ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, May 3, 2016

സന്തോഷം നിലനിർത്താൻ പത്തു വഴികൾ

"എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ ..."

നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ കുറുക്കുവഴികളില്ല. പണം തീര്‍ചയായും ജീവിതസൌകര്യങ്ങളെ മെച്ചപ്പെടുത്താന്‍ ഉപകരിക്കും. പക്ഷെ അതോടൊപ്പം മാനസികമായ സന്തോഷത്തിന് കൂടി മാര്‍ഗങ്ങള്‍ നാം കണ്ടെത്തിയിട്ടില്ലെങ്കില്‍ സന്തോഷം വളരെ അകന്ന് തന്നെ നില്‍ക്കും. ജീവിതാവസാനം വരെ സന്തോഷം നിലനിര്‍ത്താന്‍ പത്ത് വഴികളാണ് താഴെ നല്‍കുന്നത്.

1. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം ഉപേക്ഷിക്കുക.

ജീവിതത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാകരുതെന്നോ കൂടുതല്‍ നേട്ടത്തിന് ആഗ്രഹിക്കരുതെന്നോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യങ്ങളുടെ കാര്യത്തിലുള്ള മുന്‍ഗണനാക്രമം പാലിച്ച് സന്തുലിത മനസ്സോടെ അവ നേടിയെടുക്കാന്‍ ശ്രമിക്കുക. ആര്‍ത്തി ഉപേക്ഷിക്കുക. കാരണം ഒരു മനുഷ്യനും ആഗ്രഹിച്ചതെല്ലാം നേടുക സാധ്യമല്ല. കാരണം മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് സ്വന്തം നിലക്ക് കടിഞ്ഞാണില്ല. അതിനാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് നാം കടിഞ്ഞാണിടുക അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

2. മറ്റുള്ളവരില്‍ ആസൂയപ്പെടാതെ സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുക.

ഏതൊരു സമ്പന്നനും നേതാവിനും തനിക്കില്ലാത്ത ചില സൌകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കപ്പെട്ടതായി കാണാന്‍ കഴിയും. ഉദാഹരണത്തിന് എം.എല്‍ . എ ക്ക് മന്ത്രി അനുഭവിക്കുന്ന സൌകര്യം അസൂയ ഉണ്ടാക്കാവുന്നതാണ്. മന്ത്രിക്ക് മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിക്ക് പ്രധാന മന്ത്രിയുടെയുമൊന്നും ഭൌതിക സൌകര്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാവില്ല. ഒരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കപ്പെടുമ്പോഴാണ് അതിനേക്കാള്‍ ഉന്നതമായ ഒരു പദവിയില്‍ എത്തുന്നത്. സാദാജോലിക്കാരനായിരിക്കെ യഥാവിധി ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഒരാള്‍ മാനേജര്‍ സ്ഥാനത്ത് എത്തുക അസംഭവ്യമാണ്. അതിനാല്‍ ഇപ്പോള്‍ താന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കുമ്പോള്‍ ചെയ്യേണ്ട ഉത്തവാദിത്തം ഭംഗിയായി നിര്‍വഹിച്ചാല്‍ സന്തോഷവും പുരോഗതിയും പ്രതീക്ഷിക്കാം.

3. ആത്മാര്‍ഥമായി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ട് അംഗീകാരം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടാതിരിക്കുക.

താനെത്ര നന്നായി ചെയ്തിട്ടും കാര്യമില്ല ആരും ഗൌനിക്കുന്നില്ല എന്ന് ഒരു വേള തോന്നിയേക്കാം. പക്ഷെ അതൊരു പരീക്ഷണ ഘട്ടമാണ് അവിടുന്നും കടന്ന് നിങ്ങള്‍ ആത്മാര്‍ഥതയോടെ ഉത്തവാദിത്തം ചെയ്യുമ്പോഴേ നിങ്ങള്‍ അംഗീകാരത്തിന് യഥാര്‍ഥത്തില്‍ അര്‍ഹത നേടുന്നുള്ളൂ. അല്ലെങ്കില്‍ താങ്കള്‍ ചെയ്തത് അംഗീകാരത്തിനാണ് എന്നാണ് അത് അര്‍ഥമാക്കുന്നത്. ആത്മാര്‍ഥമായി ഉത്തവാദിത്തം നിര്‍വഹിച്ച ആര്‍ക്കും അതിന് അംഗീകാരം ലഭിക്കാതെ പോകുകയില്ല.

4. മറ്റുള്ളവര്‍ക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നിലനിര്‍ത്തുക.

നമ്മുടെ സന്തോഷം നമ്മുടെ വ്യക്തിഗതമായ മാത്രം ഉപാധികളില്‍ പരിമിതമല്ല. ചുറ്റുപാടുമുള്ള ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുമ്പോള്‍ അവരുടെ വിശ്വസം നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരിക്കാലും ആര്‍ക്കും യഥാര്‍ഥ സന്തോഷം ലഭിക്കില്ല. വിശ്വാസം നഷ്ടപ്പെടാന്‍ എളുപ്പമാണ് പക്ഷെ വിശ്വാസം നേടിയെടുക്കുക ശ്രമകരവും, പണം കൊണ്ട് നേടാന്‍ കഴിയാത്ത ഒന്നാണ് ജനങ്ങളുടെ വിശ്വാസം.

5. പ്രയാസകരമായ അവസ്ഥയിലും സംയമനം പാലിക്കുക.

സന്തോഷകരമായ അവസ്ഥയില്‍ സംയമനം പാലിക്കുക പ്രയാസമുള്ള സംഗതിയല്ല. എന്നാല്‍ വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ സംയമനം പാലിക്കുക അല്‍പം ശ്രമകരമാണ്. പ്രയാസത്തിന്റെ സന്ദര്‍ഭത്തില്‍ നാം കാണിക്കുന്ന അക്ഷമ പ്രയാസം കൂട്ടുകയും ദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സന്തോഷം പിടിതരാതെ അകന്ന് പോകുക എന്നതായിരിക്കും അതിന്റെ മറ്റൊരു ഫലം.

6. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക.

മനുഷ്യന്‍ ഒരു സമൂഹജീവിയാണ് പരസ്പര സ്നേഹവും സഹായവും മൊത്തം മനുഷ്യര്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കുന്നു. ഭൌതികമായി മാത്രം ചിന്തിക്കുമ്പോള്‍ ഇത് വൈരുദ്ധ്യമായി തോന്നാം. കാരണം തന്റെ സന്തോഷത്തിന് താന്‍ ഉണ്ടാക്കിയ പണം മറ്റുള്ളവര്‍ക്ക് വെറുതെ നല്‍കുക എന്നതാണല്ലോ സാമ്പത്തിക സഹായത്തിലൂടെ സംഭവിക്കുന്നത്. എന്നാല്‍ മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച ഒരു കാര്യമാണ് ധാര്‍മിക ബോധം അത് അവനില്‍ എല്ലായ്പ്പോഴും ഉണ്ട്. തെറ്റുചെയ്യുമ്പോള്‍ അവനെ ആക്ഷേപിക്കുകയും നന്മ ചെയ്യുമ്പോള്‍ അവനില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നത് അതാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ക്ക് സന്തോഷം കിട്ടാകനിയായിരിക്കും.

7. എല്ലായ്പ്പോഴും ശുഭാപ്തി വിശ്വാസിയായിരിക്കുക.

