ക്ഷേത്രത്തിന്റെ പൊരുള്‍ ( വിശദമായി )
നാമെല്ലാം ക്ഷേത്രത്തില്‍ പോകാറുണ്ട്. അവിടെയുളള ഈശ്വര ചൈതന്യത്തെ ദര്‍ശിച്ച് വഴിപാടുകള്‍ നടത്തി കാണിക്കയിട്ട് പ്രദക്ഷിണംവച്ച് പ്രസാദം വാങ്ങി തിരിച്ചുപോരാറുണ്ട്. പക്ഷേ, അതെല്ലാം വേണ്ട രീതിയിലാണോ നാം ചെയ്യുന്നത്? എന്താണ് ശരിയായ രീതി?
ഈശ്വരനെ മൂര്‍ത്തീരൂപത്തില്‍ ആരാധിക്കുന്നതിനുള്ള ആലയമാണ് ക്ഷേത്രം. അത് ആരാധനാലയങ്ങള്‍ മാത്രമല്ല, ഭാരതീയ സംസ്‌ക്കാരത്തിന്റെയും കലകളുടെയും സംഗമസ്‌ഥാനം കൂടിയാണ്. വൈദികവും യോഗശാസ്‌ത്രപരവും താന്ത്രികവുമായ ക്രിയാഭാഗങ്ങള്‍ സമ്മേളിച്ച് ഉളവാകുന്ന ഒരു സുന്ദരക്രിയയാണ് നാം ചെയ്യാറുള്ള ക്ഷേത്രദര്‍ശനം. അതിന്റെ പ്രാധാന്യവും ഗൗരവവും മനസ്സിലാക്കിവേണം ദര്‍ശനം നടത്തുവാന്‍. അപ്പോള്‍ അതൊരു ഉപാസനയാകും.
മനുഷ്യശരീരത്തിന്റെ ഘടനയനുസരിച്ചാണ് ക്ഷേത്രശില്‌പവും നിര്‍മ്മിച്ചിരിക്കുന്നത്. 'ഇദം ശരീരം കൗന്തേയ ക്ഷേത്ര മിത്യഭീയതേ' എന്ന് ഭഗവാന്‍ ശ്രീകൃഷ്‌ണന്‍തന്നെ ഭഗവത് ഗീതയില്‍ സാധൂകരിച്ചിട്ടുണ്ട്. ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളുടെ സ്‌ഥാനമാണ് ക്ഷേത്രത്തിലെ പഞ്ചപ്രാകാരങ്ങള്‍ക്കുള്ളത്. അന്തര്‍മണ്ഡലം, വലിയമ്പലം, വിളക്കുമാടം, ശീവേലിപ്പുര, പുറംമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങള്‍. ബിംബം ദേവന്റെ സൂക്ഷ്‌മശരീരവും പ്രാസാദം സ്‌ഥൂലശരീരവുമാകുന്നു. പ്രാസാദത്തിന്റെ നിലയ്‌ക്കനുസരിച്ചാണ് അധിഷ്‌ഠാനം. ബിംബം പ്രതിഷ്‌ഠിച്ചിരിക്കുന്നത് പീഠത്തിലാണ്. പ്രകൃതി സ്വരൂപിണിയായ ശക്‌തിയെ പീഠമായും പുരുഷനെ ബിംബമായും സങ്കല്‍പ്പിച്ചിരിക്കുന്നു.
''ബീജേന പീഠം പ്രകൃതിസ്വരൂപം മുഖേന ബിംബം പുരുഷാത്മകം ച
ഇഷ്‌ടാഷ്‌ടബന്ധം സകലേഷ്‌ഠ കുര്യാത്‌സ്‌ഥേമ്‌നേ മിഥസ്സങ്കുലനസ്യ ധാമ്‌നോ''
എന്ന് ആചാര്യമതം.
ഇനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചെരുപ്പൂരുന്നതിന്റെ പ്രായോഗികത പറയാം. അകത്തുകടക്കുമ്പോള്‍ ഭക്‌തരുടെ പാദം കാന്തശക്‌തിയുള്ള തറയിലേക്കാണ് പതിയുന്നത്. ഇതോടെ മനുഷ്യന്റെ ആരോഗ്യത്തിന് ഉത്തമമെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് സംക്രമിക്കുന്നു. കൂടാതെ, ഔഷധങ്ങളുടെ ഇലകളും പൂക്കളും വീണ ജലം വീഴുന്നതുകാരണം ക്ഷേത്രപരിസരത്തെ മണ്ണിനും ഔഷധഗുണമുണ്ട്. ചെരിപ്പില്ലാതെ നടന്നാല്‍ ആധുനികശാസ്‌ത്രം പറയുന്ന മാഗ്‌നെറ്റിക്ക് തെറാപ്പിയും നടക്കുന്നു.
