ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, May 17, 2016

ചംക്രോത്തമ്മ

ചംക്രോത്തമ്മ

മധ്യതിരുവിതാംകൂറിൽ ഇപ്പോൾ ശ്രീവല്ലഭ (തിരുവല്ലാ) ഗ്രാമമെന്നുള്ള സുപ്രസിദ്ധനാമത്തോടുകൂടി പ്രശോഭിക്കുന്ന പ്രദേശത്തിനു പുരാതനകാലത്തു പറഞ്ഞുവന്നിരുന്ന നാമധേയം "മല്ലികാവന"മെന്നായിരുന്നു. അക്കാലത്ത് അവിടെ ജനപുഷ്ടിയും ധനപുഷ്ടിയും ഇപ്പോഴത്തേതിൽ വളരെ അധികമുണ്ടായിരുന്നു. അന്നവിടെ ബ്രാഹ്മണാലയങ്ങൾതന്നെ മൂവായിരത്തിലധികമുണ്ടായിരുന്നു. അവയിൽ ഒരു ബ്രാഹ്മണഗൃഹത്തിന്റെ പേര് "ശങ്കരമംഗലത്ത്" എന്നായിരുന്നു. അതു ലോപിച്ച് കാലക്രമേണ "ചംക്രോത്ത്" എന്നായിത്തീർന്നു. അവിടെയും ധനപുഷ്ടി ധാരാളമായിട്ടുണ്ടായിരുന്നു. എങ്കിലും ജനപുഷ്ടിയും വളരെ കുറവായിരുന്നു. അവിടെ "നാരായണഭട്ടതിരി" എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ സഹധർമ്മ ചാരിണിയായ "ശ്രീദേവി" എന്ന അന്തർജനവും മാത്രമായിത്തീർന്നു. ആ അന്തർജനത്തിനു തുണയായി "ശ്രീദേവി" എന്നുതന്നെ പേരായ ഒരു ദാസിയും അവരുടെ മകനായ "മുകുന്ദൻ" എന്നൊരു ബാലനും ആ ഗൃഹത്തിൽതന്നെ താമസിച്ചിരുന്നു. പുരാതന കാലത്തു മലയാള ബ്രാഹ്മണർ ദാസീദാസന്മാരുടെ പേരുകൾ ശരിയായി പറയുക പതിവില്ലായിരുന്നുവല്ലോ. അതിനാൽ ദാസിയായ ശ്രീദേവിയെ "ചിരുതേച്ചി" എന്നും അവരുടെ പുത്രനായ മുകുന്ദനെ "കുന്നൻ" എന്നുമാണ് ആ ബ്രാഹ്മണമിഥുനവും അതുകേട്ട് ശേ‌ഷമുള്ളവരും വിളിച്ചുവന്നിരുന്നത്.

നാരായണഭട്ടതിരി ഒരു വി‌ഷ്ണുഭക്തനും സുശീലനും ധാർമ്മികനും സദ്‌വൃത്താനുമായിരുന്നു. ശ്രീദേവി അന്തർജനം അദ്ദേഹത്തിന് അനുരൂപയായിരുന്നു. ആ ദമ്പതിമാർക്ക് അനപത്യത എന്നൊന്നുമാത്രമല്ലാതെ മറ്റൊരു ദുഃഖകാരണവുമുണ്ടായിരുന്നില്ല. അവർ രണ്ടുപേരും ഭഗവൽ ഭക്തിയോടും ഏറ്റവും നി‌ഷ്ഠയോടുകൂടി യഥാവിധി പതിവായി ഏകാദശി വ്രതം അനു‌ഷ്ഠിക്കുകയും ചിരുതേച്ചിയേയും കുന്നനേയും കൊണ്ട് അനു‌ഷ്ഠിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ വ്രതനി‌ഷ്ഠ ഒട്ടും ചില്ലറയല്ലായിരുന്നു. ദശമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും ഏകാദശിനാൾ ഊണും ഉറക്കവുമുപേക്ഷിച്ചു ഭഗവൽധ്യാനത്തോടുകൂടിത്തന്നെ ഇരിക്കുകയും ദ്വാദശിനാൾ കിട്ടുന്നിടത്തോളം ബ്രഹ്മചാരി കളായിട്ടുള്ള ബ്രാഹ്മണ കുമാരന്മാരെ കാൽ കഴികിച്ച് ഊട്ടിയതിന്റെ ശേ‌ഷം പാരണ കഴിക്കുകയുമായിരുന്നു അവരുടെ പതിവ്. ദ്വാദശിനാളും അവർ ഒരുനേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ഇപ്രകാരമെല്ലാമിരുന്നിട്ടും ആ ബ്രാഹ്മണോത്തമൻ അനപത്യതാദുഃഖത്തോടുകൂടിത്തന്നെ കാലധർമ്മത്തെ പ്രാപിച്ചു. അതിനുശേ‌ഷവും ആ അന്തർജ്ജനവും ചിരുതേച്ചിയും അവരുടെ മകനും യഥാപൂർവ്വം ഏകാദശിവ്രതം അനു‌ഷ്ഠിച്ചുകൊണ്ടുതന്നെയിരുന്നു.

