ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 16, 2016

എരുമേലി മുതല്‍ പതിനെട്ടാംപടി വരെ

എല്ലാവരും ഒത്തുകൂടുന്ന ആദ്യസങ്കേതം എരുമേലി. മഹിഷി നിഗ്രഹത്തിന്റെ പുണ്യഭൂമി. മതസാഹോദര്യത്തിന്റെ വിളനിലം. ഇവിടെ പളളിയും അമ്പലവും തമ്മില്‍ വേര്‍തിരിവില്ല. തത്വമസിയുടെ പൊരുള്‍ തേടി എത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം പോലെ പരമ പവിത്രം വാവരുപളളി ദര്‍ശനവും. ഹരിഹരപുത്രനായ മണികണ്ഠന്‍ അമ്മയുടെ രോഗം മാറ്റാന്‍ പുലിപ്പാലുതേടി കാട്ടിലേക്കുളള യാത്രയില്‍ ആദ്യം എത്തിയതും എരുമേലിയില്‍. അതും തന്റെ അവതാരലക്ഷ്യം നേടാന്‍. നാടിനെ വിറപ്പിച്ച മഹിഷിയുമായി മണികണ്ഠന്‍ ഏറ്റുമുട്ടി. മഹിഷിയെ നിഗ്രഹിച്ചത് എരുമേലിയിലാണ്.

മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് എരുമേലിയിലെ പേട്ടതുളളല്‍. മുഖത്ത് ചായം തേച്ച് പ്രാചീന വേഷംകെട്ടി കൊച്ചമ്പലത്തില്‍ എത്തി വേണം പേട്ട തുടങ്ങാന്‍. പേട്ടതുളളാന്‍ ആവശ്യമായ കമ്പും പച്ചക്കറികളും വാങ്ങി കരിമ്പടത്തില്‍ കെട്ടേണ്ടത് രണ്ടാം കന്നിക്കാരുടെ നേതൃത്വത്തിലാണ്. കമ്പി മധ്യത്തില്‍ കരിമ്പടത്തിലെ കിഴികെട്ടി തൂക്കി രണ്ടു കന്നിക്കാര്‍ തോളില്‍ വച്ചുവേണം പേട്ടതുള്ളാന്‍. കൊച്ചമ്പലത്തിലെ പേട്ട ശാസ്താവിനെ വണങ്ങി തുളളിനീങ്ങുന്നതിനു വാദ്യമേളങ്ങള്‍ വേണം. ''അയ്യപ്പ.... തിന്തകത്തോം... സ്വാമി തിന്തകത്തോം... '' എന്നു പാടി താളത്തിനൊത്തു ചുവടുവെച്ചു നീങ്ങിയാല്‍ ആദ്യം എത്തേണ്ടത് വാവരുപളളിയില്‍. പ്രദക്ഷിണം വച്ച് കാണിക്കയിട്ട് ഭസ്മവും പ്രസാദവും വാങ്ങി നേരെ വലിയമ്പലത്തിലേക്ക്. ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് കാണിക്കയിട്ട് വഴിപാടു നടത്തുമ്പോഴേ പേട്ടതുളളല്‍ പൂര്‍ണമാകൂ.
പ്രധാന വഴിപാടുകള്‍:- നീരാഞ്ജനം, പുഷ്പാഞ്ജലി, കടുംപായസം എന്നിവ. വെടിവഴിപാടും നാളികേരം അടിക്കലും നടത്താം.

*കാനനയാത്ര*

വിശ്രമത്തിനു ശേഷം കാനനയാത്ര തുടങ്ങാം. നടന്നു നീങ്ങുമ്പോള്‍ ആദ്യം കടക്കുന്നത് കോട്ടപ്പടി. വാപരന്റെ ഗോഷ്ഠാതിര്‍ത്തിയാണു പുരാണപ്രകാരം കോട്ടപ്പടി. പുലിവൃന്ദങ്ങളോടുകൂടി പന്തളത്തേക്കു പുറപ്പെടും മുമ്പ് ദുഷ്ടമൃഗങ്ങളില്‍ നിന്നും ഉപദ്രവം ഉണ്ടാകാതെ ഭക്തസംരക്ഷണത്തിനായി ഗോഷ്ഠം സ്ഥാപിച്ച് കാത്തിരിക്കാന്‍ വാപരനെ ഭഗവാന്‍ ഉപദേശിച്ച സ്ഥാനമാണിത്. കോട്ടപ്പടി കടന്നാല്‍ പൂങ്കാവനമായി.

