വന്ന അതിഥിയെ വേണ്ടവിധം സൽക്കരിച്ചു. അതിഥിക്ക് തൃപ്തികരമായി.പോകുമ്പോൾ ആ ഭക്ഷണമുണ്ടാക്കിയ ചട്ടിയും കലവും കൂടി തനിക്ക് വേണം എന്ന് പറഞ്ഞാലോ...!!!! അങ്ങനെ ഒരു കഥയുണ്ട് ഒരു അതിഥിയുണ്ടാക്കുന്ന പൊല്ലാപ്പിന്റെ കഥ!
വിശ്വാമിത്രൻ രാജാവായി വാഴുന്ന കാലം. അതിബലവാനും വീരശൂരപരാക്രമശാലിയും പ്രജാക്ഷേമതല്പരനുമായ രാജാവായിരുന്നു വിശ്വാമിത്രൻ. സമ്പൽ സമൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ രാജ്യം. ഒരിക്കൽ സൈന്യവും പരിവാരങ്ങളുമായി അദ്ദേഹം നാടുകാണാനിറങ്ങി. പല ദേശങ്ങളും സഞ്ചരിച്ചു. സാമന്തരാജാക്കന്മാരുടെ അതിഥിയായി പലയിടത്തും തങ്ങി. ഒടുവിൽ ഒരു വനപ്രദേശത്ത് എത്തിച്ചേർന്നു. ദൂരെ വനത്തിൽ അതിമനോഹരമായ ഒരു ആശ്രമം കണ്ട അദ്ദേഹം അത് ആരുടേതാണെന്ന് തിരക്കി. മഹാതപസ്വിയായ വസിഷ്ഠമഹർഷിയുടെ ആശ്രമമാണതെന്ന് മനസ്സിലാക്കിയ രാജാവിന് അവിടം സന്ദർശിച്ച് മഹർഷിയുടെ അനുഗ്രഹങ്ങൾ നേടാൻ ഇച്ഛ ഉദിച്ചു.
വസിഷ്ഠമഹർഷി വിശ്വാമിത്രനെ സന്തോഷപൂർവ്വം സ്വീകരിച്ചു. ഫലമൂലാദികൾ നൽകി. കുശലാന്വേഷണങ്ങൾ നടത്തി. മഹർഷിയുടെ അനുഗ്രഹാശിസ്സുകൾ ലഭിച്ച് തൃപ്തനായ രാജാവ് മടങ്ങുവാൻ തയ്യാറായി. അപ്പോൾ വസിഷ്ഠമഹർഷി പറഞ്ഞു.
“അല്ലയോ രാജാവേ, അങ്ങയുടെ സന്ദർശനം ഞങ്ങൾക്ക് അത്യധികം സന്തോഷമുണ്ടാക്കി. അതുകൊണ്ടുതന്നെ അങ്ങയെയും അങ്ങയുടെ പരിവാരങ്ങളേയും സൽക്കരിക്കാൻ എന്നെയും ആശ്രമവാസികളേയും അനുവദിച്ചാലും. സമയം ഏറെ ആയിരിക്കുന്നു. അങ്ങയുടെ ഭടന്മാർ ക്ഷീണിതരാണ്. അവർക്ക് വേണ്ട ഭക്ഷണങ്ങൾ നൽകാൻ ഞങ്ങളെ അനുവദിച്ചാലും.”
ആ മഹാമുനി ഉടൻ തന്നെ വിശിഷ്ടമായ കാമധേനു എന്ന പശൂവിനെ വിളിച്ചു. എന്ത് അഭീഷ്ടങ്ങളും സാധിച്ചുതരാൻ കെല്പുള്ള അതിവിശിഷ്ടമായ കാമധേനു ഉടൻ തന്നെ ഉത്തമങ്ങളായ ഭക്ഷണപദാർത്ഥങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഓരോരുത്തർക്കും ഏതേതു രസത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളാണോ ഇഷ്ടം അതാത് സാധങ്ങൾ അവരുടെ മുന്നിൽ പ്രത്യക്ഷമായി. ചോറിന്റെയും കറികളുടേയും കൂമ്പാരങ്ങൾ കുന്നുകൾ പോലെ കാണപ്പെട്ടു. വേണ്ടതെല്ലാം കഴിച്ച് രാജാവും പരിവാരങ്ങളും ഉത്സാഹഭരിതരായി.
