ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, March 12, 2017

ത്രിമൂര്‍ത്തികള്‍ - ഹിന്ദു പുരാണങ്ങൾ



ഹിന്ദുപുരാണങ്ങളനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ആണു ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. പരാശക്തിയാണ് ത്രിമൂർത്തികളുടെയും ജനയിത്രിയെന്നും കല്പാന്തത്തിൽ ത്രിമൂർത്തികൾ പരാശക്തിയിൽ വിലയം പ്രാപിക്കുകയും അടുത്ത കല്പത്തിന്റെ ആരംഭത്തോടെ വീണ്ടും ജനിക്കുകയും ചെയ്യുന്നു എന്നുമാണ് കാലചക്രത്തെ പുരാണങ്ങളിൽ വിലയിരുത്തുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവൻ എന്നിവർ പരാമർശിക്കപ്പെടാറുണ്ട്.


മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ ആലിലയിൽ കാണപ്പെടുന്ന ശിശുരൂപനായ മഹാവിഷ്ണുവിന്റെ മുന്നിൽ പരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ പ്രത്യക്ഷനാകുന്ന ബ്രഹ്മാവിന് നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.



ബ്രഹ്മാവ്:

Image result for ബ്രഹ്മാവ്
ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹ്മാവിനെ കണക്കാക്കുന്നു. പഞ്ചമുഖനായിരുന്ന ബ്രഹ്മദേവന്‍ പിന്നീട് നാന്മുഖനായി മാറുകയാണുണ്ടായത്. ഒരിക്കല്‍ ബ്രഹ്മദേവന്‍ ശതരൂപ എന്ന ഒരതിസുന്ദരിയായ സ്ത്രീയെ സൃഷ്ടിച്ചു. ആ സൃഷ്ടിയുടെ സൌന്ദര്യത്തില്‍ മയങ്ങിപ്പോയ ബ്രഹ്മാവ് അവരെ തന്നെ നോക്കിയിരിപ്പായി. ഇതുകണ്ട് സരസ്വതീദേവി ശതരൂപയെ ഒരുവശത്തേയ്ക്ക് മാറ്റിനിര്‍ത്തി. അപ്പോള്‍ ബ്രഹ്മദേവന്റെ തലയുടെ ഇടതുവശത്ത് ഒരു മുഖം കൂടി ഉടലെടുത്തു. അതുകണ്ട ദേവി വലതുവശത്തായി ശതരൂപയെ മാറ്റിയിരുത്തി.അപ്പോള്‍ വലതുഭാഗത്തും ഒരു മുഖമാവിര്‍ഭവിച്ചു. ഇപ്രകാരം പുറകുവശത്തു നീങ്ങിയിരുത്തിയപ്പോള്‍ പുറകിലും  മുഖമുണ്ടാവുകയും ദേക്ഷ്യം വന്ന ദേവി തലക്കുമുകളിലേക്കു ശതരൂപയെ മാറ്റിയപ്പോള്‍ മുകളിലേക്ക് നോക്കിയും ഒരു മുഖമാവിര്‍ഭവിച്ചു. ആകാശത്തേയ്ക്ക് നോക്കിയുള്ള മുഖം ഒരിക്കല്‍ അസത്യപ്രസ്താവന നടത്തിയതിന്റെ ദേക്ഷ്യത്തില്‍ പരമശിവന്‍ കൈകൊണ്ട് നുള്ളിക്കളയുകയുണ്ടായി. അതോടെ പഞ്ചമുഖനായ ബ്രഹ്മാവ് നാന്മുഖനായി മാറി.


ബ്രഹ്മപുരാണം അനുസരിച്ച് ബ്രഹ്മാവ് മനുവിന്റെ സൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ പത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവതയായി കരുതുന്ന സരസ്വതി ദേവിയെയാണ്. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റേയും സംസാരശക്തിയുടെയും ദേവനായും കരുതിവരുന്നു.


പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയംഭൂവാണ്. വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ചില കഥകൾ ഉണ്ട്.