ആ അന്തർജ്ജനത്തിന് എഴുത്തറിഞ്ഞുകൂടായിരുന്നു. അതിനാൽ ഏകാദശി വ്രതം എന്നാണെന്നു മറ്റു വല്ലവരോടും ചോദിച്ചറിയേണ്ടിയിരുന്നു. അതിനുള്ള പ്രയാസംകൊണ്ട് ആ സാധ്വി ഒരു കശൗലം ചെയ്തു. ഒരു പാത്രത്തിൽ ഒരേകാദശി നാൾ മുതൽ ഓരോ കല്ലു പെറുക്കിയിട്ടുതുടങ്ങി. ദിവസം തോറും ആ കല്ല് എണ്ണി നോക്കും. പതിനഞ്ചു കല്ലു തികയുന്ന ദിവസം ഏകാദശി വ്രതമനു‌ഷ്ഠിക്കും. അങ്ങനെ പതിവാക്കി. ചിലപ്പോൾ ഈ കണക്കു തെറ്റി വ്രതമനു‌ഷ്ഠിക്കേണ്ടതു തലേദിവസമോ പിറ്റേദിവസമോ ആയിപ്പോയി എന്നു വരും. എന്നാലും ആരെല്ലാം പറഞ്ഞാലും അന്തർജ്ജനം ഈ പതിവു മാറ്റാറില്ല. അതുകൊണ്ട് ചിലർ ചില മർക്കടമുഷ്ടിക്കാരുടെ ദുശ്ശാഠ്യത്തിന് ഉദാഹരണമായും മറ്റും "ചംക്രോത്തമ്മ"യുടെ (ആ ദേശക്കാരും മറ്റും ആ അന്തർജ്ജനത്തെ അങ്ങനെയാണ് പറഞ്ഞിരുന്നത്) ഏകാദശി പോലെ എന്നും മറ്റും പറഞ്ഞു പരിഹസിച്ചുകൊണ്ടിരുന്നു. അതും ആ അന്തർജ്ജനം വകവെച്ചില്ല.

അങ്ങനെയിരുന്ന കാലത്തു വഴിപോക്കരായ രണ്ടു ബ്രാഹ്മണർ ചംക്രോത്ത് മഠത്തിൽ ചെന്നു ചേർന്നു. അവർ രണ്ടുപേരും വലിയ ജ്യോത്സ്യന്മാരായിരുന്നു. ചംക്രോത്തുമഠത്തിൽ ആരു ചെന്നാലും ഭക്ഷണം കൊടുക്കുമെന്നും ചംക്രോത്തമ്മ അതിഥിസൽക്കാരത്തിൽ ബദ്ധശ്രദ്ധയാണെന്നും ചിലർ പറഞ്ഞറിയുകയാൽ ഊണു കഴിച്ചു പോകണമെന്നു വിചാരിച്ചാണ് ആ ബ്രാഹ്മണർ അവിടെച്ചെന്നത്. അവർ അവിടെച്ചെന്നയുടനെ തങ്ങൾ വഴിപ്പോക്കരായ രണ്ടു ബ്രാഹ്മണരാണെന്നും ഭക്ഷണം കഴിച്ചുപോയാൽക്കൊള്ളാമെന്നും വിചാരിച്ചാണ് അവിടെ ചെന്നിരിക്കുന്നതെന്നു ചിരുതേച്ചിമുഖാന്തരം അകത്തറിയിച്ചു. അപ്പോൾ അന്തർജ്ജനം വാതിൽപ്പുറകിൽ വന്നുനിന്നുകൊണ്ട് "ഇവിടെ അതിഥികൾക്കു ഭക്ഷണം കൊടുക്കുന്നതിന് ഒട്ടും