വന്ദനം
--------
ദേവനെ വന്ദിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 'കരാംബുജം കോശകതാമുപൈതു' എന്ന പ്രമാണപ്രകാരം കരങ്ങള്‍ ഒരു പൂമൊട്ടിന്റെ ആകൃതിയില്‍ ആക്കണമെന്നാണ് പറയുന്നത്. അത് ഹൃദയത്തിന്റെ പ്രതീകവും ആകാം. 'ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേര്‍ജ്‌ജുന തിഷ്‌ഠതി' എന്ന ഗീതാ വചനപ്രകാരം ഹൃദയ സ്‌ഥിതമാണല്ലോ ജീവാത്മാവ്. ഈ ജീവാത്മാവിനെ അഥവാ സ്‌ഥൂലമായ ഭാഷയില്‍ തന്റെ സമ്പൂര്‍ണ്ണ ജീവിത കുസുമത്തെ ആരാധ്യദേവന് സമര്‍പ്പിച്ച് മുക്‌തിപദമടയുകയാണ് കൈകൂപ്പി തൊഴുമ്പോള്‍ നാം ചെയ്യുന്നത്. വന്ദനമെന്ന മുദ്രയെപ്പറ്റി നാം ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
ഊര്‍ദ്ധാഭിമുഖമായി അംഗുലികള്‍ (കൈവിരലുകള്‍) വിടര്‍ത്തി ഇരുകൈകളും ദേഹമദ്ധ്യത്തില്‍ ഹൃദയത്തിനടുത്തോ, തലയ്‌ക്കുമുകളിലോ പിടിച്ചായിരിക്കണം വന്ദനമുദ്ര ചെയ്യേണ്ടത്. ഓരോ കൈയിലും അഞ്ചുവിരലുകള്‍ പെരുവിരല്‍ മുതല്‍ ചെറുവിരല്‍വരെ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നീ പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇതാണ് നാം മാനസപൂജയിലൂടെ അനുഷ്‌ഠിക്കുന്നതും. ഒരാളെ വന്ദിക്കുമ്പോള്‍ നീയും ഞാനും ഒന്ന് എന്ന ഭാവമാണ് സ്‌ഫുരിക്കുന്നത്. ഈശ്വരനെ തൊഴുമ്പോഴും അതുതന്നെയാണ് ഭാവം. യോഗമാര്‍ഗ്ഗത്തിന്റെ ഉദാത്തതലത്തിലുള്ള അനുഭൂതിയാണത്. അതായത് മൂലാധാരത്തില്‍നിന്ന് സഹസ്രാരത്തിലേക്കുള്ള പ്രയാണമാണത്. ഹൃദയത്തിനടുത്ത് വന്ദനമുദ്ര പിടിക്കുമ്പോള്‍ പ്രാണന്റെ തലത്തിലും ഭൂമദ്ധ്യത്തില്‍ മനസ്സിന്റെ തലത്തിലും സഹസ്രാരത്തില്‍ ആത്മതലത്തിലും ഈ ഐക്യഭാവന ദൃഢതരമാവുകയാണ്. ഇതുതന്നെയാണ് നമസ്‌ക്കാരത്തിന്റെ പൊരുളും. 'മനഃ' എന്നതിനെ തിരിച്ചിട്ടാല്‍ 'നമഃ' എന്നാവും. മനോജന്യമായ വികാരവിക്ഷേപങ്ങളെ പ്രപഞ്ചത്തിന്റെ ഉല്‍പത്തി പ്രക്രിയയിലേക്ക് തിരിച്ചുവിട്ടാല്‍ ആയിത്തീരുന്ന പ്രക്രിയയാണ് 'നമഃ' എന്നത്. അതായത് വന്ദനമാകുന്ന നമസ്‌ക്കാരമുദ്ര, മനോലയത്തെ കാണിക്കുന്നു. ആഴത്തിലുള്ള ഒരു താന്ത്രികമുദ്രയാണത്.
