ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, March 7, 2017

വിവേകാനന്ദ സ്വാധീനത കേരളത്തില്‍


ദീര്‍ഘദര്‍ശനത്തോടെ, ഭാവിയെ കണ്‍മുന്നില്‍ കണ്ടതുപോലെ ആയിരുന്നുവല്ലോ ഒരു സന്യാസിയുടെ നേതൃത്വത്തില്‍ സംഘടനയുണ്ടാക്കാന്‍ സ്വാമി നിര്‍ദ്ദേശിച്ചത്. പത്തുകൊല്ലമേ കഴിഞ്ഞുള്ളൂ. അങ്ങനെയൊരു പ്രബലസംഘടന രൂപംകൊണ്ടു-എസ്എന്‍ഡിപി. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരുവിന്റെ 'ഒരു ജാതി ഒരു മതം' എന്ന ധര്‍മത്തെ പാലിക്കാന്‍ ഗുരുവിന്റെ പേരില്‍ തന്നെ രൂപംപൂണ്ട ആ സംഘടനയുടെ ആദ്യകാര്യദര്‍ശി കുമാരനാശാന്‍ എന്ന കവിയായിരുന്നു.
വിവേകാനന്ദ സ്വാമിയുടെ കേരള സന്ദര്‍ശനത്തിനു കുറേക്കാലം മുന്‍പുതന്നെ സമാജത്തിലെ ആചാരങ്ങള്‍ പലതും ദുരാചാരങ്ങളാണ് എന്ന തിരിച്ചറിവ് ഉണ്ടായിക്കഴിഞ്ഞു. ഉത്പതിഷ്ണുക്കളായ നായന്മാരുടെ നേതാവായി സി.കൃഷ്ണപിള്ള പ്രവര്‍ത്തിച്ചത് നായന്മാരുടെയും ഈഴവരുടെയും ഒരുമിച്ചുള്ള പുരോഗതിക്കുവേണ്ടിയായിരുന്നു. സംബന്ധം (നായര്‍-നമ്പൂതിരി), കെട്ടുകല്യാണം, തിരണ്ടുകുളി, പുളികുടി തുടങ്ങിയവക്കെതിരെ ശബ്ദമുയര്‍ന്നു. ജാതീയമായ അയിത്തം ചോദ്യം ചെയ്യപ്പെട്ടു. ഈ രംഗത്ത് കൂടുതല്‍ വിജയം നേടാന്‍ കഴിഞ്ഞത് ശ്രീനാരായണഗുരുവിന്റെ ആത്മീയപ്രഭാവവും, മറ്റു സമൂഹങ്ങളോടു വിദ്വേഷം കൂടാതെ തന്നെ താണജാതിക്കാരെ മുന്നോട്ടു കൊണ്ടുവരാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനവും ആയിരുന്നു. ഈ കര്‍ത്തവ്യത്തിലേക്ക് ഗുരുവിനെക്കൊണ്ടെത്തിച്ചത്, പരിവ്രാജക സന്യാസിയായി ബാംഗ്ലൂരില്‍ കഴിക്കുമ്പോള്‍ വിവേകാന്ദസ്വാമി ജോക്ടര്‍ പല്‍പ്പുവിന് നല്‍കിയ നിര്‍ദ്ദേശമായിരുന്നു എന്നത് പ്രധാന കാര്യമാണ്.