നാലുയുഗങ്ങള്‍ ഉള്ളതില്‍ കൃതയുഗം 4800 ദേവവര്‍ഷവും, ത്രേതായുഗം 3600 ദേവവര്‍ഷവും, ദ്വാപരയുഗം 2400 ദേവവര്‍ഷവും, കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ്. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000 ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനു‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.


ക്ഷിപ്രപ്രസാദിയായ ബ്രഹ്മാവ് പലപ്പോഴും വരങ്ങളും അനുഗ്രഹങ്ങളും നിര്‍ലോഭം നല്‍കുമായിരുന്നു. തന്മൂലം അസുരന്മാര്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം നേടി ബലവാന്മാരായിതീര്‍ന്ന്‍ മനുഷ്യരെയും ദേവന്മാരെയും തോല്പിച്ച് ലോകം സ്വാധീനത്തിലാക്കുന്ന അനേകം കഥകള്‍ പുരാണങ്ങളിലുണ്ട്. ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു,ത്രിപുരന്മാര്‍, മഹിഷാസുരന്‍ തുടങ്ങിയ അസുരന്മാര്‍ ബ്രഹ്മദേവനില്‍ നിന്നും വരങ്ങള്‍ വാങ്ങി വളരെയധികം ബുദ്ധിമുട്ടുകള്‍ മാലോകര്‍ക്കും ദേവഗണങ്ങള്‍ക്കുമുണ്ടാക്കുകയും അവരെയൊക്കെ വിഷ്ണുമഹേശ്വരന്മാര്‍ ഇടപെട്ട് ഇല്ലാതാക്കുകയും ചെയ്തു.


ത്രിമൂര്‍ത്തികളില്‍ ആര്‍ക്കാണു കൂടുതല്‍ മഹത്വമെന്നതിനെക്കുറിച്ച് ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ഒരു തര്‍ക്കമുടലെടുത്തപ്പോള്‍ മധ്യസ്ഥനായി നിന്ന ശിവന്‍ ഒരു ശിവലിംഗം കാട്ടിയിട്ട് ബ്രഹ്മാവിനോട് അതിന്റെ മുകള്‍ഭാഗം കണ്ടുവരാനും വിഷ്ണുവിനോട് കീഴ്ഭാഗം കണ്ടെത്താനും ആവശ്യപ്പെട്ടു.യാത്ര ചെയ്തു ക്ഷീണിതരായതല്ലാതെ ഇവര്‍ക്ക് ശിവലിംഗത്തിന്റെ ആദിയുമന്തവും കണ്ടെത്താനായില്ല. എന്നാല്‍ ബ്രഹ്മാവ് തന്റെ യാത്രയ്ക്കിടയില്‍ താഴേക്കുവന്ന ഒരു കൈതപ്പൂവിനെ കൂട്ടുപിടിച്ച് താന്‍ ശിവതത്ത്വത്തിന്റെ ശിരസ്സില്‍ നിന്ന് എടുത്ത കൈതപ്പൂവാണ് അതെന്നു പറഞ്ഞ് അസത്യ പ്രസ്താവന ചെയ്തതില്‍ കുപിതനായ പരമശിവന്‍ ബ്രഹ്മദേവന്റെ ഒരു ശിരസ്സ് കൈകൊണ്ടു നുള്ളിക്കളയുകയും ബ്രഹ്മദേവനെ ആരും തന്നെ ആരാധിക്കാതായിപ്പോകട്ടെ എന്നു ശപിക്കുകയും ചെയ്തു. മാത്രമല്ല അസത്യം പറയാന്‍ കൂട്ടുനിന്ന കൈതപ്പൂവിനെ ഒരിക്കലും പൂജയ്ക്കായി ഉപയോഗിക്കാതെയായിപ്പോട്ടെയെന്നും ശപിച്ചു. ഈ ശാപഫലമായി ആണ് ബ്രഹ്മദേവനു ആരാധനാലയങ്ങള്‍ ഇല്ലാതായതും കൈതപ്പൂവിനെ ഒരു ക്ഷേത്രത്തിലും പൂജയ്ക്കെടുക്കാതായതും. ഭാരതത്തില്‍ ബ്രഹ്മാവിന് ആരാധനാക്ഷേത്രങ്ങള്‍ വലുതായൊന്നുമില്ല. രാജസ്ഥാനിലെ പുഷ്ക്കര്‍ ക്ഷേത്രം ബ്രഹ്മദേവനെ പ്രധാനമായും ആരാധിക്കുന്നതാണ്.




