ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 5, 2016

മഹാപ്രദോഷം


പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു.അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം


ശിവപ്രീതികരമായ വ്രതമാണു പ്രദോഷവ്രതം. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്.

സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം എന്നിവയെല്ലാം പ്രദോഷവ്രത ഫലങ്ങളാണ്. ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവര്‍ക്കു ദുരിതകാഠിന്യം കുറയ്ക്കാന്‍ ഉത്തമമാര്‍ഗമത്രേ പ്രദോഷവ്രതം.

ഒരു മാസത്തില്‍ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷവും (കൃഷ്ണപക്ഷവും) ശനിയാഴ്ചയും ചേര്‍ന്നു വരുന്ന ശനിപ്രദോഷം ഏറെ വിശിഷ്ടമാണ്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷവും പുണ്യദായകമാണ്.
പ്രദോഷമെന്നാല്‍ രാത്രിയുടെ ആഗമനം എന്നാണര്‍ഥം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസമാണു പ്രദോഷദിനം. പ്രദോഷസന്ധ്യയില്‍ പാര്‍വതീദേവിയുടെ സാന്നിധ്യത്തില്‍ ശിവഭഗവാന്‍ നടരാജനായി നൃത്തം ചെയ്യുന്നു. ഈ അവസരത്തില്‍ സകല ദേവീദേവന്മാരും അവിടെ സന്നിഹിതരാകുമെന്നാണു വിശ്വാസം.

പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നതും മൂലം സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. ‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം’ എന്നാണു ശിവപുരാണത്തില്‍ പറയുന്നത്.


വ്രതാനുഷ്ഠാനം

പ്രദോഷവ്രതത്തിന്റെ തലേന്ന് ഒരിക്കല്‍ (ഒരിക്കലൂണ്) എടുക്കുക. പ്രദോഷദിനത്തില്‍ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദര്‍ശനം നടത്തുക. പകല്‍ മുഴുവന്‍ ഉപവാസം നന്ന്, അതിനു സാധിക്കാത്തവര്‍ ഉച്ചയ്ക്ക് നിവേദ്യച്ചോറുണ്ണാം. കൂവളത്തിലകൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം എന്നിവ ഉത്തമം. പഞ്ചാക്ഷരീസ്‌തോത്രം, ശിവസഹസ്രനാമം എന്നിവ ഭക്തിപൂര്‍വ്വം ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്. എണ്ണതേച്ചുകുളി പാടില്ല. സന്ധ്യയ്ക്ക് മുന്‍പായി കുളിച്ച് ശിവക്ഷേത്രദര്‍ശനം, പ്രദോഷപൂജ, ദീപാരാധന ഇവയില്‍ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക/ അവലും മലരോ,പഴമോ നേദിച്ചോ പാരണ വിടുക (ഉപവാസമവസാനിപ്പിക്കുക). ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തില്‍ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിക്കുന്നതിലൂടെ നിത്യദുരിതശമനം നേടാം.


പഞ്ചാക്ഷരീ മന്ത്രം


ഓം നമഃ ശിവായ


പ്രാര്‍ത്ഥനാ ശ്ലോകം


ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

No comments:

Post a Comment