നമസ്‌ക്കാരം
----------------
വന്ദനത്തിനുശേഷം നമസ്‌ക്കാരമാകാം. ദണ്ഡനമസ്‌ക്കാരത്തില്‍ ശരീരം ദണ്ഡുപോലെ നിലംപതിക്കും. സാഷ്‌ടാംഗ നമസ്‌ക്കാരം എട്ടംഗങ്ങള്‍കൊണ്ടാണ് നിര്‍വഹിക്കുന്നത്.
''ഉരസാ ശിരസാ വാചാ മനസാഞ്‌ജലീനാ ദൃശാ
ജാനുഭ്യാം ചൈവ പാദാഭ്യാം പ്രണാമോ ഷ്‌ടാം ഈരിതഃ''
നെഞ്ച്, ശിരസ്സ്, വാക്ക്, മനസ്സ്, അഞ്‌ജലി, കണ്ണുകള്‍, മുട്ടുകള്‍, പാദങ്ങള്‍ എന്നിവയാണ് എട്ട് അവയവങ്ങള്‍. അഞ്‌ജലി ദേവന്റെ മുന്നിലേക്ക് നാം സമര്‍പ്പിക്കുന്നു. അതേസമയം കണ്ണുകള്‍കൊണ്ട് ദേവവിഗ്രഹ ദര്‍ശനവും മനസ്സുകൊണ്ട് ദേവരൂപ ധ്യാനവും വാക്കുകൊണ്ട് മന്ത്രോച്ചാരണവും വേണം. അതാണ് വിധി. ബാക്കി അവയവങ്ങള്‍ ഭൂസ്‌പര്‍ശം ചെയ്‌തിരിക്കും.
വഴിപാടിന്റെ സ്‌ഥാനം
------------------------
ക്ഷേത്ര ദേവനെ ചൈതന്യവത്താക്കുവാനായി നിത്യം ഷോഡശപൂജ ചെയ്യുന്നു. ഭക്‌തര്‍ നല്‍കുന്ന വഴിപാടുകള്‍ക്ക് ഈ ഷോഡശപൂജയുമായി ബന്ധമുണ്ട്. ക്ഷേത്രങ്ങളില്‍ നടത്തേണ്ട നിത്യനിദാനങ്ങള്‍ക്കുവേണ്ടിയാണ് നാം നടത്തുന്ന വഴിപാടുകള്‍ ഉപകരിക്കുന്നത്. ലൗകികങ്ങളായ കാര്യസാധ്യങ്ങള്‍ക്കുവേണ്ടിയാണ് പലരും വഴിപാടുകള്‍ നടത്തുന്നത്. വഴിപാടുകളിലൂടെ അത്ഭുതകരമായ ഫലം ലഭിക്കുമെന്നതും അനുഭവമാണ്. ഇത് വളരെ ലളിതമായ 'വിളക്കും മാലയും' അല്ലെങ്കില്‍ 'പുഷ്‌പാഞ്‌ജലി'യിലൂടെ പോലും അനുഭവപ്പെടുന്നു. ഭക്‌തിപൂര്‍വ്വമായ ആരാധനയാണ് ആവശ്യം. ധാരാളമുള്ളവര്‍ ധാരാളം നല്‍കട്ടെ. ഒന്നുമില്ലാത്തവര്‍ ഒരുകൈക്കുമ്പിള്‍ പൂവ് സമര്‍പ്പിച്ചാല്‍ മതി. രണ്ടിനും ഫലം ഒന്നുതന്നെയാകും. 'ത്യാഗേനൈ കേനാമൃതത്വമാനശു' ത്യാഗം കൊണ്ടുമാത്രമാണ് അമൃതത്വം ലഭിക്കുക. മോക്ഷപ്രാപ്‌തിക്ക് ഈശ്വരസാക്ഷാത്‌ക്കാരത്തിനുള്ള മാര്‍ഗ്ഗമാണ് ആരാധന. 'സര്‍വ്വം ത്യജതിയസ്‌ത്തസ്യ സര്‍വ്വമേവോപതിഷ്‌ഠത.'' സര്‍വ്വവും ത്യജിക്കുന്നവന് സര്‍വ്വവും കൈവരുന്നു.