മടിയില്ലെന്നു മാത്രമല്ല, വളരെ സന്തോ‌ഷമുണ്ടുതാനും. ഇവിടെ ഉണ്ണാനായിട്ടു വന്നാൽ ചോറു കൊടുക്കാതെ ആരെയും പറഞ്ഞയയ്ക്കാറില്ല. എങ്കിലും ഇന്ന് ഏകാദശിയാകകൊണ്ടു നിങ്ങളെ കഴിപ്പിച്ചയയ്ക്കാൻ നിവൃത്തിയില്ല. ഇന്ന് ഇവിടെ ഞങ്ങൾക്കെല്ലാവർക്കും ശുദ്ധോപവാസമാണ്. ഏകാദശിനാൾ അതിഥികൾക്കു ശാല്യന്നം കൊടുക്കുക ഇവിടെ പതിവില" എന്നു പറഞ്ഞു. ഉടനെ ആ ബ്രാഹ്മണർ "ഏകാദശി ഇന്നല്ല; നാളെയാണ്. ഞങ്ങൾ ഗണിച്ചു നോക്കീട്ടുണ്ട്. ഞങ്ങൾ കുറച്ചു ജ്യോതിശ്ശാസ്ത്രം പഠിച്ചിട്ടുള്ളവരാണ്. ഞങ്ങളുടെ കൈയിൽ പഞ്ചാംഗവുമുണ്ട്" എന്നു പറഞ്ഞു.

അന്തർജ്ജനം: എന്നാൽ നിങ്ങളുടെ ഗണിതം തെറ്റിപ്പോയി. ഏകാദശി ഇന്നു തന്നെയാണ്. സംശയമില്ല.
ഇതുകേട്ടു ബ്രാഹ്മണർ ഉടനെ കവിടിസ്സഞ്ചിയഴിച്ചു പരൽ നിരത്തിഗ്ഗണിച്ചു നോക്കി. അപ്പോൾ ഏകാദശി അന്നുതന്നെയാണെന്നു കണ്ടു. ഉടനെ അവർ അവിടെനിന്ന് ഇറങ്ങിപ്പോയി മറ്റൊരു ബ്രാഹ്മണഗൃഹത്തിൽക്കയറി അവിടെച്ചെന്നു ചോദിച്ചപ്പോൾ ഏകാദശി പിറ്റേദിവസമാണെന്നും കുളിച്ചു വന്നാൽ ഊണു കഴിക്കാമെന്നും അവിടെയുണ്ടായിരുന്നവർ പറഞ്ഞു. ആ ബ്രാഹ്മണർക്ക് പിന്നെയും സംശയമുണ്ടായി. അവരും ഏകാദശിവ്രതം പതിവുള്ളവരായിരുന്നതിനാൽ അവിടെയിരുന്നു വീണ്ടും ഗണിച്ചുനോക്കി. അപ്പോൾ ഏകാദശി പിറ്റേ ദിവസമാണെന്നു കണ്ട് അവർ വീണ്ടും ചംക്രോത്ത് മഠത്തിൽ പോയി അവിടെയിരുന്നു ഗണിച്ചുനോക്കി. അപ്പോൾ ഏകാദശി അന്നുതന്നെയാണെന്നു കണ്ടു. ഇങ്ങനെ പല പ്രാവശ്യം പരീക്ഷിച്ചു നോക്കി. അപ്പോഴെല്ലാം യഥാപൂർവം കാണുകയാൽ ആ ബ്രാഹ്മണർ അത്യന്തം വിസ്മയിച്ചു. ഈ വിവരമറിഞ്ഞ് ആ ഗ്രാമത്തിലുള്ളവരെല്ലാം ചംക്രോത്തമ്മയ്ക്ക് ഏകാദശിയായിട്ടുള്ള ദിവസം തന്നെ അനു‌ഷ്ഠിച്ചുതുടങ്ങി.

