കേരളത്തിലെ അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ട വേലന്‍ സമുദായക്കാരാണ് പള്ളിപ്പാനയിലെ കര്‍മികള്‍. സമൂഹത്തിനും നാടിനും വന്നുപിണയുന്ന ദുരിതങ്ങള്‍ അകറ്റുന്നതിനും സര്‍വജീവജാലങ്ങള്‍ക്കും ദേവതകള്‍ക്കും നിരവധി കാരണങ്ങളാലുണ്ടാകുന്ന ദോഷങ്ങള്‍ നീക്കുന്നതിനും സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രതിവിധികളാണ് പള്ളിപ്പാനയിലെ അടിസ്ഥാനകര്‍മങ്ങള്‍.
കേരളത്തിലെ അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ട വേലന്‍ സമുദായക്കാരാണ് പള്ളിപ്പാനയിലെ കര്‍മികള്‍. സമൂഹത്തിനും നാടിനും വന്നുപിണയുന്ന ദുരിതങ്ങള്‍ അകറ്റുന്നതിനും സര്‍വജീവജാലങ്ങള്‍ക്കും ദേവതകള്‍ക്കും നിരവധി കാരണങ്ങളാലുണ്ടാകുന്ന ദോഷങ്ങള്‍ നീക്കുന്നതിനും സദുദ്ദേശ്യത്തോടെ ചെയ്യുന്ന പ്രതിവിധികളാണ് പള്ളിപ്പാനയിലെ അടിസ്ഥാനകര്‍മങ്ങള്‍. ആദ്യകാലത്ത് ദിവ്യബലി എന്ന പേരില്‍ 18 ദിവസങ്ങള്‍കൊണ്ട് അനുഷ്ഠിച്ചുവന്ന ഈ കര്‍മം കാലാന്തരത്തില്‍ ‘പള്ളിപ്പാന’ എന്ന പേരില്‍ 12 ദിവസമായിത്തീര്‍ന്നു എന്നൊരുധാരണയുണ്ട്.
എന്നാല്‍ വിധിപ്രകാരം 15 ദിവസങ്ങളിലായാണ് പള്ളിപ്പാന നടത്തുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പള്ളിപ്പാന 15 ദിവസങ്ങളിലായാണ് നടന്നുവരുന്നത്. അങ്ങനെയുള്ള 12 പള്ളിപ്പാനകള്‍ കൂടുമ്പോള്‍ വിജയബലി എന്ന അത്യപൂര്‍വചടങ്ങും നടത്തുന്നു. അതായത് 144 കൊല്ലത്തിലൊരിക്കല്‍. ഇതെല്ലാം മുറമുട്ടാതെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഇപ്പോഴും നടന്നുവരുന്നത് ആചാരവിധിപ്രകാരമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ്. പള്ളിപ്പാന തന്നെ ഇവിടെ നടക്കുന്നത് 12 വര്‍ഷത്തിലൊരിക്കലാണ്. അതിനും പ്രത്യേകമായ ഒരു പശ്ചാത്തലമുണ്ട്. എല്ലാ വര്‍ഷവും മലയാളമാസം മകരം ഒന്നുമുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന 12 കളഭവും 12 കളഭം കഴിയുമ്പോള്‍ പള്ളിപ്പാനയും 12 പള്ളിപ്പാനകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയബലിയും നടക്കുന്നു. ഏറ്റവും ഒടുവില്‍ നടന്ന പള്ളിപ്പാന 2002 ലും വിജയബലി 1954 ലും ആയിരുന്നു. അടിസ്ഥാനകഥകള്‍
പാലാഴിമഥനം നടന്ന സന്ദര്‍ഭം. ദുര്‍വാസാവു മഹര്‍ഷിയുടെ ശാപത്താല്‍ ജരാനരബാധിച്ച ദേവന്മാര്‍ ശാപമോചനത്തിനായി പാലാഴി കടഞ്ഞ് അമൃതം സേവിക്കുവാന്‍ തയ്യാറാകുന്നു. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് വാസുകിയെ കയറായും മന്ദരപര്‍വതത്തെ മത്തായും ഉപയോഗിച്ച് പാലാഴി കടയുകയും അനേകം ദിവ്യവസ്തുക്കള്‍ അതില്‍നിന്ന് പുറത്തുവരികയും ചെയ്തു. ഏറ്റവുമൊടുവില്‍ ദിവ്യമായ അമൃതം ലഭിച്ചു. അസുരന്മാര്‍ ദേവന്മാരില്‍നിന്ന് അമൃതം തട്ടിയെടുത്തു. അമൃതം വീണ്ടെടുക്കുന്നതിനായി മഹാവിഷ്ണു മോഹിനീരൂപത്തില്‍ അസുരന്മാരെ സമീപിച്ച് അവരില്‍നിന്ന് അത് കൗശലപൂര്‍വം കൈവശപ്പെടുത്തി ദേവന്മാര്‍ക്ക് നല്‍കി.
അമൃതം നഷ്ടപ്പെട്ട അസുരന്മാര്‍ ഗുരുവായ ശുക്രാചാര്യരെക്കണ്ട് സങ്കടം ബോധിപ്പിച്ചു. അമൃതം കൈവശപ്പെടുത്തി കടന്നുകളഞ്ഞത് മഹാവിഷ്ണുവാണെന്ന് ദിവ്യദൃഷ്ടിയാലറിഞ്ഞ ശുക്രാചാര്യര്‍ കോപിഷ്ഠനായി വിഷ്ണുവിന് പീഡകള്‍ ഉണ്ടാകാന്‍ ആഭിചാരകര്‍മം നടത്തി. ദുര്‍മന്ത്രവാദവും ആഭിചാരകര്‍മവും അതോടെയാണാരംഭിച്ചതെന്ന് ഒരു വിശ്വാസമുണ്ട്.
