ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, May 5, 2016

എന്താണ് അക്ഷയ തൃതീയ?

അക്ഷയതൃതീയ: 09-5-2016 തിങ്കളാഴ്ച
---------------------------

എന്താണ് അക്ഷയ തൃതീയ?

"അക്ഷയതൃതീയ' ദിവസം നമുക്കും കുറെ സ്വര്‍ണ്ണവും രത്നങ്ങളും വാങ്ങിക്കൂടെ അച്ഛാ? പത്രത്തിലും
റ്റീവിയിലെ മിക്ക ചാനലുകളിലും പരസ്യം കാണുന്നുണ്ടല്ലോ, അന്നേ ദിവസം നമ്മള്‍ അതൊക്കെ വാങ്ങിയാല്‍
നമുക്ക് അടുത്ത അക്ഷയതൃതീയ വരെ സകല ഐശ്വര്യവും ഇങ്ങനെ ഒഴുകി എത്തില്ലേ അച്ഛാ? നമ്മുടെ
കടങ്ങളൊക്കെ പിന്നെ പെട്ടെന്ന്‍ തീര്‍ത്തുകൂടെ?" എന്‍റെ മകളുടെ സംശയം തീര്‍ത്തുകൊടുക്കാതെ തരമില്ലല്ലോ...

"മോളെ, മോള്‍ക്ക് ഈ അക്ഷയതൃതീയ എന്താണെന്ന് അറിയാമോ?" ഇല്ലെന്ന് അവള്‍ നിഷ്ക്കളങ്കമായി
മറുപടി നല്‍കി.

"കൃതായുഗവും ത്രേതായുഗവും ദ്വാപരയുഗവും പിന്നെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കലിയുഗവും
ചേര്‍ന്നുള്ള ചതുര്‍യുഗങ്ങള്‍ ആരംഭിച്ചത് രാശിചക്രത്തിലെ ആദ്യ മാസമായ മേടത്തിലെ ശുക്ലപക്ഷത്തിലെ
പ്രഥമ തിഥിയില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ചില സ്വര്‍ണ്ണക്കടക്കാര്‍ ഈ യുഗങ്ങള്‍ ആരംഭിച്ചതും തൃതീയ
തിഥിയില്‍ ആയിരുന്നു എന്നാക്കിയിട്ടുണ്ട്"

"തൃതീയ തിഥിയില്‍ പിന്നെയുമുണ്ട് വിശേഷങ്ങള്‍. ധര്‍മ്മപുത്രര്‍ക്ക് സൂര്യഭഗവാന്‍ 'അക്ഷയപാത്രം'
നല്കിയതും ശ്രീ പരശുരാമന്‍റെ ജനനവും കുചേലന് ശ്രീകൃഷ്ണന്‍ ദര്‍ശനം നല്കിയതും വേദവ്യസന്‍റെ
ജനനവും ഈ തൃതീയ തിഥിയില്‍ ആയിരുന്നത്രേ. ഭഗീരഥന്‍ തപസ്സു ചെയ്ത് ഗംഗാനദിയെ
ഭൂമിയിലേക്കിറക്കിയതും ഈ ദിനത്തിലാണെന്നും വൈശാഖമാസത്തിലാണ് നരസിംഹമൂര്‍ത്തിയുടെ
ജനനമെന്നും അങ്ങനെ ഐതിഹ്യങ്ങള്‍ വേറെയുമുണ്ട്"

"അച്ഛാ, പരശുരാമന്‍ ജനിച്ചപ്പോഴും കുചേലന് ശ്രീകൃഷ്ണന്‍ ദര്‍ശനം നല്‍കിയപ്പോഴും സൂര്യഭഗവാന്‍
അക്ഷയപാത്രം സമ്മാനിച്ചപ്പോഴും വേദവ്യാസന്‍ ജനിച്ചപ്പോഴും സ്വര്‍ണ്ണക്കടകളില്‍ നിന്നും സ്വര്‍ണ്ണമോ
രത്നമോ വാങ്ങിയാല്‍ ഭാഗ്യം ലഭിക്കുമെന്ന് പറഞ്ഞിരുന്നോ അച്ഛാ?"