*പേരൂര്‍ത്തോട്*

വനവാസകാലത്ത് ധര്‍മശാസ്താവ് ഭൂതഗണങ്ങളോടൊപ്പം വിശ്രമിച്ചതായി വിശ്വസിക്കുന്ന സ്ഥലമാണു പേരൂര്‍ത്തോട്. അതിനാല്‍ അയ്യപ്പന്മാര്‍ തീര്‍ഥമാടി പാറക്കെട്ടുകളില്‍ മലര്‍പ്പൊടി വിതറി വിശ്രമിച്ചേ മല ചവിട്ടൂ.

*ഇരുമ്പൂന്നിക്കര*

നടന്നു നീങ്ങുമ്പോള്‍ എത്തുന്നത് ഇരുമ്പൂന്നിക്കരയില്‍. അവിടെ രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. ഭക്തന്മാര്‍ ദര്‍ശനവും വഴിപാടും നടത്തി വിശ്രമിച്ചാണു നടന്നു നീങ്ങുക. വഴിപാടുകള്‍, അര്‍ച്ചന, പായസം, കര്‍പ്പൂരം കത്തിച്ചു പ്രാര്‍ഥിക്കുന്നവരും ഉണ്ട്. ഇരുമ്പൂന്നിക്കര പിന്നിട്ടാല്‍ വനമായി. തേക്കു പ്ളാന്റേഷനിലൂടെയാണ് ഇനിയുളള കൂടുതല്‍ യാത്ര. വഴിയില്‍ ഏതാനും കടകള്‍ ഉണ്ട്.

*കാളകെട്ടി*

മഹിഷി നിഗ്രഹത്തിനുശേഷം ധര്‍മശാസ്താവ് ആനന്ദനൃത്തം ചെയ്യുന്നതു കാണാന്‍ എത്തിയ പരമശിവന്‍ തന്റെ വാഹനമായ കാളയെ കെട്ടിയ സ്ഥമാണു കാളകെട്ടി. ശിവക്ഷേത്രം ഉണ്ടിവിടെ. അവിടെ ദര്‍ശനം നടത്തി മഹാദേവനു വഴിപാട് സമര്‍പ്പിക്കാം. നാളികേരം അടിച്ച് വെടിവഴിപാട് നടത്താം.
വഴിപാട്: - അര്‍ച്ചന, ധാര, എണ്ണവിളക്ക്.

*അഴുത*

രണ്ടു കിലോമീറ്റര്‍ നടന്നാല്‍ അഴുതയായി. പമ്പയുടെ പോഷകനദിയായ അഴുതയില്‍ ഇറങ്ങിക്കയറി വേണം അപ്പുറം കടക്കാന്‍. നദിയില്‍ ഡിസംബര്‍ പകുതി വരെ നല്ല വെളളമുണ്ട്. അതിനാല്‍ ഇറങ്ങിക്കയറിയുളള യാത്ര ബുദ്ധിമുട്ടാണ്. കടത്തുവളളത്തിലോ ചങ്ങാടത്തിലോ കയറി വേണം മറുകര എത്താന്‍. ജനവാസ പ്രദേശങ്ങള്‍ ഇവിടെ തീരുകയാണ്. അഴുതാനദിയുടെ മറുകര പെരിയാര്‍ കടുവാസങ്കേതത്തില്‍പ്പെട്ട വനമേഖലയാണ്. കുത്തുകയറ്റവും ദുര്‍ഘടമായ പാതയുമാണ്. നടന്നു ക്ഷീണിക്കുമ്പോള്‍ കുടിക്കാന്‍ വെളളം കരുതണം. കാട്ടുപാതയില്‍ കടകള്‍ കുറവ്. നദിയുടെ മറുകരയില്‍ അയ്യപ്പ സേവാസംഘം ക്യാംപുണ്ട്. അവിടെ അന്നദാനം കഴിക്കാം. കുത്തുകയറ്റമായതിനാല്‍ വിശ്രമിച്ചു മലകയറാം. അഴുതയില്‍ മുങ്ങി സ്നാനം ചെയ്ത് കല്ലുമെടുത്താണ് മല കയറേണ്ടത്.