ശുക്രന്റെ കര്‍മങ്ങള്‍ മൂലം ഭഗവാന് ആലസ്യവും പാലാഴിയിലെ ജലത്തിന് നീലനിറവും ഉണ്ടായി. അവിടത്തെ ജീവജാലങ്ങള്‍ നശിക്കുകയും ചെയ്തു. ദുര്‍നിമിത്തങ്ങള്‍ കണ്ട് ദേവന്മാരും മഹര്‍ഷിമാരും ഭയവിഹ്വലരായി. പതിനാലുവര്‍ഷം ഭഗവാന്‍ രോഗപീഡയില്‍ വലഞ്ഞു. മഹാവിഷ്ണുവിന് സംഭവിച്ച ദോഷത്തിന് പരിഹാരം കാണുവാന്‍ ദേവന്മാരും നാരദാദി മുനികളും ഒത്തുചേര്‍ന്നു. ഗണപതിയുടെ നിര്‍ദ്ദേശപ്രകാരം സുബ്രഹ്മണ്യന്‍ രാശിപ്രശ്‌നം നടത്തി. (അങ്ങനെയാണ് പ്രശ്‌നവിചാരം തുടങ്ങിയതെന്നും അഭിപ്രായപ്പെടുന്നു.) പ്രശ്‌നചിന്തയില്‍ നവഗ്രഹങ്ങള്‍ മൃത്യുസൂത്രത്തില്‍ (മരണരാശിയില്‍)നിന്നതുകണ്ട് എല്ലാവരും ദുഃഖിതരായി.
ദോഷപരിഹാരം ചെയ്യാന്‍ ഒരു പ്രത്യേക സമുദായത്തിനു മാത്രമേ കഴിയൂ എന്ന് സുബ്രഹ്മണ്യന്‍ വിധിച്ചു. അതു വേല സമുദായമായിരുന്നു. ആ സമുദായത്തെ അന്വേഷിച്ച് ദേവന്മാര്‍ പലയിടങ്ങളിലും അലഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. നിരാശരാവാതെ അവര്‍ നാരദന്റെ ഉപദേശപ്രകാരം കൈലാസത്തിലെത്തി ശക്തിസമേതനായ ശ്രീപരമേശ്വരനെ കണ്ടുവണങ്ങി ഓം നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിച്ചു. സന്തുഷ്ടനായ മഹാദേവന്‍ ദേവന്മാരോട് വിവരമന്വേഷിച്ചു. അവര്‍ മഹാവിഷ്ണുവിന്റെ രോഗവിവരങ്ങള്‍ വിശദമായി ധരിപ്പിക്കുകയും സുബ്രഹ്മണ്യന്‍ നടത്തിയ പ്രശ്‌നവിധയുടെ ചാര്‍ത്ത് വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. എല്ലാം ശ്രദ്ധാപൂര്‍വം കേട്ട മഹാദേവന്‍ ദേവന്മാരെയും മഹര്‍ഷിമാരെയും സമാധാനിപ്പിച്ച് കര്‍മം ചെയ്യാനുള്ള ആചാര്യനെ യഥാസമയം സമാധാനിപ്പിച്ച് കര്‍മം ചെയ്യാനുള്ള ആചാര്യനെ യഥാസമയം എത്തിച്ചുകൊള്ളാമെന്ന് അറിയിച്ചു.
അടുത്ത പ്രഭാതത്തില്‍ത്തന്നെ മഹാദേവന്‍ മഹാവിഷ്ണുവിന്റെ രോഗം മാറ്റുന്നതിന് സ്വയം വേലനായി അവതാരമെടുത്ത് ഗോപുരത്തിന്റെ മുന്നിലെത്തി. വിഷ്ണുഭഗവാനെ സ്തുതിഗീതങ്ങള്‍ പാടി പ്രസാദിപ്പിച്ചു. സ്തുതി കേട്ട് ഭഗവാന്‍ ഉണരുകയും ആഗമനോദ്ദേശ്യം ആരായുകയും ചെയ്തു. മഹാവിഷ്ണുവിന്റെ രോഗപീഡകള്‍ മാറ്റുന്നതിന് ചില കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ടെന്നും അതിനാണ് താനെത്തിയിരിക്കുന്നതെന്നും അറിയിച്ച് അനുജ്ഞവാങ്ങി മഹാദേവന്‍ ആ കര്‍മങ്ങള്‍ യഥാവിധി നിര്‍വഹിച്ചു. ഭഗവാന്റെ ആലസ്യവും പ്രയാസങ്ങളും അതോടെ മാറുകയും പൂര്‍വാധികം ഊര്‍ജസ്വലനായിത്തീരുകയും ചെയ്തുവെന്നാണ് കഥ.
പില്‍ക്കാലത്ത് ശൈവവംശജരായ വേലന്‍ സമുദായക്കാര്‍ ഈ മഹത്കര്‍മ്മം അതിന്റെ വിശുദ്ധി നഷ്ടപ്പെടാതെ അനുഷ്ഠിച്ചുപോരുന്നതാണ് പള്ളിപ്പാന എന്ന വിശ്വാസമാണ് ഇന്ന് പ്രചാരത്തിലുള്ളത്. എന്നാല്‍ പള്ളിപ്പാനയെപ്പറ്റി മറ്റു ചില കേട്ടുകേള്‍വികളും ഐതിഹ്യങ്ങളും നിലവിലുള്ളതുകൂടി ഈ സന്ദര്‍ഭത്തില്‍ അന്വേഷിക്കുന്നത് പ്രസക്തമായിരിക്കും.
ഡോ.അമ്പലപ്പുഴ ഗോപകുമാര്‍
No comments:
Post a Comment