ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, May 1, 2016

സുപ്രഭാതം

സുപ്രഭാതം
____________
കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം
(ഓ രാമാ, കൗസല്യയുടെ ഏറ്റവും മിടുക്കനായ പുത്രാ, ഈ ഉഷസ്സന്ധ്യയില്‍ അതാ കിഴക്ക് പ്രഭാതം അതിവേഗത്തില്‍ വന്നണയുന്നു. നരോത്തമനായ അവിടന്ന് ദൈവീകമായ കര്‍ത്തവ്യങ്ങളിലേക്ക് ഉണര്‍ന്നാലും!)

ഭക്തിയുടെ അമൃതമഴ വര്‍ഷിച്ച് ജനഹൃദയങ്ങളില്‍ എക്കാലത്തേക്കുമായി കുടിയേറിയ ഈ സങ്കീര്‍ ത്തനം കേട്ടുകൊണ്ടാണ് ലക്ഷക്കണക്കിന് ആളുകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഭാരതത്തിലെ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവക്ഷേത്രങ്ങളിലും പ്രഭാതം ആരംഭിക്കുന്നത് ഈ ദൈവസങ്കീര്‍ത്തനത്തോടെയാണ്.

ഭാരതത്തിന്റെ ഗാനകോകിലവും ദക്ഷിണേന്ത്യയുടെ 'സുപ്രഭാത'വുമായിരുന്ന എം.എസ്. സുബ്ബലക്ഷ്മിയുടെ ധ്യാനപൂര്‍ണമായ ഈ സംഗീതവിസ്മയം ഇറങ്ങിയിട്ട് 50 സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ധന്യമായ അരനൂറ്റാണ്ട്.

പുലരിമഞ്ഞിന്റെ കുളിര്‍മയോടെ ശ്രീവെങ്കടേശ സുപ്രഭാതം നല്കുന്ന അലൗകിക പുണ്യമായിരുന്നു നമുക്ക് എം.എസ്. സുബ്ബലക്ഷ്മി. ശ്രീവെങ്കടേശ സുപ്രഭാതം അന്നും ഇന്നും ലോകത്തിന്റെ പ്രഭാതങ്ങളെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു.

ശ്രീവെങ്കടേശ സുപ്രഭാതം, ശ്രീകാമാക്ഷി സുപ്രഭാതം, ശ്രീകാശിവിശ്വനാഥ സുപ്രഭാതം എന്നിവ ഒരുമിച്ചാണ് നാമിന്ന് കേള്‍ക്കുന്നതെങ്കിലും ഇതില്‍ വെങ്കടേശസുപ്രഭാതം 1963-ലും ബാക്കി രണ്ടെണ്ണം 1977-ലുമാണ് എച്ച്.എം.വി. ഗ്രാമഫോണ്‍ കമ്പനി പുറത്തിറക്കിയത്.
സപ്തശൈലങ്ങളുടെ അധിപനായി തിരുമലയില്‍ കുടികൊള്ളുന്ന ശ്രീവെങ്കടേശസ്വാമിയെ പള്ളിയുണര്‍ത്താനുള്ള സ്‌തോത്രമാണ് ശ്രീവെങ്കടേശസുപ്രഭാതം, സ്വാമിക്കുവേണ്ടിയുള്ള ഏറ്റവും ശ്രേഷ്ഠമായ സമര്‍പ്പണവും. ('കൗസല്യാസുപ്രജാ' എന്നു തുടങ്ങുന്ന ആദ്യത്തെ വരികള്‍ സംസ്‌കൃതരാമായണത്തില്‍നിന്ന് നേരിട്ടെടുത്തതാണ്.)

ക്ഷേത്രാചാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പള്ളിയുണര്‍ത്തല്‍. നിദ്രയില്‍ ലയിച്ചിരിക്കുന്ന ഭഗവാനെ ജാഗ്രരൂകനാക്കുന്ന ചടങ്ങാണിത്. നിരവധി കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളും ദേവന്മാരെ പള്ളിയുണര്‍ത്താന്‍വേണ്ടി രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ പ്രചാരം നേടിയതും എം.എസ്സിന്റെ ശ്രീവെങ്കടേശസുപ്രഭാതമാണ്.