വഴിപാടുകള്‍: വിളക്ക്, മാല, പുഷ്‌പാഞ്‌ജലി അഭിഷേകം, പായസം ഇവയെല്ലാമാകാം. ദീപം ആഗ്‌നേയാംശമാണ്. ആജ്യം- നെയ്യിനാണ് ശ്രേഷ്‌ഠത- അത് സൂര്യദ്യോതകമാണ്. മാല- ആകാശഭൂതപ്രതീകമാകയാല്‍ സര്‍വ്വഭൗതികസുഖങ്ങളെയും പ്രദാനം ചെയ്യുവാന്‍ പര്യാപ്‌തമാണ്. കാരണം സൃഷ്‌ടി പ്രക്രിയയില്‍ ആദ്യത്തെ സ്‌ഥലഭൂതം ആകാശമായതിനാല്‍ മറ്റു നാലു ഭൗതികഘടകങ്ങളും പൃഥ്വി, അപ് (ജലം), തേജസ്, വായു സൂക്ഷ്‌മമായി അടങ്ങിയിരിക്കണമല്ലോ. ദേവനുള്ള ഭൂഷണങ്ങളില്‍ വസ്‌ത്രത്തേപ്പോലെതന്നെ പുഷ്‌പമാല്യവും പ്രാധാന്യം അര്‍ഹിക്കുന്നു.
അഭിഷേകം ദേവന്റെ സ്‌ഥൂലസൂക്ഷ്‌മ ദേഹത്തെ മുഴുവന്‍ കുളിര്‍പ്പിക്കുന്നു. ധാരകൊണ്ട് സകലപാപങ്ങളും നീങ്ങിക്കിട്ടുന്നു. ക്ഷേത്രങ്ങളിലെ ധാരയില്‍ പങ്കുകൊളളണം. കര്‍മ്മങ്ങളാല്‍ വരുന്ന ദുഃഖം, രോഗം തുടങ്ങിയവയ്‌ക്ക് ധാരകൊണ്ട് മോചനം ലഭിക്കും. അഭിഷേകപ്രസാദം സ്വീകരിക്കുകയും വേണം. പായസം- നിവേദ്യത്തിലൂടെ പഞ്ചഭൂതാത്മകമായ ദേഹത്തിന്റെയും പ്രാണമനോമയ കോശങ്ങളുടെയും രസാംശത്തെ ദേവന് ആഹൂതിയായി സമര്‍പ്പിക്കുന്നു. അതിനാല്‍ വഴിപാടുകാരന് മുഴുവന്‍ പൂജയും നിര്‍വ്വഹിച്ചതിന്റെ ഫലം സിദ്ധമാകുന്നു.
ഗണപതിക്ക്- കന്നിമൂലഗണപതിക്ക് 12 പ്രാവശ്യം ഏത്തമിടണം. ദ്വാദശാന്തപത്മസ്‌ഥമായ ശിവപദത്തെ ഇതു സൂചിപ്പിക്കുന്നു.
പ്രദക്ഷിണം
-------------
ഏകം വിനായകേ കുര്യാത് ദ്വേ സൂര്യേ
ത്രീണി ശങ്കരേ ചത്വാരി ദേവ്യാ വിഷ്‌ണൗച സപ്‌താശ്വരത്‌ഥേ പ്രദക്ഷിണം.'
ഗണപതിക്ക് ഒന്നും സൂര്യന് രണ്ടും ശ്രീശങ്കരന് മൂന്നും ദേവിക്കും വിഷ്‌ണുവിനും നാലുവീതവും പ്രദക്ഷിണം വയ്‌ക്കേണ്ടതാണ്. അശ്വത്ഥ വൃക്ഷത്തിന് ഏഴുപ്രാവശ്യം, 21 പ്രാവശ്യം ശ്രേഷ്‌ഠകരവുമാകുന്നു. പൊതുവേ എല്ലാ ദേവതകള്‍ക്കും മൂന്നു പ്രദക്ഷിണമാകാം. ആദ്യത്തെ പ്രദക്ഷിണംകൊണ്ട് ഭക്‌തന്‍ പാപത്തില്‍നിന്ന് മുക്‌തനാകുന്നു. ദേവദര്‍ശനാനുമതിയാണ് രണ്ടാമത്തെ പ്രദക്ഷിണംകൊണ്ട് ഫലമാകുന്നത്. മൂന്നാമത്തെ പ്രദക്ഷിണംകൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു. പ്രദക്ഷിണം വയ്‌ക്കുമ്പോള്‍ ബലിക്കല്ല് സ്‌പര്‍ശിക്കരുത്. അഥവാ സ്‌പര്‍ശിച്ചുപോയാല്‍ വീണ്ടും സ്‌പര്‍ശിക്കാതെ അപരാധത്തില്‍ ക്ഷമപറഞ്ഞ് പ്രദക്ഷിണം പൂര്‍ത്തിയാക്കുക. അഭിഷേകതീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ, ഓവിലെ തീര്‍ത്ഥം കോരിക്കുടിക്കുകയോ അരുതെന്നാണ് മതം. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്‌ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്‌ട സിദ്ധിയും വൈകുന്നേരം സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി (ഉത്സവങ്ങള്‍ക്കാകാം) മോക്ഷവും ലഭിക്കും.