ആശ്ചര്യഭരിതനായ വിശ്വാമിത്രൻ മഹർഷിയോട് പറഞ്ഞു.
“ഹേ ബ്രാഹ്മണോത്തമാ, അങ്ങയുടെ വിരുന്ന് അതിവിശിഷ്ടം തന്നെ. സംശയമില്ല. ഞാനും എന്റെ ഭടന്മാരും ഈ സദ്യയുണ്ട് തൃപ്തരായി. അങ്ങയ്ക്ക് പ്രണാമം. ഇപ്പോൾ അങ്ങയോട് ഞാൻ ഒരു കാര്യം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നു. പറ്റില്ല എന്ന് പറയരുത്. അങ്ങയുടെ ഈ കാമധേനുവിന് പകരമായി നൂറായിരം പശുക്കളെ ഞാൻ തരാം. എല്ലാ വിശിഷ്ടവസ്തുക്കളും രാജാവിന് അവകാശപ്പെട്ടതാണെന്ന് അങ്ങയ്ക്കറിയാമല്ലോ. പശുക്കളിൽ വച്ച് ഏറ്റവും വിശിഷ്ടമാണ് ഈ പശു. അതിനെ എനിക്ക് തരണം.”
വസിഷ്ഠമഹർഷി സമ്മതിക്കുന്നില്ലെന്ന് കണ്ട് വിശ്വാമിത്രൻ വീണ്ടും പറഞ്ഞു.
“അല്ലയോ മഹാമുനീ, സ്വർണ്ണ നെറ്റിപ്പട്ടങ്ങളും ചങ്ങലയും അണിഞ്ഞ പതിനാലായിരം ആനകളും, സ്വർണ്ണം കൊണ്ടുണ്ടാക്കിയ എണ്ണൂറ് രഥങ്ങളും, നല്ലയിനത്തിൽ പെട്ടതും അതിവേഗതയുള്ളതുമായ പതിനോരായിരം കുതിരകളും, കറവയുള്ള ഒരുകോടി പശുക്കളേയും അങ്ങയ്ക്ക തരാം. പകരം കാമധേനുവിനെ എനിക്ക് നൽകിയാലും. അല്ലയോ ബ്രാഹ്മണോത്തമാ, അവിടുന്നെന്താണോ ഇച്ഛിക്കുന്നത് അവയെല്ലാം ഞാൻ തരാം. ഇതിനെ എനിക്ക് നൽകിയാലും.”
രാജാവ് വീണ്ടും ശാഠ്യം പിടിക്കുന്നതു കണ്ട് മുനി പറഞ്ഞു.
“അല്ലയോ മഹാരാജാവേ, അങ്ങ് എന്തെല്ലാം പകരം നൽകാമെന്ന് പറഞ്ഞാലും ഈ കാമധേനുവിനെ എനിക്ക് നൽകാൻ കഴിയില്ല എന്ന് അങ്ങ് അറിഞ്ഞാലും. ആശ്രമത്തിൽ വേണ്ട എല്ലാ കാര്യങ്ങളും നടക്കുന്നത് ഈ പശു മൂലമാണ്. എന്റെ ജീവനാണ് ഈ പശു. ഇതിനെ ഞാൻ വിട്ടുതരില്ല.”
മഹർഷിയുടെ മറുപടികേട്ട് രാജാവിന് ദേഷ്യം പിടിച്ചു. പശുവിനെ ബലമായി പിടിച്ചുകെട്ടാൻ അദ്ദേഹം ഭടന്മാരോടാജ്ഞാപിച്ചു. തന്നെ പിടിക്കാൻ വന്ന ഭടന്മാരെ വെട്ടിച്ച് കാമധേനു വസിഷ്ഠമഹർഷിയുടെ കാൽക്കൽ ചെന്ന് വീണു.