ദീര്‍ഘദര്‍ശനത്തോടെ, ഭാവിയെ കണ്‍മുന്നില്‍ കണ്ടതുപോലെ ആയിരുന്നുവല്ലോ ഒരു സന്യാസിയുടെ നേതൃത്വത്തില്‍ സംഘടനയുണ്ടാക്കാന്‍ സ്വാമി നിര്‍ദ്ദേശിച്ചത്. പത്തുകൊല്ലമേ കഴിഞ്ഞുള്ളൂ. അങ്ങനെയൊരു പ്രബലസംഘടന രൂപംകൊണ്ടു-എസ്എന്‍ഡിപി. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരുവിന്റെ ‘ഒരു ജാതി ഒരു മതം’ എന്ന ധര്‍മത്തെ പാലിക്കാന്‍ ഗുരുവിന്റെ പേരില്‍ തന്നെ രൂപംപൂണ്ട ആ സംഘടനയുടെ ആദ്യകാര്യദര്‍ശി കുമാരനാശാന്‍ എന്ന കവിയായിരുന്നു. വിവേകാനന്ദന്റെ സ്വാധീനത കേരളത്തില്‍ സംഭവിച്ചതെപ്പറ്റി ഓര്‍ക്കുമ്പോള്‍-മലയാള കവിതയില്‍ അത് പ്രതിഫലിച്ചതിന്റെ ആരംഭം കുറിക്കുമ്പോള്‍ ആദ്യം പറയേണ്ടത് കുമാരനാശാന്റെ പേരു തന്നെ. ജനറല്‍ സെക്രട്ടറിയായി ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ത്തന്നെ, സാഹിത്യത്തിലൂടെ ശ്രീനാരായണധര്‍മപ്രചാരണത്തിനുവേണ്ടി വിവേകോദയം (ആദ്യം ദ്വൈമാസികയും പിന്നീട് മാസികയും) ആരംഭിച്ചു. 1904 മെയ് 13 ന് ആദ്യ ലക്കം. കേരളത്തില്‍ കന്യാകുമാരിയില്‍ വിവേകാനന്ദ സ്വാമിക്കുണ്ടായ ലക്ഷ്യബോധത്തിന്റെ ആദ്യപ്രകടനമെന്നോണം മദ്രാസില്‍ നടത്തിയ പ്രസംഗത്തിലാണ് ‘ഭ്രാന്താലയം’ എന്ന കടുത്ത ശകാരം സ്വാമിയില്‍നിന്നുണ്ടായത്. ഈ തലക്കെട്ടോടുകൂടിത്തന്നെ ‘വിവേകോദയ’ത്തില്‍ കുമാരനാശാന്‍ എഴുതിയ മുഖപ്രംസത്തിലെ ചില ഭാഗങ്ങള്‍ ഇതാ:

നമ്മുടെ ഭയങ്കരമായ ശാപം അല്ലെങ്കില്‍ കേരളത്തിന്റെ ഭ്രാന്ത്
ഈ തലവാചകംകൊണ്ട് ഞങ്ങള്‍ ജാതിയെയാണ് അര്‍ഥമാക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യം അന്യാധീനപ്പെടുകയും അതിന്റെ പ്രാചീനമായ മാഹാത്മ്യം അസ്തമിക്കുകയും ചെയ്തത് ഈ ശാപം നിമിത്തമാണെന്ന് പ്രസിദ്ധമാണ്. ഇതിന്റെ ശക്തി ഇത്ര ക്രൂരമായി വ്യാപിച്ച് ബാധിക്കുന്നതായി കേരളത്തെപ്പോലെ മറ്റൊരു സ്ഥലം കാണുന്നില്ല. ഒരു ജാതിക്ക് ഒരു കാലത്തുതന്നെ നമ്മുടെ രാജ്യത്ത് ഓരോ ഗ്രാമങ്ങളിലും വെവ്വേറെ ജാതിസംബന്ധമായ അടുപ്പവും അകല്‍ച്ചയും ഭേദപ്പെടുന്നു. ഒരു ജാതി തന്നെ ചില പ്രദേശങ്ങളില്‍ ഉയര്‍ന്നതായി വിചാരിക്കപ്പെടുന്ന മറ്റൊരു ജാതിയുമായി ഒന്നുപോലെ കൂടി നടക്കുകയും ഊണ് ഒഴിച്ചുള്ള സകലവിധ ആഹാരങ്ങളെയും വിരോധമെന്യേ സ്വീകരിക്കുകയും, ആ ജാതി തന്നെ മറ്റൊരു പ്രദേശത്ത് മറ്റൊരു ജാതിക്ക് വളരെ ദൂരം വഴിതെറ്റിക്കൊടുക്കുകയും അവര്‍ ജലപാനം പോലും നിഷിദ്ധമായി വിചാരിക്കുകയും നടപ്പായിരിക്കുന്നു.

