ദൈവത്തേക്കാൾ വലിയ ഒരു രാജാവ്
ഒരിക്കൽ രാജകൊട്ടാരത്തിൽ ഒരു മഹാ പണ്ഡിതൻ വന്നു. അദ്ദേഹം രാജാവിനെ വാനോളം പുകഴ്ത്തി . ഒടുവിൽ പറഞ്ഞു " ചക്രവർത്തി, അങ്ങ് ഈശ്വരനേക്കാൾ ശക്തനാണ്." കൊട്ടാരം പണ്ഡിതർ അതു കേട്ട് കയ്യടിച്ചു. ചക്രവർത്തി നിരവധി സമ്മാനങ്ങൾ നൽകി പണ്ഡിതനെ മടക്കി. പണ്ഡിതൻ പോയി കഴിഞ്ഞപ്പോൾ ചക്രവർത്തി പണ്ഡിതൻമാരോട് സഗൗരവം ചോദിച്ചു, "ഞാൻ ഈശ്വരനേക്കാൾ ശക്തനാണെന്നു അദ്ദേഹം പറഞ്ഞപ്പോൾ നിങ്ങളെല്ലാം സമ്മതിച്ച്, സന്തോഷിച്ച് കയ്യടിച്ചു വല്ലോ .... എനിക്കതൊന്നു വിശദമാക്കിത്തരൂ".
അടിയേറ്റതു പോലെയായി പണ്ഡിതൻമാർ . ആർക്കും ഉത്തരമുണ്ടായില്ല. രാജാവ് ഈശ്വരനേക്കാൾ ശക്തനാണെന്ന് എങ്ങനെ തെളിയിക്കാനാകും?
ഈ സമയം അവിടെ എത്തിയതെന്നാലിരാമൻ സരസമായി പറഞ്ഞു "അങ്ങ് അനുവദിച്ചാൽ ഞാൻ തെളിയിക്കാം."
ചക്രവർത്തി അനുവാദം കൊടുത്തു. രാമൻ വിശദീകരിച്ചു . "ഒരേ ഒരു കാര്യത്തിൽ മാത്രം അങ്ങ് ഈശ്വരനെക്കാൾ ശക്തനാണ്. അങ്ങേക്ക് ആരോടെങ്കിലും അതൃപ്തിയുണ്ടായാൽ അയാളെ നാടുകടത്താനാകും. പക്ഷേ ഈശ്വരന് അതു സാധ്യമല്ല . എങ്ങോട്ടാണ് ഈശ്വരൻ അയാളെ നാടുകടത്തുക? ഈശ്വരന്റെ സാമ്രാജ്യത്തിന് അതിരുകളില്ലല്ലോ."
ദൈവം സ്നേഹമാണ്. സ്നേഹത്തിന് അതിരുകളില്ല . കുറ്റങ്ങളും കുറവുകളും കണ്ടാലും പരിശുദ്ധ സ്നേഹം അത് പൊറുക്കുന്നു . പിന്നെ തന്റെ സ്നേഹം കൊണ്ട് അവരെയും അവരുടെ തെറ്റിനേയും പൊതിയുന്നു. അപ്പോഴാണ് ഗാന്ധിജിയെപ്പോലെ , അടി കിട്ടിയപ്പോഴും അങ്ങേയ്ക്ക് നൊന്തുവോ എന്ന് തന്നെ പീഡിപ്പിച്ച യാളോട് ചോദിക്കാനുള്ള മനസാന്നിദ്ധ്യം ഒരുവന് ഉണ്ടാകുന്നത് .
No comments:
Post a Comment