“അല്ലയോ മഹാത്മാവേ, അങ്ങ് എന്നെ ഈ രാജാവിന്റെ കൂടെ പറഞ്ഞയയ്ക്കുകയാണോ? ഈ ഭടന്മാർ എന്നെ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുന്നത് അങ്ങ് കാണുന്നില്ലേ. എന്നെ രക്ഷിക്കാത്തതെന്തേ?”
കാമധേനുവിന്റെ വാക്കുകൾകേട്ട് മഹർഷി ഇങ്ങനെ പറഞ്ഞു.
“നിന്നെ ഞാൻ ആർക്കും കൊടുക്കുവാൻ സമ്മതിച്ചിട്ടില്ലെന്ന് നീ അറിഞ്ഞാലും. എന്നാൽ ഈ രാജാവ് മഹാശക്തനാണ്. അദ്ദേഹത്തെ എതിരിടുവാൻ എനിക്ക് ശക്തിയില്ല.”
ഇതുകേട്ട കാമധേനു അതിബലവാന്മാരായ അനേകായിരം സൈനികരെ സൃഷ്ടിച്ചു തുടങ്ങി. ആ സൈനികർ വിശ്വാമിത്രന്റെ സൈന്യവുമായി ഏറ്റുമുട്ടി. ഘോരമായ യുദ്ധം നടന്നു. രാജാവിന്റെ സൈന്യം നശിച്ചു തുടങ്ങി. ഇതുകണ്ട് വിശ്വാമിത്രൻ വിശിഷ്ടങ്ങളായ അസ്ത്രങ്ങൾ പ്രയോഗിച്ച് കാമധേനു സൃഷ്ടിച്ച സൈന്യത്തെ നശിപ്പിച്ചു. എന്നാൽ അതിനനുസരിച്ച് കാമധേനു കൂടുതൽ കൂടുതൽ സൈനികരെ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഇതുകണ്ട് വിശ്വാമിത്രന്റെ പുത്രന്മാർ വസിഷ്ഠമഹർഷിയെ ആക്രമിക്കാൻ പാഞ്ഞടുത്തു. ആ മഹാമുനി തന്റെ തപഃശക്തിയാൽ അവരെയെല്ലാം ഭസ്മമാക്കി. അതിഭയങ്കരമായ ആ യുദ്ധത്തിനൊടുവിൽ വിശ്വാമിത്രൻ പരാജിതനായി അവിടെ നിന്ന് പലായനം ചെയ്തു.
വിഷണ്ണനായ രാജാവ് തന്റെ ഒരു പുത്രനെ രാജ്യഭാരമേല്പിച്ച് കാട്ടിൽ പോയി അതികഠിനമായ തപസ്സ് ആരംഭിച്ചു. വർഷങ്ങൾ കഴിഞ്ഞു. ഒടുവിൽ രാജാവിന്റെ തപസ്സിൽ സംപ്രീതനായി ശിവൻ പ്രത്യക്ഷപ്പെട്ടു. ഈ ലോകത്തിലുള്ള സകല ദിവ്യാസ്ത്രങ്ങളും ലഭിക്കണമെന്ന് രാജാവ് ശിവനോട് അപേക്ഷിച്ചു. അങ്ങനെ എല്ലാ ദിവ്യായുധങ്ങളും വിശ്വാമിത്രന് വരമായി ലഭിച്ചു.
വരം ലഭിച്ച വിശ്വാമിത്രൻ നേരെ പോയത് വസിഷ്ഠമുനിയുടെ ആശ്രമത്തിലേക്കാണ്. പ്രതികാരാഗ്നിയാൽ ജ്വലിച്ച രാജാവ് ആശ്രമത്തിലേക്ക് ശരവർഷം നടത്തി. ആശ്രമം കത്തി ചാമ്പലായി. ആശ്രമത്തിലെ അന്തേവാസികളെല്ലാം നാലുപാടും ഓടി. ആയിരക്കണക്കിനായ പക്ഷിമൃഗാദികൾ ആ വനം ഉപേക്ഷിച്ച് പോയി. ഇതുകണ്ട് വസിഷ്ഠമഹർഷി തന്റെ യോഗദണ്ഡുമായി വിശ്വാമിത്രന്റെ മുന്നിൽ ചെന്ന് ഇങ്ങനെ പറഞ്ഞു.
