ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, March 5, 2017

ശ്രീരാമഗീത



സായാഹ്നത്തില്‍, ഉദ്യാനത്തില്‍ വൃക്ഷമൂലത്തില്‍ ഒറ്റക്ക് വിശ്രമിക്കുകയായിരുന്ന ശ്രീരാമനെ അനുജന്‍ ലക്ഷ്മണന്‍ സമീപിച്ചു.

14 കൊല്ലം, തികഞ്ഞ ആത്മസംയമനത്തോടെ, നിസ്വാര്‍ത്ഥണായി ശ്രീരാമനെ സേവിച്ചുകൊണ്ട്, രാമന്റെ അവതാരദൗത്യത്തില്‍ സഹകരിച്ച്, ലക്ഷ്മണന്‍ തപശ്ചര്യയിലായിരുന്നുവല്ലോ. തത്ഫലമായി ലക്ഷ്മണന്റെ മനസ്സ് സമാഹിതമാണ്-വാസനാസമ്മര്‍ദ്ദം ഇല്ലാതെ വിക്ഷേപങ്ങള്‍ നിലച്ച് ശാന്തമാണ്. ഇങ്ങനെ ശുദ്ധമായ മനസ്സാണ് തത്ത്വവിചാരത്തിന് പറ്റിയ ഉപകരണം.

അനുജന്‍ ജ്യേഷ്ഠനെ സമീപിക്കുംപോലല്ല, ശിഷ്യന്‍ ഗുരുവിനടുത്തെന്നപോലെ ലക്ഷ്ണമണന്‍ ശ്രീരാമന്നടുത്തെത്തി. ആത്മാര്‍പ്പണഭാവത്തില്‍, ഭക്ത്യാദരപൂര്‍വം ശ്രീരാമനെ പ്രണമിച്ച്, വിനയന്വിതനായി ലക്ഷ്മണന്‍ പറഞ്ഞു:

ത്വം ശുദ്ധബോധോളസി ഹി സര്‍വദേഹിനാം
ആത്മസ്യധീശോളസി നിരാകൃതിഃ സ്വയം
പ്രതീയസേ ജ്ഞാനദൃശാം മഹാമതേ!
പാദാബ്ജഭൃംഗാഹിതസംഗസംഗിനാം. (4)

ശരീരിയായ വ്യക്തിയായല്ല ശ്രീരാമനെ ലക്ഷ്മണന്‍ കാണുന്നത്. അതുല്യയോദ്ധാവും അയോദ്ധ്യാധിപതിയും ഇപ്പോള്‍ വിരഹവ്യഥ അനുഭവിക്കുന്നവനുമായ ശ്രീരാമചന്ദ്രന്‍ ലക്ഷ്മണന്റെ സ്വന്തം സഹോദരന്‍ തന്നെ. എന്നാല്‍, ഭക്തനായ ലക്ഷ്മണന്റെ സൂക്ഷ്മബുദ്ധി രാമന്റെ പരമാത്മാവിനെ ദര്‍ശിക്കുന്നു. അയാള്‍ ഈ സത്യം കാണുന്നുവെന്നു മാത്രമല്ല, വെട്ടിത്തുറന്ന് പറയുകും ചെയ്യുന്നു: ”ശുദ്ധചൈത്യമാണവിടുന്ന്. എല്ലാവരും അവരവരുടെ അനുഭവങ്ങളെ അറിയുന്നത് അതിന്റെ പ്രകാശത്തിലാണ് ഏതൊരു പ്രജ്ഞാനത്തിന്റെ വെളിച്ചത്തിലാണോ പരിചിതങ്ങളായ എല്ലാ വിഷയജ്ഞാനങ്ങളും അനുഭവപ്പെടുന്നത്, അപരിമേയമായ ആ നിര്‍വ്വിഷയജ്ഞാനമാണ് നിന്തിരുവടി”- ത്വം ശുദ്ധബോധോളസി.

