ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, March 9, 2017

സാമൂഹ്യ നവോത്ഥാനത്തിന്റെ ശക്തി സ്രോതസ് - വിവേകാനന്ദ സ്വാധീനത കേരളത്തില്‍ - 2


വിവേകാനന്ദ സ്വാധീനത കേരളത്തില്‍ - 2
ഭാരതത്തിന്റെ ഭാവി, സാമൂഹികവും രാഷ്ട്രീയവും ആയ സമീപനത്തിലൂടെ സ്വപ്‌നം കാണുകയും, രാഷ്ട്രനിര്‍മിത എന്ന കര്‍മകാണ്ഡം എടുത്തുകാട്ടുകയും ചെയ്യുന്ന കാര്യത്തിലാണ് സാഹിത്യത്തിലൂടെയുള്ള വിവാകേനന്ദ സ്വാധീനത.
ഇവിടെ ‘ദയനീയമായ ധിക്കാരം’ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. രോഷാകുലമായ പ്രതികരണമല്ല അത്. ഭ്രാന്തിനെതിരെ രോഷം പാടില്ല. അനുകമ്പയാണ് തോന്നേണ്ടത്. സമൂഹം ഇത്തരം ഭ്രാന്തന്മാരെ ഇരുത്തേണ്ടിടത്ത് ഇരുത്തിക്കൊള്ളും എന്ന വിശ്വാസവും അതിലുണ്ട്. ഈ മജിസ്‌ട്രേറ്റിനെതിരെ ഗോവിന്ദന്‍ എന്ന അയിത്തക്കാരന്‍, സമൂഹത്തിന്റെ സഹായത്തോടെ ഉയര്‍ന്ന നീതിപീഠത്തെ സമീപിച്ചതായും ഈ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

‘വിവേകോദയ’ത്തില്‍ മുഖപ്രസംഗം കൂടാതെ മറ്റു ലേഖനങ്ങളും പുസ്തകനിരൂപണവും അതിന്റെ പ്രസാധകനും പത്രാധിപരുമായ കുമാരനാശാന്‍ എഴുതിപ്പോന്നു. അതിലൊക്കെ സ്ഥായിയായി ഹിന്ദുസമൂഹത്തിന്റെ ഉന്നമനം എന്ന പ്രമേയമാണ് മുന്നോട്ടുനിന്നത്. ഈഴവരുടെ മാത്രമല്ല, പുലയര്‍ തുടങ്ങിയവരുടെയും അഭ്യുദയം ലക്ഷ്യമായിരിക്കേത്തന്നെ സവര്‍ണവിഭാഗവുമായി ചേര്‍ന്ന് ഉറപ്പുള്ള ഹിന്ദുസമൂഹം ഉയര്‍ന്നുവരുന്ന ചിത്രമായിരുന്നു ആശാന്റെ മനസ്സില്‍. ശങ്കരാചാര്യരരെ, ശൃംഗേരി മഠാധിപരെ, നാട്ടുരാജാക്കന്മാരെ, പൂര്‍ണമായ ആദരഭക്തികളോടെയാണ് പല മുഖപ്രസംഗങ്ങളിലും പ്രകീര്‍ത്തിക്കുന്നത്. വിദ്യാത്മകമായ സഹകരണമാണ്, നിഷേധമോ ഹിംസയോ തീണ്ടാത്ത മാനുഷ്യകനവോത്ഥാനമതാണ് ഈ ഗദ്യലേഖനങ്ങളിലെല്ലാം പ്രകടമാവുന്നത്. അയ്യന്‍കാളിയെയും ശൃംഗേരി മഠാധിപതിയേയും ഗുണകര്‍മാടിസ്ഥാനത്തില്‍ കാണുന്നു.