1361-1454 കാലഘട്ടത്തില്‍ കാഞ്ചീപുരത്ത് ജീവിച്ചിരുന്ന ഭക്തകവി ഹസ്ത്യാദ്രിനാഥനാണ് ശ്രീവെങ്കടേശസുപ്രഭാതത്തിന്റെ കര്‍ത്താവ് എന്നും അതല്ല 1430-നടുത്ത് കാഞ്ചീപുരത്ത് ജീവിച്ചിരുന്ന അനന്താചാര്യനാണ് ഇതിന്റെ സ്രഷ്ടാവ് എന്നും കരുതുന്നവരുണ്ട്.
ശ്രീവെങ്കടേശസുപ്രഭാതം നാലുഭാഗങ്ങളായിട്ടാണ് ആലപിച്ചിരിക്കുന്നത്. ദേവനെ പള്ളിയുണര്‍ത്തല്‍, സ്തുതിക്കല്‍, ശരണം പ്രാപിക്കല്‍, മംഗളാശംസ- ഈ രീതിയിലാണ് ഇതിന്റെ ഘടന.'കൗസല്യാ സുപ്രജാരാമ' എന്നുതുടങ്ങുന്ന ഭാഗം ദേവനെ പള്ളിയുണര്‍ത്താനും 'കമലാകുചചൂചുക കുങ്കുമതോ' എന്ന ശ്രീവെങ്കടേശസ്‌തോത്രം ദേവനെ സ്തുതിക്കാനും 'ഈശാനാം ജഗതോസ്യവെങ്കടപതേ' എന്നുതുടങ്ങുന്ന വെങ്കടേശോത്പത്തി ശ്ലോകങ്ങള്‍ ശരണം പ്രാപിക്കാനും 'ശ്രീകാന്തായ കല്യാണനിഥയോ' എന്നാരംഭിക്കുന്നത് ശ്രീവെങ്കടേശരന് മംഗളം ആശംസിക്കാനും വേണ്ടിയുള്ളവയാണ്.

ഈ സ്‌തോത്രം 1962-ല്‍ വി.വി. അനന്തശയനം എന്ന ഗായകനെക്കൊണ്ട് പാടിച്ച് തിരുപ്പതി ദേവസ്വം എച്ച്.എം.വി.യുടെ റെക്കോഡ് പുറത്തിറക്കിയിരുന്നു. അതിന് ഏറെ ആയുസ്സുണ്ടായില്ല. എം.എസ്. ഒരമ്മയെപ്പോലെ ഭഗവാനെ വിളിച്ചുണര്‍ത്തിയ സുപ്രഭാതമാണ് ജനം നെഞ്ചിലേറ്റിയത്.

എം.എല്‍. വസന്തകുമാരിയെക്കൊണ്ട് വെങ്കടേശസുപ്രഭാതം വീണ്ടും പാടിക്കാന്‍ ദക്ഷിണേന്ത്യയിലെ ഒരു മ്യൂസിക് കമ്പനി തീരുമാനിച്ചപ്പോള്‍ എം.എസ്. പാടി അനശ്വരമാക്കിയ സുപ്രഭാതം അവരേക്കാള്‍ നന്നായി പാടാന്‍ തനിക്കാവില്ല എന്നായിരുന്നത്രെ വസന്തകുമാരിയുടെ ഉത്തരം.

സംഗീതത്തെ സംസ്‌കാരമായി കാണാന്‍ നമ്മെ പഠിപ്പിച്ച എം.എസ്സിന്റെ അലൗകികസ്വരം നാം ആസ്വദിക്കുകയല്ല അനുഭവിക്കുകയാണ് ചെയ്യുന്നത്. ഒരു ചരിത്രപരമായ ദൗത്യം എം.എസ്. സുബ്ബലക്ഷ്മി നിര്‍വഹിക്കുകയായിരുന്നു സുപ്രഭാതത്തിലൂടെ...

No comments:

Post a Comment