ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, May 1, 2016

ഹനുമാനെ ഭജിക്കുന്നവര്‍ക്ക്‌ ശനിബാധ ഉണ്ടാവില്ലെന്നാണ

ശ്രീ പരമേശ്വരന്‍ ധ്യാനത്തി/ല്‍ ആയിരുന്നു; ഉണര്‍ന്നപ്പോള്‍ മുന്നില്‍ തൊഴുകൈയുമായി നില്‍ക്കുന്നു ശനീശ്വരന്‍.

ശിവന് അന്നുമുതല്‍ ശനിദശ തുടങ്ങുകയാണ്, കയറിക്കൂടാന്‍ വന്നതാണ്‌ ശനിദേവന്‍. ശിവഭഗവാന്‍, തന്‍റെ ജടയില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു; ധ്യാനത്തില്‍ മുഴുകി.

ശനി ജടയില്‍ പ്രവേശിച്ചതും, ശക്തമായ ഇരമ്പലും അലര്‍ച്ചയും; ജടയില്‍ വസിക്കുന്ന ഗംഗാദേവി ശനിയെ പുറത്താക്കി. ഗംഗാ ദേവിയുടെ ക്രോധം കണ്ടു ഭയന്ന ശനിദേവന്‍  പുറത്തു വന്നു, വിവരം ഭഗവാനെ അറിയിച്ചു; ശിവ ഭഗവാന്‍ പറഞ്ഞു : ”ശരിയാണ്; ഞാന്‍ ഗംഗയ്ക്ക് ആദ്യമേ ജടയില്‍ ഇടം കൊടുത്തതാണ്; എന്നെപ്പോലെ ഒരാളുണ്ട്; എന്‍റെ അംശം തന്നെ; അങ്ങോട്ട്‌ പോവുക; ശിവന്‍ ഹനുമാനെ കാണിച്ചു കൊടുത്തു.

ശനീശ്വരന്‍ ഹനുമാന്‍റെ സമീപം ചെന്നു; അദ്ദേഹം ധ്യാനനിമഗ്നന്‍ ആയിരിക്കുന്നു.ശനി ഹനുമാന്‍റെ തലയില്‍ കയറി ഇരുന്നു; രണ്ടു നിമിഷം കഴിഞ്ഞതും നല്ല ഒരു അടി ശനിയുടെ മേല്‍ പതിച്ചു; ശനി വേദനയാല്‍ പിടഞ്ഞു നിലവിളിച്ച്, മഹാദേവന്‍ അനുവദിച്ച്, വന്നതാണെന്ന് അറിയിച്ചു. ഹനുമാന്‍ അവിടെ ഇരുന്നോളാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞതും ശനിക്കു വീണ്ടും അടി കിട്ടി; ഉച്ചത്തില്‍ നിലവിളിച്ച്, എന്തിനാണ് അടിച്ചതെന്ന് തിരക്കി:

“ഞാന്‍ വാനരന്‍ ആണ്; ഇടയ്ക്കിടെ ഇങ്ങനെ അടിക്കുകയും, മാന്തുകയും ചെയ്യുക എന്‍റെ പ്രകൃതം ആണ്; അത് മാറ്റാന്‍ പറ്റില്ല; എന്‍റെ മേല്‍  ഇരുന്നാല്‍ അതു  സഹിക്കണം.”

ഹനുമാന്‍ പറഞ്ഞു.
“എനിക്ക് അങ്ങയുടെ അടി താങ്ങാനുള്ള കരുത്തില്ല. ഇനി എവിടെ പോവും?”

ശനീശ്വരന്‍ ഹനുമാന്‍റെ തലയില്‍ നിന്നും ഇറങ്ങിയിട്ട് ചോദിച്ചു. ആഞ്ജനേയന്‍ ഒരു ഉപായം പറഞ്ഞു കൊടുത്തു:

“സത്സംഗത്തില്‍, ക്ഷേത്ര ദര്‍ശനത്തിനിടയില്‍ ഒക്കെ, വൃഥാ സംസാരിച്ചു, പരദൂഷണവും പറഞ്ഞു ഇരിക്കുന്നവരുടെ തലയില്‍ കയറി ഇരിക്കാം; അങ്ങയെ ആരും അവിടെ നിന്നും ഓടിക്കുകയില്ല.”

അന്ന് മുതല്‍, സത്സംഗത്തിലും, ക്ഷേത്ര ദര്‍ശന സമയത്തും ഈശ്വരനില്‍  മനസ്സുറപ്പിക്കാതെ, വൃഥാ സംസാരിക്കുന്നവരുടെ  തലയില്‍ ശനിദേവന്‍ കയറിക്കൂടാന്‍ തുടങ്ങി.

ഹനുമാനെ ഭജിക്കുന്നവര്‍ക്ക്‌ ശനിബാധ ഉണ്ടാവില്ലെന്നാണ്  വിശ്വാസം
ഓം ശ്രീ ഹനുമന്തേ നമ:

No comments:

Post a Comment