വേദാന്തപാരമ്പര്യത്തില്‍ അധിഷ്ഠിതമായിരിക്കണം ഏതു പ്രായോഗികലൗകികപദ്ധതിയും-അങ്ങനെയേ നാടിന്റെ വ്യക്തിത്വം പ്രകാശമാനമാകൂ എന്ന വിവേകാനന്ദസന്ദേശത്തെ ഉള്‍ക്കൊണ്ടതിന്റെ ഫലമെന്നുതന്നെ കരുതാം. വൈദികദര്‍ശനത്തിന്റെ സാരാംശം എന്നുപറയാവുന്ന ഗാര്‍ഗി-മൈത്രേയീ-യാജ്ഞവല്‍ക്യസംവാദം ഗദ്യാഖ്യാനമായി നാടകീയതയോടെ അതിലളിതമായി പ്രതിപാദിക്കുന്നു ‘മൈത്രേയി’ എന്ന കൃതി. ഇത് കുമാരനാശാന്‍ ഇംഗ്ലീഷില്‍നിന്ന് തര്‍ജ്ജമ ചെയ്ത് (ഇംഗ്ലീഷ് ഗ്രന്ഥകാരന്‍: പണ്ഡിറ്റ് സീതാനാഥതത്വഭൂഷണ്‍) വിവേകോദയത്തില്‍ പ്രസിദ്ധം ചെയ്തു (1913). ”ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ വിഭാഗശഃ” എന്ന ഗീതാവചനത്തിലെ ‘ഗുണകര്‍മ’ത്തിന്റെ അടിസ്ഥാനം വ്യക്തമാക്കി ഹിന്ദുപൗരന്മാര്‍ സാമുദായികകാര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം; സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം; ഇങ്ങനെ രണ്ടു സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് താന്‍ ‘മൈത്രേയി’ തര്‍ജമ ചെയ്തത് എന്ന് ആശാന്‍ മുഖവുരയായി പറയുന്നു.

വിവേകാനന്ദസ്വാമിയുടെ രാജയോഗം, പാതഞ്ജലയോഗസൂത്രം അടങ്ങിയ സമ്പൂര്‍ണഗ്രന്ഥമായി, ആശാന്‍ തര്‍ജ്ജമ ചെയ്തത് ആത്മീയദര്‍ശനത്തെ എത്ര ഗാഢമായി ഈ കവി ഉപാസിച്ചു എന്നതിന് തെളിവാണ്. 1914 ല്‍ ഇത് വിവേകോദയത്തിലാണ് ആദ്യം പ്രസിദ്ധം ചെയ്തത്. വേദദര്‍ശനം, ഉപനിഷത്ത്, യോഗസൂത്രം, ശ്രീനാരായണഗുരു എന്നിങ്ങനെയൊരു പാരമ്പര്യത്തെയാണ് ഈ രണ്ടു തര്‍ജ്ജമകളും സ്ഥാപിക്കുന്നത്. ”അത്യത്കൃഷ്ടവും ദുരവഗാഹവുമായ രാജയോഗശാസ്ത്രത്തില്‍ ജിജ്ഞാസുക്കള്‍ക്ക് ഈ പുസ്തകം പ്രയോജനപ്പെടുവാന്‍” യാതൊരുവിധ ക്ലിഷ്ടതയുമില്ലാതെയാണ് ആശാന്‍ ഭാഷാന്തരണം ചെയ്തിട്ടുള്ളത്. ”മഹാത്മാവായ വിവേകാനന്ദ സ്വാമി തന്റെ ഇംഗ്ലീഷ് ഗ്രന്ഥം കൊണ്ട് ഉദ്ദേശിച്ച ഫലം ഈ തര്‍ജമകൊണ്ട് മലയാളികള്‍ക്ക് ഉണ്ടാവണം” എന്നായിരുന്നു ആശാന്റെ ഉദ്ദേശ്യം. ഗ്രന്ഥരൂപത്തില്‍ വന്നതിന്റെ മുഖവുരയില്‍ വിവേകാനന്ദസ്വാമിയെ ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെ ആശാന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്.

