ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, May 5, 2016

കല്പവൃക്ഷമായ തെങ്ങ്‌

�� സുഭാഷിതം ��

പ്രഥമവയസി ദത്തം
           തോയമല്പം സ്മരന്തഃ
ശിരസി നിഹിതഭാരാഃ
            നാരികേലാ നരാണാം
സലിലമമൃതകല്പം
             ദദ്യുരാജീവനാന്തം
ന ഹി കൃതമുപകാരം
              സാധവോ വിസ്മരന്തി

ജലമൊരു ലവമാത്രം
        പണ്ടൊരാൾനല്കിയെന്നോർ-
ത്തതിനു പകരമായി-
         ത്തൻ ശിരസ്സിൽ, കൊടുപ്പാൻ
അമൃതജലവുമായി-
          ട്ടെന്നുമേ നില്പു കേരം
സുകൃതികളുപകാരം
           വിസ്മരിയ്ക്കില്ല തെല്ലും.

നമ്മുടെ കല്പവൃക്ഷമായ തെങ്ങ് നല്കുന്ന മഹത്തായ ഒരു സന്ദേശമാണ് ഈ സുഭാഷിതത്തിലുളളത്. തെങ്ങ് നടുന്നത് കുംഭമാസത്തിലെ നല്ല വേനൽ ചൂടിലാണ്. പിന്നീടതിന് രണ്ടു നേരവും ജലം നല്കി നനച്ച് ശുശ്രൂഷിച്ച് വളർത്തിക്കൊണ്ടു വരുന്നു. നാല്ക്കാലികളിൽ നിന്നും രക്ഷയ്ക്കായി വേലി വളച്ചു കെട്ടുന്നു. ഓരോ കൂമ്പു വരുന്നതും പട്ട വിരിയുന്നതും ശ്രദ്ധാപൂർവ്വം നിരീക്ഷിയ്ക്കുന്നു. അതു കണ്ട് ആനന്ദിയ്ക്കുന്നു.

തൻറെ ഒന്നാമത്തെ വയസ്സിൽ തനിയ്ക്കു ചെയ്ത ഈ ഉപകാരം, ഒരാൾ പകർന്നു തന്ന ജലം ഒന്നും ഈ തെങ്ങ് ഒരിയ്ക്കലും മറക്കുന്നില്ല. പ്രത്യുപകാരമായി ആജീവനാന്തം തൻറെ ശിരസ്സിൽ അമൃത് പോലുളള മധുരജലം നിറച്ച കുംഭം വഹിച്ചു നില കൊളളുന്നു. നോക്കൂ അതിൻറെ ഉപകാരസ്മരണയും കൃതജ്ഞതാഭാവവും.

സമൂഹജീവിയായ മനുഷ്യന് പരസ്പരം സഹായങ്ങൾ കൊടുത്തും വാങ്ങിയും മാത്രമേ മുന്നോട്ടു പോകാനാകൂ. മറ്റുളളവരിൽ നിന്നും തനിയ്ക്ക് കിട്ടിയ ഉപകാരങ്ങൾ നാമൊരിയ്ക്കലും വിസ്മരിയ്ക്കരുത്. നാം മറ്റുളളവർക്ക് ഉപകാരം ചെയ്യുമ്പോഴോ, ഒരിയ്ക്കലും ഒരു പ്രത്യുകാരവും പ്രതീക്ഷിയ്ക്കയുമരുത്. വാണിജ്യഭാവം വരരുത് എന്നർത്ഥം. താൻ ഒരു സമൂഹജീവി എന്ന നിലയ്ക്കുളള കടമ നിർവ്വഹിയ്ക്കാൻ ലഭിച്ച അവസരമായി മാത്രമേ അതിനെ കാണാവൂ.

ഇന്നത്തെ (എന്നല്ല എന്നത്തേയും) കുട്ടികൾ (മുതിർന്നവരും) തങ്ങളുടെ മാതാപിതാക്കൾ തങ്ങളെ തങ്ങളാക്കിയത് എങ്ങനെ എന്ന് ഒരിയ്ക്കലും വിസ്മരിയ്ക്കരുത്. ഏത് പ്രത്യുപകാരവും അര്യാപ്തമാകുന്ന ത്യാഗമാണല്ലോ  അവരുടേത്.

ഉപകാരസ്മരണയും കൃതജ്ഞതാഭാവവുമാണ് മനുഷ്യനെ ആസുരഭാവത്തിൽ നിന്നും ദൈവികഭാവത്തിലേയ്ക്ക് ഉയർത്തുന്ന ഘടകം എന്ന ബോധം നമ്മിൽ സദാ തെളിഞ്ഞു നില്ക്കട്ടെ!

              ■■ശുഭമസ്തു■■

No comments:

Post a Comment