ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, December 18, 2016

തത്ത്വമസിയുടെ പൊരുൾ തേടി...(വിവരണം)

“തത്ത്വമസി” ...തത് ത്വം അസി... അത് നീ ആകുന്നു....

പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ഈശ്വരചൈതന്യം ഉൾക്കൊള്ളാനുള്ള പ്രബോധനം.

ശരണമന്ത്രധ്വനികളാൽ മുഖരിതമായ പുലരികൾ‌.  വീണ്ടുമൊരു മണ്ഡലകാലം കൂടി വിരുന്നു വന്നിരിക്കുന്നു. കറുപ്പുടുത്ത്, ബ്രഹ്മചര്യവ്രതമെടുത്ത്, കൊതിയും വിധിയും ഇരുമുടിയായേന്തി മല ചവിട്ടുന്ന മനസ്സുകളിൽ ഇനി “തത്ത്വമസി”യുടെ പൊരുളറിയാനുള്ള വാഞ്‌ച മാത്രം.

ആകാശഗംഗയെ നെഞ്ചിലേറ്റിയ, തേളിന്റെ ആകൃതിയാർന്ന വൃശ്ചികരാശിയിലൂടെ കടന്നു പോകുന്ന സൂര്യകടാഷമുള്ള ഈ മാസത്തിൽ പ്രകൃതിക്ക് പോലും അഭൌമതേജസ്സാണ്. ചാറ്റൽമഴയിൽ പുളകിതയായ, നമ്രമുഖിയായ ഭൂമി വ്രതപുണ്യമാർന്ന നഗ്നപാദങ്ങളുടെ സ്പർശത്തിൽ നിർവൃതിയടയുന്നു.

കുറെയേറെ ഐതീഹ്യങ്ങളും പുരാണവും ചരിത്രവും ഉറങ്ങുന്ന മണ്ണാണ് ശബരിമല എന്ന അയ്യപ്പന്റെ പൂങ്കാവനം. കാളകെട്ടിമല, ഇഞ്ചിപ്പാറമല, പുതുശ്ശേരിക്കാനം മല, കരിമല, നീലിമല, ശബരിമല, പൊന്നമ്പലമേട്, ചിറ്റമ്പലമേട്, മയിലാടും‌മേട്, തലപ്പാറമല, നിലക്കൽ‌മല, ദേവർ‌മല, ശ്രീപാദം‌മല, ഖർഗിമല, മാതംഗമല, സുന്ദരമല, നാഗമല, ഗരുഡൻ‌മല എന്നിങ്ങനെ പതിനെട്ടുമലകളുടെ കൂടിച്ചേരലുകൾ‌ക്കൊടുവിൽ‌, നന്മയുടെയും സഹനത്തിന്റേയും മൂർത്തിമദ്ഭാവമായ ശബരി താമസിച്ച പുണ്യമലയ്ക്ക് ശബരിമലയെന്ന പേരു വീണതിൽ അസ്വാഭാവികതയൊന്നും തന്നെ ഇല്ല. തർക്കാധിഷ്ഠിതമായ ഒരുപാട് വാദപ്രതിവാദങ്ങളുടെ വിളനിലം കൂടിയാണ് ആ ഭൂമി. പേരിൽ നിന്നും തുടങ്ങുന്ന തർക്കം, പിറവിയിലും പിന്നെ ആചാരാനുഷ്ഠാനങ്ങളിലുമെത്തി നിൽക്കുന്നു.

ശ്രേഷ്ഠൻ എന്നർത്ഥം വരുന്ന പാലിയിലെ “അയ്യ / അജ്ജ” എന്ന പദമോ സംസ്കൃതത്തിലെ സമാനാർത്ഥമുള്ള “ആര്യൻ” എന്ന പദമോ ദ്രാവിഡീകരിച്ചുണ്ടായതാവണം അയ്യനെന്നും അയ്യപ്പനെന്നുമുള്ള നാമധേയം എന്നു ചരിത്രം പറയുമ്പോൾ അയ്യൻ എന്ന വിഷ്ണു നാമവും അപ്പൻ എന്ന ശിവ നാമവും ചേർന്നതാണു അയ്യപ്പനെന്നു ഐതീഹ്യം പരാമർശിക്കുന്നു.

