അയ്യപ്പഭക്തൻ കഴുത്തിലണിയുന്ന മാല ഒരു സാധനോപകരണമാണെന്ന് വ്യക്തമാവുമ്പോൾ തന്നെ തന്റെ ഇഷ്ടദേവനായ അയ്യപ്പസ്വാമിയുടെ രൂപമുള്ള ഒരു മണിമാല ഹൃദയത്തോട് ചേർന്ന്കിടക്കുമ്പോൾ അതണിയുന്ന ആളിന്റെയും കാണുന്ന ആളിന്റേയും മനസ്സിലുണ്ടാവുന്ന ഭക്തിയും തൃപ്തിയും ഒരു വലിയ കാര്യം തന്നെയാണ് .അയ്യപ്പ മുദ്രയുള്ള ഈ മാല കഴുത്തിലണിഞ്ഞുകൊണ്ട് വ്രതഭംഗം ഉണ്ടാകാവുന്ന കാര്യങ്ങൾ ഒന്നും ചെയ്തുകൂടാ എന്ന ഓർമ്മപ്പെടുത്തലും ഈ മാലധാരണം കൊണ്ട് ഉണ്ടാവുന്നുണ്ട്. എന്നിരിയ്ക്കിലും ഈ മാലയുടെ യഥാർത്ഥ ഉപയോഗം ജപ സാധന തന്നെയാണ് .
ശബരിമല ദർശനം കഴിഞ്ഞുവരുന്ന മിയ്ക്കവാറും എല്ല സ്വാമിമാരും ഈ മാല ഏതെങ്കിലും ക്ഷേത്രത്തിൽ ഉപേക്ഷിയ്ക്കുകയാണ് ചെയ്യുന്നത് . ഇത് ഒരിയ്ക്കലും ഉചിതമായ ഒരു കാര്യമല്ല തന്നെ. കാരണം ശബരിമല തീർത്ഥാടന കാലം മുഴുവൻ നാം ചെയ്ത മുഴുവൻ പുണ്യകർമ്മങ്ങളിലും ഭാഗഭാക്കാവുകയും നമ്മോടൊപ്പം പമ്പയടക്കമുള്ള പല തീർത്ഥഘട്ടങ്ങളിലും അവഭൃത സ്നാനമാടുകയുംശബരിമലയിലേ കോടാനുകോടി ശരണമന്ത്രങ്ങളുടെ ശബ്ദ തരംഗങ്ങൾ ഏറ്റുവാങ്ങുകയും ഒടുവിൽ ശബരീശദർശനത്തിന് പാത്രമാവുകയും ചെയ്തത് വഴി വളരെയധികം പോസിറ്റീവ് എനെർജി സംഭരിയ്ക്കപ്പെട്ട ആ മാല ഒരിയ്ക്കലും ഉപേക്ഷിയ്ക്കാൻ പാടുള്ളതല്ല . ഒരു വലിയ ആത്മീയ പ്രക്രിയയുടെ സങ്കല്പ ശക്തിയിലൂടെ കടന്നുപോയത് വഴി ചൈതന്യ പ്രസരണമുള്ളതായി മാറിയ ആ മാല, സ്വാമിഭക്തൻ തന്റെ വീട്ടിലെ പൂജാ മുറിയിൽ പവിത്രമായി സൂക്ഷിച്ചു വയ്ക്കുകയും അടുത്ത പ്രാവശ്യത്തെ ശബരിമല തീർഥാടനത്തിനോ നിത്യ ജപത്തിനോ ഉപയോഗിയ്ക്കുകയുമാണ് ചെയ്യേണ്ടത്.