ഇങ്ങനെയിരുന്ന കാലത്ത് ഒരു ദിക്കിൽ ഏകചക്രഗ്രാമത്തിൽ ബകനെന്ന പോലെ "തൊകലൻ" എന്നൊരു ദുഷ്ടൻ ചില അനുചരന്മാരോടുകൂടി വന്നുചേർന്നു. അവൻ രാത്രികാലങ്ങളിൽ ആ ദിക്കിലുള്ള ധനവാന്മാരായ വിപ്രന്മാരുടെയും മറ്റും ഗൃഹങ്ങളിൽ കയറി കൊള്ളയടിക്കുകയും കൈയിൽ കിട്ടുന്നവരെയൊക്കെ പ്രഹരിക്കുകയും കൊല്ലുകയും മറ്റും ചെയ്തുതുടങ്ങി. അതിനാൽ ആ ഗ്രാമത്തിൽ സന്ധ്യയായാൽ പിന്നെ ആർക്കും മനസ്സുറപ്പിച്ചു കിടന്നുറങ്ങാനും ഗൃഹത്തിൽനിന്നു പുറത്തിറങ്ങി സഞ്ചരിക്കാനും നിവൃത്തിയില്ലാതെയായിത്തീർന്നു. സ്ത്രീകളെയും കുട്ടികളെയും പകലായാലും വെളിയിൽക്കണ്ടാൽ ആ ദുഷ്ടൻ തല്ലിക്കൊല്ലും. അതിനാൽ അക്കാലത്ത് ആ ഗ്രാമത്തിലുണ്ടായിരുന്ന അനേകം ഭൂമിദേവന്മാർ ആ ദിക്കുവിട്ടു കുടുംബസഹിതം വർക്കലയ്ക്കടുത്തുള്ള അയിരൂർ, വാമനപുരം, പള്ളിപ്പുറം, നെടുമങ്ങാട്, നെയ്യാറ്റിൻകര, മലയിൻകീഴ്, ഒറ്റശ്ശേഖരമംഗലം മുതലായ ദേശങ്ങളിൽ പോയി താമസമുറപ്പിച്ചു. ചിലർ "സോപദ്രവാപി സുഖദാ ഖലു ജന്മഭൂമിഃ" എന്നു വിചാരിച്ചു സകല വിധോപദ്രവങ്ങളും സഹിച്ച് അവിടെത്തന്നെ താമസിച്ചു. ചംക്രോത്തമ്മ ധൈര്യസമേതം അവിടെത്തന്നെ താമസിച്ചതല്ലാതെ എങ്ങും പോയില്ല. എങ്കിലും ദ്വാദശിനാൾ ബ്രഹ്മചാരികളെ കാൽകഴുകിച്ചൂട്ടാൻ ആ അന്തർ ജനത്തിനു വളരെ പ്രയാസമായിത്തീർന്നു. അക്കാലത്തു തൊകലനെ പേടിച്ചു പാന്ഥന്മാർ പോലും ആ ദിക്കിൽക്കൂടി സഞ്ചരിക്കാതെയായിപ്പോയി. പിന്നെ വഴിപോക്കരായ ബ്രഹ്മചാരികളെ കിട്ടുകയില്ലല്ലോ. അവിടെ ബ്രാഹ്മണഗൃഹങ്ങൾ തന്നെ വളരെ ചുരുക്കമായി. ഉള്ളവർ തങ്ങളുടെ ഉണ്ണികളെ അയയ്ക്കാതെയും ഭീരുക്കളായ ബ്രഹ്മചാരികൾ അവരുടെ ഗേഹം വിട്ടുവെളിയിൽ ഇറങ്ങാതെയുമായിത്തീർന്നു. അതിനാൽ ഒരു ദ്വാദശിനാൾ ചംക്രോത്തമ്മയ്ക്കു കാൽകഴുകിച്ചൂട്ടാൻ ഒരു ബ്രഹ്മചാരിയേയും കിട്ടിയില്ല. ബ്രഹ്മചാരിയെ കാൽകഴുകിച്ചൂട്ടാതെ പാരണ കഴിക്കാൻ നിവൃത്തിയില്ല. പാരണ കഴിക്കാതെ വ്രതത്തിനു പൂർണ്ണത സിദ്ധിക്കുകയില്ല. അതിനാൽ ചംക്രോത്തമ്മ ഏറ്റവും വി‌ഷണ്ണയായിത്തീർന്നു. ചിരുതേച്ചിയും കുന്നനും ആ ഗ്രാമത്തിൽ ബ്രഹ്മചാരികളുള്ള ബ്രാഹ്മണഗൃഹങ്ങളിലെല്ലാം പോവുകയും വഴിയിൽ കാത്തുനിൽക്കുകയും ചെയ്തിട്ടും ഒരു ബ്രഹ്മചാരിയെപ്പോലും വിളിച്ചുകൊണ്ടുവരാൻ സാധിച്ചില്ല. ഒടുക്കം ആ അന്തർജ്ജനം വ്യസനം സഹിക്കവയ്യാതെയായിട്ടു തന്റെ തേവാരപ്പുരയിലുണ്ടായിരുന്ന വി‌ഷ്ണുവിഗ്രഹത്തിന്റെ മുമ്പിൽചെന്ന് "ഭഗവാനേ! എനിക്കു വ്രതഭംഗം വരാതെയിരിക്കുന്നതിന് എന്തെങ്കിലും മാർഗ്ഗമുണ്ടാക്കിത്തരണേ" എന്നു ഭക്തിയോടും വ്യസനത്തോടുംകൂടി പ്രാർത്ഥിച്ചുകൊണ്ടും കണ്ണടച്ചുകരഞ്ഞുകൊണ്ടും തൊഴുതുകൊണ്ടും നിന്നു. അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ആരോ തന്റെ പിന്നിൽ വന്നുനിന്ന്, "അമ്മേ! ഇവിടെ ഊണു കാലമായില്ലേ? എനിക്കു വിശപ്പു കലശലായിരിക്കുന്നു" എന്നു പറഞ്ഞതായി തോന്നുകയാൽ അന്തർജ്ജനം കണ്ണു തുറന്നു തിരിഞ്ഞുനോക്കി. അപ്പോൾ ആ ഭക്ത കണ്ടത് ദണ്ഡും കൃ‌ഷ്ണാജിനവും ധരിച്ച ഒരു ബ്രഹ്മചാരിയെയായിരുന്നു. ആ സമയം ആ അന്തർജ്ജനവ്വിനുണ്ടായ സന്തോ‌ഷം എത്രമാത്രമാണെന്നു പറയാൻ പ്രയാസം തന്നെ. "ഊണിനൊക്കെക്കാലമായിട്ടുണ്ട്. ക്ഷണത്തിൽ കുളിച്ചു വരൂ. കുളം ഇവിടെത്തന്നെയുണ്ട്" എന്ന് അന്തർജ്ജനം പറഞ്ഞപ്പോൾ ബ്രഹ്മചാരി, "ഞാൻ നദീജലത്തിലല്ലാതെ കൂപതോയത്തിൽ കുളിക്കാറില്ല" എന്നു പറഞ്ഞു. ഉടനെ അന്തർജ്ജനം നദിയിലേക്കു പോയാൽ ആപത്തുണ്ടാകുമെന്നും തൊകലന്റെ കഥയുമെല്ലാം പറഞ്ഞുകേൾപ്പിച്ചു.