ഈ ‘ശുദ്ധബോധം’ തന്നെയാണ് ജീവികളില്‍ കുടികൊള്ളുന്ന ചൈതന്യം-സര്‍വ്വഭൂതാന്തരാത്മാവ്. ചൈതന്യം നമ്മില്‍ നിലനില്‍ക്കുന്നിടത്തോളം ശരീരമനോബുദ്ധികള്‍ പ്രവര്‍ത്തിക്കും. ജഡോപാധികളെ അസാന്നിദ്ധ്യത്തില്‍ ശാരീരികവും മാനസികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ നമ്മുടെ സര്‍വപ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നുവെന്നതിനാല്‍ അതിനെ ‘അധീശന്‍’ എന്നു പറയാം. ജഗദീശ്വരനും ഈ ആത്മാവുതന്നെയെന്നര്‍ത്ഥം.
”പരമാത്മാവായ നിന്തിരുവടി വാസ്തവത്തില്‍ അരൂപി (നിരാകൃതി)യാണ്.” പരിമിതിയുള്ളതിനേ ആകൃതിയുണ്ടാവാന്‍ തരമുള്ളൂ. ഒന്ന് മറ്റൊന്നിനാല്‍ പരിച്ഛേദിക്കപ്പെടുന്നുവെങ്കില്‍, അതിനൊരു രൂപം കാണും. എങ്ങും വ്യാപിച്ചുനില്‍ക്കുന്നുവെന്നതുകൊണ്ട് ആകാശത്തിന് ആകൃതിയില്ല. ആത്മാവ് ശരീരാദ്യുപാധികളാല്‍ പരിച്ഛേദിക്കപ്പെടാതെ അവയ്ക്കതീതനായി, നിരുപാധികനായി നിലകൊള്ളുന്നതിനാല്‍ രൂപരഹിതനത്രെ.

നിന്തിരുവടിയെത്തെന്നെ സദാ ഭജിക്കുന്നവര്‍ ശുദ്ധാന്തഃകരണന്മാരായി നിന്തിരുവടിയുടെ യഥാര്‍ത്ഥസ്വരൂപം ദര്‍ശിക്കാന്‍ സമര്‍ത്ഥമായ ജ്ഞാനദൃഷ്ടി സമ്പാദിക്കുന്നു. സ്വപ്നാവസ്ഥയില്‍ സ്വപ്നാഭിമാനി സ്വപ്നത്തെ ദര്‍ശിക്കുന്നു; സുഷുപ്തിയില്‍ സുപ്തന്‍ സുഷുപ്തിയെ ‘ദര്‍ശിക്കുന്നു.’ അതുപോലെ തുരീയാവസ്ഥയില്‍ (സമാധിയില്‍) സാധകന്‍ ശുദ്ധചൈതന്യത്തെ (ജ്ഞാനത്തെ) ‘ദര്‍ശിക്കുന്നു.’

തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ ലക്ഷ്യാര്‍ത്ഥത്തെ ഗാഢമായി വിചിന്തനം ചെയ്യുന്നതിന്റെ ചെയ്യുന്നതിന്റെ ഫലമായി മനസ്സ് അതിന്റെ പരിമിതമേഖലകളായ ‘വിഷയവികാരവിചാര’ങ്ങളെ വിട്ട് ബ്രഹ്മചിന്തനത്തില്‍ത്തന്നെ വ്യാപൃതമാവാന്‍ തുടങ്ങും. ഈ അവസ്ഥയില്‍ മനസ്സ് സൂക്ഷ്മഗ്രഹണത്തിന് സമര്‍ത്ഥ ഒരു ദിവ്യോപകരണമായി മാറുന്നു. അതത്രെ ‘ജ്ഞാനചക്ഷുസ്സ്’. പ്രസ്തുത ജ്ഞാനദൃഷ്ടികൊണ്ട് സാധകന്‍ പരമാത്മാവിനെ-ശ്രീരാമന്റെ യഥാര്‍ത്ഥസ്വരൂപത്തെ-‘ദര്‍ശിക്കുന്നു.’

No comments:

Post a Comment