*അഴുതമേട്*

അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ കിഴക്കാംതൂക്കായ കുത്തുകയറ്റമാണ്. കയറ്റത്തിന്റെ കാഠിന്യം നമ്മെ ശരിക്കും വിഷമിപ്പിക്കും. കരിമല കയറ്റത്തേക്കാള്‍ കാഠിന്യമുണ്ട് അഴുതമേടിന്.

*കല്ലിടാംകുന്ന്*

മഹിഷി നിഗ്രഹം കഴിഞ്ഞ് ജഡം എടുത്തെറിഞ്ഞപ്പോള്‍ വന്നുപതിച്ചത് കല്ലിടാംകുന്നില്‍. മഹിഷിയുടെ ജഡം ലോകോപദ്രവം ഉണ്ടാകാതിരിക്കാന്‍ ബ്രഹ്മാവിന്റെ ഉപദേശപ്രകാരം അയ്യപ്പന്‍ പാഷണജാലങ്ങളിട്ട് മറച്ചതായിട്ടാണു സങ്കല്പം. ഇതിന്റെ സ്മരണപുതുക്കിയാണ് അഴുതാനദിയില്‍ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന കല്ലിട്ടു വന്ദിക്കുന്നത്.
വഴിപാട് : കല്ലിട്ട് നമസ്കരിച്ചും കര്‍പ്പൂരം കത്തിച്ച് തൊഴുന്നതും.

*ഇഞ്ചിപ്പാറക്കോട്ട*

കല്ലിടാംകുന്ന് കഴിഞ്ഞാല്‍ എത്തുന്നത് ഇഞ്ചിപ്പാറകോട്ടയില്‍. അഴുതമേട് കയറ്റം അവസാനിക്കുന്നത് ഇഞ്ചിപ്പാറക്കോട്ടയിലാണ്. വെളളം കിട്ടാന്‍ മാര്‍ഗം കുറവാണ്. ഇവിടം അയ്യപ്പന്മാരുടെ പ്രധാനതാവളമാണ്. വിശ്രമിക്കാം. ഭക്ഷണം പാകം ചെയ്തു കഴിക്കാം. കോട്ടയില്‍ ശാസ്താവാണ് ഇഞ്ചിപ്പാറക്കോട്ടയുടെ മൂര്‍ത്തി.
വഴിപാട്: നാളികേരം അടിക്കല്‍, വെടിവഴിപാട്, സര്‍പ്പം പാട്ട്.

*കരിയിലാം തോട്*

കാനനഭംഗി ആസ്വദിച്ചുളള യാത്ര, തളിരിട്ടു നില്‍ക്കുന്ന വൃക്ഷങ്ങള്‍, പക്ഷികൂട്ടങ്ങളുടെ കളകളാരവം. കാട്ടാനകളുടെ ചിന്നംവിളികള്‍. വെളളമൊഴുകുന്ന തോട്. ഇവയെല്ലാം നടന്നു ക്ഷീണിച്ച ഭക്തര്‍ക്ക് ആശ്വാസമാകുന്നു. അല്‍പം വിശ്രമം ആകാം.

*പുതുശേരി - മുക്കുഴി താവളങ്ങള്‍*

നടന്നുനീങ്ങുന്നത് പുതുശേരി - മുക്കുഴി താവളങ്ങളിലേക്ക്. കാട്ടുമൃഗങ്ങളുടെ ശല്യമില്ലാതെ രാത്രിയില്‍ സുരക്ഷിതമായി വിശ്രമിക്കാവുന്ന താവളം. ഭക്ഷണം പാകം ചെയ്യാം. ഉറങ്ങാം. ക്ഷീണം തീരുമ്പോള്‍ വീണ്ടും മലചവിട്ടാം.

