മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം
കോട്ടയം ജില്ലയില്‍ മാഞ്ഞൂര്‍ പഞ്ചായത്തിലാണ് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം. ശ്രീകൃഷ്ണനും ഗണപതിയും ഒന്നിച്ചു വാഴുന്നുവെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച മഹാക്ഷേത്രമാണിത്. മഹാഗണപതി തന്റെ മടിയിലിരുത്തി അമ്പാടിക്കണ്ണനെ താലോലിക്കുന്ന രൂപമാണ് മളളിയൂരെ ദിവ്യകാഴ്ച. ഇതുപോലെ ഇവിടെയല്ലാതെ മറ്റൊരിടത്തും ദര്‍ശിക്കാനായെന്ന് വരില്ല. മഹാപണ്ഡിതനും ഋഷിതുല്യനുമായ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മം കൊണ്ട് അനുഗൃഹീതമായതാണ് മള്ളിയൂര്‍.
പണ്ട് ദേശാധിപത്യം നിലനിന്നിരുന്ന ഈ ക്ഷേത്രം ഊരാഴ്മക്കാരുടേതായി. അവരില്‍ മഹാതപസ്വിയായ ഒരു ബ്രാഹ്മണ ശ്രേഷ്ഠനുണ്ടായിരുന്നു. ദേശാന്തര തീര്‍ത്ഥാടനവേളയില്‍ അദ്ദേഹത്തിന് കൈവന്ന ഉപാസനാമൂര്‍ത്തിയാണ് മള്ളിയൂരിലെ മഹാഗണപതിയെന്നാണ് ഐതിഹ്യം.
മുന്നില്‍ ഇടതുവശത്തായി മനോഹരമായ ഒരു മണ്ഡപം. അത് ഹോമകുണ്ഡമത്രേ. ആയിരത്തിയെട്ട് നാളീകേരത്തിന്റെ മഹാഗണപതി ഹോമം നടക്കുന്നിടം. ഇല്ലത്തിന്റെ വകയായി നടത്തുന്നത് കൂടാതെ അഷ്ടദ്രവ്യത്തോടുകൂടി ഭക്തര്‍ വഴിപാടും നടത്തിവരുന്നു. കരിങ്കല്ലുകൊണ്ട് തീര്‍ത്ത ശ്രീകോവിലില്‍ മഹാഗണപതി. ഗണപതി ഭഗവാന്റെ പീഠത്തില്‍ വിഷ്ണു സാന്നിധ്യമരുളുന്ന സാളഗ്രാം വച്ച് പൂജിച്ചുവന്നു. മള്ളിയൂര്‍ തിരുമേനിയുടെ ഉപാസനയിലൂടെയും പാരായണത്തിലൂടെയും ഗണപതി വിഗ്രഹത്തില്‍ മാറ്റങ്ങള്‍ ദര്‍ശിക്കാന്‍ തുടങ്ങി. വൈഷ്ണവ തേജസിന്റെ സാന്നിധ്യം പ്രകടമായപ്പോള്‍ ജ്യോതിഷത്തിലൂടെ തെളിഞ്ഞതും മറ്റൊന്നല്ല. അമ്പാടികണ്ണനെ മടിയിലിരുത്തി തുമ്പിക്കൈകൊണ്ട് ആലിംഗനം ചെയ്യുന്ന ഗണപതി രൂപം. ബീജഗണിത രൂപത്തിലുള്ള പ്രതിഷ്ഠയില്‍ വലംപിരിയായ തുമ്പിക്കൈയില്‍ മാതളനാരങ്ങ, മഴു, കയര്‍, ലഡ്ഡു എന്നിവയോടുകൂടിയ ഗണപതിയാണ് ബിംബം. വലതുവശത്ത് ഭഗവതിയും ഇടതുവശത്ത് ശാസ്താവും വലത്തേമൂലയില്‍ അന്തമഹാകാളനും ഉപദേവന്മാരായുണ്ട്. നാലമ്പലത്തിന് വെളിയില്‍ നാഗങ്ങള്‍ പ്രത്യേക പീഠത്തിലുമുണ്ട്.
ഗണപതിഹോമം പ്രധാന വഴിപാടാണ്. മനശാന്തിക്കും കുടുംബൈശ്വര്യത്തിനുമായി ഗണപതിഹോമം വഴിപാട്. മുക്കുറ്റി പുഷ്പാജ്ഞലി വിശേഷവഴിപാടായി അറിയപ്പെടുന്നു. വേരോടെ പറിച്ചെടുത്ത നൂറ്റിയെട്ട് ചുവട് മുക്കുറ്റി പ്രത്യേകം തയ്യാറാക്കുന്ന തൃമധുരത്തില്‍ മുക്കി ഗണേശമന്ത്രങ്ങള്‍ ഉരുവിട്ട് ഭഗവാന് അര്‍പ്പിക്കുന്ന പുഷ്പാജ്ഞലി. അഭീഷ്ട സിദ്ധിക്ക് അച്ചട്ടായ ഒരു വഴിപാടായി ഭക്തജനങ്ങള്‍ കണക്കാക്കുന്നു. മംഗല്യഭാഗ്യത്തിനായി നടത്തുന്ന വിശിഷ്ട വഴിപാടാണ് പഴമാല. ഇരുപത്തിയെട്ട് കദളിപ്പഴങ്ങള്‍കൊണ്ട് നക്ഷത്രമാല കോര്‍ത്ത് ഗണപതിക്ക് ചാര്‍ത്തുന്ന ഈ വഴിപാട് ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ തിരഞ്ഞെടുത്ത് പന്ത്രണ്ട് ആഴ്ചകള്‍ സമര്‍പ്പിക്കുന്നതാണ്. കൂടാതെ ഉദയാസ്തമന പൂജയും ഒരുദിവസത്തെ പൂജയും ആയിരം കൂടം ജലാഭിഷേകവും തടി നിവേദ്യവും പാല്‍പ്പായസവും ചതുര്‍ത്ഥിയൂട്ടും മറ്റ് ധാരാളം വഴിപാടുകളുമുണ്ട്.
മണ്ഡല – മകരവിളക്കുകാലത്തെ ചിറപ്പ് വിശേഷമാണ്. ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥി ഉത്സവം. മകരത്തിലെ മൂലം മുതല്‍ ഏഴുദിവസം പിറന്നാള്‍ ഉത്സവം. കൊടിയേറിയുള്ള ഉത്സവം വിഷുവിന്. വിഷുവിന് ആറാട്ട് വരത്തക്കവിധം എട്ടുദിവസത്തെ ഉത്സവം.
No comments:
Post a Comment