ഇത്യാകര്‍ണ്ണ വചസ്തസ്യ മുനേസ്തത്രാവനീപതി:
മന്ത്രിവൃദ്ധം സമാഹൂയ പപ്രച്ഛ തമതന്ദ്രിത:
കിം കര്‍ത്തവ്യം സുബുദ്ധേ fത്ര മയാ fദ്യ വദ സുവ്രത
ബലാന്നയാമി താം കാമം സപുത്രാം ച സുഭാഷിണീം
വ്യാസന്‍ തുടര്‍ന്നു: മഹര്‍ഷി രാജ്ഞിയെ തന്റെ കൂടെ പറഞ്ഞയക്കില്ല എന്ന് പറഞ്ഞത് കേട്ട രാജാവ് മന്ത്രിയോട് ഇനിയെന്താണ് നാം ചെയ്യേണ്ടതെന്ന് ആരാഞ്ഞു. 'കുഞ്ഞിനേയും രാജ്ഞിയും ബലം പ്രയോഗിച്ചു കൊണ്ട് പോയാലോ?നിസ്സാരനാണെന്നു തോന്നിയാലും ശത്രുവിന്റെ ബലത്തെ അവഗണിക്കരുത്. ശത്രു, ക്ഷയരോഗം പോലെയാണ്. അത് ക്രമത്തില്‍ വര്‍ദ്ധിതവീര്യമാര്‍ന്നു മൃത്യുവിനുപോലും ഇടവരുത്തും. ഇവിടെയിപ്പോള്‍ പോരാളികള്‍ ആരുമില്ല. ആ കുഞ്ഞിനെ ഇപ്പോള്‍ത്തന്നെ പിടികൂടി കൊന്നു കളയാം. എന്റെ ചെറുമകന് പിന്നീട് ആരെയും പേടിക്കണ്ടല്ലോ!'
അപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞു: രാജാവേ, അതിസാഹസം അരുത്. ഭരദ്വാജമഹര്‍ഷി പറഞ്ഞത് കേട്ടില്ലേ? വിശ്വാമിത്രനുണ്ടായ അനുഭവം നമുക്കൊരു പാഠമാണ്. ഗാധിയുടെ മകനായ വിശ്വാമിത്രന്‍ വിശ്രുതനായ രാജാവായിരുന്നു. അദ്ദേഹം ഒരിക്കല്‍ വസിഷ്ഠമുനിയുടെ ആശ്രമത്തില്‍ ചെന്നു. അവിടെ അതിഥിയായിച്ചെന്ന അദ്ദേഹം മഹര്‍ഷിയെ നമസ്കരിച്ച് ബഹുമാനിച്ചു. മുനി രാജാവിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. കാമധേനുവാണ് എല്ലാം ഒരുക്കിയത്. സ്വാദിഷ്ടമായ ഭോജനം രാജാവിന് നന്നായി ഇഷ്ടപ്പെട്ടു. നന്ദിനിയുടെ അത്ഭുതകരമായ കഴിവ് മനസ്സിലാക്കിയ രാജാവ് അതിനെ തനിക്ക് കിട്ടിയാല്‍ കൊള്ളാമെന്നു മുനിയോട് അഭ്യര്‍ത്ഥിച്ചു. ‘പാല്‍ നിറഞ്ഞ കുടംപോലെയുള്ള അകിടുകള്‍ ഉള്ള ആയിരം പശുക്കളെ ഞാനങ്ങേയ്ക്ക് പകരം തരാം, നന്ദിനിയെ എനിക്ക് തന്നാലും’. എന്നാല്‍ ‘എന്റെ പശു ഹോമത്തിനുള്ള സകലതും ഒരുക്കിത്തരുന്നവളാണ്. അതിനെ തരാന്‍ പറ്റില്ല. അങ്ങയുടെ ആയിരം പശുക്കളെ അങ്ങുതന്നെ വച്ചുകൊള്ളുക.’ എന്നായി വസിഷ്ഠന്‍. ‘ഞാന്‍ പതിനായിരം, അതല്ലെങ്കില്‍ ഒരു ലക്ഷം പശുക്കളെ തരാം. എന്നിട്ടും നന്ദിനിയെ തരാന്‍ ഭാവമില്ലെങ്കില്‍ ബലം പ്രയോഗിക്കാന്‍ ഞാന്‍ മടിക്കില്ല’ എന്നായി രാജാവ്.