ശിവനു വിഷ്ണുവിന്റെ മായാരൂപമായ മോഹിനിയിൽ പിറന്ന്, കാട്ടിലുപേഷിക്കപ്പെട്ട അയ്യപ്പനെ പന്തളം രാജാവ് എടുത്തു വളർത്തി യുദ്ധതന്ത്രങ്ങൾ പഠിപ്പിച്ച് അനന്തിരാവകാശിയാക്കുന്നു. റാണിയുടെയും മന്ത്രിയുടെയും കുതന്ത്രങ്ങളിൽപ്പെട്ട് അയ്യപ്പനു പുലിപ്പാലിനായി കാട്ടിൽ പോകേണ്ടി വന്നുവെന്നും അവിടെ വച്ച് മഹിഷി എന്ന എരുമയുടെ തലയോടു കൂടിയ അസുര ജന്മത്തെ വധിച്ച് മോക്ഷമേകിയെന്നും ഒടുവിൽ ശാസ്താവിൽ വിലയം പ്രാപിച്ചുവെന്നതുമാണു ഏറെ പ്രചരിക്കുന്ന ഐതീഹ്യം.

ശബരിമല പഴമയുടെ ചട്ടക്കൂട്ടിൽ:

ശബരിമലയിൽ, പരശുരാമനാൽ രൂപകൽ‌പ്പന ചെയ്യപ്പെട്ട ശാസ്താവിഗ്രഹം പ്രതിഷ്ഠിച്ച് പണിതുയർത്തിയ അമ്പലത്തെ, പിന്നീട് പന്തളരാജാവു പുനരുദ്ധരിച്ചു എന്നാണു പറഞ്ഞു കേൾക്കുന്നത്. 

മഹിഷിയെ (എരുമ) അയ്യപ്പൻ കൊന്നെറിഞ്ഞുവെന്ന് പറയപ്പെടുന്ന എരുമേലിയിൽ ഒരു വെള്ളാള കുടുംബം ഉണ്ടെന്നും അതിൽ പെരിശ്ശേരി പിള്ള എന്നൊരാളുടെ അനന്തിരവനാണു അയ്യപ്പനെന്നും ചരിത്രാന്വേഷികൾ വാദം നിരത്തുന്നുണ്ട്. പിന്നീട് ആ അയ്യപ്പൻ പാണ്ഡ്യ രാജാവിന്റെ സൈന്യാധിപനായി, തലപ്പാറയിലും ഇഞ്ചിപ്പാറയിലും മറഞ്ഞിരുന്ന് രാജ്യത്ത് നാശം വിതച്ചു കൊണ്ടിരുന്ന മറവപ്പടയെ തുരത്തിയെന്നും അതിന്റെ തലവനായ ഉദയനനെ വധിച്ച്, യുദ്ധത്തിൽ നശിച്ച ശബരിമലയിലെ ശാസ്താക്ഷേത്രം പുനുരുദ്ധാരണം ചെയ്ത്, ഒടുവിൽ‌ ആ ശാസ്താവിൽ തന്നെ വിലയം പ്രാപിച്ചുവെന്നും അവർ അവകാശപ്പെടുന്നു.

ഈ ചരിത്ര രേഖകളെ സാക്ഷ്യപ്പെടുത്താനെന്നവണ്ണം ചില ആചാരാനുഷ്ഠാനങ്ങളുടെ സഹായം തേടുന്നുണ്ട് അതിനെ പിന്താങ്ങുന്നവർ. തലപ്പാറ ആക്രമിക്കാൻ വാവരോടൊപ്പം പോയ സംഘത്തിന്റെ പ്രകടനമാണു പേട്ടതുള്ളലെന്നും, ഇഞ്ചപ്പാറയ്ക്ക് ചുറ്റുമുള്ള കിടങ്ങ് അയ്യപ്പൻ കല്ലിട്ട് നിരത്താൻ പറഞ്ഞതിന്റെ അനുസ്മരണമാണു കല്ലിടാംകുന്നിലെ അനുഷ്ഠാനമെന്നും, ഒടുവിൽ വിജയത്തിന്റെ പ്രതീകമായി നൽകിയ സദ്യയാണിന്നത്തെ പമ്പാ സദ്യയെന്നുമാണ് അവരുടെ വാദമുഖങ്ങൾ.

