ഒരു പുരാണ കഥാപാത്രം. ശ്രീകൃഷ്ണന്റെ മകനായ പ്രദ്യുമ്നന് മായാവതിയിലുണ്ടായ പുത്രന്‍. അര്‍ജുനനില്‍നിന്ന് ശസ്ത്രവിദ്യ അഭ്യസിച്ചു. ബാണാസുരന്റെ മകള്‍ ഉഷ, അനിരുദ്ധനില്‍ അനുരക്തയായി. ഉഷയുടെ തോഴിയായ ചിത്രലേഖ യോഗശക്തി ഉപയോഗിച്ച് അനിരുദ്ധനെ ബാണന്റെ രാജധാനിയായ ശോണിതപുരത്തിലെത്തിച്ചു. ബാണനിയോഗപ്രകാരം ഏറ്റുമുട്ടിയ ഭടന്‍മാരെ അനിരുദ്ധന്‍ ഇരുമ്പുഗദകൊണ്ട് അടിച്ചുകൊന്നു. ബാണന്റെ മായാപ്രയോഗത്താല്‍ ബന്ധനസ്ഥനായി. ഇതറിഞ്ഞ് കൃഷ്ണനും ബലരാമനും പ്രദ്യുമ്നനും ശോണിതപുരത്തിലെത്തി ബാണനോടു യുദ്ധം ചെയ്തു. യുദ്ധദേവനായ സ്കന്ദനും ബാണന്റെ ദ്വാരപാലകനായ ശിവനും അസുരപക്ഷത്തെ സഹായിച്ചു. ഗരുഡനും പ്രദ്യുമ്നനും സ്കന്ദനെ തോല്പിച്ചു; കൃഷ്ണന്‍ ശിവനെയും. അങ്ങനെ ബാണന്‍ പരാജിതനായപ്പോള്‍ അനിരുദ്ധന്‍ ഉഷയെ ഭാര്യയായി സ്വീകരിച്ചുകൊണ്ട് ദ്വാരകയിലേക്കുപോയി.
ഈ ഇതിവൃത്തത്തെ ആധാരമാക്കി എഴുതിയിട്ടുള്ളതാണ് വള്ളത്തോള്‍ നാരായണമേനോന്റെ പ്രസിദ്ധ ഖണ്ഡകാവ്യമായ ബന്ധനസ്ഥനായ അനിരുദ്ധന്‍. വജ്രന്‍ എന്നൊരു പുത്രനുണ്ടായശേഷം അനിരുദ്ധന്‍ വിദര്‍ഭരാജാവായ രുക്മിയുടെ പൌത്രി രോചനയേയും പരിഗ്രഹിച്ചു.
2. യദുവംശത്തില്‍ത്തന്നെയുള്ള മറ്റൊരു അനിരുദ്ധനെക്കൂടി മഹാഭാരതത്തില്‍ (ആദിപര്‍വം) പരാമര്‍ശിക്കുന്നുണ്ട്. രണ്ടുപേരും പാഞ്ചാലീസ്വയംവരവേളയില്‍ സന്നിഹിതരായിരുന്നു.
3. ഭാരതീയ തത്ത്വചിന്തയില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു സങ്കല്പമാണ് അനിരുദ്ധന്‍ എന്നത്. അനിരുദ്ധന്റെ നാഭിയില്‍ നിന്ന് ബ്രഹ്മനുണ്ടായി; രൌദ്രഭാവത്തില്‍നിന്ന് ശിവനും. നരനും നാരായണനും ചേരുന്നതാണ് അഗോചരമായ അണു. ആ അണുവില്‍നിന്ന് പ്രദ്യുമ്നന്‍ എന്ന മനസ്സ് ഉദ്ഭവിക്കുന്നു. അവിടെനിന്നും അനിരുദ്ധന്‍ അഥവാ അനിയന്ത്രിതനായ പ്രധാനന്‍ ജന്‍മമെടുക്കുന്നു. ബ്രഹ്മന്‍ എന്ന അഹംകാരത്തിന്റെ മൂലം ഈ പ്രധാനനാണ്. ബ്രഹ്മനില്‍നിന്നുണ്ടാകുന്ന പുരുഷന്‍ വീണ്ടും അനിരുദ്ധനില്‍ എത്തുന്നു. പരമമായ പ്രപഞ്ചശക്തി അനിരുദ്ധതനുസ്ഥിതമാണ്, അഥവാ ബന്ധിച്ചുനിര്‍ത്താനാവാത്ത രൂപത്തിലാണ് എന്നു സാരം.
No comments:
Post a Comment