"അതൊന്നും സാരമില്ല" എന്നു പറഞ്ഞ് ബ്രഹ്മചാരി പുറത്തിറങ്ങി നേരെ പുഴക്കടവിലേക്കു നടന്നു. മദ്ധ്യേ മാർഗ്ഗം തൊകലൻ ബ്രഹ്മചാരിയെ കണ്ടെത്തി പിടികൂടുകയും അവർ തമ്മിൽ അതിഘോരമായി ഒരു ദ്വന്ദ്വയുദ്ധം നടക്കുകയും ആ സമയം ബ്രഹ്മചാരിയുടെ കൈയിലിരുന്ന ദണ്ഡ് സുദർശനചക്രമായിത്തീരുകയും അതുകൊണ്ട് തൊകലന്റെ കണ്ഠം മുറിച്ച് അവനെ നിഗ്രഹിക്കുകയും ചെയ്തു. ചക്രം കൊണ്ട് കഴുത്തറുത്ത സമയം ഉറക്കെ നിലവിളിച്ചുകൊണ്ടാണ് തൊകലൻ നിലംപതിച്ചത്. ആ നിലവിളി കേട്ടു തൊകലന്റെ കൂട്ടുകാർ അവിടെ ഓടിയെത്തി. ബ്രഹ്മചാരിയെ പിടികൂടി. ബ്രഹ്മചാരി അവരെയും ക്ഷണത്തിൽ നിഗ്രഹിച്ചിട്ടു പുഴക്കടവിൽ ചെന്നു രക്തം പുരണ്ടിരുന ചക്രം തേച്ചുകഴുകി വൃത്തിയാക്കിയതിന്റെ ശേ‌ഷം കുളിയും കഴിച്ചു ചംക്രോത്തുമഠത്തിലേക്കു പോയി. തൊകലൻ വന്നു താമസിക്കുകയും മരിക്കുകയും ചെയ്ത സ്ഥലത്തിനു "തുകലശ്ശേരി" എന്നും ബ്രഹ്മചാരി ചക്രം ക്ഷാളനംചെയ്ത കടവിന് "ചക്രക്ഷാളനക്കടവ്" എന്നും നാമം സിദ്ധിച്ചു. ചക്രക്ഷാളനക്കടവ് ലോപിച്ചു ലോപിച്ചു "ചക്രശാലക്കടവ്" എന്നായിത്തീരുകയും ചെയ്തു.

ബ്രഹ്മചാരി കുളിക്കാൻ പോയിട്ട് വരാൻ താമസിച്ചപ്പോൾ അന്തർജ്ജനത്തിനു വീണ്ടും വി‌ഷാദം സഹിക്കവയ്യാതെയായിത്തീർന്നു. "ആ ഉണ്ണി കുളിക്കാൻ പോയിട്ട് ഇത്ര വളരെ താമസിക്കുന്നതെന്താണാവോ? ആ സാധുവിനെ തൊകലൻ പിടിച്ചു കൊന്നായിരിക്കുമോ? എന്നാൽ എനിക്കിന്നു പാരണ കഴിക്കാൻ സാധിക്കയില്ല. എന്റെ ഭഗവാനേ! അങ്ങനെയൊന്നും വരുത്തരുതേ" എന്നും മറ്റും വിചാരിച്ച് അന്തർജ്ജനം വ്യസനിച്ചുകൊണ്ടിരുന്നപ്പോൾ കുളിക്കാൻ പോയിരുന്ന ഉണ്ണിയും വേറെ അഞ്ചു ബ്രഹ്മചാരികളും കുളി കഴിഞ്ഞു വരുന്നതായി കണ്ടു. ഉടനെ അന്തർജ്ജനം സന്തോ‌ഷിച്ച് അവരെ ആറുപേരെയും കാൽകഴുകിചൂട്ടുകയും പാരണ കഴിക്കുകയും ചെയ്തു. അപ്പോഴേക്കും ഒരു ബ്രഹ്മചരി തൊകലനെയും അവന്റെ അനുചരന്മാരെയും നിഗ്രഹിച്ചുവെന്നും ആ ഉണ്ണി മഠത്തിലേക്കു പോയിരിക്കുന്നുവെന്നുമുള്ള വർത്തമാനം ആ ദിക്കിൽ സർവ്വത്ര വ്യാപിക്കുകയും ശത്രുഭയം തീർന്നതിനാൽ സകലജനങ്ങളും സന്തുഷ്ടമാനസന്മാരായിത്തീരുകയും ഏറ്റവും പരാക്രമശാലിയായിരുന്ന തൊകലനെ നിഗ്രഹിച്ച് ആ ഉണ്ണി കേവലം മനു‌ഷ്യനായിരിക്കുകയില്ലെന്നും അദ്ദേഹത്തെയും അദ്ദേഹം ദുഷ്ടനിഗ്രഹത്തിനായി ഉപയോഗിച്ച ചക്രായുധത്തെയും