“അനേകകാലങ്ങൾ കൊണ്ട് ശ്രദ്ധയോടെ പരിപാലിച്ചു പോന്ന എന്റെ ആശ്രമത്തെ ചുട്ടുചാമ്പലാക്കിയ മൂഢാ, നീ ജീവനോടെ ഇരിക്കാൻ അർഹനല്ല.”
ഇതുകേട്ട് കോപാഗ്നിയിൽ ജ്വലിച്ച വിശ്വാമിത്രൻ പറഞ്ഞു.
“എന്നെ അപമാനിച്ച് എന്റെ പുത്രന്മാരെ കൊന്ന് എന്റെ സൈന്യത്തെ നശിപ്പിച്ച ബ്രാഹ്മണാ, ക്ഷത്രിയബലത്തെ കണ്ടുകൊൾക.”
തുടർന്ന് വിശ്വാമിത്രൻ, മുനിയുടെ നേരെ ആഗ്നേയാസ്ത്രത്തെ പ്രയോഗിച്ചു. എന്തും ചുട്ട് ചാമ്പലാക്കാൻ കെൽപ്പുള്ളതെന്ന് പേരുകേട്ട അസ്ത്രം വരുന്നതുകണ്ട് വസിഷ്ഠമഹർഷി തന്റെ യോഗദണ്ഡുയർത്തി. ആഗ്നേയാസ്ത്രം ആ ബ്രഹ്മദണ്ഡിനെ നമസ്കരിച്ച് അപ്രത്യക്ഷമായി. ഇതുകണ്ട് കോപാക്രാന്തനായ വിശ്വാമിത്രൻ, വരുണാസ്ത്രത്തെ പ്രയോഗിച്ചു. അതും വിഫലമായതുകണ്ട് തന്റെ കയ്യിലുള്ള ദിവ്യാസ്ത്രങ്ങളെ തുടരെ തുടരെ പ്രയോഗിച്ചുതുടങ്ങി. രുദ്രാസ്ത്രവും, ഐന്ദ്രാസ്ത്രവും, പാശുപതാസ്ത്രവും, ഐഷീകാസ്ത്രവും, മാനവാസ്ത്രവും, മോഹനാസ്ത്രവും, ഗന്ധർവ്വാസ്ത്രവും, ജൃംഭണാസ്ത്രവും വിഫലമായി. ആരെയും ഉറക്കുന്ന സ്വാപനാസ്ത്രവും ഫലം കണ്ടില്ല. ലോകത്തെ തപിപ്പിക്കുന്ന സന്താപനാസ്ത്രവും കരയിക്കുന്ന വിലാപനാസ്ത്രവും വരട്ടുന്ന ശോഷണാസ്ത്രവും കൊടിയതായ ദാരുണാസ്ത്രവും വെല്ലുവാൻ കഴിയാത്ത വജ്രായുധവും മഹർഷിയുടെ ബ്രഹ്മദണ്ഡിനു മുന്നിൽ പരാജയപ്പെട്ടു. ഇത് കണ്ട രാജാവ് കൂടൂതൽ കോപിഷ്ഠനായി. ബ്രഹ്മപാശത്തേയും കാലപാശത്തേയും വരുണപാശത്തേയും പ്രയോഗിച്ചു. അതും നഷ്ടപ്പെട്ടതോടെ പിനാകാസ്ത്രവും, ദണ്ഡാസ്ത്രവും, പൈശാചാസ്ത്രവും, ക്രൗഞ്ചാസ്ത്രവും തൊടുത്തു. അവയും ഫലവത്തായില്ല. പിന്നീട് ധർമ്മചക്രവും, കാലചക്രവും വിഷ്ണുചക്രവും പ്രയോഗിച്ചു. അവയെയും മഹർഷി തന്റെ യോഗദണ്ഡിനാൽ ശാന്തമാക്കി.
