ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, March 7, 2017

തുളുനാട്ടിലെ ക്ഷേത്രങ്ങള്‍



മഞ്ചേശ്വരത്തെ അനന്ദേശ്വരം ക്ഷേത്രം
കേരളത്തിന്റെ വടക്കേയറ്റത്ത് കിടക്കുന്ന കാസര്‍കോട് സവിശേഷമായൊരു സാംസ്‌കാരികത്തനിമ പുലര്‍ത്തുന്ന ജില്ലയാണ്. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്തെ ഭാഷക്കും ആചാരങ്ങള്‍ക്കും ചില വേറിട്ട ഭംഗിയുണ്ട്. ക്ഷേത്രങ്ങളുടെ കാര്യത്തിലും ഇങ്ങനെതന്നെ. മറ്റു പല സ്ഥലങ്ങളിലും കാണപ്പെടാത്ത മൂര്‍ത്തികളും പ്രതിഷ്ഠകളും ഇവിടെ കാണാനാവും. കാസര്‍കോട് ജില്ലയിലെ വളരെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ചിലതിലൂടെ ഒരു പ്രദക്ഷിണം.


അജാന്നൂര്‍ വിശ്വകര്‍മ ക്ഷേത്രം
കാഞ്ഞങ്ങാടിനടുത്ത് അജാന്നൂര്‍ ഗ്രാമത്തില്‍ പരമശിവവിശ്വകര്‍മക്ഷേത്രം പ്രധാനമൂര്‍ത്തിയായ വിശ്വകര്‍മാവിനും ഉപദേവതമാരായ ലക്ഷ്മിക്കും കാളികാ പരമേശ്വരിക്കും പുറമെ നാഗലിംഗഗുരുസ്വാമിയുടെയും പ്രതിഷ്ഠയുണ്ട്. പഞ്ചസാര, തേന്‍, മലര്‍ എന്നിവ നേദ്യം. ലിംഗായത്ത് ആചാരമാണ് പിന്തുടരുന്നത്. വിശ്വകര്‍മജരുടേതാണ് ക്ഷേത്രം.


അടുക്കത്ത് ഭഗവതി ക്ഷേത്രം
പൊയ്‌നാച്ചി-ബന്തടുക്ക റൂട്ടില്‍ ബീബുങ്കലിനടുത്ത്. മഹിഷാസുരമര്‍ദ്ദിനിയാണ് പ്രതിഷ്ഠ. വൃശ്ചിക മാസത്തിലെ കാര്‍ത്തിക ഉത്സവം. എരുമപ്പാല് പച്ചയോടെ നേദിക്കുന്ന ചടങ്ങുണ്ട്. ക്ഷേത്രക്കുളത്തിലെ ആമകള്‍ക്ക് ചോറുകൊടുത്താല്‍ ത്വക്‌രോഗത്തിന് ശമനമുണ്ടാകുമത്രെ.
മഹാലിംഗേശ്വര ക്ഷേത്രം
ദേലംപാടി പഞ്ചായത്തില്‍ ചന്ദ്രഗിരിപ്പുഴ കടന്ന് മൂന്നു നില ശ്രീകോവിലില്‍ പ്രധാന പ്രതിഷ്ഠ ശിവന്‍. സ്വയംഭൂവാണ്. മൂലലിംഗത്തിന് അഭിഷേകമില്ല. കുംഭം 27 ന് കൊടിയേറി അഞ്ചുദിവസത്തെ ‘മീനസംക്രമ ഉത്സവം.’


അനന്തപത്മനാഭസ്വാമി ക്ഷേത്രം
കുമ്പള-ബദിയടുക്ക റൂട്ടില്‍ പുത്തിഗൈ പഞ്ചായത്തില്‍ പ്രധാനമൂര്‍ത്തി അനന്തപദ്മനാഭന്‍. കുളത്തിന് നടുവിലാണ് ക്ഷേത്രം. കുളത്തില്‍ മുതലയുണ്ട്. മേടം 5 ന് തെയ്യോത്സവം. തോണിയിലാണ് എഴുന്നള്ളിപ്പ്. ഇവിടെ വില്വമംഗലം സ്വാമി തപസ്സിരുന്നുവെന്ന് ഐതിഹ്യമുണ്ട്. പഞ്ചലോഹത്തിലാണ് വിഗ്രഹം. പഴയ തുളുനാട്ടിലെ 32 ഗ്രാമങ്ങളിലൊന്നാണിത്.


