ഒരു സ്വാമി ഭക്തൻ ചന്ദന തിലകങ്ങൾ ധാരാളമായി ധരിയ്ക്കുന്നത് കൊണ്ട് മറ്റുള്ളവർ അയാളെ പരിഹസിച്ചേയ്ക്കാം.എന്നാൽ ഒരു സാധകൻ അയാളുടെ ശരീരത്തിന്റെ താപനില അധികമാവാതെ സൂക്ഷിയ്ക്കുന്നതിന് വേണ്ടിയാണ് ചന്ദന തിലകങ്ങൾ അണിയുന്നത് എന്ന വസ്തുത അധികമാർക്കും അറിവില്ല.
ഒരാൾ എവിടെയാണ് ചന്ദനമണിയുന്നത് എവിടെയാണ് ഭസ്മം ധരിയ്ക്കുന്നത് എവിടെയാണ് തുളസിയില വയ്ക്കുന്നത് എന്നൊക്കെ ശ്രദ്ധിച്ചാൽ ഇതിന്റെ പിന്നിലുള്ള ആരോഗ്യശാസ്ത്രം മനസ്സിലാക്കാൻ കഴിയും.ചന്ദന തിലകാദികൾ സാധാരണയായി ധരിയ്ക്കുന്നത് നെറ്റിയിലും ഭ്രൂമധ്യത്തിലുമാണല്ലൊ. മനസ്സിനെ അലട്ടുന്നതായ വിഷയചിന്തകൾ ഒരാളിൽ പ്രവേശിച്ചുകഴിഞ്ഞാലുടനെ സംഭവിയ്ക്കുന്നത് മസ്തിഷ്കത്തിന് ചൂട് വർദ്ധിയ്ക്കുക എന്നതാണ് . തല ചൂടാവുന്നു , തലവേദനയായല്ലോ എന്നൊക്കെ നാം സാധാരണയായി പറയാറുണ്ട് . ഇങ്ങിനെ പറയാത്തവരിലും ഈ പ്രക്രിയ സംഭവിയ്ക്കുന്നുണ്ട് . അതു അധികമായിക്കഴിയുമ്പോൾ ഇന്ദ്രിയതലത്തിലേക്ക് ആ താപം വ്യാപിയ്ക്കുകയും അതു വ്യക്തിയുടെ സ്വഭാവങ്ങളിൽ വ്യതിയാനമുണ്ടാക്കുകയും ബുദ്ധിയ്ക്ക് മങ്ങലുണ്ടാക്കുകയും കർമ്മങ്ങളിൽ വൈകൃതമായി ഭവിയ്ക്കുകയും ചെയ്യും .ഇത്തരമൊരവസ്ഥയിൽ ശരിയായ വിശകലനബോധം നഷ്ടപ്പെടുന്ന വ്യക്തി അപക്വമായി പെരുമാറുകയും അത് ദുരന്തങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഒരു വ്യക്തിയേ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങളുണ്ടായാൽ അയാളുടെ നെറ്റിയിലെ ചർമ്മം അതിനനുസരിച്ച് ചുളിയുകയും നിവരുകയും ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും.നെറ്റിയോട് ചേർന്നുള്ള മസ്തിഷ്കഭാഗത്തിനാണ് ഇത്തരത്തിലുള്ള വൈകാരികസംവേദനം കൂടുതൽ അനുഭവപ്പെടുന്നത്. ജ്വരം വരുമ്പോഴും തുണി നനച്ച് നെറ്റിയിലാണല്ലൊ ഇടുന്നത്.