വിഷ്ണു:

Image result for മഹാവിഷ്ണു

ത്രിമൂര്‍ത്തികളില്‍ രണ്ടാമനായ വിഷ്ണുവിനു പരിപാലനധര്‍മ്മമാണുള്ളത്. ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയാണു വിഷ്ണുവിന്റെ പത്നി. വൈകുണ്ട്ഠത്തില്‍ ശംഖുചക്രഗദാധാരിയായ് അനന്തന്റെ പുറത്താണ് വിഷ്ണു വസിക്കുന്നത്.സുദര്‍ശനമെന്ന ചക്രമാണു വിഷ്ണുവിന്റെ ആയുധം.  മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും പൊട്ടിമുളച്ച താമരയിലാണ് ബ്രഹ്മാവ് സ്ഥിതിചെയ്യുന്നത്.  ഭക്തദാസനാണ് മഹാവിഷ്ണു. തപസ്സ് എത്രതന്നെ അനുഷ്ഠിച്ചാലും ഭക്തനല്ലെങ്കില്‍ പ്രത്യക്ഷനാകാന്‍ വിമുഖനത്രേ വിഷ്ണു. ഭക്തന്‍ ആവശ്യപ്പെടാതെതന്നെ മുമ്പില്‍ പ്രത്യക്ഷനാവുകയും അനുഗ്രഹം നല്കുകയും ചെയ്യുന്നു. അംബരീഷന്റെ കഥ ഇതിനുദാഹരണമാണ്. ദുഷ്ടനിഗ്രഹം ചെയ്തു ശിഷ്ടരെ രക്ഷിച്ച് പ്രപഞ്ചത്തിന്റെ സംരക്ഷണം നടത്തുന്നത് മഹാവിഷ്ണുവാണ്. അതിനുവേണ്ടി ഭൂമിയില്‍ എല്ലായുഗത്തിലും ഒന്നോ അതിലധികമോ അവതാരം മഹാവിഷ്ണു നടത്തിയിട്ടുണ്ട്.


മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. ദശാവതാരങ്ങള്‍ യഥാക്രമം

1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

എന്നിവരായിരുന്നു. അവതാരങ്ങളില്‍ ശ്രീരാമനും ശ്രീകൃഷ്ണനും ആയിരുന്നു ഏറ്റവും പ്രസിദ്ധര്‍. പല ആപത്ഘട്ടങ്ങളിലും ദേവന്മാര്‍ക്കും ഭൂലോകര്‍ക്കും രക്ഷകനായി നിന്നിട്ടുള്ളത് മഹാവിഷ്ണുവാണ്. പാലാഴിമഥനസമയത്ത് അമൃതകലശം അസുരന്മാര്‍ കൈക്കലാക്കിയപ്പോള്‍ മഹാവിഷ്ണു മോഹിനീരൂപം സ്വീകരിച്ച് അസുരന്മാരെ കബളിപ്പിച്ച് അമൃത് തിരിച്ചെടുത്ത് ദേവന്മാര്‍ക്കു നല്കി. മഹാവിഷ്ണുവിന്റെ മോഹിനീരൂപം കാണുന്നതിന് പരമശിവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മോഹിനീരൂപം കണ്ട പരമശിവന്‍ കാമാന്ധനായി മോഹിനിയെ അനുഗമിക്കുകയും തുടര്‍ന്ന് പരമശിവന്റെ തേജസ്സില്‍നിന്ന് ശാസ്താവ് ജനിക്കുകയും ചെയ്ത കഥ പ്രസിദ്ധമാണ്. ഭസ്മാസുരനില്‍ നിന്നും രക്ഷപ്പെടുവാനായി പരക്കം പാഞ്ഞ മഹേശ്വരനെ രക്ഷിച്ചതും സ്ത്രീവേഷത്തിലെത്തിയ മഹാവിഷ്ണുവായിരുന്നു. അംശാവതാരങ്ങളേയും കൂടി പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ത്രിമൂര്‍ത്തി വിഷ്ണുവാണെന്ന്‍ കാണാം. പ്രസിദ്ധമായ വിഷ്ണുക്ഷേത്രങ്ങള്‍ ധാരാളമുണ്ട്.