അനന്തേശ്വര ക്ഷേത്രം
മഞ്ചേശ്വരത്ത് ഒരു ശ്രീകോവിലിനുള്ളില്‍ മൂന്ന് പ്രതിഷ്ഠകള്‍. ഭാദ്രനരസിംഹം, ശിവന്‍, സുബ്രഹ്മണ്യന്‍. നാഗാരാധനാകേന്ദ്രം കൂടിയാണിത്. നാഗപഞ്ചമിയും സ്‌കന്ദഷഷ്ഠിയുമാണ് പ്രധാന ഉത്സവങ്ങള്‍. ‘ശേഷതീര്‍ത്ഥം’ എന്നറിയപ്പെടുന്ന ക്ഷേത്രക്കുളത്തില്‍ കുളിച്ചാല്‍ കുഷ്ഠരോഗം മാറുമെന്നൊരു വിശ്വാസമുണ്ടായിരുന്നു. ഗൗഡസാരസ്വതരുടെ ഒരു പ്രധാന ക്ഷേത്രമാണിത്.


അരയായ്ക്കല്‍ ക്ഷേത്രം
നീലേശ്വരത്തിന് സമീപം പട്ടേനയിലാണ് ഈ വീരഭദ്രക്ഷേത്രം. ലിംഗരൂപത്തില്‍ ശിലാപ്രതിഷ്ഠ. ഒരുനേരം മാത്രം പൂജ. വൃശ്ചികം രണ്ടാംവാരത്തില്‍ ആഘോഷം. നായ കടിച്ചാലും പാമ്പ് കടിച്ചാലും ഇവിടെ ഭജനമിരിക്കുന്ന പതിവുണ്ടായിരുന്നു.


ഇരിവല്‍ മഹാവിഷ്ണു ക്ഷേത്രം
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍. കാരാഗൃഹത്തില്‍ ദേവകിക്ക് ദര്‍ശനം നല്‍കിയ വിഷ്ണുസ്വരൂപനായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠയെന്ന് ഐതിഹ്യം. മേടത്തിലെ തിരുവോണത്തിന് ഉത്സവം. തിടമ്പുനൃത്തം പതിവുണ്ട്.


ക്ഷേത്രപാലക ക്ഷേത്രം
ക്ഷേത്രപാലനും കാളരാത്രിയും പ്രതിഷ്ഠയുള്ള തൃക്കരിപ്പൂര്‍-ചെറുവത്തൂര്‍ റൂട്ടില്‍ പടന്നയിലാണ് ക്ഷേത്രം. കോലത്തിരിയുടെ സാമന്തന്മാരായ മന്നോന്റെ സ്വരൂപമായ അള്ളട സ്വരൂപത്തിന്റെ കുലദേവതയാണ് കാളാസുരന്റെ തലയറുത്ത കാളരാത്രി. ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍ നിന്നെത്തിയെന്ന് ഐതിഹ്യം. പച്ചരി, ഇളനീര്, മലര്, ത്രിമധുരം എന്നിവയാണ് നേദ്യം. മകരത്തില്‍ ഉത്സവം.


എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രം
കാസര്‍കോട് നിന്ന് 10 കി.മീ. തെക്കുകിഴക്ക് എടനീര്‍ നാരപൊടിയിലാണ് ‘കേശവാനന്ദഭാരതി’ കേസിലൂടെ പ്രസിദ്ധമായ ഈ ക്ഷേത്രം. എടനീര്‍മഠത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിഷ്ണുക്ഷേത്രത്തില്‍ കുംഭസംക്രമം മുതല്‍ അഞ്ചു ദിവസമാണ് ഉത്സവം. മഠത്തിന്റെ സ്വത്തുക്കള്‍ ഭൂപരിഷ്‌കരണം മൂലം നഷ്ടമായപ്പോള്‍ കേശവാനന്ദഭാരതി സ്വാമികള്‍ നടത്തിയ കേസ് ഏറെ ശ്രദ്ധേയമായിരുന്നു.