തൊട്ടുകുളി, തീണ്ടിക്കുളി, അയിത്തം, വണ്ണാന്‍ തീണ്ടാപ്പാട്, പുലയന്‍ തീണ്ടാപ്പാട്, (ചില ദിക്കില്‍) തീയന്‍ (അല്ലെങ്കില്‍ ചോവന്‍) തീണ്ടാപ്പാട് മുതലായ മാര്‍ഗമാനങ്ങള്‍ ഇവ പുറത്തുനിന്നും നമ്മുടെ രാജ്യത്തില്‍ കടക്കുന്നവരെ അസാമാന്യമായി കുഴക്കുന്നവയും, നാം ഓരോ സ്ഥലങ്ങളിലും യാതൊരു ഐക്യരൂപ്യവും വ്യവസ്ഥയും ഇല്ലാതെ അനുഷ്ഠിച്ചുപോരുന്നതും ആകുന്നു. അല്‍പ്പം ആലോചിക്കുന്നതായാല്‍ ഇതിനൊക്കെ ഒരു ഭ്രാന്ത് എന്നല്ലാതെ നമുക്ക് എന്തുപറയാം? മഹാത്മാവായ വിവേകാനന്ദസ്വാമി അവര്‍കള്‍ ‘മലയാളം മുഴുവന്‍ ഒരു ഭ്രാന്താലയ’മാണെന്ന് നമുക്കേറ്റം ലജ്ജാവഹമാംവണ്ണം ഒരവസരത്തില്‍ പ്രസ്താവിച്ചത് ഇതിനെ സംബന്ധിച്ചാകുന്നു. ഇത് ഇടക്കാലത്ത് ചില ബ്രാഹ്മണരുടെ ദുഷ്ടബുദ്ധിയുടെയും അതിരുകടന്ന മുഷ്‌കിന്റെയും ദൃഷ്ടാന്തമായി ശേഷിച്ചിരിക്കുന്ന അടിസ്ഥാനമില്ലാത്ത ഒരു സ്ഥാപനം എന്നല്ലാതെ ഇതിന് ശാസ്ത്രീയത കല്‍പ്പിക്കുകയോ, കല്‍പ്പിച്ചാല്‍ക്കൂടി ഇക്കാലത്ത് സ്വാതന്ത്ര്യബുദ്ധിയുള്ളവര്‍ ആരെങ്കിലും ഇതിനെ ആത്മാര്‍ത്ഥമായി ബഹുമാനിക്കുകയോ ചെയ്യുന്നതല്ലെന്ന് സാമാന്യക്കാര്‍ക്കു കൂടി അറിയാം.

എങ്കിലും വിദ്യാഭ്യാസംകൊണ്ടും മറ്റെല്ലാ അവസ്ഥകളെക്കൊണ്ടും നമ്മുടെ ഇടയില്‍ വളരെ പരിഷ്‌കൃതസ്ഥിതിയില്‍ ഇരിക്കുന്ന നായന്മാരിലും പട്ടന്മാര്‍ അല്ലെങ്കില്‍ പരദേശദ്വിജന്മാരിലും കുറെ പഠിപ്പു സിദ്ധിച്ചിട്ടുണ്ടെന്ന് വിചാരിക്കേണ്ടുന്ന സ്ഥിതിയില്‍ ഇരിക്കുന്ന ചില ക്ഷുദ്രമതികള്‍കൂടി ആ ജാതികള്‍ക്കു പൊതുവില്‍ അപമാനകരമാംവണ്ണം ഈ ഭ്രാന്തിനെ മുറുകെപ്പിടിച്ചു കാണുന്നതില്‍ ദേശാഭിമാനികളുടെ നിലയില്‍ ഞങ്ങള്‍ക്ക് ഏറ്റവും ലജ്ജയും വ്യസനയും തോന്നിപ്പോകുന്നു.

ഞങ്ങള്‍ ഇത്രയും പറഞ്ഞത് കോഴിക്കോട്ട് ടൗണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മിസ്റ്റര്‍ ഗോവിന്ദന്‍ (തീയന്‍) വാദിയായി ഇപ്പോള്‍ നടന്നുവരുന്ന ജാതിക്കേസിനെപ്പറ്റി അറിവാന്‍ ഇടയായതുകൊണ്ടാകുന്നു. ഗോവിന്ദന്‍ ഒരു നിരത്തില്‍ക്കൂടി പോകുമ്പോള്‍ ഒരു നായര്‍ക്ക് വഴിതെറ്റി കൊടുക്കാത്ത കാരണത്താല്‍ അയാള്‍ ശകാരിക്കയും അപമാനിക്കയും ചെയ്തു എന്നാണ് കേസ്. ഇതല്ല ഇതിലെ രസാംശം. നായന്മാര്‍ക്ക് തന്റെ ദേശത്ത് വഴി മാറിക്കൊടുക്കുക പതിവില്ലാത്തതിനാല്‍ അങ്ങനെ ചെയ്യാത്തതാണെന്ന ഗോവിന്ദന്റെ നേരെ മജിസ്‌ട്രേറ്റ് ഗോപാലകൃഷ്ണയ്യര്‍ ചെയ്ത നിലവിട്ട അധികപ്രസംഗമാണ് ഞങ്ങളെ വിസ്മയപ്പെടുത്തുന്നത്. മിസ്റ്റര്‍ ഗോവിന്ദനെ കൊന്നു കളയാത്തത് ഭാഗ്യമായി എന്നും. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവന്റെ അസ്ഥി നുറുക്കിക്കളയേണ്ടതാണെന്നും ആയിരുന്നുവത്രേ ഈ സാധു മജിസ്‌ട്രേറ്റ് തുറന്ന കോടതിയില്‍ സംസാരിച്ചത്. എത്ര ദയനീയമായ ധിക്കാരം!




No comments:

Post a Comment