"മോളെ, നമ്മുടെ വീട്ടില്‍ എത്ര പുരാണ പുസ്തകങ്ങളുണ്ട്? വേദങ്ങളും ഉപനിഷത്തുകളും ഗരുഡപുരാണവും
ഭഗവത് ഗീതയും ശ്രീ ശാരദാതിലകവും പിന്നെ കുറെയേറെ ജ്യോതിഷ പുസ്തകങ്ങളും തന്ത്രശാസ്ത്ര
ഗ്രന്ഥങ്ങളും ഇല്ലേ? ഇവയിലൊന്നും അച്ഛന്‍ അങ്ങനെയൊരു 'ഭാഗ്യം വരുന്ന' കാര്യം വായിച്ചതായി
ഓര്‍ക്കുന്നില്ലല്ലോ. ഇനി അച്ഛന്‍റെ ഓര്‍മ്മപ്പിശകാണോ എന്നുമറിയില്ല മോളെ"

"അക്ഷയതൃതീയ ദിവസം പണം കൊടുത്ത് ഒന്നും വാങ്ങാന്‍ പാടില്ലേ അച്ഛാ?" മകളുടെ സംശയം കൂടിക്കൂടി
വരികയാണ്.

"മോളെ, അക്ഷയതൃതീയ ദിവസം സ്വര്‍ണ്ണവും രത്നങ്ങളും വാങ്ങുന്നത് ഭാഗ്യമാണോ എന്ന്‍ നമുക്ക് അച്ഛന്‍റെ
ഗുരുനാഥനോട്‌ ഒന്ന് ചോദിച്ചാലോ...? അദ്ദേഹം ജനിച്ചപ്പോഴും ഇങ്ങനെയുള്ള വിചിത്രമായ ആചാരങ്ങള്‍
ഉണ്ടായിരുന്നോ എന്നറിയാമല്ലോ...!!"

അങ്ങനെ എന്‍റെ ഗുരുനാഥനെ ഫോണില്‍ ഒന്ന്‍ ബന്ധപ്പെട്ടു. രോഗശയ്യയില്‍ കിടക്കുകയാണെങ്കിലും
കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്‍റെ ചോദ്യത്തിന് മറുപടി നല്‍കി: "ഇതൊക്കെ
സ്വര്‍ണ്ണക്കടക്കാരുടെ ശുദ്ധ തട്ടിപ്പല്ലേ? അന്ന് ദാനം കൊടുക്കണമെന്നാണ്‌ ഞങ്ങളെയൊക്കെ പഠിപ്പിച്ചിരിക്കുന്നത്.
ഈ രത്നവ്യാപാരികളും സ്വര്‍ണ്ണവ്യാപാരികളും അന്ന് അവരുടെ കയ്യിലുള്ള ഈ 'അമൂല്യ വസ്തുക്കള്‍'
കൈമാറുന്നതുകൊണ്ട് അവര്‍ക്ക് ദോഷമൊന്നും സംഭവിക്കുകയില്ലേ? ഇത്ര പഠിപ്പും പത്രാസ്സുമൊക്കെ
ഉണ്ടായിട്ടും നമ്മള്‍ വീണ്ടും വീണ്ടും മണ്ടത്തരത്തില്‍ വീണുകൊണ്ടേയിരിക്കുന്നു.... അദ്ദേഹം പറഞ്ഞുനിര്‍ത്തി.

വിഷമഘട്ടത്തിലായിരുന്ന ദേവേന്ദ്രനോട് ബൃഹസ്പതി ഉപദേശിക്കുന്ന ഒരു കഥയുണ്ട്. അതിപ്രകാരമാകുന്നു:

"ഇന്ദ്രാ നീ ഒട്ടും വിഷമിക്കേണ്ടതില്ല. അക്ഷയതൃതീയയില്‍ യഥാവിധി സ്നാന, ദാന, വ്രത ശുദ്ധിയോടെ
ഭഗവാനെ ഭജിച്ചാല്‍ എല്ലാ പാപങ്ങളും നശിക്കും... ദേവദേവനായ പരമാത്മാവിന്‍റെ പ്രീതി ലഭിക്കും"

കലിക്ക് ഇരിക്കാൻ വേണ്ടി കലി ചോദിച്ചു വാങ്ങിയ ഇരിപ്പിടമാണ് സ്വര്‍ണ്ണം. സ്വർണ്ണത്തിലിരുന്ന് കലിയും
കൂടെപ്പോരും. അങ്ങനെ മറ്റൊരു കഥയുംകൂടിയുണ്ട്.

"അച്ഛനേക്കാള്‍ വിവരവും ലോകപരിചയവുമുള്ള തിരുമേനി പറഞ്ഞതും മോള്‍ കേട്ടില്ലേ? ഇനിയും
എന്തെങ്കിലും സംശയമുണ്ടോ?" ഞാന്‍ മകളോട് ചോദിച്ചു.

