ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 6, 2016

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ...

ഒരു സംഭവം നടന്നത് കണ്ടിട്ടില്ലെകിലും അത്എങ്ങിനെയാവും സംഭവിച്ചത് എന്ന്‍ ഊഹിച്പറയുക നമ്മുടെയൊക്കെ പതിവാണ്.അവസാനം സൂചി തറഞ്ഞു കേറിയത് ആണിതറഞ്ഞു എന്നാവും. ഇത് ഒരു വശം. മറ്റൊന്ന്, ഒരു സംഭവം നടന്നാല്‍ അത് ഇന്ന ഒരാളെ കൊണ്ടേ പറ്റു എന്നും വരുന്ന പ്രയോഗങ്ങളില്‍ ഈ വരി ഉപയോഗിക്കാറുണ്ട്.
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന പ്രസ്താവന ആദ്യം പറഞ്ഞനത് കൌരവരാണ്.

പഞ്ചപാണ്ഡവന്മാര്‍ ചൂതുകളിയില്‍ തോറ്റു പന്ത്രണ്ടു വര്‍ഷം വനവാസവും കഴിഞ്ഞ് ഒരു വര്‍ഷത്തെ അജ്ഞാതവാസത്തിനായി വിരാട രാജധാനിയില്‍ എത്തി. എല്ലാവരും വേഷം മാറിയാണ് അവിടെ ഒളിച്ചു താമസിക്കുന്നത്. പാണ്ഡവന്മാര്‍ തങ്ങളുടെ ദിവ്യായുധങ്ങള്‍ കാട്ടിലെ ഒരു വന്‍മരത്തിന്‍റെ പൊത്തിലൊളിപ്പിച്ചുവച്ചു. ചൂതുകളിയില്‍ മിടുക്കനായ യുധിഷ്ഠിരന്‍ കങ്കന്‍ എന്ന പേരോടെ ബ്രാഹ്മണവേഷത്തിലും മല്ലയുദ്ധത്തില്‍ മിടുക്കനാണെന്നു പറഞ്ഞ് അരിവയ്പുകാരനായി വല്ലവന്‍ എന്ന കള്ളപ്പേരില്‍ ഭീമനും വിരാട രാജാവിന്‍റെയടുത്ത് അഭയം തേടി.

പെണ്ണുങ്ങള്‍ക്കു നൃത്തവും സംഗീതവും അഭ്യസിപ്പിക്കുന്ന ഒരു നപുംസകമായി ബൃഹന്നള എന്ന പേരില്‍ അര്‍ജുനനും വന്നു. കുതിരക്കാരന്‍ എന്ന മട്ടില്‍ ഗന്ഥികന്‍ എന്ന പേരു സ്വീകരിച്ചു നകുലനും, പശുക്കളെ നോക്കാനായി തന്ത്രിപാലന്‍ എന്ന പേരില്‍ സഹദേവനും രാജധാനിയില്‍ കയറിപ്പറ്റി. സുന്ദരിയായ ദ്രൗപദി സ്ത്രീകളെ അണിയിച്ചൊരുക്കുന്ന സൈരന്ധ്രി എന്ന നിലയില്‍ മാലിനി എന്നു പേരും മാറ്റി രാജകൊട്ടാരത്തില്‍ താമസം തുടങ്ങി.

പഞ്ചപാണ്ഡവന്മാര്‍ ദ്രൗപദിയെ പൊന്നുപോലെ നോക്കാനും ശ്രദ്ധിച്ചിരുന്നു. അങ്ങനെയിരിക്കെ വിരാട രാജാവിന്‍റെ ഭാര്യാസഹോദരനായ കീചകനു ദ്രൗപദിയോട് ഇഷ്ടം തോന്നി. തനിക്കു ഭര്‍ത്താക്കന്മാരായി അഞ്ചു ഗന്ധര്‍വന്മാരാണുള്ളതെന്നും അവരറിഞ്ഞാല്‍ കീചകന്‍റെ കഥകഴിക്കുമെന്നും സൈരന്ധ്രി ഓര്‍മ്മപ്പെടുത്തി.

ഒടുവില്‍ തന്‍റെ സഹോദരിയായ മഹാറാണിയുമായി കീചകന്‍ ഗൂഢാലോചന നടത്തി. അടുത്ത വാവുദിവസം രാത്രിയില്‍ മദ്യവും ഭക്ഷണസാധനങ്ങളും വാങ്ങിക്കൊണ്ടുവരാന്‍ സൈരന്ധ്രിയെ കീചകന്‍ താമസിക്കുന്ന വസതിയിലേക്കു മഹാറാണി പറഞ്ഞുവിട്ടു. സൈരന്ധ്രിയെ കീചകന്‍ കയറിപ്പിടിച്ചു. കുതറിയോടിയ സൈരന്ധ്രിയുടെ പിന്നാലെ എത്തിയ കീചകന്‍ രാജസദസില്‍വച്ച് അവളുടെ തലമുടിയില്‍ കുത്തിപ്പിടിച്ചു. ഇതു കണ്ട് ഒന്നും ചെയ്‌യാനാകാതെ അമര്‍ഷം കടിച്ചമര്‍ത്തി യുധിഷ്ഠിരനും ഭീമനും മാറിനിന്നു. തങ്ങളെ തിരിച്ചറിയാതിരിക്കാനാണ് അവര്‍ക്ക് അങ്ങനെ പെരുമാറേണ്ടിവന്നത്.

കീചകനെ വകവരുത്തണമെന്നു ഭീമനും ദ്രൗപദിയും കൂടി തീരുമാനിച്ചു. അതനുസരിച്ച് സൈരന്ധ്രി കീചകനെ കണ്ട് രാത്രി നൃത്തശാലയില്‍ ഒറ്റയ്ക്കു കാത്തിരിക്കുമെന്ന് അറിയിച്ചു. കീചകന്‍ കൃത്യസമയത്തുതന്നെ നൃത്തശാലയില്‍ എത്തിച്ചേര്‍ന്നു. നൃത്തവേദിയില്‍ ഇരുളിന്‍റെ മറവില്‍ രണ്ടു കരുത്തന്മാര്‍ തമ്മില്‍ ഘോരമായ സംഘട്ടനം നടന്നു. അവസാനം ആ ദ്വന്ദയുദ്ധത്തില്‍ കീചകന്‍റെ അന്ത്യം സംഭവിച്ചു.

കീചകവധത്തിന്‍റെ വാര്‍ത്ത നാട്ടിലാകെ പരന്നു. കരുത്തനായ കീചകനെ വധിക്കാന്‍പോന്ന ആളാരായിരിക്കുമെന്നു വാര്‍ത്ത കേട്ടവരെല്ലാം പരസ്പരം ചോദിച്ചു. കൗരവന്മാരും വാര്‍ത്തയറിഞ്ഞ് അത്ഭുതപ്പെട്ടു. അപ്പോഴും ഹസ്തിനപുരത്തുള്ള പഴമക്കാര്‍ പറഞ്ഞത് ഇങ്ങനെയാണ്: “ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ“.

No comments:

Post a Comment