പ്രധാനപ്പെട്ട വിഷ്ണുക്ഷേത്രങ്ങള്‍

1. ബദരീനാഥ ക്ഷേത്രം - ഉത്തരാഖണ്ഡ്
2. തിരുപ്പതി - ആന്ദ്രാപ്രദേശ്
3. പത്മനാഭസ്വാമിക്ഷേത്രം - കേരളം
4. കുംഭകോണം - തമിഴ്നാട്
5. വിഷ്ണുപദമന്ദിര്‍ - ഗയ

ത്രിമൂര്‍ത്തികളില്‍ കൂടുതല്‍ മഹത്വം ആര്‍ക്കാണെന്നു പരീക്ഷിക്കുന്നതിന് മഹര്‍ഷിമാര്‍ ഒരിക്കല്‍ ഭൃഗുമഹര്‍ഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹര്‍ഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹര്‍ഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹര്‍ഷി പരമശിവന്‍ പാര്‍വതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാര്‍വതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹര്‍ഷി പോയത്. മഹര്‍ഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന മഹാവിഷ്ണുവിനെ താന്‍ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹര്‍ഷി നെഞ്ചില്‍ ചവുട്ടി. പെട്ടെന്നുണര്‍ന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരില്‍ അറിയപ്പെടുന്നത്.




പരമശിവന്‍:


സംഹാരത്തിന്റെ മൂര്‍ത്തിയായ പരമശിവനാണു ത്രിമൂര്‍ത്തികളില്‍ മൂന്നാമന്‍. ഹിമവത്പുത്രിയായ പാര്‍വതിയാണു ശിവപത്നി. സകലദേവന്മാരുടേയും ദേവനായാണു മഹേശ്വരന്‍ അറിയപ്പെടുന്നത്. മൂന്നു കണ്ണുകള്‍, തലയിലെ ജഡയില്‍ ചന്ദ്രനേയും ഗംഗയേയും വഹിക്കുന്നു. കഴുത്തില്‍ നാഗങ്ങളെ ആഭരണമായി ധരിക്കുന്നു, പുലിത്തോലാണു വേഷം. ശരീരത്തിലെപ്പോഴും ഭസ്മാദികള്‍ പൂശിയിരിക്കും. പ്രധാന ആയുധമായ ത്രിശ്ശൂലവും കയ്യിലെപ്പോഴുമുണ്ടാക്കും. അസംഖ്യം ഭൂതഗണങ്ങളോടൊപ്പം കൈലാസത്തിലാണു ശിവന്‍ വസിക്കുന്നത്. സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവന്‍ എപ്പോഴും അല്‍പ്പം ഭയപ്പെടുത്തുന്ന രൂപഭാവാദികളോടെ നിലകൊള്ളുന്നത്.

ഒരു ക്ഷിപ്രപ്രസാദിയായ ദൈവമല്ല പരമശിവന്‍. എന്നാല്‍ അസുരന്മാര്‍ പലപ്പോഴും അതികഠിനമായ തപസ്സനുഷ്ടിച്ച് ശിവനില്‍ നിന്നും മഹത്തായ പല വരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഭസ്മാസുരകഥ ഇതിനുദാഹരണമാണ്. താന്‍ ആരുടെ തലയില്‍ കൈകൊണ്ടു സ്പര്‍ശിക്കുന്നുവോ അയാള്‍ ഉടനെ ഭസ്മമാകണം എന്നതായിരുന്നു പരമശിവനോട് അസുരന്‍ ചോദിച്ച വരം. വരം ലഭിച്ചപ്പോള്‍ അസുരന്‍ അത് പരീക്ഷിക്കുവാന്‍ പരമശിവന്റെ തലയില്‍ സ്പര്‍ശിക്കുവാന്‍ തീരുമാനിച്ചു. ഭയചകിതനായി ഓടിയ പരമശിവനെ രക്ഷിക്കാന്‍ മഹാവിഷ്ണു ഒരു മോഹിനിയുടെ വേഷത്തിലെത്തുകയും അസുരനെ മയക്കി നൃത്തം ചെയ്യുന്ന ചേഷ്ടകള്‍ കാട്ടി അവന്റെ കഥ അവനെക്കൊണ്ട് തന്നെ കഴിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.

