ജപം
ധ്യാനത്തിനുശേഷം ജപമാണ്. വളരെയധികം നിയമങ്ങള്‍ ഉള്ളതാണ് ജപമെങ്കിലും ഗുരുദത്തമായ മന്ത്രം, കൃത്യനിഷ്ഠയോടെ, കൃത്യം എണ്ണം ജപിക്കുകയാണുവേണ്ടത്. മാനസീകം, ഉപാംശു, വാചികം, ആംഗികം, അനുരണ്യം ഇങ്ങിനെ ജപം അഞ്ചുവിധം ഉണ്ടെങ്കിലും ആദ്യ മൂന്നെണ്ണമാണ് പ്രചലിതം. മനസ്സുകൊണ്ട് മന്ത്രം ജപിക്കുന്നത് മാനസികം. ചുണ്ടനക്കി ഒച്ച കേള്‍പ്പിക്കാതെ ജപിക്കുന്നത് ഉപാംശു. ഉറക്കെയുറക്കെ ജപിക്കുന്നത് വാചികം. മന്ത്രമില്ലാത്ത മുദ്രകളോടെയുള്ള ജപം ആംഗികം. മന്ത്രം ജപിക്കുന്ന ആളുടെ സമീപത്ത് സ്പര്‍ശത്തോടൊപ്പം ഇരുന്ന് മന്ത്രസ്പന്ദനം ഏല്‍ക്കുന്നത് അനുരണ്യജപം. ഇങ്ങനെയാണത്. സാധാരണക്കാര്‍ക്ക് വാചികജപം മതി. മനസികത്തിന് ഉയര്‍ന്ന ശ്രദ്ധയും കഴിവും ശുദ്ധതയും വേണം. ഷഡംഗം, സാക്ഷസൂത്രം, സാഷ്ടാംഗം, സാധാരണം ഇങ്ങനെയും ജപം നാലുവിധമുണ്ട്. സാധാരണ ജപം വെറുതെ ജപിച്ചുപോകുന്നതാണ്. മാല പുസ്തക ഉപവിതാദികള്‍ വേണമെന്നില്ല. സാക്ഷസുത്രത്തിന് മാലയും യജ്ഞോപവിതവും വേണമെന്നുണ്ട്. ഷഡംഗത്തില്‍ കര- ഹൃദയ, ഋഷിഛന്ദാദിന്യാസത്തോടെയാണ്. സാഷ്ടാംഗത്തില്‍ യന്ത്രം, മാല, സൂത്രം, ജപം, ആസനം, ന്യാസം, കവചം, ധ്യാനം ഈ എട്ടെണ്ണം ഒപ്പമുണ്ടായിരിക്കണം. കൂടുതലും താന്ത്രിക ഉപാസനയിലാണിത്. ഓരോ ഗുരു പരമ്പരയ്ക്കനുസരിച്ച് ഇത് ചെയ്യാം.
മാലയും നാലുവിധമുണ്ട്. അക്ഷമാല അഥവാ മുത്തുകള്‍ കൊരുത്തമാല ഒന്നാമത്തേത്. ഇതിന്റെ ഇടയില്‍ ഗ്രന്ഥികള്‍ കൊടുത്ത് ഓരോ മുത്തും വേര്‍തിരിച്ചിട്ടുട്ടുണ്ടാകും. മന്ത്രം പോലെതന്നെ ദീക്ഷാരൂപമാണ് മാലയും. ഇതിടാന്‍ ഉറയോ സഞ്ചിയോ വേണം താനും. അനേകം ശുദ്ധികള്‍ക്ക് ശേഷമേ ജപമാലയ്ക്ക് മന്ത്രബലമുണ്ടാകൂ. ജപിക്കുന്നയാളിന്റെ ആയുധമാണ് ജപമാല. ഓരോ ദേവതയ്ക്കും പ്രതേ്യക പ്രതേ്യക ദ്രവ്യങ്ങളുടെ അക്ഷങ്ങളാണു ഉള്ളത്.
രുദ്രാക്ഷം, ചന്ദനം, തുളസി, രക്ഷചന്ദനം, സ്ഫടികള്‍, മുത്ത്, പവിഴം, കൂവളം, ലോഹം ഇങ്ങിനെ പോകുന്നു. രണ്ടാമത്തെ മാല മണിമാല. ഇതിനിടയില്‍ ഗ്രന്ഥികള്‍ ഉണ്ടാവുകയില്ല. ഏതു മണികളും ഉപയോഗിക്കാം. കേവലം എണ്ണം അറിയാനാണിതിന്റെ ഉപയോഗം. കരമാലയാണ് മൂന്നാമത്തേത്. കൈവിരലുകളിലൂടെ ജപസംഖ്യ അറിയുന്നതാണ് കരമാല. നാലാമത്തേത് വര്‍ണമാല. ഓം മുതല്‍ അ യിലൂടെയും ക്ഷയും ത്രയും ജ്ഞയുമടക്കം 54 മന്ത്രവര്‍ണങ്ങളെ മന്ത്രത്തോടൊപ്പം ചേര്‍ത്ത് മുന്നോട്ടും ഇതു മുതല്‍ അപ്രകാരം തന്നെ പിന്നോട്ടും ചെയ്യുന്നതാണിത്. ഇവിടെ സ്ഥൂലമാലകള്‍ എണ്ണത്തിനായി ഉപയോഗിക്കുന്നില്ല. ജപത്തിന് 108 എന്ന എണ്ണം പൊതുവാണ്. 101 എണ്ണവും പിന്നെ പിഴതീര്‍ക്കാന്‍ 7ഉം ഉപയോഗിക്കുന്നു. 54 തുടങ്ങിയ ചില പ്രതേ്യക സംഖ്യകളിലുള്ള ജപവും ഉണ്ട്. വ്യത്യസ്തമായ ദേവതകള്‍ക്കും കാര്യ സങ്കല്‍പത്തിനുമാണിത്. അതുപോലെ മന്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്. ഗൃഹസ്ഥാശ്രമിക്കും സംന്യാസിക്കും അനേ്വഷകനും ഒക്കെ മന്ത്രങ്ങള്‍ ഭിന്നമാണ്.
ഹരിസ്വാമികള്‍
No comments:
Post a Comment