യോഗശാസ്ത്രത്തിലും ഈ മസ്തിഷ്ക ഭാഗത്തിന് വലിയ പ്രാധാന്യമുണ്ട് .സഹസ്രാരം എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ആയിരമിതളുള്ള താമരയിൽ ശിവനിരിയ്ക്കുന്നു എന്നും താഴെ മൂലാധാരത്തിൽ സർപ്പാകൃതിപൂണ്ട് മൂന്നരച്ചുറ്റായി ഇരിയ്ക്കുന്ന കുണ്ഡലിനി എന്ന ശാക്തേയചൈതന്യം നിരന്തര യോഗസാധനയാലുണർന്ന് മുകളിലേയ്ക്ക് ഗമിച്ച് ആറ് ആധാരപദ്മങ്ങളും കടന്ന് സഹസ്രാരത്തിലെത്തുമ്പോൾ അവിടെയുള്ള ആയിരമിതളുള്ള താമരയിലെ ആയിരമിതളുകളും വിരിയുകയും ഉള്ളിലുള്ള ശിവസ്വരൂപവുമായി സംയോജിയ്ക്കുകയും ചെയ്യുമെന്നും പതഞ്ജല യോഗശാസ്ത്രം പറയുന്നു. ഇതിനെയാണ് “‘പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെക്കാണാകും ശിവശംഭോ‘ എന്ന് പഴയ ഒരു സന്ധ്യാകീർത്തനത്തിൽ വർണ്ണിച്ചിട്ടുള്ളത് . ഇതേകാര്യം തന്നെ ‘ആടുപാമ്പേ പുനം തേടുപാമ്പേ അരുളാനന്ദക്കൂത്ത് കണ്ടാടുപാമ്പേ ‘ എന്ന് ശ്രീ നാരായാണഗുരുദേവൻ തന്റെ പച്ചമലയാള കൃതിയായ “കുണ്ഡലിനിപ്പാട്ടി“ൽ എഴുതിയിട്ടുണ്ട്.
ശിവനും ശക്തിയും തമ്മിൽ ഇങ്ങിനെ സംഭവിയ്ക്കുന്ന യോഗത്തേത്തുടർന്ന് ആ യോഗിയുടെ സർവ്വ നാഢികളിലും കൂടി പരമാനന്ദത്തിന്റെ അമൃതധാരയൊഴുകും എന്നാണ് ശാസ്ത്രം നിർവ്വചിയ്ക്കുന്നത് . ഈ ആനന്ദമനുഭവിയ്ക്കുക എന്നതാണ് യോഗാത്മക ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്നതിനാലാണ് സന്യാസിമാരുടെ നാമങ്ങളുടെ എല്ലാം ഒടുവിൽ ആനന്ദ എന്ന് ചേർത്തിരിയ്ക്കുന്നത് .ഈ പ്രക്രിയയുടെ പ്രതീകമത്രേ ശിവലിംഗപ്രതിഷ്ട . നമ്മൾ പുറത്ത്നിന്ന് നോക്കിയാൽ കാണുന്ന ലിംഗം മാത്രമല്ല അതിന് താഴെ നാളിയോട് കൂടിയ യോനിയും കൂടി ചേർന്നതാണ് ശിവലിംഗ പ്രതിഷ്ട.സ്ത്രീ യോനിയുടേയും പുരുഷ ലിംഗത്തിന്റേയുംലൌകീകമായ പ്രതീകങ്ങളിലൂടെ യോഗാത്മകമായ ഒരു സന്ദേശമാണ് ഇവിടെ വെളിപ്പെടുത്തുന്നത്.