ശാസ്താവ് എന്ന ദൈവ സങ്കൽ‌പ്പം ഉരുത്തിരിഞ്ഞതെങ്ങനെയെന്ന് കൃത്യമായ തെളിവില്ല. ശൈവ-വൈഷ്ണവ ചേരിപ്പോരിനെ നിയന്ത്രിക്കാനാണു രണ്ടുമുൾക്കൊണ്ട ശാസ്താവിന്റെ രംഗപ്രവേശം എന്ന് ചരിത്രഗവേഷകർ പറയുന്നു. തികച്ചും കേരളീയം എന്നു നമ്മൾ കരുതുന്ന ശാസ്താ വിഗ്രഹം സിന്ധുനദീതട പ്രദേശത്തു നിന്നും പരശുരാമൻ കൊണ്ടു വന്നതാണെന്നു വാദിക്കുന്നുണ്ട് ചിലർ.

ക്ഷത്രിയരുടെ കുലദൈവമാണ് ശാസ്താവ്. യുദ്ധശക്തിയിലൂടെ ഭൂമിരക്ഷ എന്ന കർത്തവ്യം ചെയ്യാൻ നിയുക്തരായ ക്ഷത്രിയർ തങ്ങളുടെ ശക്തിശ്രോതസ്സായി ശാസ്താവിനെ കരുതിപ്പോരുന്നു.  ബ്രാഹ്മണർ അവരുടെ ശക്തിസ്വരൂപനായ ശിവനെ ഉയരമുള്ള ഹിമാലയത്തിൽ പ്രതിഷ്ഠിച്ചതു കണ്ട് തങ്ങളുടെ ശാസ്താവിനെ ഹിമാലയത്തിനും തൊട്ടു താഴെ നിൽക്കുന്ന പശ്ചിമഘട്ടനിരയിൽ പ്രതിഷ്ഠിക്കണമെന്ന് ക്ഷത്രിയർ തീരുമാനിച്ചിരിക്കണം.

അതിനായി കൊണ്ടു വന്ന വിഗ്രഹം പന്തളത്തെത്തിയപ്പോൾ മാർഗ്ഗതടസ്സം ഉണ്ടായെന്നും പന്തളം രാജാവ് ഏറ്റെടുത്ത് ഒരു നദിക്കരയിൽ വച്ച് പൂജിച്ചുവെന്നും പിന്നീട് തടസ്സം മാറ്റി ശബരിമലയിൽ പ്രതിഷ്ഠിച്ചുവെന്നും പറയപ്പെടുന്നു. ക്ഷത്രിയർ ശാസ്താവിനെ അച്ഛനെന്നു വിളിച്ചിരുന്നത് കൊണ്ടാവണം അന്നു പന്തളം രാജാവ് ആ വിഗ്രഹം വച്ച് പൂജിച്ചതിനടുത്ത് കൂടെ ഒഴുകുന്ന നദിക്ക് അച്ചങ്കോവിലാര് എന്ന പേരു വീണത്. അയ്യപ്പൻ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തിൽ ചെലവഴിച്ചു എന്നു പറയുന്നതിനും ആധാരം ഈ ചരിത്രപശ്ചാത്തലം തന്നെയാവണം.

ശാസ്താവിൽ നിന്നും വ്യത്യസ്തനായാണു അയ്യപ്പനെ കാണുന്നത്. പൂർണ്ണ, പുഷ്കല തുടങ്ങിയ ഭാര്യമാരും സാത്യകൻ എന്ന പുത്രനും ശാസ്താവിനുണ്ടെന്ന് സ്കന്ദപുരാണം പറയുന്നു. എന്നാൽ അയ്യപ്പനാവട്ടെ നിത്യബ്രഹ്മചാരിയാണ്.

പമ്പയുടെ തീരത്ത് വസിച്ചിരുന്ന ബുദ്ധമതാനുയായി ആണ് അയ്യപ്പനെന്നും ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ സഹായിച്ചിരുന്നുവെന്നും ചിലർ വിശ്വസിക്കുന്നു. നാല്പത്തിയൊന്നു ദിവസത്തെ ബ്രഹ്മചര്യവ്രതവും, ശരണം വിളികളും, അയ്യപ്പവിഗ്രഹത്തിന്റെ ഘടനയും, ആരാധനയും, അനുഷ്ഠാനങ്ങളും ഇതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.