കണ്ടുവന്ദിക്കണമെന്നും വിചാരിച്ചു അസംഖ്യം ജനങ്ങൾ ആ മഠത്തിൽ ചെന്നുചേരുകയും ബ്രഹ്മചാരിയെ കണ്ടു വന്ദിച്ചതിന്റെ ശേ‌ഷം ശ്രീചക്രം കൂടി വന്ദിച്ചാൽക്കൊള്ളാമെന്നു തങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെന്നുള്ള വിവരം അദ്ദേഹത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഉടനെ ആ ബ്രഹ്മചാരി തന്റെ ആയുധത്തെ മഠത്തിന്റെ മുറ്റത്തു സകല ജനങ്ങൾക്കും കണ്ടു വന്ദിക്കുവാൻ സകൗര്യമുള്ള ഒരുയർന്ന സ്ഥലത്തു പടിഞ്ഞാട്ടു ദർശനമായി പ്രതി‌ഷ്ഠിച്ചു. അപ്പോൾ സൂര്യകോടി പ്രകാശത്തോടുകൂടി പ്രജ്വലിച്ചുകൊണ്ടിരുന്ന ആ സുദർശനം കണ്ട് എല്ലാവരും വന്ദിച്ചു. ഉടനെ അന്തർജ്ജനം ആ സുദർശനചക്രത്തിന്റെ പൂജാ നിവേദ്യാദികളും തൃപ്പടിദാനമായി സമർപ്പിച്ചിരിക്കുന്നു എന്നൊരാധാരം എഴുതിച്ചു സുദർശനത്തിന്റെ തിരുമുൻപിൽ വെയ്ക്കുകയും അവിടുത്തെ കാര്യാന്വേ‌ഷണങ്ങൾക്കായി തന്റെ ദായാദന്മാരായ മൂന്നില്ലക്കാരെയും കണക്കെഴുത്തിനായി കുന്നനെയും നിയമിക്കുകയും ചെയ്തു. അനന്തരം ബ്രഹ്മചാരി അവിടെ കൂടിയിരുന്ന ജനങ്ങളോട്, "ഈ സുദർശനത്തെ ഭക്തിപൂർവ്വം വന്ദിച്ചു പ്രാർത്ഥിച്ചാൽ സകലജനങ്ങൾക്കും സകലാഭീഷ്ടങ്ങളും സാധിക്കും" എന്നു പറഞ്ഞു. ഉടനെ എല്ലാവരും അവരവരുടെ ആഗ്രഹസിദ്ധിക്കായി സുദർശനചക്രത്തെ ഭക്തിപൂർവം വന്ദിച്ചു കണ്ണടച്ചു പ്രാർത്ഥിച്ചുകൊണ്ടുനിന്നു. അവർ കണ്ണു തുറന്നുനോക്കിയപ്പോൾ ബ്രഹ്മചാരികളേയും ചംക്രോത്തമ്മയേയും ചിരുതേച്ചിയേയും അവിടെ കാൺമാനില്ലായിരുന്നു. തൊകലെനെക്കൊന്ന ബ്രഹ്മചാരി മഹാവി‌ഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ സാക്ഷാൽ വാമനമൂർത്തിയും മറ്റേ ബ്രഹ്മചാരികളിലൊരാൾ ശിവാംശസംഭൂതനായ ദുർവ്വാസസ്സുമഹർ‌ഷിയും ശേ‌ഷം നാലു പേരും അദ്ദേഹത്തിന്റെ ശി‌ഷ്യന്മാരും ആയിരുന്നുവെന്നും അന്തർജ്ജനത്തിനും ചിരുതേച്ചിക്കും ഭഗവൽസായൂജ്യം സിദ്ധിച്ചതിനാലാണ് അവർ അപ്രത്യക്ഷരായതെന്നുമാണ് ജനവിശ്വാസം. ചക്രപ്രതി‌ഷ്ഠനിമിത്തം ആ ദേശത്തിനു "മല്ലികവന"മെന്നായിരുന്ന പുരാതന നാമധേയം പോയി "ചക്രപുര"മെന്നായിത്തീർന്നു. പിന്നെയവിടെ ശ്രീവല്ലഭന്റെ (മഹാ വി‌ഷ്ണുവിന്റെ) പ്രതി‌ഷ്ഠയുണ്ടായിരുന്നതിനാലാണ് ആ ദേശത്തിന് "ശ്രീവല്ലഭപുരം" (തിരുവല്ലാ ഗ്രാമം) എന്നു നാമം സിദ്ധിച്ചത്.1a0.

No comments:

Post a Comment