വീട് - സ്‌ഥല നിര്‍ണ്ണയം, നിലമൊരുക്കല്‍, രൂപരേഖ തയ്യാറാക്കല്‍
Story Dated: Friday, May 20, 2016 04:10
വാസ്‌തുശാസ്‌ത്രം ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ, വിഭാഗത്തിന്റെയോ മാത്രമാണെന്ന് കരുതരുത്.
സിംഹം ഗുഹകളിലും കുരങ്ങ് മരക്കൊമ്പിലും, പക്ഷികള്‍ മരപ്പൊത്തിലും അങ്ങനെ ഓരോ ജീവിയും ഓരോ തരത്തില്‍ കൂടുകെട്ടി അല്ലെങ്കില്‍ കൂടൊരുക്കി ജീവിക്കാനുള്ള സ്‌ഥലം ഒരുക്കുന്നു.
അപ്രകാരം മനുഷ്യര്‍ക്കും അവരുടെതായ ആവാസ വ്യവസ്‌ഥ ഒരുക്കുന്നതിന് അഥവാ ശരിയായ വിധത്തില്‍ നിര്‍മ്മിച്ച വാസ്‌തുദോഷങ്ങളില്ലാത്ത വാസാനുയോജ്യമായ പാര്‍പ്പിടങ്ങള്‍ ഒരുക്കി ജീവിക്കുന്നതിനുള്ള നിയമങ്ങള്‍ അടങ്ങിയ ശാസ്‌ത്രമാണ് വാസ്‌തുശാസ്‌ത്രം.
പൂര്‍വ്വിക ആചാര്യന്മാര്‍ എഴുതിവച്ചിരിക്കുന്ന വേദഗ്രന്ഥങ്ങളില്‍ ആയുര്‍വേദംപോലെ തന്നെ ഒരു ശാസ്‌ത്രശാഖയാണ് സ്‌ഥാപത്യവേദം. സ്‌ഥാപത്യവേദത്തിലെ ഒരു ഭാഗത്താണ് മനുഷ്യാലയങ്ങളുടെ നിര്‍മ്മാണ തത്വങ്ങള്‍ പ്രതിപാദിച്ചിട്ടുള്ളത്.
ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഭൗതികമായ സുഖസൗകര്യങ്ങള്‍ക്ക് പുറമേ, വാസ്‌തുവിന്റെ പ്രാധാന്യം മനസ്സിലാക്കി വാസ്‌തുതത്വങ്ങള്‍ മാനിച്ച് അവയ്‌ക്ക് അനുസൃതമായി നിര്‍മ്മാണം നടത്തുന്നത് ആ കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക് സംതൃപ്‌തിയും സന്തോഷവും മനഃസമാധാനവും നല്‍കുന്നു.
വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്‌തി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-സ്‌ഥലം നിര്‍ണ്ണയം മുതല്‍ വീട് നിര്‍മ്മാണം വരെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകാം. ഈ ആവശ്യത്തിലേക്ക് വാസ്‌തുശാസ്‌ത്രം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് വ്യക്‌തമാക്കാം.
സ്‌ഥലനിര്‍ണ്ണയം
1. തെക്ക് ഭാഗത്തേക്കോ, പടിഞ്ഞാറ് ഭാഗത്തേക്കോ ഉയരമുള്ള ഭൂമി തെരഞ്ഞെടുക്കണം. അപ്പോള്‍ മനസ്സിലാക്കാം വടക്കോട്ടോ, കിഴക്കോട്ടോ, വടക്ക് കിഴക്കോട്ടോ ചരിവുള്ള ഭൂമി ഉത്തമമാണ് എന്ന്.
2. തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഇല്ലാത്ത ഭാഗം തെരഞ്ഞെടുക്കണം. അപ്രകാരം ഉണ്ടെങ്കില്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ആ ഭാഗത്തെ കുഴി മാറ്റിയെടുക്കാന്‍ സാധ്യമാണോയെന്ന് പരിശോധിക്കണം. സാധ്യമല്ലെങ്കില്‍ ആ സ്‌ഥാനം പരിഗണിക്കേണ്ടതില്ല.
3. അടുത്തതായി ചെയ്യേണ്ടത് മണ്ണ് പരിശോധനയാണ്. 1 മീറ്റര്‍ വീതം വീതി, നീളം താഴ്‌ചയുള്ള ഒരു കുഴിയെടുത്ത് മണ്ണ് മാറ്റിയിടണം. അതിനുശേഷം ആ മണ്ണ് വീണ്ടും അതേ കുഴിയില്‍ നിക്ഷേപിക്കണം.
