ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 12, 2016

പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം




കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ പെരുന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ആയിരത്തോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണ്.


ഐതിഹ്യം

അസുരരാജാവയ താരകാസുരനെ ജയിക്കാന്‍ ദേവന്മാര്‍ക്കാവില്ലായിരുന്നു. ബാല്യത്തിലേ തപസനുഷ്ഠിച്ച് ബ്രഹ്മാവില്‍ നിന്ന് അസുരരാജാവ് നേടിയ വരമായിരുന്നു അതിനു കാരണം. വരപ്രകാരം താരകാസുരനെ വധിക്കാന്‍ ഏഴു നാള്‍ മാത്രമുള്ള ഒരു കുട്ടിയെക്കൊണ്ടേ കഴിയുമായിരുന്നുള്ളൂ.


വരസിദ്ധിയാല്‍ അഹങ്കാരിയായ താരകാസുരനാണ് അന്ന് ത്രിലോകങ്ങളും ഭരിച്ചിരുന്നത്. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന കുട്ടിക്ക് മാത്രമേ കഴിയൂയെന്ന് ദേവന്‍മാര്‍ മനസ്സിലാക്കിയിരുന്നു.  എന്നാല്‍ സതി ദേഹത്യാഗം ചെയ്ത വേദനയില്‍ എല്ലാം വെടിഞ്ഞ് തപസനുഷ്ഠിക്കുകയായിരുന്നു ഭഗവാന്‍. തുടര്‍ന്ന് ദേവന്മാർ എല്ലാവരും കൂടി കണ്ടെത്തിയ മാർഗമാണ് സതിയുടെ പുനര്‍ജന്മമായ പാര്‍വ്വതിയുടെയും ശിവന്റെയും വിവാഹത്തിന് വഴിയൊരുക്കിയത്.


സ്കന്ദപുരാണത്തിലെ ശിവരഹസ്യ ഖണ്ഡത്തിലുള്ള സംഭവ കാണ്ഡത്തിലാണ് സുബ്രഹ്മണ്യന്റെ ഉല്‍പ്പത്തിയെ പറ്റി വിവരിച്ചിട്ടുള്ളത്. താരകാസുരന്റെ നിഗ്രഹത്തിനായി ദേവന്മാര്‍ പ്രാര്‍ഥിച്ചതിന്റെ ഫലമായി പാര്‍വതീ പരിണയം നടക്കുന്നു. ശിവപാര്‍വതീ സംയോഗത്തില്‍ പുറത്തുവന്ന രേതസ്സ് ഭൂമിയാകെ നിറഞ്ഞു. ഭൂമിദേവിക്ക് അത് താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ദേവകള്‍ ആവശ്യപ്പെട്ടതനുസരിച്ച് അഗ്‌നി ആ രേതസ്സ് ഭക്ഷിച്ചു. പക്ഷെ, രേതസ്സിന്റെ ശക്തിയാല്‍ അഗ്‌നിയുടെ തേജസ്സ് കുറഞ്ഞു. ഒടുവില്‍ ശിവരേതസ്സിനെ അഗ്‌നി ഗംഗയുടെ ഉല്‍ഭവസ്ഥാനത്തുള്ള ശരവണ പൊയ്കയില്‍ നിക്ഷേപിച്ചു. ആ ശിവബീജമാണ് കുഞ്ഞിന്റെ രൂപം പ്രാപിച്ച് സുബ്രഹ്മണ്യനായി ശരവണഭവന്‍ എന്ന് അറിയപ്പെട്ടത്.


കൃത്തികകൾ എന്ന പേരുണ്ടായിരുന്ന ആറു ദേവിമാര്‍ സുബ്രഹ്മണ്യനെ കണ്ടെത്തി വളര്‍ത്തി, അങ്ങനെ കാര്‍ത്തികേയനായി. കുഞ്ഞിനു മുല നല്‍കാനെത്തിയ ഈ അമ്മമാരെ പ്രസാദിപ്പിക്കാന്‍ കുഞ്ഞ് ആറു മുഖങ്ങള്‍ സ്വയം സൃഷ്ടിച്ചു. അങ്ങനെ അറുമുഖന്‍ അഥവാ ഷണ്മുഖനായി.



പ്രതിഷ്ഠ

പ്രധാനമൂര്‍ത്തിയായ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ട് ദര്‍ശനമായി അത്യുഗ്രഭാവത്തില്‍ കുടികൊള്ളുന്നു. താരകാസുരവധത്തിനുശേഷമുള്ള ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠ. അതിനാല്‍ ആയുധമായ വേല്‍ തലകീഴാക്കിപ്പിടിച്ചിരിയ്ക്കുന്നു.


ഉപദേവതകള്‍

ഗണപതി,
ശിവന്‍,
അയ്യപ്പന്‍,
 ശ്രീകൃഷ്ണന്‍,
നാഗദൈവങ്ങള്‍

എന്നിവരാണ് ഉപദേവതകള്‍



പ്രത്യേകത

മയില്‍ വാഹനനായ സുബ്രഹ്മണ്യന്റെ പേരിലുള്ള ഈ ക്ഷേത്രത്തില്‍ സംരക്ഷിച്ചു വളര്‍ത്തുന്ന മയിലുകൾ  ഇവിടെ എത്തുന്ന ഭക്തർക്ക് ഒരു കമനീയ കാഴ്ചയാണ്.



പ്രധാന വഴിപാടുകൾ

ഇടിച്ചുപിഴിഞ്ഞ പായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകള്‍. അഭിഷേകവും നാരങ്ങാമാല ചാര്‍ത്തലുമാണ് മറ്റു പ്രധാന വഴിപാടുകള്‍



ഉത്സവം

മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി പ്രധാന ഉത്സവമായി ഇവിടെ ആഘോഷിക്കുന്നത്. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാള്‍ എന്നും വിശ്വസിക്കപ്പെടുന്നു. വിജയംവരിച്ചു വന്ന സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ് കാവടിയാട്ടം.



ദര്‍ശന സമയം

രാവിലെ 5:00 am to 12:00

വൈകുന്നേരം 5:30 pm to 8:30 pm



ക്ഷേത്രത്തിലേയ്ക്കുള്ള വഴി

ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പ്രധാന റോഡില്‍ നിന്ന് കുറച്ചു മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  റോഡരുകില്‍ തമിഴ് ശില്പ മാതൃകയിലുള്ള കമനീയമായ ക്ഷേത്ര ഗോപുരം കാണാം.


അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ചങ്ങനാശ്ശേരി



No comments:

Post a Comment