വനാന്തരത്തിലെ ഗുഹാമുഖത്തുനിന്നും ബാലിപുത്രനായ അംഗദനും സഹചാരികളും പുറത്തു വരുമ്പോള്‍ അലംഘനീയമായ സുഗ്രീവാജ്ഞയുടെ കാലാവധി എതാണ്ട് അവസാനിക്കുകയായിരുന്നു. മധുപാനവും മദിരോത്സവവുമായി പാതാളത്തിന്‍റെ അകത്തുരുത്തികളില്‍ കഴിഞ്ഞു കൂടിയ വാനരവൃന്ദം, കാലം കഴിഞ്ഞുപോയതറിയുവാന്‍ അല്പം വൈകിപ്പോയിരുന്നു. സുഗ്രീവന്‍റെ ഖഡ്ഗത്തിനിരയാവുമെന്ന ഭീതിത ചിന്ത അവരെ നല്ലപോലെ ഉലച്ചു തുടങ്ങിയിരുന്നു. സുഗ്രീവരാജനെ മുഖം കാണിക്കുവാന്‍ അവര്‍ക്ക് ധൈര്യമില്ലായിലുന്നു. അവര്‍ ഒത്തു കൂടി ശാന്തമായ ഒരു മരണത്തിനുള്ള വഴിയെ ചിന്തിക്കുകയും, ആ വനഭൂവില്‍ തന്നെ ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഉഗ്രമായ ഒരു ഗുഹാമുഖത്തിന്‍റെ ശാന്തമായ ചുറ്റുവട്ടത്തില്‍ , അവര്‍ മരണമേറ്റെടുക്കുവാന് തയ്യാറായി. അരുവീതീരത്തുനിന്നും ദര്‍ഭപ്പുല്ലും, രാമച്ചവും തേടിപ്പിടിച്ച്, അതുകൊണ്ടൊരു തല്പം തീര്‍ത്ത് അതില്‍ കിടന്ന്‍ ഉപവസിച്ചു മരിക്കുന്നതിനും, അങ്ങിനെ ഭഗവത് സായുജ്യമടയുന്നതിനും തയ്യാറായി അവര്‍ , ഓരോരുത്തരായി തല്‍പ്പങ്ങളില്‍ നീവര്‍ന്നു കിടന്ന്‍ ദൈവനാമം ജപിക്കാനാരംഭിച്ചു.
ഉഗ്രമായ ഗുഹക്കുള്ളില്‍ , തീവ്രമായ വിശപ്പും ദാഹവും സഹിച്ച്, ഒരു പക്ഷിവര്യന്‍ ഇരുന്നിരുന്നു. സമ്പാതിയെന്ന ഗരുഡനായിരുന്നു അത്. ജീവിതചക്രത്തിന്‍റെ ഭ്രമണത്തിലെപ്പോഴോ തന്‍റെ ചിറകുകള്‍ നഷ്ടപ്പെട്ട ആ പക്ഷിക്ക്, ഇര തേടുന്നതിന് കുറച്ചുദൂരം യാത്ര ചെയ്യുന്നതിനുള്ള കഴിവുപോലും ഉണ്ടായിരുന്നില്ല. അനേകായിരം വര്‍ഷങ്ങളായുള്ള ജീവിതത്തില്‍ , വാര്‍ദ്ധക്യവും സമ്പാതിയെ ബാധിച്ചിരുന്നു. നാമജപവും, തേങ്ങിക്കരച്ചിലുകളും കേട്ട് സമ്പാതി മെല്ലെ പുറത്തുവരവെ, മരണം കാത്ത് നീളെക്കിടക്കുന്ന കപിജാലത്തെ കണ്ടു. സമ്പാതിയുടെ വൃദ്ധ നയനങ്ങള്‍ തിളങ്ങി. തന്‍റെ തപസ്സിനു ഫലം കണ്ടിരിക്കുന്നുവെന്ന് സമ്പാതി വിചാരിച്ചു. മരണോന്മുഖരായ കുരങ്ങു ജാതികള്‍ , ഓരോ ദിവസവും ഓരോരുത്തരായി മരിക്കുമെന്നും, കുറേക്കാലം തനിക്കു് അവ ഭക്ഷമണായിക്കൊള്ളുമെന്നും ആ പക്ഷിശ്രേഷ്ഠന്‍ വിചാരിച്ചു. അശരണനായ തനിക്ക് സാക്ഷാല്‍ ദേവ നാരായണന്‍, മുമ്പില്‍ തന്നെ ഭക്ഷണമെത്തിച്ചതുകണ്ട് നാരായണനെ ആവോളം മനസാ സ്മരിച്ചു.