"അച്ഛാ, അക്ഷയതൃതീയ ദിവസം നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടത്?"

"രാവിലെ ശുദ്ധമായി നിലവിളക്ക് കൊളുത്തി ഗണപതിയേയും മഹാലക്ഷ്മിയേയും മറ്റ് ഇഷ്ടദേവതകളേയും
പ്രാര്‍ത്ഥിക്കണം. ഇഷ്ടമന്ത്രങ്ങള്‍ നമ്മുടെ വെബ്സൈറ്റിലും (
http://www.utharaastrology.com/pages/manthram.html ) ലഭ്യമാണല്ലോ... എന്നിട്ട് നമ്മുടെ
കുടുംബത്തെ പട്ടിണിയില്ലാതെ കഴിയാനുള്ള പണത്തിന്‍റെ ബാക്കിയുണ്ടെങ്കില്‍ അതില്‍ നിന്നും കുറെ
തുകയെടുത്ത് അനാഥാലയത്തിലോ അല്ലെങ്കില്‍ ശബരിമല വനത്തില്‍ കഴിക്കാന്‍ അരിയാഹാരമില്ലാതെ
കഴിയുന്ന നിര്‍ദ്ധനരായ ജനങ്ങള്‍ക്കോ കഴിയുന്ന സഹായം സകുടുംബമായി ചെന്ന് ചെയ്തുകൊടുക്കണം"

"അപ്പോള്‍ ഇങ്ങനെ ചെയ്യുന്ന ദാനമാണോ അതോ കാശുകൊടുത്ത് കടകളില്‍ നിന്ന് രത്നവും സ്വര്‍ണ്ണവും
വാങ്ങുന്നതാണോ അച്ഛാ 'അക്ഷയ'മായ കര്‍മ്മം?" മകളുടെ സംശയം സ്വാഭാവികം മാത്രം.

"മോളേ, കടകളില്‍ നിന്നും അക്ഷയ തൃതീയ ദിവസം പണം കൊടുത്ത് വാങ്ങുന്ന രത്നവും സ്വര്‍ണ്ണവും 
കുറച്ചുനാള്‍ കഴിഞ്ഞ് അവിടെത്തന്നെ ഒന്ന് കൊണ്ടുപോയി കൊടുത്തുനോക്കൂ. അപ്പോള്‍ അറിയാം,
അവരുടെ നാവില്‍നിന്നും വരുന്ന അക്ഷയതൃതീയയും, പാനപാത്രവും."

"അച്ഛാ, എല്ലാര്‍ക്കും വജ്രം ധരിക്കാമെന്നും എല്ലാ വീട്ടിലും വജ്രം വെക്കാമെന്നും പരസ്യം കാണുന്നുണ്ടല്ലോ.
നമുക്കും കുറെ വാങ്ങിക്കൂടെ അച്ഛാ?" മകളുടെ സംശയം വജ്രത്തിലേക്ക് തിരിഞ്ഞെന്ന് തോന്നുന്നു.

"മോളെ, ഗ്രഹനിലയില്‍ ശുക്രന്‍റെ സ്ഥിതി അനുകൂലമാണോ എന്ന് നോക്കാതെയും ശുക്രന്‍റെ പ്രതികൂല
ഗ്രഹത്തിന്‍റെ ദശ നടക്കുന്ന സമയത്തും നമ്മള്‍ വജ്രം ധരിക്കരുത്. ഇങ്ങനെ പരസ്യം നല്‍കുന്ന കടകളില്‍
നിന്നും 'കസ്റ്റമര്‍ക്ക് ജ്യോതിഷപരമായി വജ്രം ധരിക്കാന്‍ കഴിയില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത്
തിരിച്ചുനല്‍കുമ്പോള്‍ യാതൊരു കുറവും വരാതെ തന്ന പണം തിരിച്ചുനല്‍കുന്നതാണ്' എന്നൊക്കെ ഒരു
ഉറപ്പ് ഈ കടക്കാര്‍ നല്‍കിയാല്‍ പിന്നെ സംശയിക്കാതെ അവിടെ നിന്നും വജ്രമോ മറ്റ് രത്നങ്ങളോ
വാങ്ങാമല്ലോ"

"അച്ഛാ, എല്ലാ രത്നക്കടക്കാരും സര്‍ട്ടിഫിക്കറ്റ് നല്‍കുമോ? അവര്‍ അത് എങ്ങനെയാണ് ടെസ്റ്റ്‌ ചെയ്യുന്നത്?

