രാമന് മഹാവിഷ്ണുവിന്റെയും ലക്ഷ്മണന്‍ അനന്തന്റെയും അവതാരങ്ങളാണ് എന്ന രാമായണ സങ്കല്പത്തെ അനുപദം സമര്‍ഥിക്കുന്നതാണ് ലക്ഷ്മണകുമാരന്റെ ഓരോ ചലനവും വാക്കും. ഭ്രാതൃഭക്തിയെ ഈശ്വരഭക്തിയാക്കുന്ന സമര്‍പ്പണവും അതിനൊത്ത കര്‍മവും സൗമിത്രിയില്‍ എല്ലായ്‌പ്പോഴും കാണാം. രാമന്റെ നിഴലായിട്ടല്ലാതെ ലക്ഷ്മണനും വര്‍ത്തിക്കാന്‍ വയ്യ.
രാമനെ സീതയില്‍നിന്ന് അകറ്റാനാണ് മാരീചന്‍ രാമാശ്രമത്തിന്റെ സമീപത്തെത്തിയത്. സീതാദേവി ആ ചാരുരൂപം കണ്ട് ഭ്രമിക്കുകയും ചെയ്തു. അങ്ങനെ പൊന്‍മാന്‍ രൂപമെടുത്ത മാരീചനെ പിടിക്കാന്‍ രാമന്‍ പുറപ്പെട്ടു. അപ്പോഴുമുണ്ട് ലക്ഷ്മണന്‍ സീതയ്ക്ക് കാവല്‍. ലക്ഷ്മണനെക്കൂടി അകറ്റാന്‍ വേണ്ടിയാണ് മാരീചന്റെ അടുത്ത അടവ്. രാമന്റെ ശബ്ദത്തില്‍ ദീനമായി വിലപിക്കുകയായിരുന്നു ആ തന്ത്രം. ഭര്‍ത്താവിന്റെ ദീനരോദനം കേള്‍ക്കെ, ദേവി പരിഭ്രാന്തയായി. പതിയെ രക്ഷിക്കാന്‍ അവര്‍ അനുജനോട് ആജ്ഞാപിച്ചു. എന്നാല്‍, ലക്ഷ്മണന് സംശയമേതുമുണ്ടായില്ല. അത് രാമന്റെ വിലാപമാവുക സാധ്യമല്ല. രാക്ഷസതന്ത്രം കണ്ട് ഭ്രമിച്ചുവശാകരുതെന്ന് കുമാരന്‍ ദേവിയോട് പറയുകയും ചെയ്തു.
ആസുരശക്തികള്‍ എന്തെല്ലാം അടവുകളെടുത്താണ് മനസ്സിന് ചാഞ്ചല്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്! ക്ഷുഭിതനായ വിശ്വനായകന്‍ ലോകസംഹാരത്തിനുതന്നെ പോന്നവനാണ്. അരക്ഷണം മതി ത്രൈലോക്യവും ചാമ്പലാകാന്‍. വിശ്വനായകനായ രാമനില്‍നിന്ന് ദൈന്യനാദം പുറപ്പെടുക അസാധ്യം. വിലാസശബ്ദം രാക്ഷസമായയാണ്, അത് രാമനില്‍നിന്ന് ഉണ്ടായതല്ല എന്ന കാര്യത്തില്‍ ലക്ഷ്മണന് സംശയലേശം പോലുമില്ല.ജാനകി തന്റെ ഭര്‍ത്താവിനെ മതിക്കുന്നതിലെത്രയോ ഉപരിയാണ് ലക്ഷ്മണന്‍ തന്റെ സോദരനെ മതിക്കുന്നതെന്ന് ഇവിടെ നാം കാണുന്നു. ഭര്‍ത്തൃപ്രണയിനിയായ സീതാദേവിക്ക് രാമന് ആപത്തുപറ്റിയോ എന്ന് ശങ്കയുണ്ടായി. അത് പ്രണയത്തിന്റെ സ്വാഭാവികമായ ചാഞ്ചല്യമാണ്. സീത രാമനെ അറിയുന്നു; ആവീര്യം അനന്യദൃഷ്ടമായ വീര്യം അറിയുന്നു. എന്നാല്‍, ആര്‍ദ്രമായ പ്രണയത്തിന്റെ മുമ്പില്‍ ആ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ലക്ഷ്മണന്റെ നേരേ അനുചിതമായ ആരോപണം ഉന്നയിക്കാന്‍ ഇടയായത്. ആ കടുവാക്കുകള്‍ മര്‍മം ഭേദിക്കുന്നതുതന്നെ ആയിരുന്നു. രാമന് ആപത്തുവരരുതെന്ന് ആരെക്കാളും വിചാരമുള്ളവനാണ് ലക്ഷ്മണന്‍. എന്നാല്‍, ആരാലും അഹിതമേല്പിക്കാന്‍ കഴിയാത്ത അജയ്യതയുടെ കവചമണിഞ്ഞവനാണ് രാമന്‍. ത്രിലോകങ്ങളിലും ആര്‍ക്കുണ്ട് അതിനെ ഭേദിക്കാന്‍ കരുത്ത്? തരളമായ സ്‌നേഹത്തിന് ഉലയ്ക്കാന്‍ കഴിയാത്ത വജ്രകഠിനമായ വിശ്വാസമാണ് ലക്ഷ്മണന്‍ രാമനെക്കുറിച്ച് സൂക്ഷിക്കുന്നത്.
