ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത1, മിണ്ടാവതല്ല മമ2
പണ്ടേക്കണക്കെ3 വരുവാന്‍ നിന്‍കൃപാവലിക-
ളുണ്ടാകയെങ്കലിഹ4; നാരായണായ നമഃ5
പാഠഭേദങ്ങള്‍:-
1. പല, ഇഹ,
2. തവ
3. പണ്ടേക്കണക്ക്
4. ഉണ്ടാകവേണമിഹ.
5. ചില ഗ്രന്ഥങ്ങളില്‍ പല്ലവിപോലെ രണ്ടു വരി നാരായണ നമഃ കഴിഞ്ഞ് നാരായണാനരകസന്താപനാശക ജഗന്നാഥവിഷ്ണുഹരിനാരായണായ നമഃ എന്നും, വിഷ്ണുവിനു പകരം നാഥ എന്നും കാണുന്നു.
അര്‍ത്ഥം:- ഒന്നായ നിന്നെ = ഈ സൃഷ്ടിയുടെ ഉത്പത്തിക്കുമുന്‍പ് ഓങ്കാരമായിരുന്ന നിന്നെ, ഇഹ = ഈ സൃഷ്ടിയില്‍, രണ്ടെന്നു കണ്ടളവില്‍ = ആങ്കാരമെന്നും അതില്‍ നിന്നുത്ഭവിച്ച വിഷയ വാസനകളും വസ്തുക്കളും എന്നും രണ്ടായി കാണുന്ന ഈ ജന്മത്തില്‍, ഉണ്ടായൊരു മമ ഇണ്ടല്‍ ബത = ഉണ്ടായ എന്റെ ദുരിതദുഃഖങ്ങളെപ്പറ്റി ആശ്ചര്യവും കഷ്ടവും! മിണ്ടാവതല്ല = പറഞ്ഞറിയിക്കാവുന്നതല്ല. പണ്ടേക്കണക്കെ വരുവാന്‍ = കാലദേശാവധികളെല്ലാം ഉണ്ടാകുന്നതിനു മുന്‍പ് ഉണ്ടായിരുന്നതുപോലെ ഒന്നായി വരുവാന്‍, നിന്‍കൃപാവലികള്‍ ഉണ്ടാക എങ്കല്‍ ഇഹ = നിന്റെ ദയാവായ്പുകള്‍ എല്ലാവിധത്തിലും ഉണ്ടാകണേ എന്നില്‍ - ഇജ്ജന്മത്തില്‍തന്നെ - നാരായണായ നമഃ = ജനനമരണങ്ങളില്‍നിന്ന് രക്ഷിക്കുന്ന അങ്ങയ്ക്ക് നമസ്‌കാരം.
വിവരണം:- ഓങ്കാരമായിരുന്ന ഏകതത്ത്വം, സഹജമായ സൃഷ്ടി ആരംഭിച്ചു. അപ്പോള്‍ ഞാനും വിഷയങ്ങളും ഉണ്ടായി. അതിനുമുന്‍പ് സാമ്യാവസ്ഥയായിരുന്നല്ലോ. സൃഷ്ടിയില്‍ എനിക്ക് രണ്ടേ കാണാനാകുന്നുള്ളു. ഞാനും ഭോഗങ്ങളും മാത്രം. അവിടുത്തെ പൊടിപോലും ഇവിടെങ്ങും കാണാനില്ല. തൂണിലും തുരുമ്പിലും അങ്ങുണ്ടെന്ന തത്ത്വശാസ്ത്രം എനിക്കു വിളങ്ങുന്നില്ല. എല്ലാം എനിക്ക് ദുരിതമയം തന്നെ. ഈ ലോകമല്ലാതെ വേറൊന്നുണ്ടെന്നും തോന്നുന്നില്ല. അയം ലോകഃ നാസ്തി പരഃ ഇതി മാനിഃ = ഈ ലോകമേയുള്ളൂ വേറൊന്നില്ല എന്ന ഉപനിഷദ്വചനം (കഠം) എന്നെ സംബന്ധിച്ച് ശരിയാണ്. ഈ ജനനമരണ ചക്രമോ എനിക്കു വിധി? കഷ്ടംതന്നെ. അങ്ങു കൃപചെയ്ത് എന്റെ ഈ ആങ്കാരാവസ്ഥ മാറ്റിത്തന്ന് പണ്ടേപ്പോലെ ജന്മമൃത്യുരഹിതമായ അവസ്ഥയെ വരുത്തിത്തരാന്‍ ഇജ്ജന്മത്തിലെ അനുഗ്രഹിക്കണം. ജനനമരണങ്ങള്‍ക്കറുതി വരുത്തുന്നതിനാലല്ലേ അങ്ങ് നാരായണനായത്! അങ്ങെനിക്ക് നാരായണനാകണേ! നമസ്‌കാരം. നമസ്‌കാരം.