"മോളെ, ഇപ്പോള്‍ കണ്ടുവരുന്ന ഒരു രീതി, രത്നം വില്‍ക്കുന്ന കടക്കാര്‍ ആ രത്നങ്ങളുടെ സര്‍ട്ടിഫിക്കറ്റ്
ഏതെങ്കിലും ഒരു സ്വകാര്യ ജെം ടെസ്റ്റിംഗ് ലബോറട്ടറിയില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍
അവരുടെ കടയുടെ പേരിലുള്ള ഒരു സര്‍ട്ടിഫിക്കറ്റോ നല്‍കുക എന്നതാണ്. ഇതൊന്നും ആധികാരികമാണ്
എന്നൊന്നും പറയാന്‍ കഴിയുകയില്ല. നമ്മുടെ സംസ്ഥാനത്ത് ജിയോളജി വകുപ്പിന് കീഴിലുള്ള 'ജെം ടെസ്റ്റിംഗ്
ലബോറട്ടറി' എന്നൊരു സ്ഥാപനം തിരുവനന്തപുരത്ത് കേശവദാസപുരം എന്ന സ്ഥലത്തുണ്ട്.

ഒരു രത്നവ്യാപാരി 'മരതകം' എന്ന രത്നം ഈ സര്‍ക്കാര്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ അത് മരതകമല്ല,
മറിച്ച് മരതകത്തിന്‍റെ ഒരു ഉപരത്നമായ 'ഒനിക്സ്' ആയിരുന്നുവെന്നും അങ്ങനെ രത്നവ്യാപാരിയും
സര്‍ക്കാര്‍ ലാബിന്‍റെ ഉദ്യോഗസ്ഥനുമായി വഴക്കുണ്ടായെന്നും പറഞ്ഞുകേട്ടിട്ടില്ലേ? ഈ ലാബില്‍ രത്നങ്ങള്‍
പരിശോധിക്കണമെങ്കില്‍ സ്വര്‍ണ്ണാഭരണത്തില്‍ നിന്നും ഇളക്കി നല്‍കണം. അതായത്, സ്വകാര്യ ലാബിന്‍റെ
സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വ്യാപാരികള്‍ അത് ആഭരണത്തിലാക്കി നല്‍കുന്നതിനാല്‍ പിന്നെ ഇത്
വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ലാബില്‍ പരിശോധിക്കാനുള്ള സാഹചര്യത്തെ അവര്‍ മന:പൂര്‍വ്വം
ഇല്ലാതാക്കുന്നുവെന്നും പറയാം"

"അപ്പോള്‍ അച്ഛാ, നമ്മള്‍ വാങ്ങുന്ന രത്നങ്ങള്‍ക്ക് സര്‍ക്കാര്‍ ലാബിലെ സര്‍ട്ടിഫിക്കറ്റും അത് ധരിക്കാന്‍
സാധിക്കാതെ വന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ തയ്യാറുമുള്ള കടകളില്‍
നിന്നും മാത്രമേ ഇതൊക്കെ വാങ്ങാവൂ അല്ലേ?"

"തീര്‍ന്നില്ല മോളെ, ഇങ്ങനെ രത്നമോ ആഭരണങ്ങളോ വാങ്ങിയാല്‍ സര്‍ക്കാരിന് നികുതി നല്‍കുന്ന ഒറിജിനല്‍
ബില്ലും (ആ ബില്ലില്‍ കടയുടെ പേരും അഡ്രസ്സും ഫോണ്‍നമ്പരും നികുതി കൊടുക്കുന്ന ഒരു നമ്പരും, പിന്നെ
നമ്മുടെ പേരും അവര്‍ അച്ചടിച്ചോ എഴുതിയോ തരും) ചോദിച്ചുവാങ്ങണം. എന്നാലല്ലേ, ഈ രത്നങ്ങളോ
സ്വര്‍ണ്ണമോ തിരിച്ചു കൊടുക്കാനോ അല്ലെങ്കില്‍ ഉപഭോക്തൃ-തര്‍ക്ക പരിഹാര കോടതിയില്‍ പോകാനോ
പറ്റുകയുള്ളൂ?"

"അപ്പോള്‍ നമ്മള്‍ ഈ അക്ഷയതൃതീയ ദിവസം എന്തെങ്കിലും ദാനം ചെയ്യുമോ അച്ഛാ?"

