ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 12, 2016

തൃക്കാർത്തിക 12th Dec' 2016


ഐശ്വര്യത്തിന്റെ പ്രതീകമായി ഇന്ന് തൃക്കാര്‍ത്തിക. കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക.


കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്ന ദിനമാണ് ഇന്ന്. കാടാമ്പുഴ ഭഗവതിയുടെ പിറന്നാള്‍ ദിനവും കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവവും ഈ ദിവസമാണ് നടക്കുന്നത്.



വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള പ്രധാനപ്പെട്ട ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്നാട്ടിലാണ് ഇതിനു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് വളരെ ആഘോഷപൂര്‍വ്വം നടത്താറുണ്ട്. ക്ഷേത്രങ്ങളുടെ ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്.



അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യമായൊരു ദൃശ്യമാണ്. നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം 'അരികോരരികോരരികോരെ' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്നു.



സുബ്രഹ്മണ്യന്‍റെ ജന്മദിനമാണ് വൃശ്ഛികമാസത്തിലെ കാര്‍ത്തികയെന്നാണ് പറയുന്നത്. ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു ഇതില്‍ പ്രധാനം.



തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നുമാണ് പറയപ്പെടുന്നത്. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍ സുബ്രഹ്മണ്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഈ കാര്‍ത്തികയ്ക്കുണ്ട്. വൈക്കത്തഷ്ടമിപോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ ഒരാഘോഷമാണ്.

No comments:

Post a Comment