”ഈ ബ്രഹ്മസ്വം നിങ്ങള്‍ പൊട്ടിച്ച് എറിഞ്ഞുകളവിന്‍. അല്ലെങ്കില്‍ എന്റെ തോളില്‍ ഇട്ടുതരിന്‍. ബ്രഹ്മധ്യാനവും സമാധിയും നിങ്ങള്‍ക്ക് അസാധ്യമായിത്തോന്നുന്നു. എനിക്കത് എളുപ്പത്തില്‍ വരുന്നുണ്ട്” എന്ന് ബാലനായ നരേന്ദ്രന്‍ ബ്രാഹ്മണനോട് പറഞ്ഞ സംഭവം ആശാന്‍ ഇവിടെ എടുത്തുദ്ധരിക്കുന്നതിലെ ഔചിത്യം ”ഭ്രാന്താലയ” അന്തരീക്ഷത്തില്‍ വളരെ വ്യക്തം. ശ്രീരാമകൃഷ്ണ വിവേകാനന്ദന്മാരുടെ അതിമാനുഷികമായ സിദ്ധിപ്രകര്‍ഷത്തെ ആദ്യമായി മലയാളികളോട് വിസ്തരിച്ച് പറഞ്ഞത് കുമാരനാശാന്‍ 1911 ല്‍ എഴുതിയ ലേഖനത്തിലായിരുന്നു. ”അതെ. വിവേകാനന്ദ സ്വാമി ലോകത്തെ ഇളക്കി മറിച്ചു.

അദ്ദേഹത്തിന്റെ പവിത്രമായ നാമംതന്നെ ഇന്നും ലോകത്തെ ഇളക്കിമറിക്കുകയും ഇളക്കിമറിപ്പാന്‍ അധികമധികം ശക്തിയുള്ളതായിത്തീരുകയും ചെയ്യുന്നു.” ആ ശക്തിയെപ്പറ്റി ബോധവാനായിത്തീര്‍ന്ന കുമാരനാശാന്‍ കേരളത്തെ ”ഇളക്കി മറിക്കല്‍” തന്റെ ദൗത്യമായിത്തന്നെ കരുതി. മഹാകവിയായ അദ്ദേഹത്തിന്റെ രചനകളില്‍ സ്ഥായിഭാവമായി നിലനില്‍ക്കുന്നു അവശ്യംഭാവിയായ നവോത്ഥാനപ്രേരണ. ആശാനില്‍ പൗരശ്രേഷ്ഠന്‍, മഹാകവി എന്നിങ്ങനെ രണ്ടു വ്യക്തിത്വങ്ങളെ ആരോപിച്ചുകണ്ടിട്ടുണ്ട്. രണ്ടും തമ്മില്‍ ഭേദമില്ല. ആത്മീയദര്‍ശനവും സാമാജികപ്രവര്‍ത്തനവും പരസ്പരപൂരകങ്ങളാണ് എന്ന സത്യമാണ് ആശാന്റെ കാവ്യജീവിതത്തില്‍ നാം കാണേണ്ടത്. വിവേകാനന്ദസ്വാമിയിലും ശ്രീനാരായണഗുരുവിലും ഈ സാകല്യസമ്പൂര്‍ത്തി നാം ദര്‍ശിച്ചതാണല്ലോ.

അതിന്റെ പ്രതിഫലനം കുമാരനാശാന്റെ ഒട്ടെല്ലാ രചനയിലും (കവിതയിലും മറ്റു ലേഖനങ്ങളിലും) കേരളീയ മനസ്സിനെ ഭാവാത്മകമായി സ്വാധീനിക്കുന്ന വിധത്തില്‍ പ്രകടമാണ്. പതിവു ഭാഷയില്‍ പറഞ്ഞാല്‍ അതൊരു നവോത്ഥാന പ്രചോദനമായിരുന്നു കേരളത്തില്‍. ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും വാച്യമായ വ്യാഖ്യാനവും. ദുരവസ്ഥയില്‍ എത്തിയപ്പോള്‍ മുസ്ലിം കലാപത്തിന്റെ ഭീകരത, അയിത്തപ്പിശാചിന്റെ പിന്നില്‍ സര്‍വദാഹകമായ വേതാളം കൂടി വന്നു. വാക്കുകള്‍ക്ക് മാര്‍ദ്ദവമില്ലെന്ന് ആശാനുതന്നെ തോന്നിയെങ്കിലും അതാണ് സമൂഹത്തിന് ആവശ്യം എന്നറിഞ്ഞ ദീര്‍ഘദര്‍ശിത്വം ആശാന് മാത്രം അവകാശപ്പെട്ടതാണ്.