ഇത് കൃത്രിമമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കലാണ് എന്ന് തോന്നാം. ഒരു പരിധിവരെ അത് ശരിയുമാണ്. പക്ഷെ സന്തോഷം വേണോ അപ്രകാരം ചെയ്തേ മതിയാവൂ. കച്ചവടത്തില്‍ വലിയ ഒരു തിരിച്ചടി നേരിട്ടപ്പോള്‍ നിലവിലെ ബിസിനസ് തകര്‍ന്നപ്പോള്‍ ഇതില്‍ എനിക്ക് എന്തോ നന്മയുണ്ട് എന്ന് ചിന്തിക്കാന്‍ കഴിയുക. സംഭവിച്ച കാര്യങ്ങള്‍ നല്ലതിനായിരിക്കും എന്നും തനിക്ക് കൂടുതല്‍ നന്മ വരാനുണ്ടെന്നും ഞാനതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കുക. ഇത് നമ്മെ വിജയത്തിലേക്ക് നയിക്കും. ഇവിടെ മറിച്ചും നമ്മുക്ക് ചിന്തിക്കാം. പക്ഷെ അത് നമ്മെ നിരാശരും നിഷ്ക്രിയരും ആക്കും അതിലൂടെ നമ്മുടെ തകര്‍ച്ചയും. അപ്പോള്‍ രണ്ട് ചോയ്സുകളില്‍ ഉപകാരമുള്ളത് തെരഞ്ഞടുക്കുക മാത്രമാണ് നാം ഇതിലൂടെ ചെയ്യുന്നത്.

8. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോട് പെരുമാറുക.

തങ്ങള്‍ക്ക് നല്‍കപ്പെട്ടതെന്തോ അത് അതുപോലെ തിരിച്ചുനല്‍ക്കുക എന്ന ഒരു പ്രകൃതം ജീവികളിലൊക്കെയുണ്ട്. മനുഷ്യനില്‍ പ്രത്യേകമുണ്ട്. അവ നിയന്ത്രിക്കുകയും വിവേചനത്തോടെ നല്ലത് നല്‍കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അവന്റെ പ്രത്യേകത കാണിക്കുന്നത്. അതിനാല്‍ നാം അത് ഒരു തത്വമായി സ്വീകരിക്കുക. മറ്റുള്ളവരില്‍ നിന്ന് നാം പുഞ്ചിരിയും നല്ല വാക്കുകളും പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കുകയും നാം അത് അവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ എന്ത് ഔദാര്യമാണ് അവരോട് കാണിച്ചിട്ടുള്ളത് എന്നാലോചിക്കുക. നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നല്ല പെരുമാറ്റത്തില്‍ കൂടിയാണ് കുടികൊള്ളുന്നത് എന്ന് മനസ്സിലാക്കുക.

9. സംഭവിച്ചതെല്ലാം നന്മക്ക് വേണ്ടിയാണ് എന്ന് വിശ്വസിക്കുക.

നേരത്തെ പറഞ്ഞ ശുഭാപ്തിവിശ്വാസത്തിന്റെ ഒരു ഭാഗമാണിത്. അതില്‍ ഭാവിയെക്കുറിച്ചുള്ള ഒരു പ്രതീക്ഷകൂടിയുണ്ട്. പലപ്പോഴും മനുഷ്യന്‍ നിരാശനാകുന്നത് സംഭവിച്ചു കഴിഞ്ഞ ദുരിതങ്ങളെ ഓര്‍ത്തുകൊണ്ടാണ്. അവിടെ ഇത്തരം ഒരു വിശ്വാസം ആ പ്രയാസം മറികടക്കാന്‍ മനുഷ്യനെ സഹായിക്കും.

10. ദൈവികവിധിയില്‍ വിശ്വസിക്കുക.

ഭൂമിയില്‍ കാര്യങ്ങള്‍ അന്തിമമായി സംഭവിക്കുന്നത് മനുഷ്യ ഇഛ അനുസരിച്ചല്ല എന്നത് ഒരു വസ്തുത മാത്രമാണ്. ഏത് അധികാര സ്ഥാനത്താണെങ്കിലും അവരൊക്കെ നാളെ എന്ത് സംഭവിക്കും എന്നറിയാത്ത നിസ്സഹായനായ മനുഷ്യനാണ്. അതേ സമയം കാര്യങ്ങള്‍ താളം തെറ്റാതെ പിടിച്ച് നിര്‍ത്തുന്ന ഒരു അധികാര ശക്തിയുടെ സാനിദ്ധ്യം നാം അനുഭവിക്കുന്നു. ആ ശക്തിയുടെ തീരുമാനപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് വിശ്വസിക്കുന്ന പക്ഷം അത് ഉണ്ടാക്കുന്ന പ്രതികരണം കുറച്ചൊന്നുമല്ല.

No comments:

Post a Comment