ഇത്യുക്ത്വാ ഭഗവാന്‍ വിഷ്ണു: പുനരാഹ ജനാര്‍ദ്ദന:
വയം ഗച്ഛേമ പാര്‍ശ്വേ f സ്യാ: പ്രണമന്ത: പുന: പുന:
സേയം വരാ മഹാമായാ ദാസ്യത്യേഷാ വരാന്‍ ഹി ന:
സ്തുവാമ: സന്നിധിം പ്രാപ്യ നിര്‍ഭയാശ്ചരണാന്തികേ.
ബ്രഹ്മാവ് തുടര്‍ന്നു: ഇങ്ങിനെ ദേവിയെപ്പറ്റി വാചാലനായ വിഷ്ണു വീണ്ടും പറഞ്ഞു: ആ അമ്മയെ വാഴ്ത്തി സ്തുതിച്ചുകൊണ്ട് നമുക്ക് ആ സവിധത്തിലേയ്ക്ക് പോകാം. നമുക്ക് അമ്മയെ വീണ്ടും വീണ്ടും നമസ്കരിക്കാം. മഹാമായയായ ഇവളാണ് നമുക്ക് അഭീഷ്ടവരങ്ങള്‍ നല്‍കുന്നത്. അതിനാല്‍ ഭയലേശമില്ലാതെ അങ്ങോട്ട് ചെന്ന് നമുക്ക് നമസ്കരിക്കാം. ഹരി അങ്ങിനെ പറഞ്ഞപ്പോള്‍ ആമോദത്തോടെ ഞങ്ങള്‍ ആ സവിധമണയാന്‍ വെമ്പല്‍ പൂണ്ടു. ഭഗവാന്‍ ഹരിയോട് ‘ഓം’ എന്ന് സമ്മതം പറഞ്ഞു ഞങ്ങള്‍ വിമാനത്തില്‍ നിന്നുമിറങ്ങി. ഞങ്ങളാ ഗോപുരവാതില്‍ക്കല്‍ ആശങ്കയോടെ ചെന്ന് നിന്നു.
ഗോപുരദ്വാരത്ത് ഞങ്ങള്‍ മൂവരെയും കണ്ടപ്പോള്‍ത്തന്നെ ദേവി ഒരു മന്ദസ്മിതത്തോടെ ഞങ്ങളെ ക്ഷണനേരത്തില്‍ സ്ത്രീരൂപിണികളാക്കി. സര്‍വ്വാഭരണഭൂഷിതരും നവയൌവനയുക്തകളുമായ മൂന്നു തരുണികളായി ഞങ്ങള്‍ അമ്മയുടെ അരികില്‍ ചെന്നു. പ്രേമപുരസരം ആ ദേവി ഞങ്ങളെ നോക്കി. ഞങ്ങള്‍ അമ്മയുടെ പാദാരവിന്ദങ്ങളെ കൂപ്പി വിസ്മയത്തോടെ നിന്നു. നാനാതരം അമൂല്യമായ കല്ലുകള്‍ പാകിയ കോടി സൂര്യപ്രഭ മിന്നുന്ന പാദപീഠം കണ്ട് ഞങ്ങള്‍ അത്ഭുതഭരിതരായി. നീല, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ പട്ടുടയാട ചാര്‍ത്തിയ, സര്‍വ്വാഭരണഭൂഷിതകളായ ആനേകായിരം സഖിമാരാല്‍ ദേവി പരിസേവിതയാണവിടെ. ചിലര്‍ ആടുന്നു, ചിലര്‍ പാടുന്നു. മറ്റുചിലര്‍ വീണവായിക്കുന്നു.