ഇതു പോലെ പ്രധാനപ്പെട്ടതും തത്ത്വാത്മകവുമാണ് ശബരിമലതീർഥാടകന്റെ ഭസ്മധാരണം . ഭസ്മം എന്നത് ഒരു പ്രതീകമാണ് . മുക്തിയും ഭസ്മവും തമ്മിൽ ,പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഇക്കാണായ മഹാപ്രപഞ്ച്ചത്തിന്റെ യഥാർത്ഥസ്വരൂപത്തെക്കുറിച്ചുള്ളശരിയായ ജ്ഞാനം സാധകന് പകർന്ന് നൽകുന്ന ഒരു വസ്തു മാത്രമാണ് ഭസ്മം. എന്താണ് നമുക്ക് ചുറ്റും കാണുന്ന ഈ വലിയ ലോകത്തിന്റെ സത്യത്തിലുള്ള സ്വരൂപം.? ഈ മഹാ പ്രപഞ്ചം ശുദ്ധമായ ഊർജ്ജകണികകളുടെ വ്യത്യസ്ഥ കൂടിച്ചേരലുകളിലൂടെ രൂപപ്പെട്ട വസ്തുക്കൾ കൊണ്ട് നിർമ്മിതമായവയാണ് എന്ന വേദാന്ത സത്യം ഇന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിരിയ്ക്കുന്നു. വസ്തുനിഷ്ട യാഥാർത്ഥ്യമാണ് ഈ ലോകം എന്നും ആദിയിൽ ശൂന്യമായിരുന്ന മഹാകാശത്തിൽ [സ്പേയ്സ്] നിന്നും ഒരിച്ഛയുടെ ഫലമായി ഊർജ്ജത്തിന്റെ പരമകണങ്ങൾ [വാക്വം എനെർജി] വ്യത്യസ്ഥ ബലങ്ങളോട് കൂടി സംയോജിച്ച് വിവിധ വസ്തുക്കൾ രൂപപ്പെട്ടുവെന്നും അവ കാലത്തിന്റെ അനന്തപരിധി അവസാനിയ്ക്കുമ്പോൾ മറ്റൊരിച്ഛാനിയമമനുസരിച്ചുകൊണ്ട് വീണ്ടും വിഘടിയ്ക്കപ്പെട്ട് സൂക്ഷ്മകണങ്ങളായി മാറുമെന്നുമാണ് ഏറ്റവും പുതിയ ക്വാണ്ടം ഫിസിക്സിന്റെ കണ്ടെത്തൽ. എന്നാൽ എത്രയോ യുഗങ്ങൾക്ക് മുന്നേതന്നെ ഭാരതീയ യോഗിവര്യന്മാർ ഈ പ്രപഞ്ചസത്യത്തെ പ്രഖ്യാപിച്ചിരുന്നു. ‘ സർവ്വം ഖല്വിദം ബ്രഹ്മ’ ( എല്ലാം ബ്രഹ്മമെന്ന ഒറ്റ ശക്തിയിൽ നിന്ന് ജനിച്ചു) ‘തത്ത്വമസി‘ (അത് എന്ന് വേറിട്ട് കാണുന്നതിലും നിന്റെയുള്ളിലും കുടികൊള്ളുന്നത് ഒരേ ചൈതന്യം തന്നെ) ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി‘ ( പഠിച്ചവർ പലതെന്ന് പറയുന്നതെല്ലാം ഒരേ സത്യവസ്തു തന്നെ )തുടങ്ങിയ വേദാന്ത മഹാവാക്യങ്ങളെല്ലാം ഈ ശാസ്ത്ര സത്യമാണ് വിളിച്ചു പറഞ്ഞത് .മാറ്റമില്ലാത്തതും അടിസ്ഥാന സത്യവുമായ ഈ പരമകണങ്ങളുടെ പ്രതീകമാണു ഭസ്മം. ഈ സത്യബോധം ഒരു സാധകനിൽ നിരന്തരമായി ഉണ്ടാകുന്നതിന് വേണ്ടിയാണ് “നമ:ശിവായ“ എന്ന പഞ്ചാക്ഷരി ജപിച്ചുകൊണ്ട് നിത്യം ഭസ്മധാരണം നടത്തണം എന്ന് മഹർഷീശ്വരന്മാർ വിധിച്ചത് . പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിന്റെ തത്ത്വമാണ് പഞ്ചാക്ഷരിയായ “ നമ:ശിവായ “ എന്ന മന്ത്രം.
പ്രപഞ്ചത്തിലെ ഏത് വസ്തുവും ഏത് നിമിഷവും വേർപിരിഞ്ഞ് പോകാവുന്ന അവസ്ഥയിലാണുള്ളത് എന്നതാണു മാറ്റമില്ലാത്ത പ്രപഞ്ചനിയമം. ഈ അനിത്യവസ്തുക്കൾ തരുന്ന താൽക്കാലിക സുഖങ്ങൾക്ക് വേണ്ടിയുള്ള ഭ്രാന്തമായ പ്രയാണം അർത്ഥശൂന്യമാണ് എന്നും അതിനെ ത്യജിയ്ക്കുകയുംസത്യ വസ്തുവിനെ സാക്ഷാത്ക്കരിച്ചുകൊണ്ട് നിത്യാനന്ദത്തിൽ ജീവിയ്ക്കുകയുമാണ് ഒരു സാധകൻ ചെയ്യേണ്ടത് എന്നുമാണ് ഭസ്മധാരണത്തിലൂടെ ഒരു സാധകനിലേയ്ക്ക് പകരപ്പെടുന്ന സന്ദേശം. അയ്യപ്പ സാധന തികച്ചും വേദാന്ത ദർശനത്തിലധിഷ്ടിതമാണ് എന്നതിനാൽ ഒരോ അയ്യപ്പ ഭക്തനും ഈ സങ്കൽപ്പശക്തിയോട് കൂടി നിത്യവും ഭസ്മം ധരിച്ച് വേണം വ്രതകാലത്ത് സാധനകൾ അനുഷ്ടിയ്ക്കുവാൻ എന്നാണ് അയ്യപ്പധർമ്മം അനുശാസിയ്ക്കുന്നത്.
No comments:
Post a Comment