാരസ്യാരുടെ അനന്തര തലമുറകളായ തിരുവുള്ളക്കാവ് വാര്യന്മാരാണ് ഇവിടെ വിദ്യാരംഭം കുറിക്കുന്നത്.

വേദത്തിന്റെ ശ്രോതാവ് എന്ന സ്ഥാനം കേരളത്തില്‍ ശാസ്താവിനു കല്‍പ്പിച്ചിരുന്നു. ജ്ഞാന മൂര്‍ത്തിയായ ശാസ്താവിനു മുന്നില്‍ വേദമന്ത്രങ്ങള്‍ ചൊല്ലി പ്രീതിപ്പെടുത്തിയാല്‍ പിഴയില്ലാതെ വേദമന്ത്രങ്ങള്‍ ഉച്ചരിക്കുവാന്‍ കഴിയുമെന്ന് ബ്രാഹ്മണര്‍ കരുതുന്നു. അതിനാല്‍ തിരുവുള്ളക്കാവു ശാസ്താവിനു മുന്നില്‍ വേദം ചൊല്ലുക എന്നത് പെരുവനം ഗ്രാമത്തിലെ വേദജ്ഞരുടെ ശീലമായിരുന്നു. തിരുനാവായയിലെ വേദപഠനശാല നിലനിന്നിരുന്ന ഇടത്തു ഇപ്പോള്‍ ഒരു ശാസ്താക്ഷേത്രം (നാവാമുകുന്ദ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍) കാണാം.

വേദപഠനശാല തവനൂരിലേക്കു മാറ്റിയെങ്കിലും വേദശ്രോതാവായ ശാസ്താവെന്ന സങ്കല്‍പ്പത്തിന്റെ പ്രത്യക്ഷസാക്ഷ്യമായി ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു. കയ്യില്‍ വേദ ഗ്രന്ഥം ധരിച്ച അത്യപൂര്‍വ മൂര്‍ത്തിയാണു പൂഞ്ഞാര്‍ കോയിക്കല്‍ ക്ഷേത്രത്തിലെ ശ്രീധര്‍മ്മശാസ്താവ്. ഗായത്രീ മന്ത്രത്തിന്റെ അര്‍ത്ഥം വ്യാഖ്യാനിക്കുന്ന ശാസ്താവ് എന്നാണു സങ്കല്‍പ്പം.
ആയോധനകലകളുടെ അധ്യയനവും പരിശീലനവും നടക്കുന്നിടങ്ങളില്‍ എല്ലാം ശാസ്താവിനേയും ഉപാസിച്ചു വന്നിരുന്നു. തെക്കുംകൂര്‍ രാജ്യത്തെ പടയാളികളുടെ കഴിവുകള്‍ പരീക്ഷിച്ചിരുന്നത് പാക്കില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ചാണ്. ‘പാക്കില്‍ പട’ എന്ന യുദ്ധപരീക്ഷയ്ക്ക് സാക്ഷിയായി ശാസ്താവും ഉണ്ടാകും എന്നായിരുന്നു പടയാളികളുടെ വിശ്വാസം

No comments:

Post a Comment