"ആടുന്ന പീലിക്കണ്ണെന്നോടു ചോദിച്ചു
ആനന്ദമിങ്ങനെ വേറയുണ്ടോ?"
ആനന്ദമിങ്ങനെ വേറയുണ്ടോ?"
കണ്ണന്റെ പീലിയെപ്പറ്റി ഒരു കൊച്ചു കഥ പറയാം.
പണ്ട് ഗോലോകനാഥനായ ശ്രീകൃഷ്ണ ഭഗവാനെ പരമപ്രേമത്തോടെ ആരാധിച്ചിരുന്ന ഒരു ഉത്തമ ഭക്തനുണ്ടായിരുന്നു. അദ്ദേഹം
സദാ കൃഷ്ണനേ മാത്രം ചിന്തിച്ച് കൃഷ്ണനാമം ജപിച്ച് കഴിയും. ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും അദ്ദേഹത്തിന് കൃഷ്ണസ്മരണയില്ലാതെ നിമിഷം പോലും ഇല്ലായിരുന്നു. എന്നീട്ടും ആ ഭക്തന് കൃഷ്ണനേ സ്നേഹിച്ച് മതിയായീല്യ. ഉറങ്ങുന്ന സമയം കൂടി കൃഷ്ണസ്മരണയില്‍ ഇരിക്കാനായെങ്കില്‍ എന്നു കൊതിച്ചു. ഉറക്കത്തെ ജയിച്ച് കൃഷ്ണ സ്മരണയിൽ മുഴുകിയാലും ഇടയ്ക്കെല്ലാം ഉറക്കം അദ്ദേഹത്തെ പിടികൂടും. മാത്രമല്ല ഭഗവാന്റെ മനോഹരരൂപത്തെ നോക്കി ഇരിക്കുമ്പോൾ അതിന് വിഘ്നം വരുത്തിക്കൊണ്ട് ഇടയ്ക്കിടെ കൺപോളകൾ ചിമ്മി അടയും.
ന്റെ കൃഷ്ണാ! ഇത്രയും സമയം കൃഷ്ണനെ സ്മരിക്കാതെ വെറുതെ പോയല്ലോ? എന്ന് ആ ഭക്തൻ സങ്കടപ്പെട്ടു. ഭക്തന്റെ ചിന്ത ആദ്യം അറിയുന്നത് കണ്ണനല്ലേ. കണ്ണന്‍ പറഞ്ഞു. "പ്രിയപ്പെട്ട ഭക്താ നീ ഒട്ടും വിഷമിക്കേണ്ട. ദ്വപരയുഗത്തിൽ ഞാന്‍ ഭൂമിയില്‍ ഒരു മനുജ ബാലനായി അവതരിക്കും. അപ്പോള്‍ മനുഷ്യന്റെ എല്ലാ ഗുണങ്ങളോടും കൂടി ഞാൻ പല പല ലീലകളാടും. അന്ന് ഞാനുറങ്ങിയാലും ഉറങ്ങതെ എല്ലാം കണ്ട് എന്നോടൊപ്പം ഉണ്ടാവാന്‍ നീയ്യൊരു മയില്‍പ്പീലിയായി ജനിക്കും . പരമ ഭക്തനായ നിന്നെ എന്നെക്കാള്‍ ഉയരത്തില്‍ ഞാനെത്തിക്കും. അതിനാല്‍ സദാ നീ എന്റെ ശിരസ്സില്‍ അലങ്കാരമായിത്തീരും. അതിനുശേഷം ഞാനെന്റെ ലീലകളവസാനിപ്പിച്ച് മടങ്ങിയാലും കലിയുഗത്തിൽ എന്റെ ഭക്തന്മാർ വിഗ്രഹരൂപത്തിൽ എന്നെ ആരാധിക്കും. അവരും എന്നെ മയിൽപ്പീലികൊണ്ട് അലങ്കരിക്കും. എന്റെ പ്രിയഭക്തനായ നീ സദാ എന്നോടൊപ്പം ലോകാവസാനം വരെ ഇരിക്കാനിടവരും.
ശ്രീകൃഷ്ണ ഭഗവാന്റെ ശരിസ്സിലല്ലേ മയിൽ പീലി ഇരിക്കുന്നത്. ഭഗവാൻ ഭക്തനെ തന്നേക്കാള്‍ മുകളിൽ സ്ഥാനം നല്കി. അതാണ് കണ്ണന്റെ ഭക്തവാത്സല്യം. മനുജബാലനായി ലീലയാടുമ്പോൾ കണ്ണനുറങ്ങിയാലും മയിൽപീലി ഒരിക്കലും കണ്ണടക്കില്ല. ഗുരുവായൂരപ്പനായി വിലസുമ്പോഴും, ബാങ്കേ ബിഹാരിയായി ഭക്തന്മാരെ കൊതിപ്പിക്കുമ്പോഴും എല്ലാം കണ്ട് നിർവൃതിയോടെ കണ്ണനെ സദാ സ്മരിച്ച് , കണ്ണനു മുന്നിൽ വരുന്ന ഭക്തർക്ക് അനുഗ്രഹമായി ഇന്നും എന്നും എപ്പോഴും പീലി കണ്ണു തുറന്നിരിക്കുന്നു.
നമ്മുടെ കണ്ണും ബുദ്ധിയും മാനസ്സും ചിന്തയും എല്ലാമെല്ലാം സദാ കൃഷ്ണാനന്ദത്തിനായി തുറന്നിരിക്കട്ടെ. എല്ലാവര്‍ക്കും കൃഷ്ണപ്രേമം നിറയട്ടെ.
No comments:
Post a Comment