അര്‍ഥത്താല്‍ ദുഃഖമല്ലോ സര്വര്ക്കും സുഖമില്ലാ
അര്ഥവാനെന്നാല് സദാ ദുഃഖചിന്തനംതന്നെ
ഇതിനാലാത്മനാശം നരകം ഫലമെന്നു
മതിയുണ്ടെങ്കിലറിഞ്ഞീടണം മനുഷ്യരും
യശസ്സും ഗുണം പല ഗുണമെന്നിരിക്കിലും
നശിപ്പിക്കുന്നു ലോഭം ശ്വിത്രമംഗത്തെപ്പോലെ
അര്ഥമുണ്ടാക്കീടുമ്പോള് രക്ഷണേ വ്യയത്തിങ്ക-
ലര്ഥാനുഭാവത്തിങ്കലുള്ളൊരു ഫലമതും
ആയാസം ഭ്രമം നരന്മാര്ക്കിതുതന്നേയുള്ളൂ
ആയതുമല്ല കളവസത്യം കാമം ക്രോധം
മദവും ഡംഭം ദര്പ്പം വൈരവും വ്യസനവും
ഭേദവുമവിശ്വാസമസൂയ വിപരീതം
ഭയവും ഹിംസയിത്ഥം പതിനഞ്ചര്ത്ഥവും
വന്നീടുമര്ഥമൂല,മിതിലുമനര്ഥങ്ങള്
മാനവന്മാര്ക്കു തങ്ങളേതുമേയറിയാതെ
വന്നുകൂടീടും, മേന്മേല്‍; മുമുക്ഷുവായുള്ളവന്
അര്ഥവാനര്ഥാശ തന്മാനസത്തിങ്കല്നിന്ന-
ങ്ങെത്രയും ദൂരെ ത്യജിക്കണം സംശയമില്ല
ഭ്രാതൃബന്ധുക്കള് ഭാര്യ താതനെ ഇഷ്ടബന്ധു
യാതൊരു ജനത്തെയും ശത്രുവാക്കുന്നു ദ്രവ്യം.
അര്‍ഥത്താല്‍ ചിലര്‍ പുണ്യം ചെയ്തു ദേവനാകുന്നു
മാനുഷജന്മമതും സ്വാര്ഥവും ത്യജിച്ചിട്ട-
ങ്ങൂനഹീനമാം നല്ലഗതിയെച്ചേരും ചിലര്‍.
ആപത്തിന്ഭവനമാമര്ഥത്തിങ്കലേനിന്നു
ദേവര്ഷി പിതൃഭൂതജനങ്ങള് മറ്റുള്ളോര്‍ക്കും
വീതിച്ചീടാഞ്ഞാലധഃപതിച്ചു വെറുതെ പോം
ഉത്തമകുശലന്മാര് സര്‍വവുമുപേക്ഷിച്ചും
മുക്തിയെസാധിക്കുന്നു മൂഢര്‍ സാധിക്കയില്ല.
അതിനാലര്ഥത്തിനാല് വിദ്വാനും വൃഥാക്ലേശം
ഭവിച്ചീടുന്നു സുഖത്തിങ്കലിച്ഛയാതന്നെ
കേവലാത്മാവുതന്റെ മായാമോഹത്താല്‍ നൂനം
കേവലജ്ഞാനമുള്ളിലേതുമില്ലായ്കയാലെ
കര്മ്മമൂലമായ് മൃത്യുതന്നാലെ ഗ്രസ്തമായ
ജന്മത്താലെന്തു ഫലം ജന്മികളായുള്ളോര്ക്കും?
വേണ്ടതെന്തെന്നാല്‍ മോക്ഷം ജന്മികള്ക്കെല്ലാം നൂനം
സകലഗുണംവരും ഭഗവല്പ്രസാദത്താല്
സകലക്ലേശമായ സംസാരം കടക്കേണം
അതിന് മറ്റൊന്നിനാല്‍ വഴിയുമുണ്ടായ്വരാ.
-ശ്രീമഹാഭാഗവതം കിളിപ്പാട്ട് (എഴുത്തച്ഛന്‍)
No comments:
Post a Comment