പ്രഖ്യാതമായ പുരുഷസൂക്തത്തില്‍ സഹസ്രശീര്‍ഷഃപുരുഷഃ എന്നാരംഭിക്കുന്ന മന്ത്രത്തില്‍ പുരുഷന്റെ ആയിരമായിരം അംഗങ്ങളെപ്പറ്റിയാണ് ഓതുന്നത്. ഈ സൂക്തത്തിന് ഓരോ വേദത്തിലും ഓരോ വിധത്തിലാണ് മന്ത്രസംഖ്യ. പാഠഭേദവും ഉണ്ട്. എങ്കിലും അര്‍ത്ഥഭേദം അറിയാന്‍ ബ്രഹ്മനേ കഴിവുള്ളൂ എന്നൊരു ചൊല്ലുമുണ്ട്. ഒന്നായ നിന്നെ 'പുരുഷന്‍' എന്ന വേദം വിളിക്കുന്നു. വിളങ്ങേണ്ടതും അതാണ്.
ഒന്നായ നിന്നെ രണ്ടായി ഇഹ കണ്ടു എന്നു പറയുമ്പോള്‍ ഇന്ദ്രിയവും ഇന്ദ്രിയത്തിന് അനുഭവിക്കാവുന്നതുമായ ഒന്നും അനുഭവം അറിയുന്ന ഞാനും എന്നു രണ്ടേ ഉള്ളൂ. സഹസ്രശീര്‍ഷനായ പുരുഷനില്‍ ഇങ്ങനെ ദ്വിത്വം ആരോപിക്കാം. ഇതിനുപകരം ഞാന്‍ എന്ന ജീവാത്മാവും അവന്‍ എന്ന പരമാത്മാവും ഒന്നാണ് എന്ന് നവീന അദൈ്വത വേദാന്തികളേ പറയൂ. അവര്‍ക്ക് ലൗകിക - പാരലൗകിക ബോധമില്ല. അതുകൊണ്ട് നിമിത്ത കാരണമായ ഈശ്വരനും സൃഷ്ടിയായ ജീവിയും (ജീവാത്മാവല്ല) അവര്‍ക്കൊന്നാണ്. അച്ഛനും മകനും ഒന്നാണെന്ന ബോധമാണിത്. ശാസ്ത്രത്തിന്റെ കണക്കില്‍ ഇത് നേരാവാം. പിതാവാണ് പുത്രന്‍ എന്ന് ശാസ്ത്രം പറഞ്ഞാല്‍ അതിന്നര്‍ത്ഥം പുത്രന്‍ പിതാവല്ല എന്നുതന്നെ. എന്നാല്‍ അദൈ്വതി പറയുന്നത് പുത്രനാണ് പിതാവെന്നത്രേ. പഞ്ഞിയാണ് വസ്ത്രം. വസ്ത്രം പഞ്ഞിയാണെന്നു പറഞ്ഞാലോ? താത്ത്വികമായി ശരി. വ്യാവഹാരികമായി തെറ്റ്. എന്തെന്നാല്‍ വസ്ത്രം പിന്നീട് പഞ്ഞിയാവുകയില്ല; വ്യാവഹാരികതയില്‍.
സാമ്യാവസ്ഥ വിഘടിച്ച് തന്മാത്രകളും ഇന്ദ്രിയങ്ങളും മറ്റുമായിക്കഴിഞ്ഞിട്ട്, ശരീരം ഉണ്ടായി, ജീവാത്മാവിനെ പരമാത്മാവ് അതില്‍ കര്‍മ്മാനുസൃതം കുടിയിരുത്തിക്കഴിഞ്ഞ് ഒന്നേ പ്രാര്‍ത്ഥിക്കാനുള്ളൂ. പണ്ടേക്കണക്കുവരുവാന്‍ നിന്‍കൃപാവലികള്‍ ഉണ്ടാകണം. അത്രതന്നെ. ജനനമരണദുഃഖങ്ങള്‍ക്കതീതമായ ഒരവസ്ഥ പണ്ടുണ്ടായിരുന്നു. അതിനി, ഇഹ (ഇവിടെ) വീണ്ടെടുക്കണമെങ്കില്‍ നിന്റെ കൃപാവലികള്‍ വേണം.
ബ്രഹ്മപ്രാപ്തി വേണോ? അദൈ്വതവാസന വേണം. അതില്ലാത്തവന് വിഷയപ്രാപ്തിയേ ലഭിക്കൂ.
'ഈശ്വരാനുഗ്രഹാദേവ പുംസാമദൈ്വത വാസനാ-ഈശ്വരാനുഗ്രഹത്താലേ മനുഷ്യന് ബ്രഹ്മജ്ഞാനവാസന ഉണ്ടാകൂ'
No comments:
Post a Comment