എന്നിട്ടും രാജാവ് ആക്രമണം തുടർന്നു. അതിവിശിഷ്ടങ്ങളായ അസ്ത്രങ്ങളുടെ പെരുമഴ തന്നെ അദ്ദേഹം സൃഷ്ടിച്ചു. വായവ്യാസ്ത്രത്തേയും മഥനാസ്ത്രത്തേയും ഹയശിരസ്സെന്ന അസ്ത്രത്തേയും വിശ്വാമിത്രൻ തൊടുത്തുവിട്ടു. അവയും അപ്രത്യക്ഷമായപ്പോൾ രാക്ഷസീയ ശക്തികൾ ഉൾക്കൊണ്ട ആയുധങ്ങൾ പ്രയോഗിച്ചുതുടങ്ങി. കങ്കാളാസ്ത്രവും, മുസലാസ്ത്രവും, കൊടിയ കാലാസ്ത്രവും, ഘോരമായ ത്രിശൂലാസ്ത്രവും, കാപാലാസ്ത്രവും കങ്കണാസ്ത്രവും പ്രയോഗിക്കപ്പെട്ടു. ഇവയ്ക്കൊന്നും മുനിയെ സ്പർശിക്കാൻ പോലും കഴിഞ്ഞില്ല എന്ന് കണ്ട് അവസാനം വിശ്വാമിത്രൻ ബ്രഹ്മാസ്ത്രത്തെ പ്രയോഗിച്ചു. ലോകം മുഴുവൻ കുലുങ്ങി. ദിഗന്തങ്ങൾ പൊട്ടുമാറ് ഇടിമുഴങ്ങി. ബ്രഹ്മപുത്രനായ വസിഷ്ഠമഹർഷി അത്യുജ്ജ്വലമായ തേജസ്സോടെ അചഞ്ചലനായി നിലയുറപ്പിച്ചു. ബ്രഹ്മാസ്ത്രം മഹർഷിയെ വന്ദിച്ച് ബ്രഹ്മദണ്ഡിൽ വിലയം പ്രാപിച്ചു. കോപാഗ്നിയിൽ കത്തിജ്വലിച്ചു നിന്ന വസിഷ്ഠമഹർഷിയെ മറ്റ് മഹർഷിമാർ ശാന്തനാക്കി. വിശ്വാമിത്രനും അഹങ്കാരമെല്ലാം നശിച്ച് വസിഷ്ഠമഹർഷിയെ വന്ദിച്ച് ഇങ്ങനെ പറഞ്ഞു.
“അല്ലയോ മുനിശ്രേഷ്ഠാ, അങ്ങയുടെ ശക്തി അപാരം തന്നെ. ഞാൻ പ്രയോഗിച്ച എല്ലാ അസ്ത്രങ്ങളും അങ്ങയുടെ തപഃശക്തിക്കു മുന്നിൽ നിഷ്ഫലമായി. എന്നോട് ക്ഷമിച്ചാലും. എന്റെ ബുദ്ധിശൂന്യതകൊണ്ട് പല അബദ്ധങ്ങളും ഉണ്ടായി. അങ്ങയ്ക്ക് മുന്നിൽ എന്റെ ക്ഷത്രിയബലം എത്രയോ നിസ്സാരം. ഞാനും ഇന്ദ്രിയങ്ങളെ അടക്കി ബ്രാഹ്മണ്യത്തെ പ്രാപിക്കുന്നതിനായി തപസ്സ് അനുഷ്ടിക്കുവാൻ പോകുന്നു. എന്നെ അനുഗ്രഹിക്കാൻ കനിവുണ്ടാകണേ!”
കോപം കെട്ടടങ്ങിയ വസിഷ്ഠമഹർഷി വിശ്വാമിത്രനെ അനുഗ്രഹിച്ചയച്ചു.
പിന്നീട് ദീർഘനാളത്തെ തപസ്സുകൊണ്ട് വിശ്വാമിത്രൻ എന്ന രാജാവ് വിശ്വാമിത്ര മഹർഷി ആയി ഉയർന്നു.
No comments:
Post a Comment