വസിഷ്ഠന്‍ പറഞ്ഞു: ‘ബലമായിട്ടു വേണമെങ്കില്‍ കൊണ്ടുപോയ്ക്കൊള്ളുക. ഞാന്‍ സ്വമനസ്സാ അങ്ങേയ്ക്ക് അവളെ തരുകയില്ല. രാജാവ് ഭൃത്യന്മാരോട് പശുവിനെ പിടിച്ചുകെട്ടി കൂട്ടിക്കൊണ്ടുവരാന്‍ കല്പിച്ചു. കാമധേനു കണ്ണീര്‍ പൊഴിച്ചുകൊണ്ട് മുനിയോടു സങ്കടം പറഞ്ഞു: ‘മാമുനേ അങ്ങ് എന്തിനാണെന്നെ ഉപേക്ഷിക്കുന്നത്? ‘ഞാന്‍ നിന്നെ ഉപേക്ഷിക്കുകയോ? അതുണ്ടാവില്ല. ഞാന്‍ ഇവിടെ അതിഥിയായി ബഹുമാനിച്ചു സല്‍ക്കരിച്ച രാജാവ് നിന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോവാന്‍ ശ്രമിക്കുകയാണ്.’ ഇതുകേട്ട നന്ദിനി ക്രുദ്ധയായി ഒന്നമറി. ഉടനെതന്നെ ആ ദേഹത്തില്‍ നിന്നും ഘോരരൂപികളായ രാക്ഷസന്മാര്‍ ആയുധധാരികളായി പുറത്തുവന്നു. രാജസൈന്യത്തെ തകര്‍ത്ത് അവര്‍ കാമധേനുവിനെ മോചിപ്പിച്ചു. വിശ്വാമിത്രന്‍ വിഷണ്ണനായി തിരിച്ചുപോയി. മുനിയുടെ തേജസ്സിനുമുന്നില്‍ തന്റെ ക്ഷാത്രവീര്യം തുലോം ദുര്‍ബലമാണെന്ന് മനസ്സിലാക്കിയ രാജാവ് തപസ്സു തുടങ്ങി. ബ്രഹ്മബലത്തെ വെല്ലാന്‍ ക്ഷാത്രബലത്തിനു കഴിയില്ലെന്ന് കണ്ട രാജാവ് ഘോരതപസ്സിലൂടെ രാജര്‍ഷി വിശ്വാമിത്രനായിത്തീര്‍ന്നു.
പ്രധാനമന്ത്രി തുടര്‍ന്നു: 'അതിനാല്‍ രാജാവേ, മഹര്‍ഷിമാരുമായി വൈരം നല്ലതിനല്ല. വംശം മുറിക്കാന്‍ വരെ അവര്‍ക്ക് സാധിക്കും. സുദര്‍ശനന്‍ ഇവിടെത്തന്നെ കഴിയട്ടെ. അങ്ങ് മഹര്‍ഷിയെ സന്തോഷിപ്പിക്കുക. നമുക്ക് മടങ്ങിപ്പോകാം. മാത്രമല്ല ആ ബാലനും അങ്ങും തമ്മില്‍ എന്താണ് ശത്രുത? പോരെങ്കില്‍ അവന്‍ ബലഹീനനായ ഒരു ശിശുമാത്രം. ദയ കാണിക്കാന്‍ കിട്ടുന്ന അവസരം ഒന്നും പാഴാക്കരുത്. ലോകം ഈശ്വരന് അധീനമാണ്. എല്ലാം നടക്കേണ്ട കാലത്ത് നടന്നിരിക്കും. ഈശ്വരന്‍ നിശ്ചയിച്ചാല്‍ പുല്ല് വജ്രമാവും; വജ്രം പുല്ലുമാവും. കടുവയെ കൊല്ലാന്‍ ചിലപ്പോള്‍ മുയല്‍ മതി. മത്തഗജത്തെ കൊല്ലാന്‍ കൊതുകും മതിയാവും.'
വ്യാസന്‍ തുടര്‍ന്നു: രാജാവ് മുനിയെ വണങ്ങി കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോയി. മനോരമ സ്വസ്ഥയായി ആ ആശ്രമത്തില്‍ താമസിച്ച് സുദര്‍ശനനെ വളര്‍ത്തി വലുതാക്കി. അതീവ സുഗുണവാനായി അവന്‍ വളര്‍ന്നു. ഒരിക്കല്‍ ഒരു മുനികുമാരന്‍ രാജ്ഞിയുടെ സേവകനായ വിദല്ലനെ, ‘ക്ലീബന്‍’ – ആണും പെണ്ണും കേട്ടവന്‍- എന്ന് വിളിച്ച് ആക്ഷേപിച്ചു. വിദല്ലന്‍ അപ്പോഴേക്ക് വൃദ്ധനായിരുന്നു. ക്ലീബന്‍ എന്ന വാക്കിലെ ആദ്യാക്ഷരം സ്പഷ്ടമായി സുദര്‍ശനന്റെ ഉള്ളില്‍ പതിഞ്ഞു. അവനാ ശബ്ദം ‘ക്ലീം’ എന്ന് അനുസ്വാരത്തോടെ ഇടയ്ക്കിടക്ക് ഉച്ചരിക്കാന്‍ തുടങ്ങി. കാമരാജം എന്ന് പേരുള്ള ദേവീ മന്ത്രമാണിതെന്ന് ആ ചെറുപ്രായത്തിലും അവനുള്ളില്‍ എങ്ങിനെയോ ബോദ്ധ്യമായി. കളിക്കുമ്പോഴും ഉറങ്ങുമ്പോഴും അവനാ മന്ത്രം സദാ ജപിക്കാന്‍ തുടങ്ങി. അത്രമാത്രം സാരവത്തായിരുന്നു അവനാ മന്ത്രധ്വനി. പതിനൊന്നു വയസ്സില്‍ അവന് ഉപനയനം നടത്തി. വേദ യോഗശാസ്ത്രങ്ങളും ധനുര്‍വിദ്യയും അവന്‍ പെട്ടെന്ന് തന്നെ പഠിച്ചു. ഒരിക്കല്‍ ചെമ്പട്ട് ധരിച്ച രക്തവര്‍ണ്ണമുള്ള രക്താംഗിനിയായ ദേവിയെ അവന് ദര്‍ശിക്കാന്‍ സാധിച്ചു. ഗരുഡവാഹിനിയായ, വൈഷ്ണവീശക്തിയെ കണ്ട് രാജകുമാരന്‍ പ്രസന്നനായി. എല്ലാ വിദ്യകളും അനായാസം പഠിച്ച അവന്‍ അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് നദീതീരത്തുള്ള ആശ്രമത്തില്‍ കഴിഞ്ഞു വന്നു. ജഗദംബിക ആ ബാലന് വില്ല്, അമ്പുകള്‍, ആവനാഴി, കവചം എല്ലാം നല്‍കി.