അല്ലയോ നാരദാ, അവിടെ ദേവിയുടെ കാല്‍നഖമണിയില്‍ കണ്ട അപൂര്‍വ്വമായൊരു കാഴ്ച എന്തെന്ന് ഞാന്‍ പറയാം. ബ്രഹ്മാണ്ഡം മുഴുവനും ഞാനവിടെ കണ്ടു. ഞങ്ങള്‍ ത്രിമൂര്‍ത്തികളേയും, സൂര്യചന്ദ്രന്മാരെയും എല്ലാം ഞാനവിടെ കാണുകയുണ്ടായി. വരുണന്‍, ഇന്ദ്രന്‍, കുബേരന്‍, പര്‍വ്വതങ്ങള്‍, കടലുകള്‍, ഗന്ധര്‍വ്വന്മാര്‍, അപ്സരസ്സുകള്‍, പിതൃക്കള്‍, സിദ്ധര്‍, സാദ്ധ്യന്മാര്‍, വസുക്കള്‍, നാഗന്മാര്‍, കിന്നരന്മാര്‍ എന്നുവേണ്ട സകല ചരാചരങ്ങളും അവിടെയാ നഖമണിപ്രഭയില്‍ ഞാന്‍ ദര്‍ശിച്ചു. വൈകുണ്ഡം, സത്യലോകം, കൈലാസം, ഞാന്‍ പണ്ടുണ്ടായ താമര, അതിന്റെ ഉദ്ഭവസ്ഥാനമായ ശ്രീഹരിയുടെ നാഭിപത്മം, ശേഷശായിയയായ വിഷ്ണു, മധുകൈടഭന്മാര്‍, എന്നിങ്ങനെയുള്ള സകലതും കണ്ടു ഞാന്‍ അത്ഭുതസ്തബ്ധനായി. എന്നെപ്പോലെതന്നെ ഹരിഹരന്മാരും വിസ്മയത്തിലായിരുന്നു. അപ്പോള്‍ മൂവരും കൂടി പറഞ്ഞു: ‘വിശ്വത്തിന്റെ ജനനി ഇവള്‍ തന്നെയാണ്’
സുധാമയമായ ആ പ്രശാന്തതയില്‍ ഒരു നൂറുവര്‍ഷം പെട്ടെന്ന് കഴിഞ്ഞുപോയി. അതീവ സുന്ദരിമാരായ തോഴിമാര്‍ ഞങ്ങള്‍ മൂവരെയും അവരില്‍പ്പെട്ട തരുണീമണികളായി കണക്കാക്കി. മനസ്സിനെ മയക്കുന്ന രീതിയിലുള്ള അവരുടെ ചേഷ്ടിതങ്ങള്‍ കണ്ടും അറിഞ്ഞും ഞങ്ങളുടെ മനസ്സ് തണുത്തു. ഒരു ദിവസം യുവതീഭാവത്തില്‍ വിഷ്ണു ദേവിയെ ഇങ്ങിനെ സ്തുതിച്ചു:
അമ്മേ, ദേവീ, എന്‍റെ വിനീത നമസ്കാരം. അവിടുന്ന് വിശ്വമാതാവാണ്. പ്രകൃതീശ്വരിയും കല്യാണിയും സര്‍വ്വാര്‍ത്ഥങ്ങളെ സാധിപ്പിക്കുന്ന വരദയും നീയാണ്. സിദ്ധിവൃദ്ധികള്‍ അവിടുന്നാണ്. പഞ്ചകൃത്യ (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം) വിധായികയായ അമ്മേ, അവിടുന്നാണ് സച്ചിദാനന്ദരൂപിണി. സര്‍വ്വത്തിനും ആധാരയും മൂലക്കല്ലുമായ അമ്മയെ ഞങ്ങള്‍ തൊഴുതു നമസ്കരിക്കുന്നു. മന്ത്രങ്ങളില്‍ വെറും അര്‍ദ്ധമാത്രയ്ക്ക് പോലും പരമമായ പദം ലഭ്യമാകുന്നത് അവിടുത്തെ നാമത്താല്‍ മാത്രമാണ്. 'ഹ്രീ'ങ്കാരരൂപേ, അമ്മേ, ഞങ്ങള്‍ കൈകൂപ്പുന്നു.
സകലതും നിന്നില്‍ വിലയിച്ചിരിക്കുന്നുവെന്നും അവയുടെയെല്ലാം സൃഷ്ടിസ്ഥിതിവിനാശങ്ങള്‍ക്ക് നീയാണ് കാരണമെന്നും അറിഞ്ഞതിനാല്‍ അവിടുന്നു മഹിതപ്രഭാവമാര്‍ന്ന ജഗജ്ജനനിയാണെന്ന് ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു.
സത്തും അസത്തും നിറഞ്ഞ വിശ്വത്തെ സൃഷ്ടിച്ചു നീ ചൈതന്യ സ്വരൂപനായ പുരുഷന് കാട്ടിക്കൊടുന്നു. ഇരുപത്തിമൂന്ന് തത്വങ്ങളാല്‍ നീയാടുന്ന ലീലയാണീ പ്രപഞ്ചം എന്നും ഞാനറിയുന്നു.
നീയല്ലാതെ മറ്റൊരു വസ്തു ഈ ഭുവനത്തിലോ ബ്രഹ്മാണ്ഡത്തിലോ ഇല്ല. ശക്തിയോടു ചേര്‍ന്നാലല്ലാതെ പുരുഷന് വ്യവഹാരപ്രാഭവം ഉണ്ടാവുകയില്ലെന്നു ബുദ്ധിമാന്മാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.