*കരിമല*

എട്ടു തട്ടുണ്ട് കരിമലകയറ്റത്തിന്. ഒന്നിനൊന്നു കഠിനമാണ് ഓരോ തട്ടിലെയും കയറ്റം. അതിനാല്‍ 'കരിമലകയറ്റം കഠിനമെന്റെയ്യപ്പാ...' എന്നു ഭക്തന്മാര്‍ ശരണംവിളിച്ചു പോകും. ഒറ്റയടിക്ക് കരിമല കയറുക ബുദ്ധിമുട്ടാണ്. അതിനാല്‍ വിശ്രമിച്ചു മാത്രം മല കയറിയാല്‍ മതി. കരിമലയ്ക്കു മുകളില്‍ കരിമലനാഥന്റെ വിഗ്രഹമുണ്ട്. ഇവിടെ കിണറും കുളങ്ങളും ഉണ്ട്. എങ്കിലും വെള്ളത്തിനു കടുത്ത ക്ഷാമമാണ്. വെടുവഴിപാടും നാളികേരം ഉടയ്ക്കലുമാണു കരിമലയിലെ മുഖ്യവഴിപാട്. കന്നി അയ്യപ്പന്മാര്‍ കുളത്തില്‍ പൊടിവിതറിയാണു മലയിറങ്ങുക. കരിമല കയറ്റത്തേക്കാള്‍ കഠിനമാണ് ഇറക്കം. കിഴുക്കാംതൂക്കായ മലയിറങ്ങുമ്പോള്‍ അപകടം ഉണ്ടാകാം.

*വലിയാനവട്ടം*

മലയിറങ്ങി എത്തുന്നത് വിശാലമായ വലിയാനവട്ടം താവളത്തിലേക്ക്. സമതലപ്രദേശം. വിരിവച്ചു വിശ്രമിക്കാം. ഭക്ഷണം പാകം ചെയ്യാം. പിതൃതര്‍പ്പണം നടത്താന്‍ ബലിപ്പുരകള്‍ ഉണ്ട്. പഴയകാലത്തെ പമ്പയാണിത്. നടന്നുനീങ്ങിയാല്‍ എത്തുന്നത് *ചെറിയാനവട്ടത്ത്.* അവിടെയും വിരിവച്ചു വിശ്രമിക്കാം. പമ്പയില്‍ എത്താതെ തിരുവാഭരണ പാതയിലൂടെ നീലിമല എത്താം. പമ്പ വഴിയും സന്നിധാനത്തേക്കു നീങ്ങാം.

*പമ്പ*

പമ്പയില്‍ എത്തുന്നതോടെ ഭക്തന്മാര്‍ക്ക് ആശ്വാസമാകുന്നു. കാനനയാത്രയുടെ കാഠിന്യമെല്ലാം പമ്പാസ്നാനത്തോടെ അലിഞ്ഞുപോകുന്നു.

ത്രിവേണിയിലാണു പിതൃതര്‍പ്പണത്തിനു സൌകര്യം. മറവപ്പടയുമായുള്ള ഏറ്റു മുട്ടലില്‍ മരിച്ച സംഘാംഗങ്ങള്‍ക്ക് അയ്യപ്പന്‍ തര്‍പ്പണം നടത്തി. ഇതിന്റെ ഓര്‍മപുതുക്കി മണ്‍മറഞ്ഞ പിതൃക്കള്‍ക്കായി അയ്യപ്പന്മാര്‍ ത്രിവേണിയില്‍ ബലിയിടുന്നു. പമ്പാസദ്യയും പമ്പവിളക്കും നടത്താം. വാഹനങ്ങളില്‍ വരുന്നവര്‍ നേരെ പമ്പയിലാണ് എത്തുക. അതിനാല്‍ തിരക്കേറെയാണ്. പമ്പാ ഗണപതിക്കു നാളികേരം ഉടച്ച് നാഗരാജാവ്, പാര്‍വതി, ആദിമൂല ഗണപതി, ഹനുമാന്‍, ശ്രീരാമന്‍ എന്നീ ക്ഷേത്രങ്ങളില്‍ തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹം വാങ്ങി യാത്ര തുടരാം.

*നീലിമല*

കുത്തുകയറ്റം. വേഗം കുറച്ച് പതുക്കെ മലകയറുക. ദാഹമകറ്റി വേണം യാത്ര. രോഗമുള്ളവര്‍ കാര്‍ഡിയോളജി സെന്ററിന്റെയും ഓക്സിജന്‍ പാര്‍ലറുകളുടെയും സൌകര്യം പരമാവധി പ്രയോജനപ്പെടുത്തുക.

