കേരളത്തിലെ പുണ്യ പൗരാണിക സ്ഥലങ്ങളിൽ ഒന്നായി ഭക്തർക്കിടയിൽ പേരെടുത്ത ഗ്രാമമാണ് കണ്ണൂർ ജില്ലയിലെ മുഴക്കുന്ന്. കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുന്ന മുഴക്കുന്നിന്റെ സർവ ഐശ്വര്യങ്ങൾക്കും കാരണമായി പറയപ്പെടുന്നത് മൃദംഗശൈലേഷ്വറി ദേവിയുടെ അനുഗ്രഹമാണ്. പ്രാർത്ഥനാപരമായും അനുഷ്ഠാനപരമായും ഏറെ പുതുമകൾ നിറഞ്ഞതാണ് വടക്കൻ കേരളത്തിലെ ഈ ക്ഷേത്രം.
അഭീഷ്ട വരദായിനിയായ ശ്രീ മൃദംഗശൈലേശ്വരി ദേവിയുടെ അനുഗ്രഹം കൊണ്ട് പേരെടുത്ത മുഴക്കുന്ന് ഗ്രാമത്തിലെ ഓരോ ഭക്തരും ദേവിയുടെ പേരിൽ തന്നെ തങ്ങളുടെ നാട് അറിയപ്പെടണം എന്നാഗ്രഹിക്കുന്നവരാണ്. കേരളം എന്നും സ്നേഹത്തോടെ മാത്രം ഓർക്കുന്ന കേരള വർമ്മ പഴശ്ശിരാജയുടെ കുടുംബ ക്ഷേത്രമായിരുന്നു മുഴക്കുന്നിലെ മൃദംഗശൈലേശ്വരി ക്ഷേത്രം എന്നു പറയപ്പെടുന്നു.
മാത്രമല്ല, കേരളത്തിൽ പരശുരാമൻ നിർമ്മിച്ചു എന്നു പറയപ്പെടുന്ന 108 ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് മൃദംഗശൈലേശ്വരി ക്ഷേത്രം എന്ന് ഐതിഹ്യം സാക്ഷ്യപ്പെടുത്തുന്നു. കലകൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന മുദംഗശൈലേശ്വരി ദേവിയുടെ സന്നിധിയിൽ വച്ചാണ് കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം എഴുതപ്പെട്ടത് എന്നും ചരിത്രം പറയുന്നു.
പോർക്കലി ഭഗവതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മാതംഗാനനമബ്ജവാസരമണീം എന്ന ശ്ലോകം പോർക്കലി ഭഗവതിയെ സ്തുതിച്ചു കൊണ്ട് എഴുതപ്പെട്ടതാണ്. പഴശ്ശിരാജയുടെ കുടുംബക്ഷേത്രം ആയതിനാൽ തന്നെ, സ്മരണാർത്ഥം ക്ഷേത്ര പരിസരത്താണ് കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
മുഴക്കുന്ന് ഗ്രാമത്തിന്റെ മുഴുവൻ സംരക്ഷകയായി മുദംഗശൈലേശ്വരി ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രം ഇരിക്കുന്ന മുഴക്കുന്ന് എന്ന ഗ്രാമത്തിനു ആ പേരു കിട്ടിയതിനു പിന്നിലും മനോഹരമായ ഒരു കഥയുണ്ട്. മിഴാവ് അഥവാ മൃദംഗം വന്നു വീണ സ്ഥലമാണ് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി.
കാലങ്ങൾ പിന്നെയും കടന്നപ്പോൾ, മിഴാവ് കുന്നു വീണ്ടും ലോപിച്ച് മൊഴക്കുന്ന് എന്നും മുഴക്കുന്ന് എന്നും ആയി എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കലശപൂജക്ക് ആവശ്യമായ മണ്‍പാത്രങ്ങള്‍ ഇവിടെ നിന്നാണ് പണ്ടുകാലം മുതല്‍ കൊണ്ടുപോയിരുന്നത്.
No comments:
Post a Comment