ജ്ഞാനം സ്വതവേ രാഗദ്വേഷങ്ങളില്ലാത്തതും സഹജമായി ശുദ്ധവുമാണ്. വിറക് കൂടുതലിടുന്തോറും അഗ്നി ആളിക്കത്തുന്നതുപോലെ വിഷയജാലങ്ങളുടെ അസംഖ്യമായ അനുഭവത്തിനായി അനാത്മജ്ഞാനം ജീവനെ സഹായിച്ച് നില്‍ക്കുന്നു. അങ്ങനെ ഏകമായ ജ്ഞാനം മറഞ്ഞതുപോലെയായി ജീവനെ മോഹിപ്പിക്കുന്നു. അയഥാര്‍ത്ഥ ജ്ഞാനം, യഥാര്‍ത്ഥമാണെന്ന് ധരിക്കുന്നു. വസ്തുവിനെ ഉള്ളതുപോലെ അറിയുമ്പോള്‍ നഷ്ടമാകുന്ന ജ്ഞാനം അയഥാര്‍ത്ഥമാണ്.
ഇന്ദ്രിയപ്രത്യക്ഷജ്ഞാനത്തില്‍ മുങ്ങിയവന്‍ അത് സത്യമെന്ന് കരുതുന്നവന്‍ ഇതെല്ലാം എന്റെ സ്വത്തുക്കള്‍ ഇതെന്റെ ഭാര്യ, ഇവരെന്റെ പുത്രന്‍മാര്‍ എന്നിങ്ങനെ വിചാരിക്കും. അവന്റെ ശരീരം പോലും സ്വന്തമല്ല. പിന്നെയല്ലേ സ്വത്തുക്കളും പുത്രന്‍മാരും? മൂഢന്റെ വഴി നീളുന്നത് എന്റേതുകളെ ഊന്നുവടിയാക്കിക്കൊണ്ടാണ്. ഇത് മൂഢതയാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന മൂഢന്‍ ആ കാര്യത്തിലെങ്കിലും വിവേകിയാകുന്നു. എന്നാല്‍ അയഥാര്‍ത്ഥ ജ്ഞാനത്തില്‍ പെട്ടുനിന്ന് താന്‍ വിവേകിയാണെന്ന് ധരിക്കുന്നവന്‍ മൂഢന്‍മാരില്‍ മുമ്പനാണ്.
കൂരിരുളില്‍ സഞ്ചരിക്കുന്നവന് ഒരു കൈത്തിരി ആവശ്യമാണ്. അതിനാല്‍ ഈ ധ്യാനനിരീക്ഷണം ഈ ജീവിതത്തില്‍ ആവശ്യമാണ്. ജഡജ്ഞാനത്തില്‍ സുഖം കണ്ടെത്തുന്നവന്റെ സ്ഥിതി വളരെ പരിതാപകരമാണ്. ശ്രേഷ്ഠമായ ഹൃദയവിശാലതയില്‍ ആനന്ദിക്കാന്‍ സംസാരബന്ധങ്ങളില്‍ നിന്നും മനസിനെ മാത്രം വിടര്‍ത്താന്‍, തിന്മയുടെ പടനീക്കങ്ങളെ ചെറുക്കാന്‍ ജ്ഞാനം മാത്രമാണ് മനുഷ്യന്റെ കരുത്ത്. പ്രകാശത്തിലേയ്ക്ക് ലക്ഷ്യം വച്ച് നടക്കുക. നിഴലായ മായ പിറകിലാകും. ജീവിതദുഃഖങ്ങളെ ജ്ഞാനദൃഷ്ടാ വീക്ഷിച്ച് ജീവിതത്തിനപ്പുറം പോകുക. അതിന് ജ്ഞാനം മാത്രമേ സഹായിക്കുകയുള്ളു. മറ്റൊന്നിനാലും മുക്തിയില്ല.
No comments:
Post a Comment