ആശാന്‍ മാത്രമല്ല; ‘നരേന്ദ്രന്റെ പ്രാര്‍ത്ഥന’ തുടങ്ങിയ കവിതകളില്‍ നേരിട്ടും സ്വാതന്ത്ര്യസമരപശ്ചാത്തലത്തില്‍ ‘സാഹിത്യമഞ്ജരി’യിലെ പല കവതികളിലും പരോക്ഷമായിട്ടും വള്ളത്തോള്‍ തെളിയിച്ചിട്ടുണ്ട് തനിക്ക് സ്വാമിയോടുള്ള ഭക്തിപ്രകര്‍ഷം. സ്വാമിയുടെ കന്യാകുമാരിയിലെ തപസ്സിനെപ്പറ്റി പി. കുഞ്ഞിരാമന്‍ നായരും വിദേശത്തെ ചില നാടകീയസന്ദര്‍ഭത്തെ പുരസ്‌കരിച്ച് വിഷ്ണുനാരായണന്‍ നമ്പൂതിരിയും കവിതകള്‍ രചിച്ചു.

ഭാരതത്തിന്റെ ഭാവി, സാമൂഹികവും രാഷ്ട്രീയവും ആയ സമീപനത്തിലൂടെ സ്വപ്‌നം കാണുകയും, രാഷ്ട്രനിര്‍മിത എന്ന കര്‍മകാണ്ഡം എടുത്തുകാട്ടുകയും ചെയ്യുന്ന കാര്യത്തിലാണ് സാഹിത്യത്തിലൂടെയുള്ള വിവാകേനന്ദ സ്വാധീനത. ഈ മണ്ഡലവുമായി അഭേദ്യമായി ഇണങ്ങിച്ചേര്‍ന്നതാണ് വിവേകാനന്ദന്റെ ആത്മീയലോകവും. ശ്രീരാമകൃഷ്ണ പ്രസ്ഥാനം കേരളത്തില്‍ തുടങ്ങിയത് വിവേകാനന്ദ സ്വാമിയുടെ സമാധി കഴിഞ്ഞ് പത്തുകൊല്ലത്തിനകമാണ്. നിര്‍മലാനന്ദ സ്വാമിയാണ് അതിന് സാരഥ്യം വഹിച്ചത്. ആറ് ആശ്രമങ്ങളുടെ ഉദ്ഘാടനത്തോടെ. പന്തിഭോജനം തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള സംരംഭങ്ങളും ചില ആശ്രമങ്ങളില്‍ ഉണ്ടായി. അക്കാലത്തു തന്നെ ആഗമാനന്ദ സ്വാമി ഹിമാലയത്തില്‍നിന്ന് തിരിച്ചെത്തുകയും കാലടിയില്‍ അദ്വൈതാശ്രമം സ്ഥാപിക്കുകയും ചെയ്തു. ഉജ്ജ്വലവാഗ്മിയായ ആഗമാനന്ദന്‍ ശ്രീരാമകൃഷ്ണ സന്ദേശപ്രചാരണത്തിന് കേരളമൊട്ടാകെ പ്രവര്‍ത്തിച്ചു. ‘വീരവാണി’ എന്ന മാസിക പ്രസിദ്ധം ചെയ്തു. ആ ശ്രദ്ധേയമായ പ്രസംഗസമാഹാരം ഗ്രന്ഥസ്വരൂപത്തില്‍ വന്നിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ സാമൂഹിക തലത്തില്‍ സാര്‍ത്ഥകമായി നിറവേറ്റാന്‍ ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും അയ്യങ്കാളിയുടെയും നേതൃത്വത്തിന് കഴിഞ്ഞത് വിവേകാനന്ദന്‍ എന്ന ശക്തിസ്രോതസ്സ് അവരിലൂടെ ശക്തമായി പ്രവഹിച്ചിരുന്നു എന്നതുകൊണ്ടാണ്.

പി.നാരായണക്കുറുപ്പ്‌

No comments:

Post a Comment