ദക്ഷിണ
----------------- ''
ആചാര്യഃ സ്യാദുപദ്രഷ്‌ടോ ദേവസാന്നിദ്ധ്യകാരകഃ
അര്‍ച്ചനാദ്യഖിലം കാര്യം തന്നിയോഗേന കാരയേല്‍.''
കാണിക്കയിട്ട് ദേവനെ തൊഴുമ്പോള്‍ ദേവന്റെ പിതൃസ്‌ഥാനീയനായ തന്ത്രിയേയും വന്ദിക്കേണ്ടതാണ്. ദേവന് കാണിക്കയിടുന്ന ഭക്‌തന്‍ തന്ത്രിക്കും ദക്ഷിണ നല്‍കേണ്ടതാണ്. നിത്യനൈവേദ്യപൂജാ കര്‍മ്മങ്ങളെക്കൊണ്ട് ദേവന്റെ ചൈതന്യം നിലനിര്‍ത്തുന്നത് ശാന്തിക്കാരനാണ്. ദേവന്റെ സംരക്ഷകസ്‌ഥാനമാണ് അദ്ദേഹത്തിന്. അതിനാല്‍ അദ്ദേഹത്തിനും കാണിക്കയായി ദക്ഷിണ നല്‍കേണ്ടതാണ്. കൂടാതെ ക്ഷേത്രയജ്‌ഞത്തില്‍ നാമും പങ്കാളിയാകേണ്ടതാണ്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിലിടുവാന്‍ അല്‌പം പണമോ, അര്‍ച്ചനയ്‌ക്കായി ഒരു കൈക്കുമ്പിള്‍ പുഷ്‌പമോ, വിളക്കു കത്തിക്കുവാനായി അല്‌പം നെയ്യോ, എണ്ണയോ, നിവേദ്യ സാധനങ്ങളോ കൊണ്ടുവരുന്നതിനാല്‍ ക്ഷേത്രകാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതെല്ലാം ദേവനുള്ള സമര്‍പ്പണമാണെന്ന് ഭക്‌തിപൂര്‍വ്വം ചിന്തിക്കുകയും വേണം. നമ്മുടെ ത്യാഗപൂര്‍ണ്ണമായ സഹകരണമാണത്.
ക്ഷേത്രാചാരമര്യാദകള്‍
-----------------------
വളരെ അച്ചടക്കത്തോടുകൂടിവേണം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുവാന്‍. ഒരു മഹാപുരുഷന്റെ-ദേവീ ചൈതന്യത്തിന്റെ സന്നിധാനത്തിലാണ് നാം എത്തി നില്‍ക്കുന്നത്. അവിടെ മൗനം ദീക്ഷിക്കേണ്ടതാണ്. അനാവശ്യമായ സംസാരം ഒഴിവാക്കുകയും വേണം. വേണമെങ്കില്‍ ലഘുവായി നാമം ജപിക്കാം. പരദൂഷണവും നാട്ടുവര്‍ത്തമാനവും ക്ഷേത്രാങ്കണത്തില്‍ അനുയോജ്യമല്ല.
