ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, May 5, 2016

സാവിത്രി

സാവിത്രി

മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള ഒരു കഥാപാത്രമാണ് സാവിത്രി. പതിവ്രതമാരിൽ ഏറ്റവും ഔന്നത്യം ഉള്ളവളായി പുരാണങ്ങൾ ഘോഷിക്കുന്ന സ്ത്രീരത്നം. സത്യാവാന്റെ പത്നി. അല്പായുസ്സായിരുന്ന സത്യവാന് ദീർഘായുസ്സ് നൽകാൻ യമധർമ്മനോട് വാഗ്വാദം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തു സാവിത്രി. സാവിത്രിയുടെ പാതിവ്രത്യം മൂലം തന്റെ ഭർത്താവിനു ആയുസ്സും രാജ്യവും വീണ്ടുകിട്ടിയ കഥ, മാർക്കണ്ഡേയ മഹർഷി യുധിഷ്ഠിരനു പറഞ്ഞുകൊടുക്കുന്നുണ്ട്, ഇത് മാഹാഭാരതത്തിൽ വിശദമായി വർണ്ണിച്ചിരിക്കുന്നു.

ജനനം

മാദ്രരാജ്യത്തിലെ രാജാവായിരുന്ന ആശ്വപതിക്കും പത്നി മാലതിക്കും ജനിച്ച ഏകപുത്രിയാണ് സാവിത്രി. സൂര്യഭഗവാന്റെ അനുഗ്രഹത്താലാണ് സന്താനങ്ങളില്ലായിരുന്ന അശ്വപതിക്കു സാവിത്രി ജനിക്കുന്നത്.

സത്യാവാനുമായുള്ള വിവാഹം

സ്വാലരാജാവായിരുന്ന ദ്യൂമസേനനന്റെ ഏക പുത്രനായിരുന്നു സത്യവാൻ. വാർദ്ധക്യം ബാധിച്ച ദ്യൂമസേനനു വളരെ പെട്ടെന്നുതന്നെ തന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇത് മനസ്സിലാക്കിയ ശത്രുക്കൾ അദ്ദേഹത്തെ രാജ്യത്തുനിന്നും ബഹിഷ്കൃതനാക്കി. അദ്ദേഹം പത്നിയോടും ഏകമകൻ സത്യവാനോടുകൂടി വനത്തിൽ അഭയം പ്രാപിച്ച് അവിടെ ആശ്രമം കെട്ടി താമസിച്ചു. ഒരിക്കൽ വിറകു ശേഖരിക്കാൻ പോയ സത്യവാനെ വനത്തിൽവെച്ചു സാവിത്രി കാണുകയും പരിചയപ്പെടുകയും തുടർന്ന് അവർ പ്രേമത്തിലാകുകയും ചെയ്തു.. ഇതറിഞ്ഞ് നാരദർ സത്യവാന്റെ അല്പായുസ്സിനെപറ്റി സാവിത്രിയെ ധരിപ്പിച്ചു. പക്ഷേ സാവിത്രി അത് ചെവിക്കൊള്ളാതെ സത്യവാനെ തന്നെ വിവാഹം ചെയ്തു. വിവാഹശേഷം ഒരു വർഷം മാത്രം ആയുസ്സുണ്ടായിരുന്ന സത്യവാനോടൊപ്പം സാവിത്രി കാട്ടിലെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ താമസമാക്കി.

സത്യവാന്റെ മരണം

ആയുസ്സവസാനിക്കാറായ സത്യവാനെ വിവാഹം ചെയ്തശേഷം സാവിത്രി നിത്യവും ദേവി പരാശക്തിയേയും ഭഗവാൻ ശിവനേയും മുടങ്ങാതെ മൂന്നു സന്ധ്യനേരങ്ങളിലും പ്രാർത്ഥിച്ചുപോന്നു. സാവിത്രിയ്ക്കുമാത്രമേ അദ്ദേഹത്തിന്റെ അല്പായുസ്സിനെ പറ്റി അറിവുണ്ടായിരുന്നുള്ളു. സത്യവാൻ മരിക്കുന്ന അന്ന് പതിവില്ലാതെ സാവിത്രിയും അദ്ദേഹത്തോടൊപ്പം വിറകുശേഖരിക്കാൻ പോയി. വിറകു ശേഖരിക്കുന്നതിനിടയിൽ, സാവിത്രിയുടെ മടിയിൽ തലവച്ചു വിശ്രമിക്കുകയായിരുന്ന സത്യവാന്റെ ജീവൻ കൊണ്ടുപോകാൻ കാലൻ തന്നെ എത്തി. പോത്തിൻ മുകളിലേറി കയ്യിൽ ചുരുട്ടിപ്പിടിച്ച കാലപാശവുമായി വന്ന യമധർമ്മൻ സത്യവാന്റെ ആത്മാവിനെയും കൊണ്ട് പോകുമ്പോൾ സാവിത്രി തടഞ്ഞു, ഇതെന്റെ കാണപ്പെട്ട ദൈവമാണ്, കൊണ്ടുപോകുന്നുവെങ്കിൽ എന്നെയും കൂടി കൊണ്ടുപോകണം എന്ന് ശഠിച്ചു. അവളെ മറികടന്ന് സത്യവാന്റെ ജീവനുമായി യാത്ര തുടർന്ന യമദേവനെ സാവിത്രിയും അനുധാവനം ചെയ്യാൻ തുടങ്ങി.

