പൂജാമുറി
__________
വീട്ടിലെ പൂജാമുറി കിഴക്കോട്ട് അഭിമുഖമായിട്ടായിരിക്കണം. ചിത്രങ്ങളും രൂപങ്ങളും കിഴക്കോട്ടായി വെക്കണം. തെക്കോട്ട് അഭിമുഖമായി നിന്ന് ഒരിക്കലും നമസ്കരിക്കരുത്. അതനുസരിച്ചായിരിക്കണം പൂജാമുറിയില്‍ ദൈവങ്ങളുടെ ഫോട്ടോയും പ്രതിമകളും മറ്റും സ്ഥാപിക്കാന്‍. അധികം ഫോട്ടോകളും പ്രതിമകളും പൂജാമുറിയില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. ചിതലരിച്ച ഫോട്ടോകളും ഒടിഞ്ഞ പ്രതിമകളും ശില്പങ്ങളും പൂജാമുറിയില്‍ വെക്കുന്നത് ദോഷകരമാണ്. പൂജാമുറിയില്‍ ദിവസവും രണ്ടുനേരം വിളക്കുവച്ച് പ്രാര്‍ത്ഥിക്കണം. കെടാവിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം. വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവര്‍ മാത്രമേ വീട്ടില്‍ പൂജാമുറിയൊരുക്കാവു. പൂജാമുറി ക്ഷേത്രംപോലെ പരിശുദ്ധമാണ്. ക്ഷേത്രത്തിലെ ഈശ്വരവിഗ്രഹം പോലെത്തന്നെയാണ് ഫോട്ടോകളും പ്രതിമകളും. വിളക്കുവെച്ച് പ്രാത്ഥിച്ചാല്‍ അവയ്ക്ക് ഈശ്വരചൈതന്യം വരും. ക്ഷേത്രംപോലെ പരിപാലിക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും ഗൃഹത്തില്‍ പൂജാമുറിയൊരുക്കാതിരിക്കുക. വൃത്തിയോടും ശുദ്ധിയോടും കൂടി ഇഷ്ടദേവന് പൂക്കളും പഴങ്ങളും സമര്‍പ്പിക്കാം.
ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭമല്ല. എന്നാല്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു അഭിഷേകാദി കര്‍മ്മങ്ങള്‍ നടത്തി ആരാധിക്കുന്നത് ചിലപ്പോള്‍ ദോഷമായേക്കും. ഗാര്‍ഹികമായ ആശുദ്ധികള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും എന്നും നിഷ്ഠയോടെ പൂജാദികര്‍മ്മങ്ങള്‍ ഭവനങ്ങളില്‍ നടത്തുക പ്രായോഗികമല്ലാത്തതിനാലും വിഗ്രഹപ്രതിഷ്ഠ ഭവനങ്ങളില്‍ ഒഴിവാക്കുന്നതാണ് ഉത്തമം. നിത്യ ബ്രഹ്മചാരിയായ ശ്രീ ഹനുമാന്റെയും അയ്യപ്പസ്വാമിയുടെയും ചിത്രം പൂജാമുറിയിലൊഴികെ ഗൃഹത്തില്‍ മറ്റൊരിടത്തും സൂക്ഷിക്കരുത്.
No comments:
Post a Comment