പൂജയ്‌ക്ക് നട അടയ്‌ക്കുന്നതുവരെ അകത്ത് പ്രദക്ഷിണമാകാം. അപ്പോള്‍ നിശ്ശബ്‌ദനാമജപമോ, പ്രാര്‍ത്ഥനയോ ആകാം. നട അടയ്‌ക്കുമ്പോള്‍ ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ത്ഥനാനിരതരാകുക. നട തുറക്കുമ്പോള്‍ ശാന്തിക്കാരന്‍ പുറത്തുവന്ന് ശംഖതീര്‍ത്ഥം ഭക്‌തജനങ്ങളുടെ മേല്‍ തളിക്കുന്നു. ദേവന്റെ മൂലമന്ത്രങ്ങള്‍ ജപിച്ച് പൂജിച്ചതായ ഈ തീര്‍ത്ഥജലപ്രോഷണം ഒരു മന്ത്ര കലശാഭിഷേകത്തിന്റെ ഫലമാണ് ചെയ്യുന്നത്. ഈ തീര്‍ത്ഥം ശിരസ്സില്‍ സ്വീകരിക്കുമാറ് ഭക്‌തര്‍ കുനിഞ്ഞുകൊടുക്കണം. അപ്പോള്‍ നമുക്ക് മന്ത്രദീക്ഷ സ്വീകരിച്ച ഫലമാണുണ്ടാകുന്നത്. എന്നിട്ടാണ് നാം ദേവനെ കാണേണ്ടത്. ഈ പ്രോഷണത്തിലൂടെ ഈശ്വരചൈതന്യം നമ്മുടെയുള്ളില്‍ പ്രവേശിക്കുന്നു. 'ശിവോ ഭൂത്വാ ശിവം യജേല്‍' എന്ന പ്രമാണമനുസരിച്ച് ദേവനെ യജിക്കുവാന്‍ നാം യോഗ്യരാകുന്നു. കണ്ണുതുറന്ന് മൂലമന്ത്രത്തിന്റെ സ്‌ഥൂലരൂപമായ ദേവവിഗ്രഹത്തെ കണ്‍കുളിര്‍ക്കെക്കണ്ട് മനസ്സിലുറപ്പിച്ച് തന്റെ ജീവനേയും ജീവിതത്തേയും ആ പാദാരവിന്ദങ്ങളില്‍ ലയിപ്പിക്കുകയുമാണ് ആ സമയത്ത് ഓരോ ഭക്‌തനും ചെയ്യേണ്ടത്. ഇത് ഒരു യജ്‌ഞമായി കണക്കാക്കണം.
പ്രസാദം
---------
തീര്‍ത്ഥവും പൂവും ചന്ദനവുമാണ് സാധാരണ പ്രസാദമായി ലഭിക്കുക. അത് ദേവന് അര്‍പിച്ചു കഴിഞ്ഞതാണ്, അതിനാല്‍ ദേവചൈതന്യം ഉള്‍ക്കൊള്ളുന്നതിന് തുല്യമാണ്. യജ്‌ഞശിഷ്‌ടമാണത്. തീര്‍ത്ഥം ദേഹത്തും തലയിലും തളിക്കുകയും ആചമിക്കുകയും ചെയ്യാം. സ്‌ഥൂലസൂക്ഷ്‌മദേഹങ്ങള്‍ ദേവചൈതന്യമാകുന്ന അമൃതവര്‍ഷത്തില്‍ പൂര്‍ണ്ണമായി മജ്‌ജനം ചെയ്യുകയാണിവിടെ. പൂവ് തലയില്‍ ചൂടാം. ചന്ദനം പുറത്തിറങ്ങിയേ നെറ്റിയില്‍ തൊടാവൂ എന്ന് ചിലര്‍ പറയുന്നു. പുഷ്‌പം ആകാശപ്രതീകവും ചന്ദനം ഭൂപ്രതീകവും ആകയാല്‍ ഇവ സ്വീകരിക്കുന്നതുകൊണ്ട് ആകാശം മുതല്‍ ഭൂമിവരെ വ്യാപ്‌തമായ ദിവ്യദേഹത്തിന്റെ സൃഷ്‌ടിയാണ് നടക്കുന്നത്. അതോടെ ഭക്‌തന്‍ ദേവചൈതന്യം കുടികൊള്ളുന്ന ദിവ്യശരീരമാകുന്നു. ഈ ചൈതന്യവത്തായ ശരീരവുമായാണ് നാം ഭവനങ്ങളിലേക്ക് പോകുന്നത്.
നിത്യേന ദേവനെ പ്രാപിക്കുകയും ആ പവിത്ര ചൈതന്യം ഉള്‍ക്കൊണ്ട് ജീവിക്കുകയും ചെയ്‌താല്‍ സ്വര്‍ഗ്ഗരാജ്യം ഈ ഭൂമിയില്‍ തന്നെയെന്ന അനുഭവമുണ്ടാകും.
വിജയാ മേനോന്‍
No comments:
Post a Comment