സാവിത്രിയുടെ വരങ്ങൾ

ആയുസ്സെത്തിയവരുടെ ആത്മാവിനു മാത്രം യാത്രചെയ്യാവുന്ന ദൂരങ്ങളിലെത്തിയിട്ടും പിന്മാറാത്ത സാവിത്രിയുടെ ധൈര്യം മനസ്സിലാക്കിയ യമൻ പലതവണ അവളെ മടങ്ങിപ്പോകുവാൻ നിർബന്ധിച്ചെങ്കിലും; ”ഇല്ല ഭഗവാനെ എനിക്കു പോകാനാവില്ല. എന്റെ പ്രാണനാഥൻ രാജ്യം ഭരിച്ച രാജാവിന്റെ പുത്രനാണ്. അദ്ദേഹമാണെങ്കിൽ കണ്ണുകാണാൻ വയ്യാതെ കാട്ടിലുള്ള ആ ഗ്രാമത്തിൽ ജീവിക്കുന്നു. മകനില്ലെങ്കിൽ അദ്ദേഹവും പത്‌നിയും ആത്മഹത്യ ചെയ്യേണ്ടിവരും”. എന്നും പറഞ്ഞ് സാവിത്രി അദ്ദെഹത്തിന്റെ കൂടെത്തന്നെ കൂടി. അവളുടെ യാത്രമുടക്കുവാനായി യമൻ സാവിത്രിക്ക് ഒരു വരം കൊടുത്തു. സത്യവാന്റെ പിതാവിനു കാഴ്ചശക്തി തിരിച്ചു കിട്ടും. അതിനുശേഷവും യമധർമനോടൊപ്പം യാത്ര തുടർന്ന സാവിത്രിയോട് അദ്ദേഹം മടങ്ങിപോകുവാൻ ആവശ്യപ്പെട്ടു. "ഇല്ല ഭഗവാനെ എനിക്ക് പോകാനാവില്ല. എന്റെ പ്രാണനാഥൻ രാജ്യം ഭരിച്ച രാജാവിന്റെ പുത്രനാണ്. അദ്ദേഹത്തിന്റെ രാജ്യം ഇപ്പോൾ ശത്രുക്കൾ കൈവശപ്പെടുത്തിയിരിക്കുന്നു. വാർദ്ധക്യം വന്ന ആ മാതാപിതാക്കളെ കാട്ടിലെ ആശ്രമത്തിൽ ഇനി ആരു തുണക്കും എനിക്ക് സത്യവാന്റെ ജീവൻ തിരിച്ചു കിട്ടിയേ മതിയാകൂ". എന്നും പറഞ്ഞ് സാവിത്രി പിന്നെയും അദ്ദേഹത്തെ അനുഗമിച്ചു. അപ്പോൾ. രണ്ടാമതൊരു വരം കൂടി ധർമദേവൻ അവൾക്കു നൽകി. നഷ്ടപ്പെട്ടുപോയ രാജ്യം സത്യവാന്റെ പിതാവിനു തിരിച്ചു കിട്ടും.

എന്നിട്ടും യമധർമ്മനെ സാവിത്രി അനുധാവനം ചെയ്തുകൊണ്ടേയിരുന്നു. തന്റെ കൂടെ യാത്ര തുടരുന്ന സാവിത്രിയോട് മടങ്ങിപോകുവാൻ വീണ്ടും യമൻ ആവശ്യപ്പെട്ടു; "ആയുസ് തീരാറാകുമ്പോഴേ ഇങ്ങനെ ഇവിടം വരെയൊക്കെ നടന്നെത്താൻ തോന്നുകയുള്ളു, ഭവതിയുടെ ആയുസ്സ് ഇനിയും അറ്റിട്ടില്ല. അതുകൊണ്ട് ഇപ്പോൾ ഭവതി മടങ്ങിപ്പോവുക." "ഇല്ല ഭഗവാനെ എനിക്ക് പോകാനാവില്ല. രാജ്യം തിരിച്ചു കിട്ടിയതുകൊണ്ട് ഒരു പ്രയോജനവുമില്ല, എന്റെ ഭർതൃപിതാവിന് പ്രായം അധികമായിരിക്കുന്നു. വംശം നിലനിർത്താൻ എനിക്കാണെങ്കിൽ മക്കൾ ജനിച്ചിട്ടുമില്ല". സാവിത്രി പ്രതിവചിച്ചു. അപ്പോൾ മൂന്നാമതൊരു വരംകൂടി അവൾക്ക് കൊടുത്ത് യമനവളെ അനുഗ്രഹിച്ചു. നിനക്ക് 100 പുത്രന്മാരുണ്ടാവട്ടെ, അങ്ങനെ സ്വാലരാജാവായ ദ്യൂമസേനന്റെ വംശം തുടർന്നും നിലനിൽക്കട്ടെ. പക്ഷേ അതിനുശേഷവും യമധർമ്മന്റെ പുറകേയുള്ള തന്റെ യാത്രസാവിത്രി തുടർന്നു. എന്താ ഇനിയും മടങ്ങിപ്പോകാത്തത് എന്നു ചോദിച്ച മരണദേവനോട് സാവിത്രി പറഞ്ഞു, "ഭഗവാനെ, എനിക്ക് 100 കുഞ്ഞുങ്ങൾ ജനിക്കണമെങ്കിൽ ഭർത്താവ് ഒപ്പമുണ്ടായിരിക്കണം. ഒരു പതിവ്രതയ്ക്കു കുഞ്ഞുണ്ടാകാൻ വേറെ ഒരു വഴിയുമില്ല. ഭർത്താവ് എന്റെ കാണപ്പെട്ട ദൈവമാണ്." സാവിത്രിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ സന്തുഷ്ടനായ യമദേവൻ അപ്പോൾ കാലപാശത്തിൽനിന്ന് സത്യവാന്റെ ആത്മാവിനെ സാവിത്രിക്കായി മോചിപ്പിച്ചുകൊടുത്തു.

No comments:

Post a Comment