കുഴി പൂര്‍ണ്ണമായി മൂടിയശേഷവും മണ്ണ് അവശേഷിക്കുന്നു എങ്കില്‍ ആ ഭൂമി ഉത്തമ ഭൂമിയാണ്. പൗരാണികമായി ചെയ്‌തു വന്നിരുന്ന മണ്ണ് പരിശോധനാ രീതിയാണിത്. ആധുനിക എഞ്ചിനീയറിംഗ് പ്രകാരം ഇന്ന് പല ശാസ്‌ത്രീയ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നുണ്ട്.
മുകളില്‍ പറഞ്ഞ മൂന്ന് പരിശോധനകളും സ്‌ഥലം വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്‌തിക്ക് സ്വയം ചെയ്യാന്‍ കഴിയുന്നതാണ്. മുകളില്‍ പറഞ്ഞ മൂന്ന് വസ്‌തുതകളും പാലിക്കുന്ന, ജല ലഭ്യതയും വാഹന സൗകര്യമുള്ള ഭൂമിയാണെന്ന് മനസ്സിലാക്കാന്‍ ഒരു വാസ്‌തു വിദഗ്‌ധന്റെ സേവനം തേടാവുന്നതാണ്.
ഭൂമിയെ ദേവഭൂമി, ക്ഷുദ്രഭൂമി, അധമഭൂമി, ക്ഷത്രിയഭൂമി എന്നിങ്ങനെ പലതായി വേര്‍തിരിച്ചിരിക്കുന്നു. ഒരിക്കല്‍ ശ്‌മശാനമായിരുന്ന ഭൂമി ഒരിക്കലും വാസയോഗ്യമല്ല. പക്ഷേ, മനുഷ്യജഡം വീഴാത്ത ഭൂമി ലഭ്യമല്ലതാനും.
അതിനാല്‍ വാസ്‌തുനിയമങ്ങള്‍ എല്ലാം പാലിക്കുന്ന ഉത്തമഭൂമി കണ്ടെത്തി ആ ഭൂമിയിലെ ശേഷിക്കുന്ന വാസ്‌തുദോഷങ്ങള്‍ തീര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു വാസ്‌തുവിദഗ്‌ധനെ സമീപിക്കുക. ഇത്രയും ആയിക്കഴിഞ്ഞാല്‍ ഭൂമി വാങ്ങല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാം.
വീട് നിര്‍മ്മാണത്തിനായി നിലമൊരുക്കല്‍
വാങ്ങിയ ഭൂമിയില്‍ വടക്ക് കിഴക്കായി ചെരിവ് വരത്തക്കരീതിയില്‍ നിലം ഉഴുത് മറിച്ച് നിരപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതിനായി ആധുനിക മെഷീനുകളുടെ സഹായം തേടാവുന്നതാണ്.
അപ്രകാരം ചെയ്‌ത ശേഷം ഉടമസ്‌ഥന്‍ തന്നെ മണ്ണ് നനച്ച് നവധാന്യങ്ങള്‍ വിതയ്‌ക്കണം. പിന്നെ ഒരാഴ്‌ചയ്‌ക്കുശേഷം വീണ്ടും നിര്‍ദ്ദിഷ്‌ട ഭൂമിയില്‍പോയി നോക്കുമ്പോള്‍ വിതച്ച ധാന്യങ്ങള്‍ ഇടതൂര്‍ന്ന് കിളിര്‍ത്ത് നില്‍ക്കുന്നതായി കാണുന്നുണ്ടെങ്കില്‍ വീട് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് ഉത്തമഭൂമി ലഭിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാം.
അപ്രകാരം നവധാന്യങ്ങള്‍ കിളിര്‍ത്തിട്ടില്ലെങ്കില്‍ ഒരു വാസ്‌തു വിദഗ്‌ധന്റെ സേവനം തേടേണ്ടതാണ്. അടുത്തതായി ചെയ്യേണ്ടത് നവധാന്യം കിളിര്‍ത്ത് നില്‍ക്കുന്ന ഭൂമിയില്‍ നാല്‍ക്കാലികളെ കയറ്റി മേയാന്‍ വിടണം.
ഒരു പകല്‍ സമയം എങ്കിലും അവര്‍ക്ക് ആ സ്‌ഥലത്ത് സ്വതന്ത്രമായി നടക്കുവാനും ഭക്ഷിക്കുവാനും വിശ്രമിക്കുവാനും അവസരം നല്‍കണം. അപ്പോള്‍ ആ കിളിര്‍ത്തുവന്ന നവധാന്യങ്ങള്‍ അവ ഭക്ഷിക്കുകയും അവയുടെ ചാണകം, മൂത്രം എന്നിവ ഭൂമിയില്‍ പതിച്ച് ആ ഭൂമി മനുഷ്യ വാസയോഗ്യമാവുകയും ചെയ്യും.
No comments:
Post a Comment