ഏതൊക്കെ കഥകൾ പറഞ്ഞാലും അതിലൊക്കെയും അയ്യപ്പന്റെ കൂടെ വാവർക്കും കടുത്ത എന്ന നായർ പടയാളിക്കും സ്ഥാനമുണ്ട്. ആദ്യം ശത്രുവായും പിന്നെ മിത്രമായും തീരുന്ന വാവരാണ് ഇതിൽ പ്രമുഖ കഥാപാത്രം. മക്കം പുരയിൽ ഇസ്മൈൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായി ജനിച്ച ആളാണു വാവരെന്നു ബാവർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാവരെന്നത് ബാബർ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട്. വാവരുടെ പൂർവ്വികർ തമിഴ്നാട്ടിലെ അവരാംകോവിലിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയത് കലി വർഷം 4441 ഇൽ (ഏ.ഡി 1440) ആണെന്നാണ് ചരിത്രം.

ശാസ്താവിന്റെ അംഗരക്ഷകനായ വാവർക്ക് പന്തളം രാജാവ് ആരാധാനാലയം പണിതുവെന്ന് ചില സംസ്കൃതഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. കാട്ടിലൂടെ കടന്നു പോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാൻ അയ്യപ്പൻ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. എരുമേലിയിലെ വാവരുപള്ളിക്കടുത്തുവെച്ചാണ് അയ്യപ്പൻ മഹിഷിയെ വധിച്ചതിന്റെ അനുസ്മരണാർത്ഥം നടത്തുന്ന പ്രസിദ്ധമായ പേട്ട തുള്ളൽ. കുങ്കുമവും ഭസ്മവും ഒക്കെ വാരിപ്പൂശി ഇലകളൊക്കെ വച്ച് കെട്ടി പേട്ട തുള്ളുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.

എരുമേലിയിൽ എത്തുന്ന ഭക്തന്മാർ വാവരു സ്വാമിയെ ദർശിച്ച് കുരുമുളക് വഴിപാട് നൽകിയേ യാത്ര തുടരൂ. കാണിക്കയും , നെല്ല് , ചന്ദനം , സാമ്പ്രാണി , പനിനീർ, നെയ്യ്, നാളികേരം എന്നിവയും ഇവിടെ വഴിപാടായി നൽകുന്നുണ്ട്. മത സൌഹാർദ്ദത്തിന്റെ മകുടോദാഹരണമായി എരുമേലിയിൽ വാവരു പള്ളി നില കൊള്ളുന്നു. ഇതിനു സമീപത്തുള്ള കൊച്ചമ്പലം, അയ്യപ്പനെ വെള്ളാളകുടുംബത്തിലേക്ക് ബന്ധിക്കുന്ന കണ്ണിയായ പെരിശ്ശേരി പിള്ള നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു.

അയ്യപ്പനേയും അർത്തുങ്കൽ പള്ളിയേയും ബന്ധപ്പെടുത്തിയും ഒരു കഥയുണ്ട്. ദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർ അവിടെ മാലയൂരി സമർപ്പിച്ച് പോകുന്നതിനു ആധാരമായിട്ടാണു ഈ കഥ പ്രചരിക്കുന്നത്.  അർത്തുങ്കൽ പള്ളിയിൽ, ജനങ്ങൾ വിശുദ്ധനോളം പ്രാധാന്യം കൊടുത്തിരുന്ന ഒരു വൈദികനുണ്ടായിരുന്നുവത്രേ. ഫാദർ ഫെനിഷ്യോ. അദ്ദേഹത്തെ ജനങ്ങൾ “വെളുത്തച്ഛൻ” എന്നു വിളിച്ചിരുന്നു. കാലാന്തരത്തിൽ വിശുദ്ധ സെബാസ്തന്യോസിനേയും ജനം ഈ പേരിൽ വിളിച്ചു തുടങ്ങി. ഫാദർ‌ ഫെനിഷ്യോ കളരി പഠിക്കാൻ ചീരപ്പൻ‌ചിറയിൽ പോയിരുന്നുവെന്നും അവിടെ വച്ച് അയ്യപ്പന്റെ സുഹൃത്താകുന്നുവെന്നും ഐതീഹ്യം പറയുന്നു.