ശിവന്‍ ക്ഷിപ്രകോപിയായിരുന്നു. ആദ്യപത്നിയായ സതീദേവി ദക്ഷസദസ്സില്‍ അപമാനിതയായതുമൂലം അത്മഹത്യ ചെയ്തപ്പോള്‍ കോപാക്രാന്തനായ ശിവന്‍ ദക്ഷനുല്‍പ്പെട്ട സകല അസുരന്മാരെയും നശിപ്പിക്കുകയും തുടര്‍ന്ന്‍ മഹാസമാധിയിലെന്നവണ്ണം ധ്യാനനിരതനാകുകയും ചെയ്തു. ശിവന്റെ ധ്യാനം മൂലം അത്യധികമായ ചൂട് ആവിര്‍ഭവിക്കുകയും ലോകം നശിക്കുകയും ചെയ്യും എന്നു വന്ന ഘട്ടത്തില്‍ ദേവന്മാരെല്ലാവരും കൂടി കാമദേവനെക്കൊണ്ട് മലര്‍ബാണങ്ങളെയ്യിപ്പിച്ച് മഹേശ്വരന്റെ തപസ്സിളക്കിച്ചു. ശിവനെ പതിയായ് കിട്ടണമെന്ന ആഗ്രഹത്തില്‍ പൂജ ചെയ്തിരുന്ന ഹിമവത്പുത്രിയുടെ സാമീപ്യത്തിലായിരുന്നുവിതു നടന്നത്. ധ്യാനം വിട്ടുണര്‍ന്ന ശിവന്‍ കോപാക്രാന്തനായി തന്റെ ത്രിക്കണ്ണ്‍ തുറന്ന്‍ കാമദേവനെ ഭസ്മീകരിച്ചുകളഞ്ഞു. ഒടുവില്‍ കലിയടങ്ങിയ ശിവന്‍ പിന്നീട് ഉമയെ തന്റെ പത്നിയായി സ്വീകരിച്ചു.സുബ്രഹ്മണ്യന്‍, ഗണപതി എന്നീ രണ്ട് കുട്ടികളാണ് ശിവനും പാര്‍വ്വതിക്കുമായുള്ളത്. ശിവനു മോഹിനീരൂപിയായ വിഷ്ണുവിലുണ്ടായ കുഞ്ഞാണ് ശാസ്താവ്. സ്ത്രീപുരുഷബന്ധത്തിന്റെ ഏറ്റവും ഉത്തമമായ ഭാവമാണ ശിവനും ശക്തിയും ഉള്‍പ്പെടുന്ന അര്‍ദ്ധനാരീശ്വരരൂപം.


സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവനെ ആള്‍ക്കാര്‍ വളരെയധികം ഭയപ്പെടുന്നുണ്ട്. രാജ്യമെങ്ങും ശിവനു വളരെയേറെ ആരാധനാലയങ്ങളുണ്ട്. കാശി വിശ്വനാഥക്ഷേത്രം ലോകപ്രസിദ്ധമാണു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ മിക്കതും ശിവക്ഷേത്രങ്ങളാണ്. പ്രസിദ്ധങ്ങളായ 108 മഹാക്ഷേത്രങ്ങളാണു കേരളത്തിലുള്ളത്.അവ താഴെപ്പറയുന്നു.


1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.മാതൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം  മഹാദേവക്ഷേത്രം കൊല്ലം
35. രാമേശ്വരം രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം)
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം (മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ  മഹാദേവക്ഷേത്രം

No comments:

Post a Comment