സീതയുടെ അനുചിത വാക്കുകള്‍ കേട്ടു പൊറുക്കാഞ്ഞതുകൊണ്ടു മാത്രമോ ലക്ഷ്മണന്‍ ദേവിയുടെ കാവല്‍ വനദേവതമാരെ ഭരമേല്പിച്ച് രാമനെ തേടി പോകാന്‍ സന്നദ്ധനായത്. സീതയുടെ വാക്കിന്റെ ദാഹകശക്തി ചെറുതല്ല. പക്ഷേ, ആ പൊള്ളല്‍ മാത്രമല്ല ലക്ഷ്മണനെ പ്രേരിപ്പിക്കുന്നത്. ഭാതൃപത്‌നി തനിക്ക് ഗുരുതന്നെയാണ്. അതുകൊണ്ട് ആജ്ഞ ഗുരുകല്പനയായിത്തന്നെ സ്വീകരിക്കേണ്ടവനാണ് ലക്ഷ്മണന്‍. ധര്‍മത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഉറച്ചവന്റെ ധര്‍മസങ്കടം അറിയാന്‍!
സീത വിധിവിഹിതമെങ്കിലും സ്വന്തം ആപത്താണ് ക്ഷണിച്ചുവരുത്തുന്നതെന്ന് അറിഞ്ഞുകൊണ്ടാണ് ലക്ഷ്മണന്‍ പുറപ്പെടുന്നത്..
വനവാസത്തിന് രാമനൊപ്പം പുറപ്പെടാന്‍ നില്‍ക്കുമ്പോള്‍ ഊര്‍മിളയെക്കുറിച്ചുള്ള വിചാരംപോലും ലക്ഷ്മണനെ അലട്ടുന്നില്ല.
ആരാണ് ശ്രീരാമന്‍ ലക്ഷ്മണന്? ജ്യേഷ്ഠസഹോദരന്‍മാത്രമോ? ഈ ഭക്തിയും സമര്‍പ്പണവും രാമനെ ഭഗവാന്റെ സ്ഥാനത്തു നിര്‍ത്തുന്നു. ജ്യേഷ്ഠനോടുള്ള സ്‌നേഹമോ ആദരമോ വിധേയത്വമോ അല്ല ഉപാസകന്റെ അചഞ്ചലവും ഏകബിന്ദുവില്‍ നിഷ്ഠവുമായ ഭക്തിയാണ് ലക്ഷ്മണന്‍ പ്രകടിപ്പിക്കുന്നത്. താന്‍ എന്ന സ്വത്വത്തിന്റെ അര്‍ഥവും ആദര്‍ശവും ഈ നിസ്തുല വിഗ്രഹം സാക്ഷാത്കരിക്കുന്നു. അതില്‍നിന്ന് വേറിട്ടൊരു ജീവിതമോ ജീവിതസുഖമോ തനിക്കില്ല. ഒരു നിമിഷംപോലും പതറിപ്പോകാത്ത ഭക്തിയുടെ വിശിഷ്ട നിദര്‍ശനമായിട്ടാണ് അധ്യാത്മരാമായണത്തില്‍ ലക്ഷ്മണന്‍ പ്രത്യക്ഷപ്പെടുന്നത്. ഉപാസനയുടെ താരതമ്യം അസാധ്യമായ മാതൃകയാണത്.
രാമകഥയുടെ ഓരോ ഘട്ടവും ലക്ഷ്മണന്റെ അചഞ്ചലമായ ഭക്തിയെ ഉദാഹരിക്കുകകൂടി ചെയ്യുന്നു
No comments:
Post a Comment