പമ്പ-ഐതീഹ്യങ്ങളേയും പുരാണങ്ങളേയും ചരിത്രത്തേയും പുറകിൽ വിട്ട് പുണ്യപ്രവാഹിനിയായി പമ്പയൊഴുകുന്നു. പമ്പയിൽ കുളിച്ചെത്തുന്ന ഭക്തനോട് യാത്ര സുഖമായോ എന്നു തിരക്കുന്ന പോലെ ഇളംകാറ്റ് സദാ വീശിക്കൊണ്ടിരിക്കും. ഒന്നു മുങ്ങി നിവർന്നാൽ ചെയ്തു പോയ പാപങ്ങളെ അവൾ‌ കഴുകിക്കളയുമത്രേ. കണ്ണിനിമ്പമേറുന്ന പമ്പാവിളക്കും സാഹോദര്യത്തിന്റെ പമ്പാസദ്യയും എടുത്ത് പറയേണ്ടുന്ന കാര്യങ്ങൾ‌ തന്നെയാണ്. പമ്പാ സദ്യയിൽ അയ്യപ്പന്റെ സാന്നിധ്യം ഉണ്ടാവും എന്നു പറയുന്നതിൽ നിന്നും ഭഗവാനും ഭക്തനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാം.

പമ്പയിൽ കുളിച്ച്, വിഘ്നങ്ങളില്ലാത്ത യാത്രയ്ക്കായി ഗണേശനെ വണങ്ങി, മല ചവിട്ടി, പതിനെട്ടാം പടി കയറിയാൽ അയ്യപ്പന്റെ പൊന്നമ്പലമേടായി, തത്വമസിയുടെ പൊരുളഴിയുന്നിടം. ഞാൻ നീ തന്നെയാകുന്നു എന്നു അവിടത്തെ ഓരോ മൺ‌തരിയും വിളിച്ചു പറയുമത്രേ.

പാർശ്വഭാഗത്ത് കന്നി അയ്യപ്പന്മാർ വരാത്ത പക്ഷം വേളി കഴിക്കാം എന്ന വാഗ്ദാനത്തിൽ മഹിഷജന്മത്തിൽ നിന്നും മോക്ഷമേകിയ മാളികപ്പുറത്തമ്മയ്ക്ക് അഭയം കൊടുത്തിട്ടുണ്ട് അയ്യപ്പൻ. അയ്യപ്പനെന്ന പടയാളിയെ പ്രണയിച്ച ചീരപ്പൻ‌ചിറമൂപ്പന്റെ മകളാണ് പിന്നീട് യോഗിനിയായി മാളികപ്പുറമേറിയതെന്നും പറയപ്പെടുന്നു. ഇന്നും പടിപൂജ കഴിഞ്ഞ് മാളികപുറത്തമ്മയെ എഴുന്നള്ളിച്ച് സന്നിധാനത്ത് കൊണ്ടുവരാറുണ്ട്. വേട്ടയ്ക്ക് വിളി എന്ന ചടങ്ങിൽ വിളിച്ചു ചോദിക്കുന്നത് കന്നി അയ്യപ്പന്മാരുണ്ടോ എന്നാണത്രേ. ശരകുത്തിയാലിൽ ചെന്നു നോക്കാൻ തന്ത്രികൾ മറുപടി പറഞ്ഞാൽ പിന്നെ എഴുന്നള്ളിപ്പ് അങ്ങോട്ടേക്കാവും. കന്നി അയ്യപ്പന്മാർ നേർച്ചയായി ശരം കുത്തുന്ന സ്ഥലമാണ് ശരംകുത്തിയാൽ. അവിടെ ശരങ്ങൾ കാണുമ്പോൾ കന്നി അയ്യപ്പന്മാർ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കി ദേവി ദുഃഖത്തോടെ മടങ്ങും.

ക്ഷേത്രം പുനുരുദ്ധരിക്കാൻ യുദ്ധശേഷം പുറപ്പെട്ട അയ്യപ്പനും സൈനികരും ആയുധങ്ങൾ ശരംകുത്തിയാലിൽ ഉപേഷിച്ചതിന്റെ പ്രതീകമായാണ് അവിടെ ശരം കുത്തുന്നതെന്ന വാദവും നിലവിലുണ്ട്.

