യുധാജിത്വഥ സംഗ്രാമാദ്ഗത്വ fയോദ്ധ്യാം മഹാബല:
മനോരമാം ച പപ്രച്ഛ സുദര്‍ശന ജിഘാംസയാ
സേവകാന്‍ പ്രേഷയാമാസ ക:ഗതേതി മുഹുര്‍ വദന്‍
ശുഭേ ദിനേ f ഥ ദൌഹിത്രം സ്ഥാപയാമാസ ചാസനേ
വ്യാസന്‍ തുടര്‍ന്നു: യുധാജിത്ത് യുദ്ധം അവസാനിപ്പിച്ച് അയോദ്ധ്യയില്‍ ചെന്നപ്പോള്‍ മനോരമയെവിടെപ്പോയി എന്നന്വേഷിച്ചു. അവരെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ആളയപ്പിച്ചശേഷം സ്വന്തം കൊച്ചു മകനെ അയാള്‍ രാജാവായി വാഴിച്ചു. കിരീടധാരണത്തിനായി സമ്പൂര്‍ണ്ണ കലശങ്ങളും അഥര്‍വ്വവേദധ്വനികളും വസിഷ്ഠമുനിയുടെ കാര്‍മ്മികത്വത്തില്‍ കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു. അയോദ്ധ്യയിലെ ഒരുത്സവം തന്നെയായിരുന്നു ഈ ചടങ്ങ്. ബ്രാഹമണരും സ്തുതിപാഠകരും പാടിയ ഗീതങ്ങളാല്‍ ആകാശം മുഖരിതമായി. യുവരാജാവിനെ വാഴിക്കുന്നതില്‍ ജനത്തിനും അത്യുല്‍സാഹമായിരുന്നു. ഇടയ്ക്കെപ്പോഴോ ‘സുദര്‍ശന്‍ എവിടെ’ എന്ന് ചില സാധുക്കള്‍ ചിന്തിച്ചു എന്ന് മാത്രം. മനോരമ പുത്രനെക്കൊണ്ട് എങ്ങു പോയിക്കാണും എന്നവര്‍ സന്ദേഹിച്ചു. യുധാജിത്തിന്റെ കീഴില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാനാവാതെ ആ സാധുക്കള്‍ ദുഖിതരായി കഴിഞ്ഞുകൂടി. കൊച്ചുമകനെ രാജ്യഭാരം എല്‍പ്പിച്ചുവെങ്കിലും ഭരണത്തിനായി തനിക്ക് വേണ്ടപ്പെട്ട ഒരു മന്ത്രിയെ ചുമതലപ്പെടുത്തി യുധാജിത്ത് തന്റെ കൊട്ടാരത്തിലേയ്ക്ക് തിരിച്ചുപോയി.
ചിത്രകൂടത്തില്‍ ഒരു താപസന്റെ ആശ്രമത്തില്‍ സുദര്‍ശനന്‍ ഉണ്ടെന്നറിഞ്ഞ യുധാജിത്ത് അവനെ കൊന്നുകളയാന്‍ അങ്ങോട്ടേയ്ക്ക് പുറപ്പെട്ടു. ബലന്‍ എന്ന കാട്ടുരാജാവിനെയും കൂട്ടി അയാള്‍ ശൃംഗവേരപുരത്തിന്റെ അധിപതിയായ ദുര്‍ദശന്റെ അടുത്തെത്തി. ശത്രുഭയം തനിക്കിവിടെയും ഉണ്ടെന്നറിഞ്ഞ മനോരമ വിഷണ്ണയായി. ‘എന്റെ അച്ഛനെകൊന്നതുപോലെ അയാള്‍ എന്റെ പുത്രനെയും കൊല്ലും. പണ്ട് പാണ്ഡവര്‍ വനവാസം ചെയ്ത കാലത്തുണ്ടായ ഒരു സംഭവം ഞാനും കേട്ടിട്ടുണ്ട്. അവര്‍ അഞ്ചുപേരും ദ്രൌപദിയും ഒരു മുനിയുടെ ആശ്രമത്തിലാണല്ലോ കഴിഞ്ഞിരുന്നത്. ആണുങ്ങള്‍ നായാട്ടിനു പോകുമ്പോള്‍ ദ്രൗപതി ആശ്രമത്തില്‍ കഴിഞ്ഞു. ആ ആശ്രമത്തില്‍ അത്രി, ധൌമ്യന്‍, ഗാലവന്‍, ഗൌതമന്‍, ഭൃഗു, പൈലന്‍, ജാബാലി, കണ്വന്‍, ച്യവനന്‍, യജ്ഞദത്തന്‍, സുമന്തു, അത്രിഹോത്രന്‍, വീതിഹോത്രന്‍, കഹോഡന്‍, വത്സലന്‍, യവക്രി, യജ്ഞകൃത്ത്, രാശാസനന്‍, ക്രതു തുടങ്ങിയ മുനിമാര്‍ വേദപാഠനിരതരായി വാണിരുന്നു. രൂപവതിയായ ദ്രൗപതി തന്റെ ദാസിയോടൊപ്പം അവിടെ സുഖമായി കഴിഞ്ഞു വന്നു. പകല്‍ സമയത്ത് 'ശത്രുക്കള്‍ക്ക് പേടിസ്വപ്ന'മായ പാണ്ഡവര്‍ കാട്ടില്‍ നായാട്ടുമായി ചുറ്റി നടന്നു. സിന്ധുരാജ്യത്തെ രാജാവ് ജയദ്രഥന്‍ അതുവഴി തന്റെ ഭടന്മാരുമായി പോകുമ്പോള്‍ ആശ്രമത്തിലെ വേദപാഠസ്വരം കേട്ട് ആകൃഷ്ടനായി അങ്ങോട്ട് ചെന്നു. രണ്ടു ഭൃത്യന്മാരെ കൂട്ടി ആശ്രമത്തിലെത്തിയ അദ്ദേഹം വേദം ചൊല്ലുന്ന മുനിമാരെ കണ്ടു. മുനിമാരെ വന്ദിക്കാനായി അദ്ദേഹം അകത്തുകടന്നപ്പോള്‍ ആശ്രമത്തില്‍ ആരാണ് വന്നിരിക്കുന്നതെന്നറിയാന്‍ ആകാംക്ഷയോടെ സ്ത്രീകളും മുനി പത്നിമാരും അവിടെയെത്തി. അക്കൂട്ടത്തില്‍ അതിസുന്ദരിയായ ദ്രൌപതിയും ഉണ്ടായിരുന്നു. 'മറ്റൊരു ലക്ഷ്മീ ദേവിതന്നെയാണിവള്‍' എന്നു ചിന്തിച്ച് അദ്ദേഹം മുനിമാരോടു ചോദിച്ചു, ‘ആരാണീ കൃഷ്ണവര്‍ണ്ണയായ സുന്ദരി? ആരുടെ ഭാര്യയാണിവള്‍? ആരുടെ പുത്രിയാണ്? മുള്ളുനിറഞ്ഞ കാട്ടിലെ ലവംഗലതപോലെയും രാക്ഷസന്മാരുടെ കൂട്ടത്തില്‍ ഇരിക്കുന്ന രംഭയെപ്പോലെയുമാണിവള്‍.’
രാജാവിന്റെ ചോദ്യം കേട്ട് ധൌമ്യന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഇത് ദ്രൗപതി, പാണ്ഡവരുടെ പത്നിയാണീ സുഭഗ. അപ്പോള്‍ രാജാവ് ചോദിച്ചു: ‘എന്നിട്ട് ആ വീരന്മാര്‍ എവിടെയാണിപ്പോള്‍? അവര്‍ കാട്ടില്‍ സുഖവാസം നടത്തുകയാണോ?’
ധൌമ്യന്‍ തുടര്‍ന്നു. അവര്‍ അയ്‌വരും കൂടി നായാട്ടിനു പോയിരിക്കുന്നു. ഉച്ചയാവുമ്പോഴേയ്ക്ക് അവര്‍ വേട്ടമൃഗങ്ങളുമായി എത്തിച്ചേരും.’
അപ്പോള്‍ രാജാവ് ദ്രൌപതിയുടെ സമീപം ചെന്ന് നമസ്കാരം പറഞ്ഞു കുശലം ചോദിച്ചു. 'സുന്ദരീ ഭവതിക്ക് സുഖം തന്നെയല്ലേ? വനവാസം പതിനൊന്നുകൊല്ലം കഴിഞ്ഞില്ലേ ഇപ്പോള്‍? എവിടെയാണ് ഭര്‍ത്താക്കന്മാര്‍?’. ഭര്‍ത്താക്കന്മാര്‍ ഉടനേ തിരിച്ചു വരുമെന്നും അതുവരെ വിശ്രമിക്കണമെന്നും ദ്രൗപതി രാജാവിനോട് പറഞ്ഞു. അങ്ങിനെ പറഞ്ഞു നില്‍ക്കുന്ന ആ സ്ത്രീരത്നത്തെ കാമജ്വരം മൂത്ത രാജാവ് ബലാല്‍ കടന്നു പിടിച്ചു. മുനിമാര്‍ തടുത്തിട്ടും അവന്റെ ശ്രമം അവന്‍ ഉപേക്ഷിച്ചില്ല.
