ബ്രാഹ്മണോസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ മധ്യം തദസ്യ യദ്വൈശ്യഃ പദ്ഭ്യാം ശൂദ്രോ അജായത (#അഥർവ വേദം)
ബ്രാഹ്മണൻ പ്രജാപതിയുടെ മുഖത്ത് നിന്നും ക്ഷത്രിയൻ കൈകളിൽ നിന്നും വൈശ്യൻ വയറ്റിൽ നിന്നും #ശൂദ്രൻ പാദങ്ങളിൽ നിന്നും ജനിച്ചു!
വേദങ്ങളിലെ ഈ ശ്ലോകം ഏറ്റവും അധികം രൂക്ഷമായ വിമർശനങ്ങൾ ഏറ്റു വാങ്ങിയ ഒന്നാണ്. എന്നാൽ എന്തായിരിക്കും "ഈ" മന്ത്ര ദ്രഷ്ടാവായ ഋഷി അഥർവാംഗിരസ് ദർശിച്ച അർത്ഥം?
ആദ്യം മനസിലാക്കേണ്ടത് വേദപ്രകാരം പ്രജാപതിക്ക് നിയതമായ ഒരു രൂപം ഇല്ലായിരുന്നു എന്നുള്ളതാണ്. മാത്രമല്ല, ഋഗ്വേദ പ്രകാരം നല്കിയിരിക്കുന്ന ഒരു രൂപം അസാധാരണമായ "സഹസ്ര ശീർഷാ പുരുഷാ സഹസ്രാക്ഷീ സഹസ്രപാദ്" ആയിരക്കണക്കിന് ശിരസുകളും ആയിരക്കണക്കിന് കണ്ണുകളും കാലുകളും ചേർന്ന വിരാട് പുരുഷ രൂപമാണ് താനും. അതായത് പ്രജാപതിക്ക് നല്കിയത് ഒരു സാങ്കല്പിക രൂപമായിരുന്നു എന്ന് സാരം. ആ സാങ്കല്പിക വിരാട് പുരുഷന്റെ മുഖത്ത് നിന്നാണ് ബ്രാഹ്മണന്റെ ജനനം. മുഖത്തുള്ള വായ് കൊണ്ടാണ് സംസാരിക്കുന്നതും, അധ്യയനം നടത്തുന്നതും ഈശ്വര ചൈതന്യത്തെ കുറിച്ച് ഉദ്ബോധിപ്പിക്കുന്നതും. ബ്രാഹ്മണ ധര്മവും ഇത് തന്നെ. അതിനെ പ്രതീകാത്മകമാക്കിയതാണ് മുഖത്ത് നിന്നുള്ള ബ്രാഹ്മണന്റെ ജനനം.
വായിൽ കൂടിയാണ് ശരീരത്തിനാവശ്യമുള്ള ഭക്ഷണം ഉള്ളിലെക്കെടുക്കുന്നത്. ശരീരത്തിനാവശ്യമായ ഭക്ഷണം സ്വീകരിക്കുന്നതിന്റെ ഉത്തരവാദിത്തവും വായക്കാണ്. വായ് തനിക്കു ലഭിച്ച നല്ല ഭക്ഷണം സൂക്ഷിച്ചു വക്കാതെ നേരെ ഉദരത്തിലേക്ക് കടത്തി വിടുന്നു (അധ്യാപകനായ ബ്രാഹ്മണൻ തനിക്കു ലഭിക്കുന്ന അറിവുകൾ മറ്റുള്ളവർക്കായി പകർന്ന് നല്കുന്നത് പോലെ) കാരണം അവിടെയാണ് വൈശ്യൻ ഇരിക്കുന്നത്. വൈശ്യന്റെ തൊഴിലാണ് തനിക്ക് ലഭിക്കുന്ന ഭക്ഷണം / അല്ലെങ്കിൽ സമ്പത്ത് ആവശ്യമുള്ളവർക്ക് (സമൂഹത്തിനു) ആവശ്യമുള്ള സ്ഥലത്തേക്ക് (ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക്) എത്തിക്കുക എന്നുള്ളത്. അത് കൊണ്ട് വൈശ്യന്റെ ജനനം ഉദരത്തിൽ നിന്നായി പ്രതീകവത്കരിക്കുന്നു. അത് പോലെപ്രജാപതിയുടെ കൈകളിൽ നിന്നുണ്ടായത് ക്ഷത്രിയൻ ആണ്. ക്ഷത്രിയൻ എന്നാൽ ജോലികൾ ചെയ്യുന്നതും, നമ്മെ രക്ഷിക്കുന്നതുമായ ആൾ എന്നാണ് സങ്കല്പം. ചിന്തിക്കാൻ ബുദ്ധിയും കഴിക്കാൻ ഭക്ഷണവും അല്ലെങ്കിൽ സമ്പത്തും രക്ഷിക്കാൻ കൈകളും ഉണ്ടെങ്കിലും പാദങ്ങൾ ഇല്ലെങ്കിൽ ആർക്കും നില നില്പ്പില്ല , സമൂഹത്തിനും. അങ്ങനെ പാദം മറ്റുള്ള ഭാഗങ്ങളെ പോലെ, ഒരു പക്ഷെ അതിനേക്കാൾ കൂടുതൽ അവിഭാജ്യ ഘടകം ആയതു കൊണ്ട്, സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ ശൂദ്രനെ പാദത്തിൽ നിന്ന് ജനനം കൊള്ളുന്നതായി പ്രതീകവത്കരിച്ചു. അങ്ങനെ നാല് വർണ്ണങ്ങൾക്കും തക്കതായ സ്ഥാനം നല്കി, സിംബലൈസ് ചെയ്തു അവതരിപ്പിച്ചു വേദങ്ങൾ. പരസ്പരാശ്രിതമായി പരസ്പര ബന്ധിതമായി ഞാനോ നീയോ മൂത്തത് എന്നുള്ള വ്യത്യാസമില്ലാതെ തുല്യ അവകാശത്തോടെയും തുല്യ ഉത്തരവാദിത്തത്തോടെയും ധർമ്മ/ കർമ്മാടിസ്ഥാനത്തിലുള്ള വർണ്ണങ്ങളെ വിഭജിച്ചു ഋഷി.
അങ്ങനെ മഹത്തായ പ്രാതിനിധ്യം ശരീരത്തിൽ പാദങ്ങൾക്കും സമൂഹത്തിൽ ശൂദ്രനും ഉള്ളത് കൊണ്ട് കൂടിയാണ് പാദപൂജക്ക് പ്രാധാന്യം സനാതന ധർമത്തിൽ ഉണ്ടായതും. ഈശ്വരനെയോ, ഗുരുവിനെയൊ, മാതാ പിതാക്കളെയോ ബഹുമാനിക്കുന്നതും പൂജിക്കുന്നതും ശൂദ്രസ്ഥാനമായ പാദത്തിലാണ്. അതായത് ശൂദ്രനെയാണ് ബ്രാഹ്മണാദികളെല്ലാം സാങ്കല്പികമായി പറഞ്ഞാൽ പൂജിക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹത്തിൽ പോലും ഒരു ബ്രാഹ്മണൻ പുഷ്പങ്ങൾ അർപ്പിക്കുന്നത് പാദങ്ങളിലാണ്, ശിരസിലല്ല. പാദപൂജയും പാദസ്പർശവും സനാതന ധർമത്തിലെ അവിഭാജ്യ ഘടകങ്ങളുമാണ്. മാത്രമല്ല, കുറച്ചു കൂടി കടന്ന് ജനിക്കുന്നവർ എല്ലാം ശൂദ്രന്മാരായി ആണ് ജനിക്കുന്നതെന്നും പറഞ്ഞു വച്ചു ഋഷീശ്വരന്മാർ, അത്രമാത്രം പ്രാധാന്യം ശൂദ്രർക്ക് നല്കിയിരുന്നു, സനാതന ധര്മം. എന്ന് മാത്രമോ, നാല് യുഗങ്ങൾ ഉള്ളതിൽ, നാലെണ്ണത്തിനും അവകാശികളായി ഒരേ പോലെ നാല് വർണ്ണങ്ങൾക്കും തുല്യമായി വീതിച്ചു നല്കുകയും ചെയ്തു അത് പ്രകാരം നാമിപ്പോൾ "നില്ക്കുന്നത്" ശൂദ്രന് ആധിപത്യമുള്ള കലിയുഗത്തിലാണ്.
കാലത്തിന്റെ ഗതി വിഗതികളിൽ ഇതെല്ലാം മറന്നു പോകുകയും സമൂഹത്തിന് ബുദ്ധി ഉപദേശിക്കെണ്ടിയിരുന്ന, നേർ വഴിയിൽ കൂടി നയിക്കെണ്ടിയിരുന്ന ബ്രാഹ്മണ സമൂഹം ഭരണാധികാരികളുടെ ഒപ്പം ചേർന്ന് തെറ്റായ വ്യാഖ്യാനങ്ങൾ നിരത്തി സമൂഹത്തിന്റെ നിലനിൽപ്പിനും മുന്നോട്ടുള്ള പ്രയാണത്തിനും ആധാരമായ പാദങ്ങളെ/ശൂദ്രനെ ചവിട്ടിയരച്ചും ചവിട്ടി മെതിച്ചും തകർത്തു എന്നുള്ളത് യാതാർത്യമാനെങ്കിലും വർണ്ണ ജനന, കർമ വിഭജനത്തിന്റെ യഥാർത്ഥ അന്തസത്ത നീതിക്കും ധർമത്തിനും നിരക്കുന്നത് തന്നെയായിരുന്നു സങ്കല്പിച്ചിരുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും.
ഇതോടൊപ്പം ഇത് കൂടി അറിയുക..
ചാന്ദ്രമാ മനസോ ജാതശ്ചാക്ഷോ സൂര്യോ അജായത
മുഖാദിന്ദ്രശ്ചാഗ്നിശ്ച പ്രാണാദ് വായുരജായത
വേദ പ്രകാരം പ്രജാപതിയുടെ പാദങ്ങളിൽ ശൂദ്രൻ മാത്രമല്ല ഉണ്ടായത് ഒപ്പം ഭൂലോകവും ഉണ്ടായി. മുഖത്ത് നിന്നും ചന്ദ്രനുണ്ടായി. മനസ്സിൽ നിന്നും ജീവ വായുവും ഇന്ദ്രാഗ്നി ദേവന്മാരും ഉത്ഭവിച്ചു. ശിരസ്, നാഭി, പാദങ്ങൾ, നേത്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും യഥാക്രമം സ്വര്ഗ്ഗവും അന്തരീക്ഷവും നേത്രങ്ങളിൽ നിന്ന് ദിക്കുകളുമുണ്ടായി. ഇതെല്ലാം സാങ്കല്പികമായ പ്രതീകവത്കരണങ്ങൾ ആണെന്നുള്ളത് പ്രത്യേകം പറയേണ്ടല്ലോ ല്ലേ?
No comments:
Post a Comment