"നമ്മുടെ അടുത്തല്ലേ ഓച്ചിറ ക്ഷേത്രം? അവിടെ നൂറുകണക്കിന് നിരാലംബരായ ജനങ്ങളില്ലേ?
പത്തനാപുരത്തും കൊട്ടാരക്കരയിലും അനാഥമന്ദിരങ്ങളില്ലേ? ശബരിമല വനത്തില്‍ ഭക്ഷണമില്ലാതെ
അരുവിയിലെ വെള്ളം കോരിക്കുടിച്ച് ജീവിക്കുന്ന കുറെ മനുഷ്യരില്ലേ? ഇവരില്‍ ആര്‍ക്കെങ്കിലും ഒരു ചാക്ക്
അരിയും കുറെ ഭക്ഷ്യധാന്യങ്ങളും വാങ്ങി നല്‍കുമ്പോള്‍ നമുക്ക് ഈശ്വരന്‍ എന്തായിരിക്കും നല്‍കുന്നത്?

"അക്ഷയമാകുന്ന അനുഗ്രഹങ്ങള്‍ ആയിരിക്കും അച്ഛാ.."

"ഇനി മോള്‍ പറയൂ... അക്ഷയതൃതീയ ദിവസം കയ്യിലെ പണം നല്‍കി രത്നവും സ്വര്‍ണ്ണവും വാങ്ങി,
കോടികള്‍ കൊയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാക്കി നല്‍കണോ അതോ, കയ്യിലെ പണത്തിന്‍റെ ഒരംശമെടുത്ത്
പാവങ്ങള്‍ക്ക് ഒരു നേരത്തേ ഭക്ഷണമോ ഉടുക്കാന്‍ വസ്ത്രമോ നല്‍കി നമ്മുടെ സകല പാപങ്ങളും നീക്കി
നമുക്കും നമ്മുടെ അടുത്ത തലമുറകള്‍ക്കും പുണ്യം വാങ്ങണമോ? മോള്‍ തന്നെ പറയൂ...."

"വേണ്ടച്ഛാ. അക്ഷയതൃതീയ എന്നാല്‍ അക്ഷയമായി നമുക്ക് ലഭിക്കുന്ന പുണ്യം മാത്രം മതിയച്ഛാ. നമ്മള്‍
എന്തിനാണ് ആഡംബരങ്ങളുടെ പുറകേ പോകുന്നത്? അക്ഷയമാകുന്ന പുണ്യം ലഭിക്കാന്‍ നമുക്കൊരു
അവസരം ലഭിക്കുമ്പോള്‍ വേറെയൊന്നും നമുക്ക് വേണ്ട. ദാനധര്‍മ്മം സകല പാപങ്ങളെയും
കഴുകിക്കളയുമല്ലോ? ഉള്ളതില്‍ ഒരു പങ്ക് ഈ  അക്ഷയതൃതീയ ദിനത്തില്‍ ഏതെങ്കിലും അനാഥമന്ദിരത്തില്‍
നല്‍കാമച്ഛാ...." മകളുടെ സന്തോഷത്തില്‍ ഞാനും പങ്കുചേര്‍ന്നു.

"ഏപ്രിൽ 1നു വിഡ്ഢികൾ ആവാൻ പറ്റാത്തവർക്ക് ഒരു സുവർണാവസരം കൂടി വരുന്നു. അത് 2016
മെയ് 09 ന് അക്ഷയതൃതീയ. (അന്ന് സ്വര്‍ണ്ണമോ രത്നമോ വാങ്ങി) വിഡ്ഢികൾ ആവുന്ന കാര്യത്തിൽ
നമ്മൾ മലയാളികൾ എന്നും ഒരു പണത്തൂക്കം മുന്നിൽ" എന്ന് ശ്രീ സി.പി. രാജേഷ് (ജ്യോതിഷ കേസരി)
തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ച വരികളോര്‍ത്ത് അറിയാതെ ചിരിച്ചും, അക്ഷയമാകുന്ന പുണ്യം
നേടാനുള്ള ഒരു മഹത്-ദിവസത്തെ സ്വര്‍ണ്ണ-രത്ന വ്യാപാരികള്‍ വിറ്റ്‌ കാശാക്കുന്നതിനെക്കുറിച്ച്
ചിന്തിച്ചുകൊണ്ടും ഞാനിരുന്നു.
-----------------

No comments:

Post a Comment