ഗൃഹേഷു യേഷ്വതിഥയോ നാര്‍ച്ചിതാഃ സലിലൈരപി
യദി നിര്യാന്തി തേ നൂനം ഫേരുരാജഗൃഹോപമാഃ (8-16-7)
ശുകമുനി തുടര്‍ന്നു:
ഇന്ദ്രന്റെ മാതാവായ അദിതിക്ക് മകന്റെ പരാജയം മൂലം മനോദുഃഖമുണ്ടായി. ഈ സമയം തന്റെ ഭര്‍ത്താവായ കശ്യപമുനി തീവ്രസമാധിയില്‍നിന്നും പുറത്തുവന്ന സമയമായിരുന്നു. ഉന്മേഷമില്ലാത്ത മുഖത്തോടുകൂടി ഭാര്യയേയും ചൈതന്യമില്ലാത്ത ഗൃഹാന്തരീക്ഷവും കണ്ട കശ്യപന് ചോദിച്ചു.
നമ്മുടെ ധാര്‍മ്മിക കടമകള്‍ എന്റെ അസാദ്ധ്യത്തില്‍ നീ അവഗണിച്ചുവോ? നിത്യവും യാഗാഗ്നി കൊളുത്തുന്നതില്‍ വല്ല വീഴ്ച്ചയുമുണ്ടായോ? വാതില്ക്കല് വന്നുമുട്ടിയ ഏതെങ്കിലും അപരിചിതര്‍ക്ക് ദാഹജലം പോലും നല്‍കാതെ വന്നുവോ? അങ്ങനെ സംഭവിക്കുന്ന വീടുകള്‍ ചെന്നായ്ക്കളുടെ ഗുഹയ്ക്കു സമമാണ്. നിന്റെ കുട്ടികള്‍ക്ക് സുഖം തന്നേയോ?
മറുപടിയായി, താന്‍ ധര്‍മ്മനിഷ്ഠകളും കടമകളും ഭംഗിയായിത്തന്നെ നിറവേറ്റുന്നുണ്ടെന്നും അസുരന്മാര് തന്റെ മക്കളുടെ മേല്‍ വിജയിച്ചിരിക്കുന്നതാണ് ദുഃഖകാരണമെന്നും അദിതി പറഞ്ഞു. – ഈ രാക്ഷസവര്‍ഗ്ഗത്തെ പരാജയപ്പെടുത്താനൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചു തന്നാലും.
ഭഗവാന്റെ മായാശക്തിയില്‍ വിസ്മയം പൂണ്ട കശ്യപമുനി മനുഷ്യരുടെ സത്യദര്‍ശനം മായാശക്തികൊണ്ട് എങ്ങനെയൊക്കെയാണ് മൂടുന്നതെന്നു് ചിന്തിച്ചു. മായാബന്ധങ്ങളോട്, – ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം – ആസക്തി പൂണ്ട്, അനന്തവും നിത്യവുമായ പരമാത്മാവിനെ, നശ്വരമായ ദേഹമായി തെറ്റിദ്ധരിക്കുന്നു. എങ്കിലും അദ്ദേഹം പറഞ്ഞു: നിന്റെ ആഗ്രഹസഫലീകരണത്തിനായി ഞാന്‍ -പയോവ്രതം- എന്ന ഒരു ആചരണം പറഞ്ഞു തരാം. ഇത് ഭഗവല്‍പ്രീതിയുണ്ടാക്കുകയും നിന്റെ സദാഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുകയും ചെയ്യും.
ഈ വ്രതം ഫാല്‍ഗുനമാസത്തിലെ പൗര്‍ണ്ണമിമുതല്‍ തുടങ്ങാവുന്നതാണ്. ദിവസവും മൂന്നുനേരം പ്രാര്‍ത്ഥനകളോടെ ദേഹത്ത് മണ്ണുരച്ചു തേച്ചു കുളിക്കണം. എന്നിട്ട് ഭഗവാന്റെ മഹിമയേറിയ വിവിധരൂപങ്ങളെ പ്രകീര്‍ത്തിച്ചു പ്രാര്‍ത്ഥിച്ച് മന്ത്രമുരുവിടണം. എന്നിട്ട് ഭഗവാനെ പൂജിക്കണം. സ്നാനം, നിവേദ്യം എന്നീ പൂജാവിധികള്‍ വഴിയാംവണ്ണം അനുഷ്ഠിക്കണം. അതേ അന്നം കൊണ്ട് കൂറച്ച് ഭക്തരെ ഊട്ടുകയും രണ്ടു ബ്രാഹ്മണരെ പാല്‍ക്കഞ്ഞിയൂട്ടുകയും വേണം. തന്റെ ബന്ധുമിത്രാദികളേയും സല്ക്കരിക്കണം.
ഇത് പന്ത്രണ്ട് ദിവസം മുടങ്ങാതെ ചെയ്യുകയും ബ്രഹ്മചര്യനിഷ്ഠ അനുഷ്ഠിക്കുകയും ചെയ്യണം. വെറുംനിലത്തു കിടന്നുറങ്ങി, ആരുമായും അനാവശ്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാതെ, പാലുമാത്രം ആഹാരമാക്കി ജീവിക്കണം.
പതിമൂന്നാമത്തെ ദിവസം സാധാരണ പൂജയും അവസാനം അഗ്നി പൂജയും വേണം. മഹാത്മാക്കള്‍ക്ക് കയ്യയച്ച് ദാനം ചെയ്യണം. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവര്ക്കും അന്നദാനം ചെയ്ത് സംതൃപ്തരാക്കണം. പ്രത്യേകിച്ച് അശരണര്‍ക്കും രോഗികള്‍ക്കും, അസംതൃപ്തരായവര്‍ക്കും തൃപ്തി കെകവരുത്താന്‍ ശ്രമിക്കണം. ഇങ്ങനെ ചെയ്യുന്നതില്‍ ഭഗവല്‍പ്രീതിയുണ്ടാവുമെന്ന് അറിയുക. എന്നിട്ട് വ്രതനിഷ്ഠന്‍ തന്റെ ഉപവാസം അവസാനിപ്പിക്കണം.
ഈ വ്രതം ഏറ്റവും ഫലപ്രദമായ ഒന്നത്രെ. ഒരുവനാഗ്രഹിക്കുന്ന ഏത് ആഗ്രഹവും ലഭ്യമാക്കാന്‍ ശക്തിയുളളതാണ് പയോവ്രതം. അതുകൊണ്ട് പയോവ്രതമനുഷ്ടിച്ച് നിന്റെ ആഗ്രഹം സാധിച്ചാലും.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment