ക്ഷിപ്രപ്രസാദിയായ ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷനാക്കുന്നതും ഇഷ്ടവരപ്രാപ്തി നേടുന്നതും ത്രിമൂർത്തികളിൽ മറ്റു രണ്ട് പേരെയും പ്രസാദിപ്പിക്കുന്നതിലും ആയാസരഹിതമാണ്. തന്മൂലം അസുരന്മാര്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം നേടി മനുഷ്യരെയും ദേവന്മാരെയും തോല്പിച്ച് ലോകം സ്വാധീനത്തിലാക്കുന്ന അനേകം കഥകള്‍ പുരാണങ്ങളിലുണ്ട്.
അത്തരത്തിൽ ഒരുകഥയാവട്ടെ ഇന്ന്..
താരകാസുരന്റെ പുത്രന്മാർ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിങ്ങനെയാണ്. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. ബ്രഹ്മാവിനെ തപസ്സുചെയ്ത് സന്തുഷ്ടനാക്കി ഇവർ യഥാക്രമം സ്വർണംകൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും നിർമിച്ച് ചലിക്കുന്ന മൂന്ന് പുരങ്ങൾ (നഗരങ്ങൾ) തങ്ങൾക്കു ലഭിക്കണമെന്നും സ്വർഗത്തിലും, ഭൂമിയിലും, പാതാളത്തിലും യഥേഷ്ടം സഞ്ചരിക്കുന്ന അവ ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒരുമിച്ചു പ്രത്യക്ഷപ്പെടുമ്പോൾ ഒറ്റ അമ്പുകൊണ്ട് അവയെ നശിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ തങ്ങൾക്കു നാശമുണ്ടാകാവൂ എന്നും വരം നേടി. തങ്ങളുടേതായ പുരങ്ങളിൽ യഥാക്രമം സ്വർഗം, ഭൂമി, പാതാളം എന്നിവിടങ്ങൾ അടക്കിവാണു. താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. മൂന്നു പുരങ്ങൾ വിമാനം പോലെ സഞ്ചരിക്കുന്നവയാണ്, ഓരോന്നിലും ഓരോരുത്തർ തങ്ങളുടെ സന്നാഹങ്ങളോടെ വസിച്ചുപോന്നു. വരലബ്ദിയാൽ ത്രിപുരന്മാർ ദേവന്മാരെ കൂടുതൽ ദ്രോഹിക്കാൻ തുടങ്ങി. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു.
മഹാമേരു പർവ്വതത്തെ ധ്വജസ്തംഭമാക്കിമാറ്റി. ഹൈന്ദവ വിശ്വാസപ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്. ധ്വജസ്തംഭനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കിമാറ്റി, അമ്പിന്റെ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും. ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി. പ്രപഞ്ചശക്തികളെല്ലാം പരമശിവന്റെ സഹായത്തിനെത്തി. ഭൂമി തേർത്തട്ടും സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനുനേരേ സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായെത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാണ് കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. (വാസുകിഎന്ന സർപ്പത്തെ വില്ലിനു ഞാണായികെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്).
ഇത്തരത്തിൽ ത്രിപുരന്മാരെ വധിച്ചതിനാലാണ് പരമശിവന് ത്രിപുരാന്തകൻ എന്ന പേരുണ്ടായത്.
അജ്ഞാനത്താലുണ്ടാകുന്ന അഹങ്കാരത്തിന്റെ പ്രതീകമായ ത്രിപുരന്മാരുടെ അഹങ്കാരം ശിവതത്ത്വത്തിന്റെ സഹായത്താൽ നശിക്കുന്നതും അതിന് മഹാവിഷ്ണുവും, ബ്രഹ്മാവും മറ്റു ദേവന്മാരും പ്രപഞ്ചശക്തികളും സഹായകരമായി വർത്തിക്കുന്നതും ആണ് കഥയിലെ ആന്തരാർഥമെന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു.
No comments:
Post a Comment