ശ്രീ മഹാവിഷ്ണുവിന്‍റെ ആദ്യത്തെ അവതാരമായ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം ''മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം''........!
വയനാട് ജില്ലയില്‍ മീനങ്ങാടി പഞ്ചായത്തിലാണ് പുരാതനമായ മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം. ആദ്യത്തെ അവതാരമായ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏകക്ഷേത്രമെന്ന പ്രസിദ്ധിയും ഈ മഹാക്ഷേത്രത്തിനുണ്ട്.
മത്സ്യാവതാരക്ഷേത്രമുറ്റത്തായി പന്തല്‍. പന്തലിനുള്ളില്‍ ബലിക്കല്ല്. അകത്ത് കടന്നാല്‍ ശ്രീകോവിലില്‍ ചതുര്‍ബാഹുവായ മഹാവഷ്ണു. കിഴക്കോട്ട് ദര്‍ശനം, കന്നിമൂലയില്‍ അയ്യപ്പന്‍, തൊട്ടടുത്ത് ഗണപതി, ദുര്‍ഗ. ക്ഷേത്രക്കുളം മുന്നിലെ അകലെയാണ്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതുവഴി പോയ ഒരു ഋഷിവര്യന്‍ സമീപത്ത് കണ്ട ജലാശയത്തില്‍ ദേഹശുദ്ധി വരുത്താനായി ഇറങ്ങിയത്രേ. അദ്ദേഹം കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ നിന്നൊരു മത്സ്യം വായുവിലേക്ക് ഉയര്‍ന്ന് നൃത്തമാടി കുളത്തിലേക്ക് താഴ്‌ന്നുപോയി. പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍ സംശയാലുവായ ആ താപസന്‍ മഹാവിഷ്ണുവിന്‍റെ സാന്നിധ്യം ഈ സ്ഥലത്തുണ്ടെന്ന് ദിവ്യദൃഷ്ടിയില്‍ അറിഞ്ഞു. ഉടനെ കരയ്ക്കുകയറി ജലാശയത്തിന്‍റെ പടിഞ്ഞാറുവശത്ത് ഉയര്‍ന്നൊരുസ്ഥലത്ത് മത്സ്യാവതാര സങ്കല്‍പത്തില്‍ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. പിന്നെ നാട്ടുമുഖ്യന്മാരെ വിളിച്ച് വിവരം അറിയിക്കുകയും ക്ഷേത്രം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അന്ന് മീനാടിയ സ്ഥലമാണ് ഇന്ന് മീനങ്ങാടിയായത്. മീനാടി, മീന്‍ അങ്കിടി, എന്നൊക്കെ പഴയപേരുകള്‍. ഈ പേരുകളാണ് പിന്നീട് മീനങ്ങാടിയായി മാറിയതെന്ന് പഴമ.
അന്ന് നിര്‍മ്മിച്ചക്ഷേത്രം പില്‍ക്കാലത്ത് അഗ്നിക്കിരയായി. അത് വീണ്ടും പുതുക്കിപണിയുകയും ചെയ്തു. ഇത് ടിപ്പുവിന്‍റെ പടയോട്ടക്കാലത്തായിരുന്നുവെന്ന് ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നു.
പാല്‍പ്പായസവും നെയ്പായസവും കൂടാതെ പുഷ്പാജ്ഞലിയും മറ്റും വഴിപാടായി നടത്തിവരുന്നു. മംഗല്യഭാഗ്യത്തിന് ഇവിടെ വഴിപാടുകള്‍ നടത്തുന്നത് ഫലവത്താണെന്ന് അനുഭവസ്ഥര്‍.
കുംഭമാസത്തിലെ പൂരുട്ടാതി, ഉത്രട്ടായി നാളുകളിലാണ് ഉത്സവം. തിടമ്പുനൃത്തവും തായമ്പകവും നടക്കുന്നു. ആദ്യദിവസം കൂട്ടക്കാവില്‍ നിന്നും എഴുന്നെള്ളത്ത് ഉണ്ടാകും. അന്നുരാത്രിയില്‍ വെള്ളാട്ടും നടക്കും. കരുമന്‍കാവില്‍ നിന്നുള്ളതാണ് പിറ്റേദിവസത്തെ പ്രധാന ചടങ്ങ്. രാത്രിയില്‍ തിറ വെള്ളാട്ടമായി പരിപാടിക്ക് കൊഴുപ്പേകും. അടുത്തദിവസം ഭഗവതിയുടെ തിറ ഉച്ചയ്ക്കാണ്. മറ്റ് തിറകളും ഉണ്ടാകും. കൂടാതെ ആദിവാസി സമൂഹം അവതരിപ്പിക്കുന്ന തോറ്റം, പട്ടക്കളി, കോല്‍ക്കളി എന്നിവയും ഉത്സവപരിപാടിക്ക് മാറ്റുകൂട്ടും. ആയിരക്കണക്കിന് ആദിവാസുകളും ഉത്സവത്തിനായി ഇവിടെ എത്താറുണ്ട്.
No comments:
Post a Comment