ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, March 5, 2017

ഹൃദയമാകുന്ന കൊട്ടാരം - ശുഭചിന്ത



അമ്മ ഒരു കഥ ഓര്‍ക്കുന്നു: ഒരു രാജാവിന് രണ്ട് മക്കളുണ്ടായിരുന്നു. ധര്‍മിഷ്ഠനും നീതിമാനുമായിരുന്നു രാജാവ്. പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍, രാജകുമാരന്മാരില്‍ ആരെ രാജ്യഭാരം ഏല്‍പിക്കും എന്ന ചിന്തയിലായി അദ്ദേഹം. തന്റെ മക്കളില്‍ ആരാണ് രാജാവാകാന്‍ യോഗ്യന്‍ എന്ന് കണ്ടുപിടിക്കണം. അതിന് ഒരു പരീക്ഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. രാജാവ് മക്കളെ അടുത്തുവിളിച്ച് അവര്‍ക്ക് രണ്ടുപേര്‍ക്കും ചെറിയൊരു തുക നല്‍കി പറഞ്ഞു: ‘ഈ പണം ഉപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ കൊട്ടാരങ്ങള്‍ നിറയ്ക്കണം. നിങ്ങളില്‍ ആരാണോ ഈ ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നത് അവരെ അനന്തരാവകാശിയായി വാഴിക്കും.’

മൂത്ത മകന്‍ ചിന്തിച്ചു: ‘ഇത് കുറച്ച് പണമേയുള്ളൂ. ഇതുകൊണ്ട് എന്റെ കൊട്ടാരം മുഴുവന്‍ നിറയ്ക്കാനുള്ള സാധനങ്ങള്‍ ഞാനെങ്ങനെ വാങ്ങും? എത്ര ചിന്തിച്ചിട്ടും അയാള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. അവസാനം നഗരത്തിലുള്ള ചപ്പുചവറുകള്‍ വാങ്ങി അയാള്‍ തന്റെ കൊട്ടാരം നിറച്ചു. ചേട്ടനെപ്പോലെ അനുജനും ആദ്യം ഉത്തരംകിട്ടാതെ വിഷമിച്ചു. പക്ഷേ, അയാള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിരുത്തി ചിന്തിച്ചു. ഒടുവില്‍ ആ പണം കൊണ്ട് അയാള്‍ നല്ല മണമുള്ള ഒരു പെര്‍ഫ്യൂം (സുഗന്ധദ്രവ്യം) വാങ്ങി തന്റെ കൊട്ടാരത്തിലെ മുറികളിലെല്ലാം അടിച്ചു. അതിന്റെ നറുമണംകൊണ്ട് കൊട്ടാരത്തിലെ മുറികളെല്ലാം നിറച്ചു.

മക്കളേ, ഇത് നമ്മുടെ ഓരോരുത്തരുടെയും കഥയാണ്. ഈ കഥയിലെ കൊട്ടാരം നമ്മുടെ ഹൃദയമാണ്. പണം നമ്മുടെ ജീവിതമാണ്. നമുക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യാം. ഒന്നുകില്‍ അവിവേകത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കാം. പക്ഷേ, ഇത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുര്‍ഗന്ധം വമിപ്പിക്കുന്നതാക്കും. അല്ലെങ്കില്‍ വിവേകത്തിന്റെയും ഈശ്വരേച്ഛയുടെയും മാര്‍ഗത്തിലൂടെ സഞ്ചരിച്ച് നമ്മുടെയും മറ്റുള്ളവരുടെയും ജിവിതം സുഗന്ധപൂരിതമാക്കാം. ഏത് മാര്‍ഗം തിരഞ്ഞെടുക്കണമെന്ന് നമുക്ക് നിശ്ചയിക്കാം.

No comments:

Post a Comment