കമ്മാടത്ത് ഭഗവതി ക്ഷേത്രം
വെസ്റ്റ് എളേരി പഞ്ചായത്തില്‍. സംക്രമദിവസം മാത്രം പൂജ. ധനു 8 മുതല്‍ അഞ്ചുദിവസം കളിയാട്ടം. കേരളത്തിലെ ഏറ്റവും വലിയ കാവുകളിലൊന്നായ കമ്മാടത്ത് കാവിനു സമീപമാണ് ക്ഷേത്രം. കാവിനകത്ത് അഞ്ച് കൊച്ചരുവികളുണ്ട്. അരുവിയിലാണ് ക്ഷേത്രത്തിന്റെ മൂലം.


കര്‍പ്പൂരേശ്വരക്ഷേത്രം
കാഞ്ഞങ്ങാട് കോട്ടക്കകത്താണ് ക്ഷേത്രം. പ്രധാനമൂര്‍ത്തി ശിവന്‍. ശിവരാത്രിയാണ് പ്രധാന ആഘോഷം. തെക്കന്‍ കനറയിലെ ഇക്കേരി നായ്ക്കന്മാരിലെ സോമശേഖരനായ്ക്കനാണ് കോട്ടയും ക്ഷേത്രവും എ.ഡി.1731 പണിതത്.


കാട്ടുകുക്കേ സുബ്രഹ്മണ്യക്ഷേത്രം
ചെര്‍ക്കള-ബദിയടുക്ക റൂട്ടില്‍ പെര്‍ളയില്‍. പ്രധാനമൂര്‍ത്തി സുബ്രഹ്മണ്യന്‍. വൃശ്ചികത്തിലെ ഷഷ്ഠിയാണ് പ്രധാന വിശേഷം. അന്ന് സദ്യ കഴിഞ്ഞാല്‍ എച്ചിലിലകളില്‍ ഭക്തര്‍ ശയനപ്രദക്ഷിണം നടത്തുന്ന പ്രത്യേക വഴിപാടുണ്ട്.


കീഴൂര്‍ ധര്‍മശാസ്താക്ഷേത്രം
കാസര്‍കോട്-ചന്ദ്രഗിരി-കാഞ്ഞങ്ങാട് റൂട്ടില്‍ ചെമ്മനാട് പഞ്ചായത്തില്‍. പ്രധാനമൂര്‍ത്തിയായ ശാസ്താവ് നില്‍ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ചമ്രവട്ടത്തുനിന്നും ശാസ്താവ് എത്തിയെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനടുത്താണ് ചന്ദ്രഗിരിക്കോട്ട. തുലാമാസത്തിലെ കറുത്തവാവ് മുതല്‍ മൂന്ന് ദിവസം ഉത്സവം.


ദൈവഗളു ഉദ്യാവര ക്ഷേത്രം
കര്‍ണാടക അതിര്‍ത്തിയില്‍ കുഞ്ചത്തൂരില്‍. അണ്ണദൈവം, തിമ്മദൈവം എന്നിങ്ങനെ രണ്ട് മൂര്‍ത്തികള്‍. വിഷ്ണുസങ്കല്‍പ്പം. ചൊവ്വാഴ്ചകളിലും സംക്രാന്തികളിലും മാത്രമാണ് പൂജ. ബ്രാഹ്മണപൂജ, വെളിച്ചപ്പാട് തിയ്യന്‍. പട്ടികജാതിക്കാര്‍ തെയ്യക്കോലം കെട്ടുന്നു. നെയ്ത്തുകാര്‍ക്കും ചില അവകാശങ്ങളുണ്ട്. പുഷ്പസമര്‍പ്പണമാണ് പ്രധാനം.


കുട്ടമത്ത് സോമേശ്വരി ക്ഷേത്രം
പയ്യന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ ചെറുവത്തൂരില്‍. ഒരു ശ്രീകോവിലില്‍ തന്നെ മൂന്ന് പ്രതിഷ്ഠകള്‍, കിഴക്കോട്ട് ദര്‍ശനമായി സോമേശ്വരി, പടിഞ്ഞാട്ടുദര്‍ശനമായി മഠത്തില്‍ ഭഗവതിയും ക്ഷേത്രപാലനും. പടിഞ്ഞാറുള്ള നട തുറക്കാറില്ല. സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. കൊത്തുപണികളുള്ള ക്ഷേത്രം വളരെ ശ്രദ്ധേയമാണ്. കുംഭമാസത്തിലെ കാര്‍ത്തികക്ക് അഞ്ചുദിവസത്തെ ഉത്സവം.

No comments:

Post a Comment