ഏകാദശി വ്രതം
------------
എല്ലാ മാസത്തിലും കറുത്തവാവിന് മുമ്പും വെളുത്തവാവിന് മുമ്പും ഓരോ ഏകാദശി വരും. വിഷ്ണുപ്രീതിയ്ക്കും പാപശാന്തിയ്ക്കുമായി ഭക്തര്‍ ഏകാദശിവ്രതം പിടിക്കാറുണ്ട്. ഒരു വര്‍ഷം 24 ഏകാദശി ഉണ്ടാകും.
ഏകാദശി രണ്ട് വിധമുണ്ട്:
ഭൂരിപക്ഷ ഏകാദശി
---------------
സൂര്യോദയത്തില്‍ ദശമീബന്ധമുള്ള ഏകാദശിയാണ് 'ഭൂരിപക്ഷ ഏകാദശി'
(സൂര്യോദയം മുതല്‍ വ്രതം ആരംഭിക്കാം)
ആനന്ദപക്ഷ ഏകാദശി
----------------
സൂര്യോദയത്തില്‍ ദ്വാദശീബന്ധമുള്ള ഏകാദശിയാണ് 'ആനന്ദപക്ഷ ഏകാദശി'
ആനന്ദപക്ഷ ഏകാദശി (സൂര്യോദയത്തിന് നാല് നാഴിക മുമ്പ് - 1 മണിക്കൂര്‍ 36 മിനിട്ട് മുമ്പ് - മുതല്‍ വ്രതം ആരംഭിക്കാം). അതായത്, സൂര്യോദയസമയത്ത് ദശമിതിഥി ആണെങ്കില്‍ ആനന്ദപക്ഷ ഏകാദശി പിടിക്കുന്നവര്‍ അന്നല്ല, പിറ്റേദിവസം മാത്രമേ അവര്‍ വ്രതം ആചരിക്കുകയുള്ളൂ.
രണ്ടുദിവസം ഉദയത്തില്‍ ഏകാദശി വന്നാല്‍ രണ്ടാംദിവസം വ്രതം നോല്‍ക്കുന്ന രീതിയാണ് അവലംബിക്കുന്നത് (ശുഭകാര്യങ്ങള്‍ക്ക് രണ്ടാംദിനവും, പിതൃകാര്യങ്ങള്‍ക്ക് ഒന്നാംദിനവും എന്ന രീതി)
ആത്മീയമായ അവബോധം നേടാനും ബ്രഹ്മജ്ഞാനം നേടാനും ആഗ്രഹിക്കുന്നവര്‍ ദ്വാദശിബന്ധമുള്ള 'ആനന്ദപക്ഷ ഏകാദശി' വ്രതമാണ് പിടിക്കുന്നത്.
ഏകാദശിവ്രതം എടുക്കുന്നവര്‍ ഇവയിലൊരെണ്ണം സ്ഥിരമായി എടുക്കുന്നതാണ് പൊതുവെ കണ്ടുവരുന്നത്.
ഏകാദശിദിവസം ഒരു നേരത്തേ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. വെറും തറയില്‍ ശയിക്കണം (ആരോഗ്യസ്ഥിതി പ്രതികൂലമായുള്ളവര്‍ ഇത് ബാധകമാക്കരുത്). രാവിലെ എണ്ണ തേക്കാതെ കുളികഴിഞ്ഞ് വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ച ശേഷം വിഷ്ണുക്ഷേത്രദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തണം. (ശ്രദ്ധിക്കുക: സ്വന്തം വീട്ടില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കാതെ ക്ഷേത്രദര്‍ശനം നടത്തരുത്) പകലുറക്കം പാടില്ല. തുളസിയിലയിട്ട ദാഹജലം കുടിക്കാം. ഏകാദശിയുടെ അവസാന ആറ് മണിക്കൂറും ദ്വാദശിയുടെ ആദ്യ ആറ് മണിക്കൂറും ചേര്‍ന്നുള്ള 12 മണിക്കൂര്‍നേരം കഠിനവ്രതം പിടിക്കുന്നത് അത്യുത്തമം.
വാക്കും മനസ്സും ശരീരവും ശുദ്ധമായി സൂക്ഷിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. മൗനവ്രതമാണ് ഏറ്റവും ശുഭപ്രദം.
ദ്വാദശി ദിനത്തില്‍ കുളിച്ച്, ക്ഷേത്രദര്‍ശനവും നടത്തി, കഴിയുമെങ്കില്‍ സാധുക്കള്‍ക്ക് അന്നദാനവും നടത്തി, വ്രതം അവസാനിപ്പിക്കാനായി ഭക്ഷണം കഴിക്കാം. പക്ഷെ, അന്ന് പിന്നെ അരിയാഹാരം കഴിക്കാനും പാടുള്ളതല്ല (മറ്റുള്ളവ കഴിക്കാം).
ചില പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഏകാദശി ദിവസം മത്സ്യബന്ധനത്തിന് പോകാതെ അന്ന് വ്രതം ആചരിക്കാറുണ്ട്.
ഏകാദശിവ്രതം പിടിക്കാന്‍ കഴിയാത്തവര്‍ അന്ന് വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത് ശ്രേയസ്ക്കരമായിരിക്കും.
-----------------
No comments:
Post a Comment