ആരെയും വിശ്വസിക്കാന്‍ വയ്യ. പണ്ട് മഹാബലിക്കുണ്ടായ അനുഭവവും അറിയാമല്ലോ? വിരോചനപുത്രനായ ബലി, യജ്ഞകര്‍ത്താവും, ധര്‍മ്മിഷ്ഠനും, സത്യവ്രതനും സര്‍വ്വോപരി ദാനശീലനും ആയിരുന്നു. ദക്ഷിണാദികളോടെയുള്ള യജ്ഞങ്ങള്‍ നൂറെണ്ണം അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ദേവകാര്യം സാധിക്കാനായി ഭഗവാന്‍ വിഷ്ണു കപടവേഷധാരിയായ വാമനനായി വന്നു സൂത്രത്തില്‍ അദ്ദേഹത്തിന്‍റെ സമ്പത്തെല്ലാം കൈക്കലാക്കിയല്ലോ! ബലിയുടെ നൂറ്റിയൊന്നാമത് യജ്ഞം മുടക്കുകയായിരുന്നു വാമനന്റെ ലക്‌ഷ്യം. ഇന്ദ്രനുവേണ്ടിയാണ് ഭഗവാന്‍ ഇത് ചെയ്തത്. ഉത്തമനായ മഹാബലിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ കഥ എന്ത് പറയാന്‍? ലോഭം മൂത്തുകഴിയുമ്പോഴാണ് മനുഷ്യര്‍ അധപ്പതിക്കുന്നത്. അത്യാഗ്രഹികള്‍ പരലോകത്തെപ്പോലും പേടിയില്ലാതെ പാപം ചെയ്തു കൂട്ടുന്നു! കഷ്ടം. മനോവാക് കര്‍മ്മങ്ങളാല്‍ പരദാരങ്ങളെ കട്ടുകൊണ്ടുപോകുന്നവരും അത്യാഗ്രഹികളായവരും നരകത്തില്‍ വീഴും എന്ന് നിശ്ചയം!
ദേവന്മാരെ പ്രീതിപ്പെടുത്തി ധനം സമ്പാദിക്കാമെന്നു മനുഷ്യര്‍ കരുതുന്നു. എന്നാല്‍ ദേവന്മാര്‍ക്ക് സ്വന്തം കയ്യില്‍ നിന്നും ധനം കൊടുക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് അവരും കച്ചവടത്തിലൂടെയോ ദാനം വാങ്ങിയോ ഒക്കെയാണ് ധനം സമ്പാദിച്ച് ഭക്താഭീഷ്ടം സാധിപ്പിക്കുന്നത്. വൈശ്യന്‍ തനിക്ക് സമ്പത്ത് കൂട്ടിക്കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ കച്ചവടം ചെയ്യുന്നത് അന്യന്റെ പണം തന്റെ പെട്ടിയില്‍ വീഴണം എന്ന ആഗ്രഹം കൊണ്ടാണല്ലോ! എല്ലാവരും പരധനത്തില്‍ ആശവെച്ചുകൊണ്ടിരിക്കുമ്പോള്‍ ആര് ആരെ വിശ്വസിക്കും? ലോഭചിന്തയാല്‍ നയിക്കപ്പെടുന്നവര്‍ക്ക് ദാനംകൊണ്ടും, യാത്രകൊണ്ടും, ശാസ്ത്രപഠനം കൊണ്ടും എന്ത് പ്രയോജനം? അതുകൊണ്ട് മഹാഭാഗാ, അങ്ങ് യുധാജിത്തിനെ മടക്കി പറഞ്ഞയക്കണം. സീത വാല്മീകിയുടെ ആശ്രമത്തില്‍ എന്നവണ്ണം ഞാനിവിടെ സമാധാനമായി കഴിഞ്ഞുകൊള്ളട്ടെ.'
വ്യാസന്‍ തുടര്‍ന്നു: മനോരമയുടെ അപേക്ഷകേട്ട് ഭരദ്വാജന്‍ രാജാവിനോട്, 'മനോരമ ഇവിടെ കുഞ്ഞുമായി സസുഖം കഴിയട്ടെ. കൊട്ടാരത്തിലേക്കവള്‍ വരുന്നില്ല' എന്ന് അറിയിച്ചു. എന്നാല്‍ രാജാവ് അങ്ങിനെ വിട്ടുപോവാന്‍ തയ്യാറായിരുന്നില്ല. ‘മഹാമുനേ, ശാഠ്യം വേണ്ട. അവളെ കൊണ്ട് പോകാനാണ് ഞാന്‍ വന്നിട്ടുള്ളത്. വിട്ടു തന്നില്ലെങ്കില്‍ എനിക്ക് ബലം പ്രയോഗിക്കേണ്ടി വരും.”
‘പണ്ട് വസിഷ്ഠന്റെ കാമധേനുവിനെ വിശ്വാമിത്രന്‍ കൊണ്ടുപോയതുപോലെ അത്രയ്ക്ക് ശക്തി അങ്ങേയ്ക്കുണ്ടെങ്കില്‍ ഈ ആശ്രമത്തില്‍ നിന്നും അവളെ ബലമായി കൊണ്ടുപോകാം. ഞാനായിട്ട് അവളെ നിന്‍റെ കൂടെ പറഞ്ഞയക്കില്ല.’
No comments:
Post a Comment