കേരളം സൃഷ്ടിച്ച പരശുരാമന്‍ രക്ഷാദൈവങ്ങളായി 108 ദുര്‍ഗാലയങ്ങളും അയ്യപ്പന്‍ കാവുകളും സൃഷ്ടിച്ചതായി ഐതിഹ്യങ്ങളില്‍ പറയുന്നു. ശബരിമല , അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, തൃക്കുന്നപ്പുഴ, തിരുവുളളക്കാവ്, ആറാട്ടുപുഴ, മുളംകുന്നത്തുക്കാവ്, ചമ്രവട്ടം തുടങ്ങിയവ ഇവയില്‍ ചിലതാണ്. ശാസ്താവിനു കുടുംബസ്ഥാനീയനായും അല്ലാതെയുമുളള ഭാവങ്ങളുണ്ട്. എന്നാല്‍ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയായി ആരാധിക്കപ്പെടുന്നു. തന്ത്രസമുച്ചയത്തില്‍ ധര്‍മശാസ്താവ് പ്രഭ എന്ന ഭാര്യയോടും സത്യകന്‍ എന്ന മകനോടും കൂടെ കുടികൊളളുന്നു എന്ന് ധ്യാനശ്ലോകങ്ങളിലും പൂജാക്രമത്തിലും കൊടുത്തിട്ടുണ്ട്.
പത്തൊമ്പത് തരത്തിലുളള ശാസ്താസങ്കല്പങ്ങളെ കുറിച്ച് പറയുന്നുണ്ട്. സ്വയംഭൂപ്രതിഷ്ഠകളും ശിലയിലും ലോഹത്തിലും നിര്‍മിച്ചിട്ടുളള രൂപവിഗ്രഹങ്ങള്‍ എന്നിവയാണ് കേരളത്തില്‍ കാണപ്പെടുന്നത്.
തിരൂരിനു സമീപം ചമ്രവട്ടത്തും തൃശ്ശൂരിനു സമീപമുളള തിരുവുളളക്കാവിലും മാവേലിക്കരയ്ക്കു സമീപമുളള ചെറുകോലും സ്വയംഭൂപ്രതിഷ്ഠയുളള ശാസ്താക്ഷേത്രങ്ങളാണ്. മഴപെയ്യിക്കുവാനും ശമിപ്പിക്കാനും കഴിവുളളവനാണ് ചമ്രവട്ടത്തെ ശാസ്താവ്. സംഹാരമൂര്‍ത്തിയുമാണ് അദ്ദേഹം.
തിരുവുളളക്കാവില്‍ ഗൃഹസ്ഥാശ്രമിയായാണ് കുടി കൊളളുന്നത്. ഇവിടെ ശ്രീകോവിലില്‍ മൂന്നു സ്വയംഭൂവിഗ്രഹങ്ങളാണുളളത്. നടുവില്‍ ശാസ്താവും ഇടതുവശത്ത് പ്രഭ എന്ന ഭാര്യയും വലതുവശത്ത് പുത്രനായ സത്യകനുമാണ് പ്രതിഷ്ഠ. തിരുവുളളക്കാവ് ശാസ്താവ് വിദ്യാകാരകനുമാണ്. നവരാത്രി കാലങ്ങളിലും മറ്റു ശുഭദിനങ്ങളിലും വിദ്യാരംഭത്തിനു പ്രാധാന്യമുണ്ട്.
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയിലാണ് മറ്റു പ്രധാന ശാസ്താ ക്ഷേത്രം . ഇവിടുത്തെ പ്രധാന വഴിപാടാണ് തീയാട്ട്. സന്തതി ലാഭത്തിനും മംഗല്ല്യ സിദ്ധിക്കും ഫലപ്രദമാണ് ഈ ക്ഷേത്രം . പാലക്കാട് ജില്ലയില്‍ തന്നെ കൊല്ലങ്കോട് ഗൃഹസ്ഥാശ്രമിയായി ശാസ്താവ് കുടി കൊളളുന്നു.
കുളത്തൂപ്പുഴയില്‍ ബാലശാസ്താവും ആര്യങ്കാവില്‍ ഭാര്യാസമേതനായ ശാസ്താവും അച്ചന്‍കോവിലില്‍ പൂര്‍ണ്ണ, പുഷ്കല എന്നീ ഭാര്യമാരോടും സത്യകന്‍ എന്ന മകനോടുമൊപ്പം കുടി കൊളളുന്നു.
ശബരിമലയില്‍ ചിന്മുദ്രധാരിയായ അവസ്ഥയിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അച്ചന്‍കോവിലിലെ തീര്‍ത്ഥം സര്‍പ്പവിഷശാന്തിക്ക് ദിവ്യഔഷധമാണ്. ആര്യങ്കാവിലെ തൃക്കല്ല്യാണം , കുളത്തൂപ്പുഴയിലെ മീനൂട്ട് എന്നിവയും പ്രശസ്തമാണ്. ശബരിമലയിലെ വെടിവഴിപാടും , ശനിദോഷനിവാരണത്തിനായി മാളികപ്പുറത്തെ പറകൊട്ടിപ്പാട്ടും ശബരിമലയിലെ പ്രധാന ചടങ്ങാണ്. പമ്പാതീരത്ത് പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളുടെ ഒരു നിര തന്നെ കാണാം.
തകഴി, ചങ്ങങ്കേരി, കോട്ടയില്‍ ശാസ്താ , ആനപ്രമ്പാല്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. തകഴി ക്ഷേത്രത്തിലെ വലിയെണ്ണ പ്രശസ്തമാണ്. സര്‍വ്വരോഗസംഹാരിയെന്നാണ് വിശ്വാസം. പ്രത്യേകിച്ച് വാതരോഗങ്ങള്‍. ക്ഷേത്രത്തില്‍ താമസിച്ച് കഠിനനിഷ്ഠകളോടെയാണ് ഇത് സേവിക്കേണ്ടത്. സമുദ്ര തീരത്തുളള പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് തൃക്കുന്നപ്പുഴ. ഇവിടെ ഗൃഹസ്ഥാശ്രമിയായ ശാസ്താവാണ് പ്രതിഷ്ഠ. കര്‍ക്കിടക വാവുബലിക്ക് ഈ ക്ഷേത്രം വളരെ പ്രശസ്തമാണ്.
No comments:
Post a Comment