ഉത്സവാവസാനം മകര സംക്രമ നാളിൽ വിഗ്രഹത്തിൽ ചാർത്തേണ്ടുന്ന തിരുവാഭരണങ്ങൾ പന്തളം രാജാവാണു എത്തിക്കുന്നത്. ആഘോഷത്തോടെയുള്ള ആ യാത്രയെ ആകാശത്ത് വട്ടമിട്ട് പറന്ന് കൃഷ്ണപ്പരുന്ത് അനുയാത്ര ചെയ്യും. ദീപാരാധന വേളയിലും ക്ഷേത്രത്തിനു മുകളിൽ ഇതിനെ കാണുവാൻ സാധിക്കും.. അപ്പോൾ ആകാശത്ത് ഒരു നക്ഷത്രം ഉദിക്കും. തൊട്ടു പുറകെ പൊന്നമ്പലമേട്ടിൽ അയ്യപ്പന്റെ അനുഗ്രഹാശിസ്സെന്ന വണ്ണം മകരജ്യോതി തെളിയും.. ഇതും ഇന്നു തർക്ക വിഷയമാണ്.

പതിനെട്ടാം പടിക്കും നിർവ്വചനങ്ങൾ ഏറെയുണ്ട്. പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്, അഷ്ടരാഗങ്ങളിൽ‌പ്പെട്ട കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം, അസൂയ, ത്രിഗുണങ്ങളായ സാത്വികം, രജസ്വം, തമസ്വം, തുടർന്നു വിദ്യ, അവിദ്യ എന്നിവ ചേർന്നാണു പതിനെട്ടു പടികളായതെന്നാണ് പൊതുപക്ഷം. പതിനെട്ടു മലകളെയാണിത് സൂചിപ്പിക്കുന്നതെന്നും പതിനെട്ടു പുരാണങ്ങളെയാണെന്നും വാദങ്ങളുണ്ട്. നാലു വേദങ്ങൾ, ആറു ശാസ്ത്രങ്ങൾ, ചതുരുപായങ്ങൾ, നാലു വർണ്ണങ്ങൾ ചേർന്നാൽ പതിനെട്ടാം‌പടിയായി എന്നു പറയുന്നവരും ചുരുക്കമല്ല.

കഥയും ഐതീഹ്യവും ചരിത്രവുമൊക്കെ അതിന്റെ വഴിക്ക് അന്വേഷണം തുടരട്ടെ. വ്രതമെടുത്ത് മാലയിട്ട് അയ്യപ്പന്മാരായിക്കഴിഞ്ഞാൽ സകലതിലും ഈശ്വരചൈതന്യം ദർശിക്കണമെന്നാണ്. മലചവിട്ടാൻ ഇരുമുടി നിറച്ചിറങ്ങുമ്പോൾ പടിക്കൽ തേങ്ങയുടയ്ക്കുമത്രേ. ഇഹലോക ജന്മബന്ധങ്ങളുടെ കെട്ടുപാടുകൾ ഉപേഷിച്ച് പുണ്യം തേടി ഞങ്ങൾ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്ന് അയ്യപ്പനെ അറിയിക്കുന്നതിന്റെ സൂചനയാണിത്. തിരികെ വരുമ്പോഴും തേങ്ങയുടച്ച് കയറുന്നവരുണ്ട്, തങ്ങൾ തിരികെ സുരക്ഷിതരായി എത്തിയെന്നറിയിക്കാൻ.  . ഇരുമുടിയിൽ നിറച്ച നെയ്ത്തേങ്ങ നെയ്യ് നിവേദിക്കാൻ‌ കൊടുത്ത ശേഷം ആഴിയിലേക്ക് വലിച്ചെറിയുമ്പോൾ, അവിടെ എരിഞ്ഞു തീരുന്നത് അവനവന്റെ പാപങ്ങൾ തന്നെ.

ഈ യാത്ര തുടങ്ങിയിട്ട് കാലമേറെ ആയിരിക്കുന്നു, മുടക്കം വരാതെ ഇന്നുമത് തുടരുന്നു. ആരവമൊഴിഞ്ഞാൽ ക്ഷേത്രമടച്ച് അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജ്യാവകാശിയും പടിയിറങ്ങും. എരിയുന്ന ആഴിയെ പിന്തള്ളി പടിപൂജ കഴിഞ്ഞ് “തത്ത്വമസി”യുടെ പൊരുളറിഞ്ഞ സംതൃപ്തിയിൽ മലയിറങ്ങുന്ന ഭക്തമനസ്സുകളിൽ നോവു പടർത്തി ഒരു പാവം പെണ്ണിന്റെ നൈരാശ്യം മാത്രം പിന്നേയും ബാക്കിയാവും. ഇനിയൊരു മണ്ഡലകാലത്തിനു കാത്ത് അവളും...!

No comments:

Post a Comment