*അപ്പാച്ചിമേട്*

ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവന്‍ ദുര്‍ദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുര്‍ദേവതകളുടെ തൃപ്തിക്കായി ഇവിടെ ഇരുവശത്തുമുള്ള അപ്പാച്ചി, ഇപ്പാച്ചി കുഴികളില്‍ ഉണ്ട വഴിപാട് നടത്തുന്നു. പണ്ട് യാചകര്‍ക്ക് ഭക്തന്മാര്‍ ദാനധര്‍മങ്ങള്‍ നടത്തിയിരുന്നതും ഇവിടെയാണ്. അതിനാല്‍ അപ്പാച്ചിമേടിന് ധര്‍മമേട് എന്നും പേരുണ്ട്. കുത്തനെയുള്ള കയറ്റമായതിനാല്‍ വിശ്രമിച്ചു മാത്രം മലകയറുക.

*ശബരിപീഠം*

ശബരി തപസ് അനുഷ്ഠിച്ച സ്ഥലം. കാനനത്തിലെ ഏഴു കോട്ടകളില്‍ ഒന്ന്. ശബരിക്കു മോക്ഷം കിട്ടിയ സ്ഥലമായതിനാല്‍ ശബരിപീഠം എന്നു പേരുവന്നു. വെടിവഴിപാട് നടത്താം. കാണിക്കയിടാം. കര്‍പ്പൂരം കത്തിക്കാം.

*മരക്കൂട്ടം*

പാത രണ്ടായി തിരിയുന്നു. മിക്കപ്പോഴും പതിനെട്ടാംപടി കയറാനുള്ള ക്യൂ ഇവിടം മുതല്‍ ശരംകുത്തി വഴി പോകാം. ഇടതുവശത്തെ ചന്ദ്രാനന്ദന്‍ റോഡും സന്നിധാനത്തിലേക്കുള്ള പാതയാണ്. തീര്‍ഥാടനകാലത്ത് വണ്‍വേയായതിനാല്‍ അതുവഴി മടങ്ങാം.

*ശരംകുത്തി*

മറവപ്പടയെ തുരത്തി നീങ്ങിയ അയ്യപ്പനും സംഘവും തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലമാണു ശരംകുത്തി. എരുമേലിയില്‍ പേട്ടകെട്ടി കന്നി അയ്യപ്പന്മാര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ അയ്യപ്പന്മാര്‍ നിക്ഷേപിക്കുന്നതിവിടെയാണ്. കാണിക്കയിട്ട് തൊഴുത് വെടിവഴിപാടും നടത്താം. നടന്നു നീങ്ങുന്നത് സന്നിധാനത്തിലേക്ക്. കാഴ്ചകള്‍ ഭക്തര്‍ക്ക് ആശ്വാസമാകുന്നു.

*പതിനെട്ടാംപടി*

സത്യമായ പൊന്നു പതിനെട്ടാംപടി ഇരുമുടിക്കൈട്ടില്ലാതെ കയറരുത്. പടികയറും മുമ്പ് നാളികേരം ഉടയ്ക്കണം. അതിനായി ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നാളികേരം അഴിച്ചെടുക്കണം. പടിതൊട്ടു വന്ദിച്ച് ശരണം വിളിച്ച് വേണം കയറാന്‍.

*ദര്‍ശനം*

തിക്കും തിരക്കും ഉണ്ടാകുന്നതിനാല്‍ കൊടിമരച്ചുവട്ടില്‍ തൊഴാന്‍ നില്‍ക്കണ്ട. മേല്‍പ്പാലത്തിലൂടെ സോപാനത്തില്‍ എത്തുക. ഭക്തവത്സലനെ കണ്‍കുളിര്‍ക്കെ ദര്‍ശിക്കാം. കാണിക്കയര്‍പ്പിച്ച് നീങ്ങാം. കന്നിമൂല ഗണപതിയേയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറത്തേക്ക്.

*മാളികപ്പുറം*

കൊച്ചുകടുത്ത സ്വാമി, മണിമണ്ഡപം, നാഗരാജാവ്, നവഗ്രഹങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴുത് ശക്തിക്കൊത്ത വഴിപാടുകള്‍ നടത്തി മാളികപ്പുറത്തമ്മയെ പ്രദക്ഷിണമായി തൊഴാം. വഴിപാട് നടത്താം.

No comments:

Post a Comment