നിന്റെ പ്രാഭവം കൊണ്ട് വിശ്വം ചമയ്ക്കുന്നത് ജഗത്തിന് സന്തോഷത്തെ പ്രദാനം ചെയ്യാനാണെന്നു നിശ്ചയം. പ്രളയകാലത്ത് സകലതിനെയും ഹനിച്ചും, എന്നാല്‍ തന്നുദരത്തില്‍ അവയെയെല്ലാം ലയിപ്പിച്ചും വിളയാടുന്ന അവിടുത്തെ പ്രഭാവിലാസം ആര്‍ക്കാണ് അറിയാനാവുക?
ഞങ്ങളെ മധുകൈടഭന്‍മാരില്‍ നിന്നും രക്ഷിച്ചശേഷം നീ സൃഷ്ടിച്ചതായ ലോകത്തെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. മാത്രമോ ഞങ്ങളെ പരമസുഖത്തിന്റെ ഉച്ചകോടിയില്‍ എത്തിച്ചു നിന്നെ നേരിട്ട് ദര്‍ശിക്കാന്‍ ഭാഗ്യവും തന്നു.
ഞാനും ബ്രഹ്മാവും ശിവനും അവിടുത്തെ മഹിമയെ വര്‍ണ്ണിക്കാന്‍ അശക്തരായ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? അല്ലയോ അമ്മേ, പറയൂ, അവിടുത്തെ പ്രഭാവത്തില്‍ ഇതുപോലുള്ള എത്ര ഭുവനങ്ങള്‍ അവിടുന്ന് സൃഷ്ടിച്ചിട്ടുണ്ട്?
ഞങ്ങള്‍ മൂവരേയും അവിടുത്തെ കാല്‍നഖമണിയില്‍ തെളിഞ്ഞു കണ്ട ലോകത്ത് കണ്ടുവല്ലോ. അതുപോലെ മറ്റു ഭുവനങ്ങളിലും ഞങ്ങള്‍ ഉണ്ടോ? അവിടുത്തെ പ്രഭാവത്തിന് തുല്യമായി മറ്റൊന്നുമില്ല. ആരാലും അതിനെ പൂര്‍ണ്ണമായി അറിയാനും ആവില്ല.
അവിടുത്തെ പാദം പണിയാന്‍ എന്നും എനിക്ക് കഴിയേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അമ്മയുടെ രൂപമെന്റെയുള്ളില്‍ സദാ വിളങ്ങട്ടെ! നിന്റെ നാമം എന്റെ നാവിലെന്നും സ്പന്ദിക്കട്ടെ. അവിടുത്തെ പാദങ്ങള്‍ എന്റെ കണ്ണിണകളെ എന്നും അനുഗ്രഹിക്കട്ടെ.
അവിടുന്ന് എന്നെയവിടുത്തെ അടിമയായി കണക്കാക്കണം. ഭവതിയെ എന്റെ യജമാനത്തിയായി ഞാന്‍ എല്ലായ്പ്പോഴും കണക്കാക്കിക്കൊള്ളാം. എന്നിലെ ഈ സേവ്യ-സേവകഭാവം വികാസം പ്രാപിച്ച് അമ്മയുംമകനും എന്ന മട്ടിലേയ്ക്ക് പരിണമിക്കട്ടെ എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.
ബ്രഹ്മാണ്ഡം എന്തെന്ന് നിനക്കറിയാം, കാരണം അറിവിന്റെ പരമപദം നീയാണ്. ഈ പാമരന്‍ അമ്മയോട് എന്തുപറയാനാണ്? അമ്മയ്ക്കറിയാത്തതായി എന്തുണ്ട്? അതിനാല്‍ ഞാനൊന്നും ആവശ്യപ്പെടുന്നില്ല. അവിടുത്തെ ഹിതമാണ് എന്റെ ആജ്ഞ.
വിശ്വത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മാവാണെന്നും സംരക്ഷിക്കുന്നത് ഹരിയാണെന്നും സംഹാരശക്തി ശിവനാണെന്നും ലോകര്‍ പറയുന്നു. എന്നാല്‍ അമ്മേ, അവിടുന്നു നല്‍കിയ ശക്തിയൊന്നുകൊണ്ട് മാത്രമല്ലേ, ഞങ്ങള്‍ക്ക് ഈ പ്രാഭവങ്ങള്‍ ഉണ്ടായത്?