മനുഷ്യശിരസ്സിലെ ആയിരമിതളുള്ള താമര എന്നതും നിഗൂഢമായ ഒരർത്ഥത്തിന്റെ സൂചന നൽകുന്ന പ്രയോഗമത്രെ. മസ്തിഷ്കത്തിലുള്ള ആയിരക്കണക്കായ കോശങ്ങളേക്കുറിച്ചാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത് .ആധുനികശാസ്ത്രം കണ്ടുപിടിച്ച ഏറ്റവും പുതിയ സൂപ്പർകമ്പ്യൂട്ടറിന് പോലും ലക്ഷങ്ങൾ കടക്കുന്ന പദസംഭരണ സാമർത്ഥ്യമില്ല.ഒരു കോടി വാക്കുകളെങ്കിലും സംഭരിയ്ക്കാൻ സാധിയ്ക്കുന്ന ഒരു സോഫ്ട്റ്വെയറിനു വേണ്ടിയുള്ള ഗവേഷണങ്ങൾ പാതിവഴിപോലും പിന്നിട്ടിട്ടില്ല. എന്നാൽ മനുഷ്യമസ്തിഷ്കത്തിന്റെ ആയിരക്കണക്കായ കോശങ്ങൾക്ക് സമാഹരിയ്ക്കാൻ സാധിയ്ക്കുന്ന പദവിജ്ഞാനീയത്തിന്റെ അളവ് സൂചിപ്പിയ്ക്കാനുള്ള സംഖ്യ ഇനിയും കണ്ടുപിടിയ്ക്കേണ്ടതായിട്ടാണിരിയ്ക്കുന്നത്. ഈ അപിരിമിതമായ മസ്തിഷ്കകോശങ്ങളുടെ വൈപുല്യത്തേയാണ് സഹസ്രദളപദ്മം എന്ന ബിംബത്തിലൂടെ യോഗ്ഗശാസ്ത്രം വെളിപ്പെടുത്തുന്നത് .മനുഷ്യമസ്തിഷ്ക്കത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ സാധിയ്ക്കുന്ന ഓരോ ചുളിവുകളും ഓരോ ഇതളുകളാണ് എന്ന യോഗകൽപ്പനയുടെ സൌന്ദര്യം എത്രയോ കാവ്യാത്മകമാണ്. ശ്രീ ലളിതാ സഹസ്രനാമത്തിൽ “സഹസ്രദളപദ്മസ്ഥാ സർവ്വവർണ്ണോപശോഭിതാ..”എന്നതിന്റെ അർത്ഥം ഈവിധമാണ് മനസ്സിലാക്കേണ്ടത്. സഹസ്രനാമത്തിലെ ഓരോനാമവും തലച്ചോറിലെ ഓരോകോശത്തിന്റേയും അതുമായി ബന്ധപ്പെട്ട നാഢികളുടേയും ഏതൊക്കെ ധർമ്മങ്ങളേയാണ് പ്രതിനിധീകരിയ്ക്കുന്നതെന്ന നിഗൂഢസത്യങ്ങൾ ഇനിയും കണ്ടെത്തപ്പെടാനിരിയ്ക്കുന്നതേയുള്ളൂ .
മസ്തിഷ്ക്കത്തിലെ യോഗശക്തികേന്ദ്രീകരിച്ചിരിയ്ക്കുന്നത് നെറ്റിയോട് ചേർന്ന ഭാഗത്താണ് . ആ ഭാഗത്തെ കോശങ്ങളെ ഉദ്ദീപിപ്പിയ്ക്കുവാൻ സാധിയ്ക്കുന്ന യോഗികൾക്ക് സൃഷ്ടി സ്ഥിതി സംഹാരമടക്കമുള്ള അദ്ഭുതകരമായ കാര്യങ്ങൾ ചെയ്യുവാൻ സാധിയ്ക്കുമെന്ന് ഹഠയോഗ ഗ്രന്ഥങ്ങളിൽ വിശദമായ പരാമർശങ്ങളുണ്ട് .ആ കോശങ്ങളുടെ യജമാനത്വത്തിലൂടെ ഉഗ്രസിദ്ധികൾ സ്വായത്തമാക്കാൻ സാധിയ്ക്കുന്നതിന്റെ പ്രതീകമായിട്ടാണ് പരമശിവന്റെ തിരുനെറ്റിയിലായി തൃക്കണ്ണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. പരമപ്രധാനവും യോഗസാധനയുടെ കേന്ദ്രവുമായ ആ ഭാഗത്ത് ഇന്ദ്രിയസംഘർഷം നിമിത്തമുണ്ടാകുന്ന നിരന്തരമായ താപമനുഭവപ്പെടുന്നത് യോഗസാധനയ്ക്ക് വിഘ്നമുണ്ടാക്കുമെന്നതിനാലും ആ ഭാഗത്തായി ശീതളലേപനങ്ങൾ ഉപയോഗിച്ചാൽ അത് നാഡികളിൽ ക്രമബദ്ധമായി വ്യാപിച്ച് മനസ്സിന് ശാന്തതയുണ്ടാക്കുമെന്നതിനാലുമാണ് ആയുർവ്വേദ വിധിപ്രകാരം അത്യന്ത ശീതളമായ ചന്ദനം അവിടെ അണിയണമെന്ന് ആചാര്യന്മാർ പറയുന്നത്.
No comments:
Post a Comment