കുരങ്ങന്മാരുടെയിടയില്‍ ഒരു ചലനമുണ്ടായി. ശ്രീരാമ പ്രസാദത്താല്‍ ദേവപാദമണഞ്ഞ ജടായുവിന്‍റെ വര്‍ഗ്ഗമാണിവനെങ്കിലും, വിരൂപനും, വൃദ്ധരൂപനുമായ ഈ വൃത്തികെട്ട പക്ഷിയുടെ ചുണ്ടിലുടക്കി ജീവന്‍ ത്യജിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. ഇക്കാലമത്രയുമുണ്ടായ തങ്ങളുടെ ജീവിതം നിഷ്ഫലമായി പോകുന്നതില്‍ തങ്ങള്‍ക്കുള്ള ദു:ഖം മനസ്സില്‍ നിരൂപിച്ച് അവര്‍ ഈശ്വരപ്രാര്‍ത്ഥന ചെയ്തു. പക്ഷെ വിധിവശാല്‍ , സംഭവിക്കാന്‍ പോകുന്നത് ഇതെല്ലാമാണുതാനും.
ഈ വര്‍ത്തമാനം ശ്രവിച്ചിരുന്ന സമ്പാതിയുടെ കണ്ണുകളില്‍ നിന്ന് ഒന്നുരണ്ടശ്രുക്കള്‍ താഴെ വീണു. ജടായുവെന്ന തന്‍റെ സഹോദരന്‍റെ നാമം കേട്ടതിനാലും, അവന്‍റെ മരണ വൃത്താന്തം അറിഞ്ഞതിനാലുമായിരുന്നു അത്. ഗദ്ഗദ കണ്ഠനായി സമ്പാതി ചോദിച്ചു...
“കപി ശ്രേഷ്ഠരേ, ജടായുവിനെപ്പറ്റി പ്രതിപാദിച്ചതാരാണ്. എന്‍റെ ഇളയ സഹോദരന് എന്താണു സംഭവിച്ചത്...”
ജീവനും മരണത്തിനുമിടയില്‍നിന്ന്, ജീവിതത്തിലേക്കു തിരിച്ചുവന്ന സുഗ്രീവ പ്രഭ്വുതികളില്‍ ഈ ചോദ്യം ഒരുണര്‍വ്വേകി. അവര്‍ എഴുനേറ്റിരുന്നു. എന്നിട്ട് അവരില്‍ അംഗദന്‍ മന്ദ്രമായി പറഞ്ഞു.
“ദശരഥപുത്രനായ ശ്രീരാമന്‍റെ പത്നി സീതാദേവിയെ പുഷ്പകവിമാനത്തിലപഹരിച്ചു പറന്ന രാവണനുമായി യുദ്ധം ചെയ്ത ജടായുവിന് ആ യുദ്ധത്തില്‍ അവന്‍റെ ചിറകുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ ശ്രീരാമദേവന്‍റെ ആഗമനംവരെ ആ പക്ഷിവര്യന്‍ അങ്ങിനെ കിടക്കുകയും, കഥകളെല്ലാം ശ്രീരാമനോടോതി, അദ്ദേഹത്തിന്‍റെ അനുഗ്രഹാശിസുകളോടെ ദേവപദമണയുകയും ചെയ്തു. പാപജാതികളായ ഞങ്ങളുടെ വിധിയോ, അങ്ങയുടെ വക്ത്രത്തില് പിടഞ്ഞ് എച്ചിലായി മരിക്കാനാണ് ”
ഇതുകേട്ട് സമ്പാതി പൊട്ടിക്കരഞ്ഞ്, അശ്രുക്കള്‍ വര്‍ഷിച്ച്, അവരോടു പറഞ്ഞു.
“കപിവര്യരെ, ദയവുണ്ടായി എന്നെ നിങ്ങള്‍ ദക്ഷിണ ജലധിയുടെ തീരത്തെത്തിച്ചാലും, എന്‍റെ സഹോദരന് ശേഷിക്കുന്ന ഉദകക്രിയകള്‍ ചെയ്ത് ഞാന്‍ സ്വതന്ത്രനാവുകയും, നിങ്ങള്‍ക്ക് എന്നാലാകാവുന്ന സഹായങ്ങള്‍ ചെയ്തു തരികയും ചെയ്യാം.”
കേട്ടമാത്രയില്‍ , കപിജാലം സമ്പാതിയെ എടുത്ത് സമുദ്രതീരത്ത് എത്തിച്ചു. അവന്‍ , തന്‍റെ സഹോദരന് അര്‍ഹമായ ഉദകക്രിയകള്‍ ചെയ്യുകയും സ്വതന്ത്രമാവുകയും ചെയ്തിട്ട്, തന്‍റെയും, സഹോദരന്‍റെയും ജീവിതകഥ അംഗദാതികളോട് വിവരിച്ചു.