സകലരുടെയും മാതാവായ ഭൂദേവിയല്ല ജഗത്തിനെ ഭരിക്കുന്നത്, മറിച്ച് നിന്റെ ആധാരശക്തിയാണ് അതിനു നിദാനമായുള്ളത്. സൂര്യന്‍ പ്രോജ്വലത്താകുന്നത് നിന്റെ പ്രഭയാലാണ്. ഇതൊക്കെയാണെങ്കിലും നീ ഇപ്പറഞ്ഞ കാര്യങ്ങളിലൊന്നും ബന്ധമില്ലാതെ ശുദ്ധസത്വയായി വിളങ്ങുകയും ചെയ്യുന്നു.
ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ നിന്റെ ശക്തിയുടെ പ്രകടനങ്ങള്‍ മാത്രമാണ്. ജനനമെടുത്തവരാകയാല്‍ ഞങ്ങള്‍ക്ക് മരണവും നിശ്ചയം. അപ്പോള്‍പ്പിന്നെ ദേവേന്ദ്രന്‍ അടക്കമുള്ള ദേവതമാരും അനിത്യര്‍ തന്നെയാണല്ലോ? നിത്യയായി, ശാശ്വതമൂലകന്ദമായി ഉള്ളത് അമ്മേ, നീ മാത്രമാണ്.
അമ്മേ, നിന്റെ കാരുണ്യത്താലാണ് പുരാണപുരുഷന്‍ പോലും ആത്മസ്വരൂപത്തെ അറിയുന്നത്. നീ ആത്മാവബോധം നല്‍കിയിരുന്നില്ലെങ്കില്‍ 'താന്‍ വിഭുവാണ്, ഈശനാണ്, അനാദിയാണ്, അനീഹനാണ്, സര്‍വ്വഭൂതങ്ങളുടെയും നിദാനമാണ്' എന്നിത്യാദി തമോബുദ്ധികളില്‍ അദ്ദേഹം അകപ്പെടുമായിരുന്നു.
വിദ്വാന്റെ വിദ്യ, ബലവാന്റെ ബലം, കീര്‍ത്തിമാന്റെ കീര്‍ത്തി, മനുഷ്യന്റെ മുക്തി, കാന്തി, ശ്രീത്വം, തുഷ്ടി, വൈരാഗ്യം, എന്നുവേണ്ട സകലപ്രഭാവങ്ങളും അവിടുന്നാണ്.
വേദങ്ങളിലെ ഗായത്രിയായും, സഗുണയായും, നിര്‍ഗുണയായും സ്വാഹയായും, ശിവയായും, പ്രണവാധാരയായും നിലകൊള്ളുന്നത് നീയാണ്. അമരപൂര്‍വ്വജന്മാരുടെ മുക്തിക്കായി നീയാണ് വേദശാസ്ത്രാദികളെ ഉണ്ടാക്കിയത്.
കടലിലെ അലകള്‍പോലെ ആദ്യന്തഹീനമായ ചിന്മയവസ്തുവിന്റെ അംശങ്ങള്‍ എങ്ങും ജീവസ്വരൂപമായി നിറഞ്ഞിരിക്കുന്നു. ജീവഭാവം പൂണ്ട അവയ്ക്ക് മോക്ഷമാര്‍ഗ്ഗമായാണ് നീ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്.
അവിടുന്നാണീ പ്രപഞ്ചത്തിന്റെയെല്ലാം നിദാനം എന്ന രഹസ്യം ജീവന്‍ അറിയുന്ന നിമിഷം അവിടുന്നീ പ്രപഞ്ചത്തെ സംഹരിക്കുന്നു. വേദിയില്‍ നടിക്കുന്നവന്‍ വേഷംമാറി വിരമിക്കുന്നതുപോലെ നീയും സൃഷ്ടിസ്ഥിതിസംഹാരാദികള്‍ ചെയ്ത് പിന്‍വാങ്ങുന്നു.
ഈ മോഹവിഷയക്കടലില്‍ നിന്നും കരകയറ്റാന്‍ അമ്മേ, നിന്നെത്തന്നെ ഞാന്‍ ആശ്രയിക്കുന്നു. ദുഃഖം, കാമക്രോധലോഭങ്ങള്‍, എന്നിവയാല്‍ പൂരിതവും യാതൊരു പ്രയോജനം ഇല്ലാത്തതുമായ സംസാരത്തില്‍ നിന്ന് അമ്മേ എന്നെ രക്ഷിച്ചാലും.
മഹാവിദ്യയും പരമശിവയും സര്‍വ്വാര്‍ത്ഥസാധികയുമായ അമ്മയുടെ കാലടികളില്‍ ഞാനിതാ നമസ്കരിക്കുന്നു. ജ്ഞാനപ്രകാശത്തിന്റെ അനുഗ്രഹം എന്നില്‍ ചൊരിഞ്ഞാലും.
No comments:
Post a Comment