ആ കാലത്ത് കാശിരാജാവിന്റെ മകള്‍ ശശികല സര്‍വ്വലക്ഷണയുക്തയായി കൊട്ടാരത്തില്‍ വളരുന്നുണ്ടായിരുന്നു. കാട്ടില്‍ക്കഴിയുന്ന കാമദേവനെപ്പോലുള്ള സുദര്‍ശനനെപ്പറ്റി അവള്‍ തോഴിമാരില്‍ നിന്നും കേട്ടിരുന്നു. മനസാ അവള്‍ അവനെ തന്റെ നാഥനായി സങ്കല്‍പ്പിക്കുകയും ചെയ്തു. ഒരിക്കല്‍ സ്വപ്നത്തില്‍ അവള്‍ക്ക് ജഗദംബിക ദര്‍ശനമേകി. ‘നിന്റെ അഭീഷ്ടം സാധിക്കട്ടെ; സുദര്‍ശനന്‍ നിന്നെ വരിക്കാന്‍ ഇടവരും’ എന്നായിരുന്നു വരം. സ്വപ്നത്തില്‍ കണ്ട ദേവീ രൂപം അവളെ വല്ലാതെ ആകര്‍ഷിച്ചു. എന്താണവളുടെ നവഹര്‍ഷത്തിനു കാരണമെന്ന് ചോദിച്ച അമ്മയോട് പുഞ്ചിരിച്ചതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ തന്റെ തോഴിയോട് അവള്‍ മനസ്സ് തുറന്നു. സ്വപ്നദര്‍ശനവൃത്താന്തം വിശദമായി അവളോടു പറഞ്ഞു. ചമ്പകപുഷ്പങ്ങള്‍ തോരണം ചാര്‍ത്തിയ പൂവാടികയില്‍ തോഴിമാരുമായി കളിച്ച് പൂക്കള്‍ പെറുക്കിയെടുത്തുകൊണ്ടിരുന്ന അവള്‍ ധൃതിപിടിച്ചു നടന്നു പോകുന്ന ഒരു ബ്രാഹ്മണനെ കണ്ടു. ‘അങ്ങ് എവിടെ നിന്നാണ് വരുന്നത്? എന്ന് ചോദിച്ചപ്പോള്‍ ബ്രാഹ്മണന്‍ പറഞ്ഞു: ‘ഞാന്‍ ഭരദ്വാജന്റെ ആശ്രമത്തില്‍ നിന്നാണ് വരുന്നത്. മടങ്ങുമ്പോള്‍ ഇതിലെ വന്നു എന്നേയുള്ളു.’
‘അവിടെ ആശ്രമത്തില്‍ എന്താണ് പ്രത്യേകിച്ചു വിശേഷമുള്ളത്? മറ്റൊരിടത്തും ഇല്ലാത്ത വിശേഷങ്ങള്‍ എന്താണവിടെ കാണുക?' എന്നായി ശശികല.
‘അവിടെ ധ്രുവസന്ധിയുടെ പുത്രനായ സുദര്‍ശനന്‍ ഉണ്ട്. പേരുകൊണ്ടും സ്വഭാവം കൊണ്ടും ശ്രീമാനായ ആ രാജകുമാരനെ കാണാത്ത കണ്ണുകള്‍ നിഷ്ഫലമാണെന്ന് ഞാന്‍ പറയും. എല്ലാ ഗുണങ്ങളും മൂര്‍ത്തീകരിച്ചു കാണാന്‍ കൊതിയായ ബ്രഹ്മാവ് സൃഷ്ടിച്ച അത്യത്ഭുത ഗുണാകാരമാണ് ആ കുമാരന്‍റേത്. നിനക്കവനെ വരനായി കിട്ടിയാല്‍ നിങ്ങള്‍ തമ്മില്‍ എത്ര ചേര്‍ച്ചയായിരിക്കും! മണിയും സ്വര്‍ണ്ണവും പോലെ ഉത്തമം!' ബ്രാഹ്മണന്‍ ഹിതം പറഞ്ഞു സ്ഥലം വിട്ടു.
No comments:
Post a Comment