“മത്സരബുദ്ധ്യാ, സൂര്യമണ്ഡലം ലാക്കാക്കി പറന്ന ഞാനും, എന്‍റെ സഹോദരനും നിറഞ്ഞ അഹങ്കാരത്തോടെ പറന്നുപറന്ന് ഉയരങ്ങളിലേക്ക് പോയി. സൂര്യമണ്ഡലത്തോടടുക്കവേ, മുന്നിലായിരുന്ന ജടായുവിന്‍റെ ചിറകുകളില്‍ പൊള്ളലേല്ക്കുകയും, അത് ജ്വലിച്ചേക്കാമെന്ന ഭീതി ഉടലെടുക്കുകയും ചെയ്തു. ഇളയ സഹോദരനോടുള്ള എന്‍റെ വാത്സല്യാതിരേകത്താല്‍ ഞാന്‍ പെട്ടെന്ന് അവന്‍റെ മുന്നില്‍ പറന്ന്, അവന് തണല്‍ സൃഷ്ടിച്ചു. പക്ഷെ, എന്‍റെ ചിറകുകള്‍ സൂര്യതാപത്താല്‍ ജ്വലിച്ചു പോയി. അതോടെ ഞാനും, ചൂടില്‍ തളര്‍ന്ന ജടായുവും നിലം പൊത്തി. പക്ഷെ എനിക്ക് ചിറകുകള്‍ നഷ്ടപ്പെട്ടിരുന്നു. അവന്‍റെ ചിറകുകള്‍ രക്ഷപ്പെടുകയും, അവന്‍ ലക്ഷ്യത്തലേക്ക് പറന്നുപോകുകയും ചെയ്തു. ചിറകുകള്‍ നഷ്ടപ്പെട്ട ഞാന്‍ വളരെ യാതനകള്‍ സഹിച്ച്, വനാന്തരത്തിലുണ്ടായിരുന്ന നിശാകരന്‍ എന്ന മഹാമുനിയെ അഭയം പ്രാപിക്കുകയും, അദ്ദേഹം എന്നെ അനുഗ്രഹിക്കുകയും ചെയ്തു.
“കാലാന്തരത്തില്‍ , ശ്രീമദ് നാരായണനായ ശ്രീരാമ സേവാര്‍ത്ഥം, ഒരു കപി വൃന്ദം, നിന്‍റെ അടുക്കല്‍ വരും. അവര്‍ക്ക് വേണ്ട ഉപദേശങ്ങളും രാമ സേവക്കുള്ള വഴിയും നിര്‍ദ്ദേശിച്ച് ധന്യനാവുക. അപ്പോള്‍ നിനക്ക് ചിറകുകള്‍ മുളക്കും.”
"നഷ്ട സഹോദരനെക്കുറിച്ചുള്ള ചിന്തയും, പുനര്ജ്ജനിക്കുള്ള കാലവും കാത്ത് ഞാന് തപസ്സിരിക്കുകയായിരുന്നു. ആ കാലമെത്തിയിരിക്കുന്നു. രാവണന്‍ , സീതാദേവിയെ അപഹരിച്ച് കൊണ്ടുപോയിട്ടുള്ളത്, സമുദ്രാന്തര്‍ഭാഗത്തുനിന്നും ഉയര്‍ന്നുനില്ക്കുന്ന ത്രികൂടാചല മെന്ന പര്‍വ്വതശിരസ്സിലുള്ള ലങ്കാ രാജ്യത്തേക്കാണ്. നിങ്ങളില്‍ ഒരുവന്‍ , നൂറുയോജന ദൂരെയുള്ള ആ നഗരിയില്‍ എത്തുകയും, സീതാദേവിയെ കണ്ട് തിരിച്ചുവരികയും ചെയ്താല്‍ , സാക്ഷാല്‍ ശ്രീരാമദേവന്‍ , സേതുബന്ധനം ചെയ്ത്, അവിടെയെത്തി, രാവണ രാക്ഷസനെ വകവരുത്തുകയും, സീതാദേവിയുമായി തിരിച്ചു പോരുകയും ചെയ്തുകൊള്ളും. നാരായണഭക്തരായ നിങ്ങള്‍ക്ക്, അതിന് യാതൊരുബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന സത്യവും ഓര്‍ത്തുകൊളളുക.”
ഇങ്ങനെ ചൊല്ലി നില്ക്കവേ, സമ്പാതിക്ക് മനോഹരങ്ങളായ പുത്തന്‍ ചിറകുകള്‍ മുളച്ചു വരികയും, അവന്‍ , കര്‍മ്മ നിരതനായി, ഉയരത്തിലേക്ക് പറന്നു പോകുകയും ചെയ്തു.
ഭഗവത്ഭക്തരെ സഹായിയ്ക്കുക എന്നതും ഒരുമോക്ഷസാധനയാണെന്ന് സമ്പാതി സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.
No comments:
Post a Comment